Image

അമേരിക്ക, പാത്ത്, പാത്തുമ്മായുടെ ആട് (ഡോ: എസ്. എസ്. ലാല്‍, വാഷിംഗ്ടണ്‍, ഡി.സി)

Published on 26 December, 2018
അമേരിക്ക, പാത്ത്, പാത്തുമ്മായുടെ ആട് (ഡോ: എസ്. എസ്. ലാല്‍, വാഷിംഗ്ടണ്‍, ഡി.സി)
ചെറുപ്പകാലത്ത് ഒരിക്കലും വന്നെത്താന്‍ ശ്രമിച്ചിട്ടുള്ള സ്ഥലമല്ല അമേരിക്ക. ആശയപരമായ നിലപാടുകളും കുടുംബ സാഹചര്യങ്ങളുമായിരുന്നു കാരണം. 1992 - ല്‍ സന്ധ്യയെ പരിചയപ്പെടുമ്പോള്‍ എനിയ്ക്ക് മുന്നോട്ടു വയ്ക്കാന്‍ ഒരു ഡിമാന്‍ഡ് മാത്രം ഉണ്ടായിരുന്നു. പുറം നാടുകളില്‍ ജോലിയ്ക്ക് പോകാന്‍ നിര്‍ബന്ധിക്കരുത് എന്ന്. സന്ധ്യ അത് സമ്മതിക്കില്ലെന്നും വിവാഹകാര്യം മുന്നോട്ടുപോകില്ലെന്നും കരുതി. അമേരിക്കയിലേയ്ക്ക് പോകാനുള്ള പരീക്ഷകളെല്ലാം പാസായി തയ്യാറെടുത്തു നില്‍ക്കുകയായിരുന്നു സന്ധ്യ. ഒടുവില്‍ ഞങ്ങള്‍ വിവാഹം കഴിച്ചു. അമേരിക്കയൊഴിച്ചുള്ള കാര്യങ്ങളില്‍ അത്രകണ്ട് പൊരുത്തമായിരുന്നു

നാട്ടില്‍ ഡോക്ടര്‍ ജോലിയും, തുടര്‍ പഠനവും, ഏഷ്യാനെറ്റിലെ പള്‍സും, ഐ.എം.എ. യും സാമൂഹ്യപ്രവര്‍ത്തനങ്ങളും ഒക്കെയായി ഓടി നടക്കുമ്പോള്‍ സന്ധ്യ ചോദിക്കുമായിരുന്നു, എന്താണ് ജീവിതത്തിലെ ആത്യന്തിക ലക്ഷ്യമെന്ന്. ലോകാരോഗ്യ സംഘടന (WHO) യില്‍ ചേരണമെന്ന് എന്റെ റെഡിമെയ്ഡ് ഉത്തരം ഓരോ പ്രാവശ്യവും വന്നു. തിരുവനന്തപുരം വിടാത്ത ഒരാള്‍ക്ക് എങ്ങനെ WHO ജോലി കിട്ടുമെന്ന് സന്ധ്യ ചോദിക്കും. എനിക്കുള്ള ജോലി WHO തിരുവനന്തപുരത്ത് കൊണ്ടുവരുമെന്ന് എന്റെ മറുപടി കേള്‍ക്കുമ്പോള്‍ സന്ധ്യ ചര്‍ച്ച അവസാനിപ്പിക്കും; എന്റെ അമിത പ്രതീക്ഷകളെ പൂര്‍ണമായി വിശ്വസിക്കാന്‍ പ്രയാസമായിരുണെങ്കിലും അവയെ തള്ളിപ്പറയാതെ. ഒരു ചെറിയ പുഞ്ചിരിയോടെ. യുക്തിരഹിതമായ ശുഭാപ്തി വിശ്വാസമാണ് എന്നെ നയിക്കുന്നതും നടത്തുന്നതും എന്ന് അതിനകം സന്ധ്യ തിരിച്ചറിഞ്ഞിരുന്നു. യുക്തിരഹിതമായ ശുഭാപ്തി വിശ്വാസത്തെപ്പറ്റി (irrational optimism) താമസിയാതെ ഞാന്‍ എഴുതുന്നുണ്ട്

1999-ല്‍ ലോകാരോഗ്യ സംഘടനയിലെ ആദ്യ ജോലി തിരുവനന്തപുരം ആസ്ഥാനമായിത്തന്നെ കിട്ടിയപ്പോള്‍ ഞാനും ഞെട്ടിപ്പോയി. ഇന്ത്യയില്‍ ക്ഷയരോഗ നിയന്ത്രണ പരിപാടിയില്‍ സര്‍ക്കാരിനെ ഉപദേശിക്കാനായി WHO രാജ്യത്ത് തെരഞ്ഞെടുത്ത പതിനാറ് പേരില്‍ ഏക മലയാളിയായിരുന്നു ഞാന്‍. അതില്‍ ഞാനൊരാള്‍ മാത്രം സ്വന്തം സംസ്ഥാനത്ത് നിയമിക്കപ്പെട്ടു. ബാക്കി പതിനഞ്ചുപേരില്‍ ഒരാള്‍ക്കും മലയാളമോ എനിയ്ക്ക് രാജ്യത്തെ മറ്റൊരു ഭാഷയോ അറിയാത്തതാണ് എന്നെ രക്ഷിച്ചത് (ഭാഷയറിയായ്ക എപ്പോഴും രക്ഷിക്കില്ല) :) തമിഴ്‌നാടിലെ ചില ജില്ലകളുടേയും ലക്ഷദ്വീപിന്റെയും കുടി അധിക ഉത്തരവാദിത്തം എനിക്കുണ്ടായിരുന്നു.

ആറ്റുനോറ്റിരുന്നു കിട്ടിയ സര്‍ക്കാര്‍ ജോലിയോട്
അങ്ങനെ വിടപറഞ്ഞു. പിന്നങ്ങോട്ട് ജീവിതം മാറുകയായിരുന്നു. നാലുവര്‍ഷം കഴിഞ്ഞപ്പോള്‍ WHO യുടെ ഡല്‍ഹി ദേശീയ ഓഫീസില്‍ നാഷണല്‍ ഓഫീസറായി എനിക്ക് നിയമനം കിട്ടി. ഡല്‍ഹിയില്‍ അങ്ങനെ മറ്റൊരു നാലുകൊല്ലം. പിന്നെ അവിടെ നിന്ന് കിഴക്കന്‍ തിമോറിലേയ്ക്ക് WHO യുടെ അന്തര്‍ദേശീയ ഉദ്യോഗസ്ഥനായി പോയി. 2008 ആയപ്പോഴേയ്ക്കും ജനീവയില്‍ ഗ്ലോബല്‍ ഫണ്ടില്‍ പുതിയ ജോലിയായി. അന്ന് ഗ്ലോബല്‍ ഫണ്ട് ലോകാരോഗ്യ സംഘടനയുടെ ഭാഗമായിരുന്നു. 2012 - ല്‍ ആണ് അമേരിക്ക ആസ്ഥാനമായ 'പാത്ത്' എന്ന അന്താരാഷ്ട്ര സംഘടനയിലെ ക്ഷയരോഗ ഡയറക്ടര്‍ ജോലി ശ്രദ്ധയില്‍പ്പെടുന്നത്. ഗ്ലോബല്‍ ഫണ്ട് പോലുള്ള ഒരു സ്ഥാപനത്തില്‍ നിന്ന് രാജി വയ്ക്കുക അത്ര എളുപ്പമുള്ള തീരുമാനമായിരുന്നില്ല. പക്ഷെ, പാത്തിലെ ജോലി ക്ഷയരോഗ രംഗത്ത് വീണ്ടും ഒരുപാട് സംഭാവന ചെയ്യാന്‍ കഴിയുന്നതാണെന്നത് ഞാന്‍ ശ്രദ്ധിച്ചു. വലിയ തീരുമാനങ്ങള്‍ എടുക്കാനുള്ള സ്വാതന്ത്ര്യവും. ഇന്ത്യയില്‍ തന്നെ നിരവധി ഓഫീസുകളുള്ള സ്ഥാപനം. ഏഷ്യന്‍, ആഫ്രിക്കന്‍, തെക്കേ അമേരിക്കന്‍, യൂറോപ്യന്‍ രാജ്യങ്ങളില്‍ വലിയ സാന്നിദ്ധ്യം. അങ്ങനെ 2013 ജനുവരിയില്‍ അമേരിക്കയിലെത്തി. ഇപ്പോള്‍ ആറ് വര്‍ഷമാകുന്നു.

ഒരു ജോലിയില്‍ പരമാവധി അഞ്ചുവര്‍ഷം എന്നതാണ് എന്റെ സ്വന്തം നിയമം. നാല് വര്‍ഷമാകുമ്പോള്‍ പുതിയ ജോലി അന്വേഷിച്ചു
തുടങ്ങുക എന്നത് ഒരു ശീലം. വ്യത്യസ്തമായ വെല്ലുവിളികളുള്ള പുതിയ സാഹചര്യങ്ങള്‍ അനുഭവിക്കാനുള്ള ആഗ്രഹമാണ് ഇതിനു പ്രധാന കാരണം. നമുക്കു പിന്നാലെ വളര്‍ന്നു വരുന്നവര്‍ക്കായി കസേര ഒഴിഞ്ഞു കൊടുക്കുകയെന്ന മര്യാദയും ഉണ്ടു്. ഒരേ സ്ഥാപനത്തിലും ഒരേ ജോലിയിലും ഒരുപാട് നാള്‍ തുടരുന്ന കാര്യം എനിയ്ക്ക് ആലോചിക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. എന്നാല്‍ അങ്ങനെ ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരോട് എനിക്ക് എതിര്‍പ്പുമില്ല. പാത്തിലെ ജോലി വളരെ നല്ലതായിരിക്കുമ്പോഴും അത് ഉപേക്ഷിക്കാനുള്ള ശ്രമങ്ങള്‍ കുറച്ചുനാളായി ഞാന്‍ തുടരുകയായിരുന്നു. പാത്ത് WHO-യുടെ ഔദ്യോഗിക പാര്‍ട്ണര്‍ ആയിരിക്കുമ്പോഴും ഞാന്‍ ഇപ്പോഴും WHO-യുടെ കമ്മിറ്റികളുടെയൊക്കെ നേതൃത്വത്തില്‍ തുടരുമ്പോഴും WHO-യില്‍ പൂര്‍ണ്ണ ഉദ്യോഗസ്ഥനായി തിരിച്ചുപോകാനുള്ള ഒരവസരം നിലനില്‍ക്കുന്നതിനാല്‍ അല്പം ആശയക്കുഴപ്പത്തിലായിരുന്നു. ഇന്ത്യയിലേയ്ക്ക് തിരിച്ചുവരാനുള്ള മറ്റുചില അവസരങ്ങളും കൂടി മുന്നിലുണ്ടായപ്പോള്‍ ആശയക്കുഴപ്പം കൂടി.

ഇന്നലെ ഒടുവില്‍ അത് സംഭവിച്ചു. ഞാന്‍ മറ്റൊരു പ്രസ്ഥാനത്തില്‍ പുതിയ ജോലിയ്ക്കുള്ള കരാറില്‍ ഒപ്പിട്ടു. വാഷിംഗ്ടണ്‍. ഡി.സി. തന്നെയാണ് ആസ്ഥാനം. ഉത്തരവാദിത്തങ്ങള്‍ ഇനിയും കൂടും. ഫെബ്രുവരിയില്‍ അവിടെ ചേരാമെന്ന് സമ്മതിച്ചു. പാത്തില്‍ രാജിക്കത്ത് നല്‍കി. ഇന്നലെയായിരുന്നു ഓഫീസിലെ അവസാന ദിവസവും. ഫെബ്രുവരി വരെ ബാക്കിയുള്ള ദിവസങ്ങളില്‍ അവധി. ജനുവരി മുഴുവനും കേരളത്തില്‍. അമ്മയോടൊപ്പം കുറെ സമയം ചെലവഴിക്കണം. നാട്ടില്‍ കുറെ കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനുമുണ്ട്. ചില സുപ്രധാന തീരുമാനങ്ങള്‍ എടുക്കാനും ...

ആറ് വര്‍ഷം ജോലിചെയ്ത സ്ഥാപനത്തിന്റെ പത്താം നിലയില്‍ നിന്ന് ലിഫ്റ്റ് ഇറങ്ങുമ്പോള്‍ (പടിയിറങ്ങുമ്പോള്‍ എന്ന് പറയാന്‍ കഴിയില്ലല്ലോ) ഉള്ളില്‍ സന്തോഷമായിരുന്നോ സങ്കടമായിരുന്നോ? എനിക്ക് തോന്നുന്നു രണ്ടുമില്ലായിരുന്നെന്ന്. സാധാരണ ദിവസം പോലെ തന്നെ. പക്ഷേ, പതിയെ മനസ്സില്‍ സന്തോഷം വന്നു നിറയാന്‍ തുടങ്ങിയിരുന്നു. ഇപ്പോഴും അത് തുടരുകയാണ്. 1990 - ല്‍ മെഡിസിന്‍ പാസായത്തിനു ശേഷം സ്വീകരിച്ച ജോലികള്‍ക്കിടയില്‍ സാധാരണ ഒരു ദിവസത്തിന്റെ പോലും ഇടവേളകള്‍ ഇല്ലായിരുന്നു. ഒരു ജോലി വിട്ടാല്‍ പിറ്റേ ദിവസം അടുത്ത ജോലിയില്‍ ചേരുക എന്നതായിരുന്നു ചരിത്രം. 2013 ജനുവരി 15 -ന് ഗ്ലോബല്‍ ഫണ്ട് വിട്ടിട്ട് 16 -ന് പാത്തില്‍ ചേരുകയായിരുന്നു. ഭൂഖണ്ഡാന്തര യാത്ര നടത്തി പിറ്റേ ദിവസം ജോലിക്കു പോയ അനുഭവങ്ങള്‍ മാത്രം. ഇത്തവണ കാര്യങ്ങള്‍ വ്യത്യസ്തമാകുന്നു. ഇപ്പോള്‍, ഇതെഴുതുമ്പോള്‍, എന്റെ മുന്നില്‍ എടുക്കേണ്ട തീരുമാനങ്ങളോ ചെയ്യേണ്ട ജോലിയോ ഇല്ല. ഫെബ്രുവരി വരെ ഞാന്‍ സ്വതന്ത്രന്‍. എനിയ്ക്കിഷ്ടമുള്ള എന്തുകാര്യവും ചെയ്യാം. എന്റെ സമയത്തിനും സൗകര്യത്തിനും.

ഇന്നലെ ഓഫീസില്‍ നിന്നും മെട്രോ ട്രെയിനില്‍ തിരികെ വീട്ടിലേയ്ക്ക് വരുമ്പോള്‍ കയ്യില്‍ കരുതിയിരുന്ന പുസ്തകം വായിച്ചു. പാത്തുമ്മായുടെ ആട്. പാത്തില്‍ നിന്ന് മടങ്ങി വരുന്ന വഴി പാത്തുമ്മായുടെ ആട് ! ആദ്യ വായനയല്ല. ഭക്ഷണം, ജലം, വായു അങ്ങനെ പലതും ആവര്‍ത്തന വിരസതയില്ലാത്തതും അത്യന്താപേക്ഷിതവും ആണല്ലോ.

വിദേശങ്ങളില്‍ പഠിക്കാനോ ജോലി ചെയ്യാനോ അവസരങ്ങള്‍ കിട്ടിയാല്‍ അത് ഉപയോഗപ്പെടുത്തണമെന്ന പക്ഷക്കാരനാണ് ഇന്ന് ഞാന്‍. സമ്പത്തിന്റെ കാര്യത്തില്‍ നാടിനെയും നാട്ടാരെയും സഹായിക്കാന്‍ കഴിയുന്നതു കൂടാതെ അവനവന്റെ വ്യക്തി വികാസത്തിലും അറിവിലും മനോഭാവത്തിലും മെച്ചമുണ്ടാക്കാന്‍ പ്രവാസ ജീവിതത്തിന് കഴിയും. ഇതും ഞാന്‍ പ്രത്യേകമായി എഴുതാനിരിക്കയാണ്.
അമേരിക്ക, പാത്ത്, പാത്തുമ്മായുടെ ആട് (ഡോ: എസ്. എസ്. ലാല്‍, വാഷിംഗ്ടണ്‍, ഡി.സി)
Join WhatsApp News
benoy 2018-12-26 22:42:28
One of the very few occasions when I felt proud of being a Malayalee. I salute you Dr. Lal for your profound passion for helping the unfortunate. Wish you all the best in your new career.
Murali Delaware 2018-12-27 15:53:51
 പ്രിയ ഡോക്ടർ - താങ്കളുടെ ഈ അടുത്ത കാലത്തെ എഴുത്തുകളിൽ എല്ലാം ഒരു താൻ പ്രമാദിത്തം,  ഞാൻ എന്തെല്ലാമോ ആണ് എന്ന് ജനങ്ങളെ അറിയിക്കുവാനുള്ള ഒരു വ്യഗ്രത മുഴച്ചു കാണുന്നു.  എഴുത്തും സരസമല്ല.  indirect ബോസ്റ്റിങ് കുറക്കണമെന്നു ദായവായി അപേക്ഷിക്കുന്നു. 
Sunny Kallooppara 2018-12-30 09:37:22
നമ്മളെ ആരാണന്ന് മറ്റുള്ളവരു പറയട്ട്, നമിക്കുന്നു 
വിദ്യാധരൻ 2018-12-30 14:24:24
"ന ചോരഹാര്യം ന ച  രാജഹാര്യം 
ന ഭാതൃഭാജ്യം ന ച ഭാരകാരി 
വ്യയേ കൃതേ വർദ്ധത ഏവ നിത്യം 
വിദ്യാധനം സർവധനാത് പ്രധാനം" (ആരെഴുതിയതെന്നറിയില്ല )

സർവധനത്തെക്കാളും ശ്രേഷ്ഠം വിദ്യാധാനമാണ് .അത് കള്ളന്മാരാലും രാജാക്കന്മാരാലും അപഹരിക്കപ്പെടുന്നില്ല . സഹോദരന്മാർ പങ്കുവയ്ക്കുന്നില്ല. ഭാരത്തിന് കാരണവുമല്ല. ചെലവുചെയ്യുതോറും വർദ്ധിച്ചു വരുന്നു 

നിങ്ങൾ സഞ്ചരിച്ച വഴികളും അതിലൂടെ നിങ്ങൾ നേടിയ അനുഭവങ്ങളും വായനക്കാരുമായി പങ്കു വച്ചതിൽ നന്ദി.  അതാർക്കെങ്കിലും ഉപകരിക്കുമെങ്കിൽ അതിൽ കൂടുതൽ പ്രതിഫലം മറ്റെന്തുണ്ട് .   ഭാഷയും  വായനയെ വിരസമാക്കുന്നില്ല
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക