Image

ബോഗിബീന്റെ ചരിത്രവും ഇന്ത്യയിലെ നീളന്‍ പാലത്തിന്റെ ലക്ഷ്യവും

ശ്രീകുമാര്‍ Published on 26 December, 2018
ബോഗിബീന്റെ ചരിത്രവും ഇന്ത്യയിലെ നീളന്‍ പാലത്തിന്റെ ലക്ഷ്യവും
പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ച രാജ്യത്തെ ഏറ്റവും നീളം കൂടിയ റെയില്‍-റോഡ് പാലം 'ബോഗിബീല്‍' മറ്റൊരു എഞ്ചിനിയറിങ് അത്ഭുതമാണ്. അസമിലെ ദിബ്രുഗഡ് ജില്ലയെയും അരുണാചല്‍ പ്രദേശിലെ ധേമാജി ജില്ലയെയും ബന്ധിപ്പിക്കുന്ന ഈ പാലത്തിന് ഒട്ടേറെ പ്രത്യേകതകളും വ്യക്തമായ ലക്ഷ്യവുമുണ്ട്. ബ്രഹ്മപുത്ര നദിക്ക് കുറുകെയാണ് 5900 കോടി രൂപ ചെലവില്‍ 4.94 കിലോമീറ്റര്‍ നീളമുള്ള പാലം തുറന്നത്. അസം-അരുണാചല്‍ പ്രദേശ് സംസ്ഥാനങ്ങളെ തമ്മില്‍ കൂട്ടിയിണക്കുന്നതാണ് പാലം ഇന്ത്യയുടെ പ്രതിരോധ വകുപ്പിനും നിര്‍ണായകമാകുന്നു. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മദിനമായ ഡിസംബര്‍ 25നാണ് പലം  ഉദ്ഘാടനം ചെയ്തത്. 100 ശതമാനം വെല്‍ഡ് ചെയ്ത പാലം സ്വീഡനേയും ഡെല്‍മാര്‍ക്കിനേയും ബന്ധിപ്പിക്കുന്ന പാലത്തിന്റെ ചിലവ് കുറഞ്ഞ ഡിസൈനിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

ബോഗിബീല്‍ പൂര്‍ത്തിയാവാന്‍ 41 വര്‍ഷമാണെടുത്തത്. ഇതിനിടയില്‍ മൊറാര്‍ജി ദേശായി മുതല്‍ നരേന്ദ്ര മോദി വരെ 12 പ്രധാനമന്ത്രിമാരെ ഇന്ത്യ കണ്ടു. 1767 കോടി ബഡ്ജറ്റില്‍ ആരംഭിച്ച് പദ്ധതി, പൂര്‍ത്തിയായപ്പോള്‍ 5920 കോടി ചിലവായി. 1977 ജൂണില്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിക്ക് മുന്‍പാകെ ബോഗിബീല്‍ പാലത്തിനായുള്ള മെമ്മോറാണ്ടം സമര്‍പ്പിച്ചിരുന്നു. പക്ഷെ പല തടസ്സങ്ങള്‍കൊണ്ട് അന്ന് മുന്നോട്ട് പോയില്ല. പിന്നീട് 1996ല്‍ അസം ഗണപരിഷിതിന്റെ അഞ്ച് എം.പിമാര്‍ പാലത്തിന്റെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റെയില്‍ ബോര്‍ഡ് സമര്‍പ്പിച്ച എസ്റ്റിമേറ്റില്‍ കാണിച്ചത് പദ്ധതിക്ക് 1767 കോടിയായിരുന്നു. എന്നാല്‍ ചെറിയൊരു സംസ്ഥാനത്തിനായി ഇത്രയും വിലിയ തുക ചിലവഴിക്കാന്‍ സര്‍ക്കാര്‍ മടികാണിച്ചു. പക്ഷേ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ പദ്ധതിക്ക് പിന്തുണ നല്‍കിയതോടെ 1997 ജനുവരി 22ന് പാലത്തിന് തറക്കല്ലിട്ടു. പിന്നീട് 2002 ഏപ്രിലില്‍ 21ന് എ.ബി വാജ്‌പേയ് സര്‍ക്കാര്‍ പദ്ധതിയുടെ നിര്‍മ്മാണം ആരംഭിച്ചു.

സാമ്പത്തിക ഞെരുക്കം അടക്കം നിരവധി പ്രശ്‌നങ്ങളാല്‍ പിന്നീട് പാലത്തിന്റെ പണി മുടങ്ങി. പണലഭ്യത മാത്രമല്ല, പാലം പണിക്ക് കാലാവസ്ഥയും കടുത്ത വെല്ലുവിളിയായിരുന്നു. ''വര്‍ഷത്തില്‍ വളരെക്കുറഞ്ഞ കാലമെ പണിക്ക് അനുകൂലമായ കാലവസ്ഥ ലഭിക്കുകയുള്ളൂ. അപ്രതീക്ഷിതമായും അല്ലാതെയും ബ്രഹ്മപുത്രയില്‍ ജലനിരപ്പ് ഉയര്‍ന്ന് വെള്ളപ്പൊക്കമുണ്ടാവും. അതിനാല്‍ വലിയ കണ്‍സ്ട്രക്ഷന്‍ ഉപകരണങ്ങള്‍ ഏതുനേരത്തും പെട്ടെന്ന് മാറ്റേണ്ട സാഹചര്യങ്ങള്‍ ഉണ്ടായിരുന്നു. നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള അഞ്ച് മാസമേ പണിക്ക് അനുകൂലമായ അവസ്ഥയുണ്ടാകാറുള്ളൂ...'' ചീഫ് എഞ്ചീനിയര്‍ മോഹിന്ദര്‍ സിംഗ് അന്ന് വ്യക്തമാക്കിയത് ഇങ്ങനെ.

തുടര്‍ന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് 2007ല്‍ പാലത്തിന്റെ നിര്‍മാണം ദേശീയ പദ്ധതിയായി ഉയര്‍ത്തിയതോടെ പണികള്‍ പുനാരംഭിച്ചു. ഒടുവില്‍ 2018 ഡിസംബര്‍ 25ന് ആ സ്വപ്നം സാക്ഷാത്കരിച്ചു. ഇതിനിടയില്‍ മൊറാര്‍ജി ദേശായ്, ചരണ്‍ സിംഗ്, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, വിപി സിംഗ്, ചന്ദ്രശേഖരന്‍, നരസിംഹ റാവു, എച്ച്.ഡി ദേവ ഗൗഡ, ഐ.കെ ഗുജ്‌റാള്‍, എ.ബി വാജ്‌പേയ്, മന്‍മോഹന്‍ സിംഗ്, നരേന്ദ്ര മോദി തുടങ്ങിയ 12 പ്രധാനമന്ത്രിമാര്‍ ഇന്ത്യ ഭരിച്ചു. ഗമ്മോണ്‍ ഇന്ത്യയുമായി അസോസിയേറ്റ് ചെയ്ത് നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വേയും, ഹിന്ദുസ്ഥാന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയും ഡി.എസ്.ഡി ജര്‍മ്മനിയുമാണ് പാലത്തിന്റെ നിര്‍മ്മാണം നടത്തിയത്.

പാലത്തിന്റെ പ്രത്യേകതകള്‍ ഇങ്ങനെ...* ബ്രഹ്മപുത്ര നദിക്ക് കുറുകെയുള്ള നാലാമത്തെ പാലമാണ് ബോഗിബീല്‍ *മുകളില്‍ മൂന്ന വരി റോഡും താഴെ ഇരട്ട റെയില്‍ പാതയുമുള്ള 4.94 കി.മീ ഉള്ള പാലമാണ് ബോഗിബീല്‍ * ബ്രഹ്മപുത്ര നദിനിരപ്പില്‍ നിന്ന് 32 മീറ്റര്‍ ഉയരത്തിലാണ് ഡബിള്‍ ഡെക്ക് പാലം (റോഡ്-റെയില്‍) സ്ഥിതി ചെയ്യുന്നത് * പാലത്തെ താങ്ങി നിര്‍ത്തുന്നത് 42 തൂണുകളാണ്. തൂണുകള്‍ പണിതിരിക്കുന്നത് കിണറുകള്‍ കുഴിച്ച് അതിലാണ് * 30 ലക്ഷം സിമന്റ് ചാക്കുകളും (41 ഒളിംപിക് സ്വിമ്മിംഗ് പൂള്‍ നിറയ്ക്കാന്‍ പറ്റുന്നത്ര), 19250 മെട്രിക് ടണ്‍ റീ ഇന്‍ഫോഴ്‌മെന്റ് സ്റ്റീലും 2800 എം.ടി സ്ട്രക്ചറല്‍ സ്റ്റീലും 77,000 എം.ടി സ്റ്റീല്‍ ഫാബ്രിക്കേഷനും 1000 ടണ്‍ ഹൈഡ്രോളിക് ജാക്കും പാലത്തിന്റെ നിര്‍മ്മാണത്തിനായി ഉപയോഗിക്കേണ്ടി വന്നു * 120 വര്‍ഷത്തിനിടയിലെ ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ റെയില്‍ റോഡ് പാല മാണിത് * ഇന്ത്യയിലെ ഒരേ ഒരു മുഴുവന്‍ 'വെല്‍ഡഡ് ബ്രഡ്ജാ'ണ് ബോഗിബീല്‍.

വടക്കുകിഴക്കന്‍ മേഖലയുടെ വികസനത്തില്‍ നിര്‍ണായകമാണ് ബോഗിബീല്‍. ഈ പാലം കൊണ്ട് ഏറ്റവും ഗുണമുണ്ടാവുക അരുണാചലിലെ ഉള്‍നാടന്‍ ജില്ലകളായ അന്‍ജുവ, ചാന്ദ്‌ലാംഗ്, ലോഹിത്, ലോവര്‍ ദിബാംഗ് വാലി, ടിറാപ്പ് തുടങ്ങിയ പ്രദേശങ്ങള്‍ക്കും അസാമിലെ ദിബ്രുഗുഡ്, ധേമാജി ജില്ലകള്‍ക്കുമാണ്. പാലം യാഥാര്‍ത്ഥ്യമായതോടെ ദിബ്രുഗുഡ് (അസം) മുതല്‍ ഇറ്റാനഗര്‍ (അരുണാചല്‍ പ്രദേശ്) വരെയുള്ള 700 കി.മീ റെയില്‍ യാത്ര ദൂരം ഇനി 170 കിലോമീറ്ററായി കുറയും. 24 മണിക്കൂര്‍ എടുത്തിരുന്ന യാത്ര അഞ്ച് മണിക്കൂറായി ചുരുങ്ങി.

ഇന്ത്യയുടെ പ്രതിരോധ മേഖലിയിലും ബോഗിബീല്‍ പാലത്തിന് പ്രധാന്യമുണ്ട്. ടാങ്കറുകളും ആയുധങ്ങളുമായിട്ടുള്ള പ്രധാന സൈനിക നീക്കങ്ങള്‍ അരുണാചല്‍ പ്രദേശിലെ ഇന്ത്യ-ചൈന അതിര്‍ത്തിയിലേക്ക് വേഗത്തില്‍ എത്തിക്കാന്‍ സാധിക്കും. പാലം വടക്ക് കിഴക്കന്‍ മേഖലയില്‍ ഇന്ത്യയുടെ സൈനിക കരുത്തും കൂട്ടും. പാലത്തിന്റെ മൂന്ന് വരി പാതയെ ആവശ്യമെങ്കില്‍ എയര്‍ഫോഴ്‌സിന് അത് മൂന്ന് ലാന്‍ഡിംഗ് സ്ട്രിപ്പ്‌സായും ഉപയോഗിക്കാന്‍ കഴിയും. ബോഗിബീലിന് മുമ്പ് ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ പാലമായ ദോല-സദിയ പാലം 2017 മെയ് 30ന് ഉദ്ഘാടനം ചെയ്തിരുന്നു. ഇതും ഇന്ത്യയുടെ പ്രതിരോധ മേഖലയ്ക്ക് കരുത്തു പകരുന്നതാണ്. 9.15 കിലോമീറ്റര്‍ നീളമുള്ള പാലം അസമിലെ സദിയയില്‍നിന്ന് ആരംഭിച്ച് ദോലയിലാണ് അവസാനിക്കുന്നത്. അസമിലെ ടിന്‍സുകിയ ജില്ലയില്‍ ബ്രഹ്മപുത്രയുടെ പോഷകനദിയായ ലോഹിത് നദിക്കുകുറുകെയാണ് പാലം. 

പാലത്തിന്റെ ഉദ്ഘാടനത്തിന് പിന്നാലെ ജാഗ്രത നിര്‍ദ്ദശേവുമായി ചൈന രംഗത്തുവന്നിരുന്നു. അതിര്‍ത്തി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോള്‍ ശ്രദ്ധാപൂര്‍വമുള്ള സമീപനം ഇന്ത്യയുടെ ഭാഗത്ത് നിന്ന് പ്രതീക്ഷിക്കുന്നതായി ചൈനയുടെ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. തെക്കന്‍ ടിബറ്റായാണ് അരുണാചല്‍ പ്രദേശിനെ ചൈന അവകാശപ്പെടുന്നത്. പുതുതായി നിര്‍മ്മിച്ച ദോല-സദിയ പാലം അസാമിന്റെ കിഴക്കു ഭാഗവുമായാണ് ബന്ധിപ്പിക്കുന്നത്. തര്‍ക്കം നിലനില്‍ക്കുന്ന അതിര്‍ത്തി പ്രദേശത്ത് ചൈനയുടെ അധിനിവേശം ചെറുക്കാനുള്ള നടപടിയുടെ ഭാഗമായാണ് ദോല-സദിയ പാലത്തിന്റെ ലക്ഷ്യം. അസമില്‍ നിന്ന് അരുണാചലിലേക്ക് പോകാന്‍ കൃത്യമായ വഴികളില്ലായിരുന്നു. ബ്രഹ്മപുത്രയെ മറികടന്ന് മാത്രമേ അവിടെ എത്താന്‍ കഴിയൂ. പുതിയ പാലത്തിലൂടെ ഇത് മാറുകയാണ്. അതുകൊണ്ട് കൂടിയാണ് ഗതാഗതം മാത്രമല്ല ലക്ഷ്യമെന്ന വിലയിരുത്തലെത്തുന്നത്. 

അപ്പര്‍ അസമും കിഴക്കന്‍ അരുണാചല്‍ പ്രദേശും തമ്മില്‍ 24 മണിക്കൂറും ബന്ധം സ്ഥാപിക്കാന്‍ ധോല-സദിയ പാലത്തിനാകും. അതായത് രാത്രിയും അസമില്‍ നിന്ന് അരുണാചലിലേക്ക് പോകാം. അസമിലെ ദേശീയപാത 37ലെ റുപായിയില്‍നിന്ന് അരുണാചല്‍ പ്രദേശിലെ ദേശീയപാത 52ലെ മേക റോയിങ്ങിലേക്കുള്ള ദൂരം ചുരുക്കാനാകും. നിലവില്‍ ആറു മണിക്കൂര്‍ എടുത്തിരുന്ന യാത്ര ഒരു മണിക്കൂറായി ചുരുങ്ങും.  അസം-അരുണാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കു മികച്ച യാത്രാസൗകര്യം ഒരുക്കുന്നതിനൊപ്പം, ചൈനീസ് അധിനിവേശത്തെ ചെറുക്കാനുള്ള നടപടികളുടെ ഒരു ഭാഗവുമാണ് പാലം. ചൈനയുടെ നീക്കമറിഞ്ഞാല്‍ അതി വേഗം സൈന്യത്തെ അരുണാചലില്‍ എത്തിക്കാന്‍ ഇന്ത്യയ്ക്കാകും. ചൈനീസ് അതിര്‍ത്തിയോടു ചേര്‍ന്നുള്ള പാലം, ടാങ്ക് അടക്കമുള്ള സൈനിക വാഹനങ്ങളുടെ നീക്കത്തിന് അനുയോജ്യമാകും വിധമാണു നിര്‍മ്മിച്ചിരിക്കുന്നത്. കുറഞ്ഞത് 60 കിലോ ടണ്‍ ഭാരമുള്ള സൈനിക ടാങ്ക് വഹിക്കാന്‍ ശേഷിയുള്ള തരത്തിലാണ് നിര്‍മ്മാണം. അടിയന്തര സാഹചര്യത്തില്‍ അസമില്‍നിന്ന് ഇനി സൈന്യത്തിനു കരമാര്‍ഗം അരുണാചല്‍ പ്രദേശിലെത്താനുള്ള സമയത്തില്‍ ഗണ്യമായ കുറവു വരും.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഭൂകമ്പസാധ്യത കൂടുതലുള്ള പ്രദേശങ്ങളായതു കണക്കിലെടുത്ത് ആകെയുള്ള 182 തൂണുകള്‍ക്കും സീസ്മിക് ബഫര്‍ സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. പാലത്തിന്റെ നീളം മാത്രം 9.15 കിലോമീറ്ററാണ്. ഇരുവശത്തെയും അപ്രോച്ച് റോഡുകള്‍ ഉള്‍പ്പെടെ പദ്ധതിയുടെ ആകെ നീളം 28.50 കിലോമീറ്ററാണ്. 2,056 കോടി രൂപയാണ് ആകെ ചെലവ്. പദ്ധതി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള കേന്ദ്ര പാക്കേജിന്റെ കീഴിലുള്ള അരുണാചല്‍ പ്രദേശ് പാക്കേജ് ഓഫ് റോഡ്‌സ് ആന്‍ഡ് ഹൈവേസിന്റെ ഭാഗമായിരുന്നു പാലം പണി. ദിവസവും 10 ലക്ഷത്തോളം രൂപയുടെ ഇന്ധന ലാഭം ഈ പാലം വന്നതുകൊണ്ടു ലാഭിക്കാമത്രേ.

ബോഗിബീന്റെ ചരിത്രവും ഇന്ത്യയിലെ നീളന്‍ പാലത്തിന്റെ ലക്ഷ്യവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക