Image

ഒരു നാടിന്റെ സര്‍ഗ്ഗഭാവങ്ങള്‍(ഭാഗം:2- ജോണ്‍ വേറ്റം)

ജോണ്‍ വേറ്റം Published on 26 December, 2018
ഒരു നാടിന്റെ സര്‍ഗ്ഗഭാവങ്ങള്‍(ഭാഗം:2- ജോണ്‍ വേറ്റം)
ഭൂപ്രകൃതിയനുസരിച്ച്, ഡാര്‍ജിലിംഗ് ജില്ലയെ, മലകള്‍, സമതലം എന്ന് രണ്ടായി വിഭജിക്കാം. നേപ്പാള്‍, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളുടെ ഇടയില്‍, ഇടനാഴിപോലെ കിടക്കുന്ന ഭാഗമാണ് സമതലം. തേയിലത്തോട്ടങ്ങളും, നെല്‍പ്പാടങ്ങളും, വനങ്ങളുമുള്ള, സമുദ്രനിരപ്പില്‍ നിന്നും മൂന്നൂറടി പൊക്കമുള്ള, ഈ ഭൂഭാഗത്തിന് കേരളീയഗ്രാമങ്ങളുടെ അഴകും ചൈതന്യവുമുണ്ട്. മിതമായ കാലാവസ്ഥയും, വളഭൂയിഷ്ഠമായ മണ്ണും, യാത്രാസൗകര്യവും കുടിയേറ്റക്കാരെ ആകര്‍ഷിക്കുന്നു. കേരളത്തില്‍ വളരുന്ന വൃക്ഷങ്ങളും, വിളയുന്ന സസ്യങ്ങളും, കിഴങ്ങുവര്‍ഗ്ഗങ്ങളും സമതലപ്രദേശത്തുണ്ട്. ഇവിടെയുള്ള ജനങ്ങള്‍ ഇടകലര്‍ന്നു തിങ്ങിപ്പാര്‍ക്കുന്ന പട്ടണമാണ് സിലിഗുരി. അവിടെ മലയാളികളും മലയാളി സമാജവും ഉണ്ട്. ഡാര്‍ജിലിംഗ്, ഭൂട്ടാണ്‍, സിക്കിം എന്നിവിടങ്ങളിലേക്കുള്ള സുപ്രധാന വഴികള്‍ ഇവിടെ ആരംഭിക്കുന്നു. സമതലത്തിലെ മറ്റൊരു പ്രധാനസ്ഥലമാണ് 'ബാഗ്‌ദോഗ്ര'. സിലിഗുരിയുടെ പടിഞ്ഞാറ്, എട്ടര മൈല്‍ അകലെയാണ് ഈ ഗ്രാമം. തേയിലത്തോട്ടങ്ങളും നെല്‍പ്പാടങ്ങളും കൊണ്ട് ചുറ്റപ്പെട്ട ഈ സ്ഥലത്ത്കൂടെ, കൊല്‍ക്കത്തയില്‍ നിന്നും സിലിഗുരിയിലേക്കുള്ള റോഡും, 'ബുറോണി'യില്‍ നിന്നുള്ള തീവണ്ടി മാര്‍ഗ്ഗവും കടന്നുപോകുന്നു. വിമാനത്താവളവും ഇവിടെയുണ്ട്. കിഴക്കെ അയലത്ത് 'മഹാനദി' ഒഴുകുന്നു. ഇവിടെയും മലയാളികള്‍ വസിക്കുന്നുണ്ട്. ഉള്‍ഗ്രാമങ്ങളിലും വനങ്ങളിലും താല്‍ക്കാലിക സൈനികത്താവളങ്ങള്‍ ഉണ്ടാവും. മലയാളികള്‍ ഇല്ലാത്ത  സൈനികദളങ്ങള്‍ വിരളമായിരിക്കും. ഹിമാലയപര്‍വ്വതനിരകളില്‍ നിന്നും ഒഴുകിവരുന്ന ആരോഗ്യദായകമായ കുളിര്‍കാറ്റ് സമതല പ്രദേശത്തിന്റെ പ്രത്യേകതയാണ്. നിറഞ്ഞ തേയിലത്തോട്ടങ്ങളും നെല്‍പ്പാടങ്ങളും അഴക് വര്‍ധിപ്പിക്കുന്നു. ജനങ്ങളിലധികവും തൊഴിലാളികളാണ്. അനാകര്‍ഷകമായ കുടിലുകള്‍ ഗ്രാമങ്ങളില്‍ കാണാം. മരപ്പലകകളും, മുളയും, പുല്ലുംകൊണ്ട് നിര്‍മ്മിച്ചവ. പട്ടണവാസികള്‍ ധനികരും, ഗ്രാമീണര്‍ പൊതുവെ പാവങ്ങളുമാണ്.

ഡാര്‍ജിലിംഗിന്റെയും സിലിഗുരിയുടെയും മദ്ധ്യഭാഗത്തായി, 1478-മീറ്റര്‍ ഉയരത്തിലാണ് മലകള്‍ ഉള്‍പ്പെട്ട കര്‍സിയോങ്ങ്ഗ്, പ്രകൃതിഭംഗികളാല്‍ അനുഗ്രഹിക്കപ്പെട്ട, കണ്ണിന് കുളിര്‍മ്മ പകരുന്ന ഈ കുന്നിന്‍മുകളില്‍ നിന്നും തെക്കോട്ടുനോക്കിയാല്‍ ഭംഗിപുതച്ചുകിടക്കുന്ന വിശാലമായ സമതലം കാണാം. അടിവാരത്ത്, കിഴക്കാന്തൂക്കായ കുന്നുകള്‍. അവയുടെ പാദം മുതല്‍ തെക്കോട്ട് കിടക്കുന്നു വിസ്തൃത താഴ് വര. സസ്യസമൃദ്ധമായ ഈ ഭൂഭാഗത്തെ 'റ്റെറായ്' എന്ന് വിളിക്കുന്നു. വിളവെടുപ്പുകാലത്ത്, സമതലം സ്വര്‍ണ്ണവര്‍ണ്ണംപൂണ്ട് അത്യാകര്‍ഷകമാകും. ഉത്തരബംഗാളില്‍ ഏറ്റവും കൂടുതല്‍ 'കൊയിനാ മരങ്ങള്‍' കൃഷിചെയ്യുന്നത് കര്‍സിയോങ്ഗിലെ 'മാങ്ങ്ഗ്പു' എന്ന  സ്ഥലത്താണത്രേ.

പ്രശാന്തമധുരരിമതുളമ്പുന്ന, ആകര്‍ഷണീയതകളാല്‍ അലങ്കരിക്കപ്പെട്ട ഭൂവിഭാഗമാണ് 'കലിംപാങ്ഗ്.' അവിടെ നിന്നും ഡാര്‍ജിലിംഗിലേക്കുള്ള യാത്ര അവസ്മരണീയമായ അനുഭവമാകും.'റ്റീസാ' നദ്ിയുടെ സമീപത്തുനിന്നും ആരോഹണം ചെയ്തും അവരോഹണം ചെയ്തും വളഞ്ഞും, തേയിലത്തോട്ടങ്ങളിലൂടെ നീളുന്ന പാത. അതിലേ യാത്രചെയ്യുമ്പോള്‍, 'രെന്‍ജിത്' റ്റീസാ എന്നീ നദികള്‍ സംഗമിച്ചൊഴുകുന്ന ഔജ്ജുല്ല്യമായ കാഴ്ച ആഹ്ലാദിപ്പിക്കും. കലിംപാങ്ഗിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലഭിക്കുന്ന, കൊടുമുടികളിലേക്കുള്ള വീക്ഷണവും ഉല്‍കൃഷ്ടമാണ്. തേയിലത്തോട്ടങ്ങളും, ദേവാലയങ്ങളും, വിദ്യാലയങ്ങളുമാണ് മറ്റ് ശ്രദ്ധേയമായ കാര്യങ്ങള്‍.

സമുദ്രനിരപ്പില്‍ നിന്നും ആയിരത്തിതൊള്ളായിരം മീറ്റര്‍ മുതല്‍ രണ്ടായിരത്തിമുന്നൂറ് മീറ്റര്‍വരെ വ്യത്യസ്ത ഉയരങ്ങളോടുകൂടിയ ഒരു പര്‍വ്വതപാര്‍ശ്വമാണ് ഡാര്‍ജിലിംഗ്, പട്ടണത്തിന്റെ വിവിധ കോണുകളില്‍ നിന്നുനോക്കിയാല്‍ കിട്ടുന്ന അനുപമ പ്രകൃതിദൃശ്യം ലോകത്തിന്റെ മറ്റൊരു ഭാഗത്തും ലഭ്യമല്ല. പട്ടണത്തില്‍ നിന്നും ഏകദേശം ആറ് മൈല്‍ അകലെ സ്ഥിതിചെയ്യുന്നു വിശ്വവിഖ്യാതമായ 'ടൈഗര്‍ഹില്‍'എന്ന് വിളിക്കപ്പെടുന്ന മല. 2595- മീറ്ററാണ് ഇതിന്റെ ഉയരം. ടൈഗര്‍ഹില്ലിന്റെ ഉച്ചിയില്‍നിന്നുകൊണ്ട് നോക്കിയാല്‍, ഉത്തരബംഗാളിലെ സമതലപ്രദേശം ഒക്കെയും കാണാം.

'സെന്‍ചാന്‍' 'റ്റോണ്‍ഗ്' എന്നീ മലകളില്‍ കയറിയാല്‍ കണ്ണിന് പുളകം ചാര്‍ത്തുന്ന കാഴ്ചകള്‍ മാത്രമേ ലഭിക്കൂ.  ഡാര്‍ജിലിംഗിന്റെ പൂര്‍വ്വതലത്തില്‍ 'റേന്‍ഗുവാലി' താഴ് വര. അതിനും അല്പം അകലെ, ജനശ്രദ്ധയെ ആകര്‍ഷിച്ചുകൊണ്ട് ഉയര്‍ന്നുനില്‍ക്കുന്ന 'റ്റെന്‍ഡാങ്ഗ്' കൊടുമുടി. കിഴക്കെഭാഗം ചെങ്കുത്തായികിടക്കുന്നു. ഇതിനും കിഴക്കായി, ചക്രവാളത്തിനു വിലങ്ങനെ, നിരവധി മഞ്ഞണിഞ്ഞ മലകള്‍. അവയുടെ നടുവില്‍ പുണ്യപുരാതനമായ 'കഞ്ചന്‍ചുങ്ഗ.' 8578 മീറ്ററാണ് ഇതിന്റെ പൊക്കം. 'കേബ്രു', 'ജാനു' എന്നീ മലകള്‍ പടിഞ്ഞാറ്. കോണാകാരത്തില്‍, ആകാശത്തിലേക്ക് കൂര്‍ത്തുനില്‍ക്കുന്ന 'പാന്‍ഡിം', 'നര്‍സിംഗ്' എന്നീ മലകള്‍ കിഴക്ക്. 'സിംവോ,''സിനിയോല്‍ചു', 'ലാമാ ആന്‍ഡെന്‍' 'ചുമിയോമോ' എന്നിവ വടക്കുകിഴക്കുഭാഗത്തും സ്ഥിതിചെയ്യുന്നു. അവയുടെ അടുത്തായി 'പാഹന്റി' എന്ന മല. അതിന്റെ കിഴക്കായി, 4200-മീറ്റര്‍ കിളരുമുള്ള 'ജിപ്‌മോച്ചി' എന്ന മലയില്‍ എത്തിച്ചേരുന്ന മലമ്പാത. 'ജലേപുലാ', 'നഥുല' എന്നീ പാതകള്‍ ചക്രവാളത്തെ തൊടുന്നതു പോലെ തോന്നും. ഇതെല്ലാം ഹൃദ്യമായ കാഴ്ച നല്‍കും.

'കഞ്ചന്‍ ചുങ്ഗ' ക്കും പടിഞ്ഞാറ്, 'സിംഗാലിലാ' വരമ്പിനും മുകളില്‍ മൂന്ന് മഞ്ഞണിഞ്ഞ കൊടുമുടികള്‍ ഉയര്‍ന്നു നില്‍ക്കുന്നതു കാണാം. വിദൂരതയിലായതിനാല്‍ ചെറുതെന്നു തോന്നുമെങ്കിലും അവയുടെ നടുവില്‍ ഉയര്‍ന്നു നില്‍ക്കുന്ന, ലോകത്തിലെ ഏറ്റവും പൊക്കമുള്ള, കൊടുമുടിയാണ് 'ഗൗരീശങ്കരം' അഥവാ മൗണ്ട് എവറസ്റ്റ്. ആകാശം തെളിഞ്ഞുനില്‍ക്കുന്ന അവസരത്തില്‍ മാത്രമേ ഇതു വ്യക്തമായി കാണാന്‍ കഴിയൂ. കൊടിമുടികളിലെ വെളിച്ചത്തിന്റെ വിനോദവിഹാരവും, കൂടെക്കൂടെ രൂപഭാവങ്ങളെ മാറ്റുന്ന നീരദനിരകളും തേയിലത്തോട്ടങ്ങളുടെയും വനങ്ങളുടെയും മേലെയുണ്ടാകുന്ന അവയുടെ സഞ്ചാരവും ആഹ്ലാദം പകരുന്ന അപൂര്‍വ്വ കാഴ്ചകളാണ്. സമുദ്രനിരപ്പില്‍നിന്നും പന്തീരായിരത്തില്‍ പരം അടി ഉയരമുള്ള ഭൂഭാഗങ്ങള്‍ ഡാര്‍ജിലിംഗില്‍ ഉണ്ട്. നഗരത്തിന്റെ പൂര്‍ണ്ണതയും ഉല്ലാസജീവതത്തിനും വിനോദയാത്രക്കും വേണ്ട സൗകര്യങ്ങളും പട്ടണത്തില്‍ ഉള്ളതിനാല്‍ അവിടെ ജനവാസം വര്‍ദ്ധിക്കുന്നു. എല്ലാ ദേശക്കാരും ഇടകലര്‍ന്നു ജീവിക്കുന്നു. ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും സന്ദര്‍ശകര്‍ അവിടെ എത്തുന്നു.

ഉയരവ്യത്യാസമനുസരിച്ചു ഡാര്‍ജലിംഗിലെ കാലാവസ്ഥ മാറും. ആയിരം അടിപൊക്കത്തിന് മൂന്ന് ഡിഗ്രി ഫാറന്‍ഹീറ്റ് വീതം വ്യത്യാസപ്പെടുമത്രേ. ശീതകാലത്ത്, ഇവിടെ 1.59 സെന്റി ഗ്രേഡ് വരെയെത്തും ഊഷ്മാവ്. അപ്പോള്‍ സമതലപ്രദേശങ്ങളില്‍ മിതശീതോഷ്ണമായിരിക്കും. തുടര്‍ച്ചയായി വീശുന്ന തണുത്തകാറ്റും കാലാവസ്ഥയെ സാരമായി ബാധിക്കുന്നു. സ്ഥലത്തിന്റെ ഉയരവ്യത്യാസമനുസരിച്ചു വര്‍ഷപാതവും ഉണ്ടാവും. മണ്‍സൂണ്‍ കാലത്താണ് അധികമഴ. മഞ്ഞുകാലവും മഴക്കാലവും വിനോദ സഞ്ചാരത്തിന് അനുകൂലമല്ല. എന്നാലും, യാത്രക്കാര്‍ക്കുവേണ്ടി കാലാനുസൃതമായ പുരോഗതി വരുത്തുന്നുണ്ട്. സിലിഗുരി മുതല്‍ ഡാര്‍ജിലിംഗ് മലമുകളിലെത്തുന്ന ട്രെയിനിലും എയര്‍കണ്ടീഷന്‍ഡ് കംപാര്‍ട്ടുമെന്റുകള്‍ ചേര്‍ക്കുവാനും ക്രമീകരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. വിനോദസഞ്ചാരത്തിനു യോജിച്ച സമയം മാര്‍ച്ച് മാസം മുതല്‍ ജൂണ്‍വരെയും ഒക്ടോബര്‍ മാസം മുതല്‍ നവംബര്‍ വരെയുമാണ്. നവംബര്‍ ഡിസംബര്‍ എന്നീ മാസങ്ങളില്‍ ഉണ്ടാകുന്ന അതിശൈത്യം ആസ്വദിച്ചുകൊണ്ട് ഡാര്‍ജിലിംഗില്‍ താമസിക്കുകയും ഹിമപാതത്താല്‍ അനുദിനം ഉയരുന്ന ഹിമാലയപര്‍വ്വതശൃംഗങ്ങള്‍ കണ്ട് ആനന്ദിക്കുന്നവരും അവിടെ വരുന്നു.

അനുകൂല കാലാവസ്ഥയും, വ്യത്യസ്തഭൂപ്രകൃതിയും വളമുള്ള മണ്ണും ഉള്ളതിനാല്‍, സമ്പന്നമായ സസ്യത്തഴപ്പ് ഡാര്‍ജിലിംഗില്‍ ലഭിക്കുന്നു. നാലായിരത്തില്‍ പരം പുഷ്പിക്കുന്ന സസ്യങ്ങളും, മുന്നൂറില്‍പരം പുഷ്പരഹിത സസ്യവര്‍ഗ്ഗങ്ങളും, അനവധി പന്നച്ചെടികളും അവിടെ വളരുന്നുവത്രേ.

ഡാര്‍ജിലിംഗ് ജില്ലയില്‍, ഏകദേശം മൂന്ന് ലക്ഷത്തോളം ഏക്കര്‍ വനഭൂമി ഉണ്ടായിരുന്നുവെങ്കിലും കുടിയേറ്റത്താല്‍ അത് കയറുന്നു. ഭൂമിയുടെ ഉയരവ്യത്യാസം കാലാവസ്ഥ എന്നിവ അനുസരിച്ചാണ് വൃക്ഷഗണങ്ങള്‍ വളരുന്നത്. ഓക്ക്, ചെസ്‌നട്ട്, ചെറി, ബെര്‍ച്ച്, ആള്‍ഡര്‍ എന്നിവയാണ് വലിയ വൃക്ഷങ്ങള്‍. സാല്‍, സിസൂ എന്നിവയാണ് താഴ് വരയില്‍ വളരുന്നവ. പ്ലാവും, മാവും സമതലങ്ങളില്‍ സുലഭം. വ്യക്തദര്‍ശനം നല്‍കുന്ന വനം മനോഹാരിത നിറഞ്ഞവയാണ്. അഞ്ഞൂറ്റി അന്‍പതോളം പക്ഷിഗണങ്ങളും, തൊണ്ണൂറോളം സ്തന്യപജന്തുവര്‍ഗ്ഗങ്ങളും, അന്‍പത് ഇനങ്ങളിലുള്ള പാമ്പുകളും അവിടെ ഉണ്ടെന്ന് കണക്കാക്കപ്പെട്ടിരുന്നു. ഒരു നൂറ്റി ഇരുപത്തിയഞ്ച് വര്‍ഗ്ഗങ്ങളില്‍ മത്സ്യങ്ങളും ഉണ്ടത്രേ. കേരളത്തിലെ നദികളിലും കുളങ്ങളിലും വളരുന്ന എല്ലായിനം മത്സ്യങ്ങളെയും ഇവിടെ കാണാം. ഈ ജില്ലയുടെ പുരോഗതിക്ക് ഏറെ സഹായിക്കുന്നത് തേയിലകൃഷിയാണ്. ഇവിടെ ജനസംഖ്യ വര്‍ദ്ധിച്ചതും മറ്റൊരു കാരണത്താലല്ല. ഡോക്ടര്‍ ക്യാംബെല്‍ എന്ന ബ്രിട്ടീഷ് ഉദ്യോഗ്സ്ഥനാണ് പ്രസ്തുത കൃഷ്ി കൊണ്ടുവന്നത്. 1939-ല്‍ തേയില കൃഷി ഡാര്‍ജിലിംഗില്‍ ആരംഭിച്ചു. ഇപ്പോള്‍, തേയിലത്തോട്ടങ്ങളുടെ എണ്ണവും വിസ്തീര്‍ണ്ണവും പൂര്‍വ്വാധികം വര്‍ദ്ധിച്ചു. 

(തുടരും..)


ഒരു നാടിന്റെ സര്‍ഗ്ഗഭാവങ്ങള്‍(ഭാഗം:2- ജോണ്‍ വേറ്റം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക