Image

തൂത്തുക്കുടി വെടിവെപ്പ്‌; സി.ബി.ഐ അന്വേഷണം ആരംഭിച്ചു

Published on 25 December, 2018
തൂത്തുക്കുടി വെടിവെപ്പ്‌; സി.ബി.ഐ അന്വേഷണം ആരംഭിച്ചു


തൂത്തുക്കുടി: വേദാന്തയുടെ ചെമ്പ്‌ ശുദ്ധീകരണ പ്ലാന്റ്‌ ഉടന്‍ അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട്‌ സമരം ചെയ്‌തവര്‍ക്കെതിരെയുള്ള പൊലീസ്‌ വെടിവെപ്പില്‍ മേയില്‍ 13 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആരംഭിച്ചു.

എ.എന്‍.ഐ റിപ്പോര്‍ട്ട്‌ പ്രകാരം സി.ബി.ഐ വെടിവെപ്പില്‍ കൊല്ലപ്പെട്ട 13 പേരുടെ കുടുംബങ്ങളില്‍ നിന്നും, പരിക്കു പറ്റിയ 40 ആളുകളില്‍ നിന്നും മൊഴി ശേഖരിച്ചിട്ടുണ്ട്‌. വെടിവെപ്പിന്‌ ഉപയോഗിച്ച 15 ആയുധങ്ങളെക്കുറിച്ചുള്ള വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

`തമിഴ്‌നാട്‌ പൊലീസില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ടുകളില്‍, ആരാണ്‌ 15 ആയുധങ്ങള്‍ നല്‍കാന്‍ ഉത്തരവിട്ടത്‌, ആരാണ്‌ ആയുധങ്ങള്‍ ഒപ്പിട്ടു വാങ്ങിയത്‌, ആരാണ്‌ വെടിവെപ്പിന്‌ ഉത്തരവിട്ടത്‌ എന്നീ ചോദ്യങ്ങള്‍ക്കുള്ള മറുപടിയുണ്ട്‌'- എ.എന്‍.ഐയോട്‌ മുതിര്‍ന്ന സി.ബി.ഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം പുറത്തു വന്ന ഓട്ടോപ്‌സി റിപ്പോര്‍ട്ട്‌ പ്രകാരം മരിച്ചവരുടെ നെഞ്ചിലും തലയ്‌ക്കുമാണ്‌ വെടിയേറ്റിരിക്കുന്നത്‌.

ആയുധം ഉപയോഗിക്കാനുള്ള പൊലീസ്‌ മാനദണ്ഡങ്ങളില്‍ ശരീരത്തിന്റെ കീഴ്‌ ഭാഗത്തായിരിക്കണം ഉന്നം വെയ്‌ക്കേണ്ടതെന്നും, ഏറ്റവും അക്രമാസക്തമായ കൂട്ടത്തെ മാത്രമാണ്‌ ലക്ഷ്യം വെക്കേണ്ടതെന്നും പറയുന്നുണ്ട്‌.

മെയ്‌ 22ന്‌ നടന്ന സ്‌റ്റെര്‍ലൈറ്റ്‌ വിരുദ്ധ പോരാട്ടം 100ാം ദിവസം പൊലീസ്‌ വെടിവെപ്പിനെ തുടര്‍ന്ന്‌ കലുഷിതമാവുകയായിരുന്നു. ഇതിനെ തുടര്‍ന്ന്‌ തമിഴ്‌നാട്‌ സര്‍ക്കാര്‍ പ്ലാന്റ്‌ അടിയന്തരമായി അടച്ചു പൂട്ടിയിരുന്നു.

എന്നാല്‍ മതിയായ നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്ന്‌ ചൂണ്ടിക്കാട്ടി തൂത്തുക്കുടിയിലെ വേദാന്തയുടെ വിവാദ സ്റ്റെര്‍ലെറ്റ്‌ പ്ലാന്റ്‌ അടച്ചു പൂട്ടാനുള്ള തമിഴ്‌നാട്‌ സര്‍ക്കാരിന്റെ തീരുമാനം കേന്ദ്ര ഹരിത ട്രൈബ്യൂണല്‍ (എന്‍.ജി.ടി) റദ്ദ്‌ ചെയ്‌തിരുന്നു. എന്നാല്‍ പ്ലാന്റ്‌ തുറക്കാനുള്ള എന്‍.ജി.ടിയുടെ ഉത്തരവ്‌ മദ്രാസ്‌ ഹൈക്കോടതി തടഞ്ഞു. പ്ലാന്റ്‌ തുറക്കാനുള്ള എല്ലാ ശ്രമങ്ങളില്‍ നിന്നും വേദാന്ത പിന്മാറണമെന്നും കോടതി ആവശ്യപ്പെട്ടു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക