Image

എങ്കിലും (കവിത: രാജന്‍ കിണറ്റിങ്കര)

രാജന്‍ കിണറ്റിങ്കര Published on 26 December, 2018
 എങ്കിലും (കവിത: രാജന്‍ കിണറ്റിങ്കര)
മായ്ക്കാന്‍

റബ്ബറും മാര്‍ക്കറുമുണ്ട്

എങ്കിലും

മുറ്റത്തെ

മഷിതണ്ടിനോളം

വരില്ല

 

കഴിക്കാന്‍

പിസയും 

ബര്‍ഗറുമുണ്ട്

എങ്കിലും

അമ്മയുടെ

പൊടിയരികഞ്ഞിയോളം

വരില്ല

 

കേള്‍ക്കാന്‍

ടി വി യിലും

മോബൈലിലും

പാട്ടുകള്‍ ഏറെയുണ്ട്

എങ്കിലും

കുമാരേട്ടന്റെ

തേക്കുപാട്ടിനോളം

വരില്ല

 

ഉറങ്ങാന്‍

യുഫോം ബെഡുകള്‍

പലതുണ്ട്

എങ്കിലും

തെക്കേ കോലായിലെ

സിമന്റു തറയോളം

വരില്ല

 

സ്റ്റൗവുകള്‍

പലതരമുണ്ട്

കടകളില്‍

എങ്കിലും

ചാണകം മെഴുകിയ

മുക്കല്ലിനോളം

വരില്ല

 

കാണാന്‍

കൃസ്തുമസ് സ്റ്റാറുകള്‍

നിരനിരയായുണ്ട്

എങ്കിലും

കുംഭമാസ രാത്രിയോളം

വരില്ല

 

ഊഞ്ഞാലാട്ടം

പലതു കണ്ടിട്ടുണ്ട്

പാര്‍ക്കിലും

സര്‍ക്കസിലും

എങ്കിലും

ആണ്ടാന്‍ മുളയിലെ

പനം തത്തയോളം

വരില്ല

 

പൂക്കള്‍ 

പലതു കണ്ടിട്ടുണ്ട്

വിപണിയില്‍

എങ്കിലും

കുളക്കരയിലെ

മുക്കുറ്റി പൂവിനോളം

വരില്ല

 

മുഖ കോപ്പുകള്‍

എത്രയോ കണ്ടു

കഥകളിയിലും

തുള്ളലിലും

എങ്കിലും

പൂരപ്പറമ്പിലെ

പൂത കോപ്പിനോളം

വരില്ല

 

വേദനകള്‍

ഒരുപാട്

തന്നിട്ടുണ്ട് നഗരം

എങ്കിലും

വിരഹത്തിന്റെ

വിങ്ങലോളം

വരില്ല

 എങ്കിലും (കവിത: രാജന്‍ കിണറ്റിങ്കര)
Join WhatsApp News
വിദ്യാധരൻ 2018-12-26 19:59:01
കഴിഞ്ഞ കാലങ്ങളെ 
ഓർത്തു കരഞ്ഞോളു കവി
ഇനി അവയൊന്നും തിരിച്ചു വരില്ല 
മഷിതണ്ടും 
പൊടിയരി കഞ്ഞിയും 
തേക്ക് പാട്ടും 
സിമിന്റു തറയും 
ചാണകം മെഴുകിയ മുക്കല്ലും 
കുംഭമാസ രാത്രിയും 
പനംതത്തയും 
മുക്കുറ്റി പൂവും 
പൂരപറമ്പിലെ 
പൂത കോപ്പും 
പിന്നെ നിങ്ങൾക്ക് 
വിരഹം തന്നിട്ട് 
വിവാഹിതയായി 
പൊയ സ്ത്രീയും
എങ്കിലും അവയെല്ലാം 
നിങ്ങളെ ഒരു 
നല്ല കവിയാക്കിയല്ലോ !

Sudhir Panikkaveetil 2018-12-27 15:52:37
രാജൻ ജി കവിത നന്നായിരിക്കുന്നു. ഗൃഹാതുരത്വത്തെപ്പറ്റി 
ഒരു ചൊല്ലുണ്ട്. ഗൃഹാതുരത്വം ഇംഗളീഷ് ഗ്രാമർ പോലെയാണത്രെ 
past perfect, present  tense . മറ്റു കവിതകളും വായിച്ചു. അഭിനന്ദനങൾ .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക