Image

പ്രളയകാലത്തെ കടലറിവുകള്‍ (രമ പ്രസന്ന പിഷാരടി)

രമ പ്രസന്ന പിഷാരടി Published on 27 December, 2018
പ്രളയകാലത്തെ കടലറിവുകള്‍ (രമ പ്രസന്ന പിഷാരടി)
പെയ്തു തോരാത്ത പേക്കിനാവെന്നപോല്‍

മുന്നിലെ മഴക്കോളും, പ്രളയവും

കണ്‍കളില്‍ നിന്നടര്‍ന്നു വീണീടുന്ന

സങ്കടത്തിന്‍ ഭയാനക ഭൂപടം

ചുറ്റിലും ജലം മൂടിയ ദിക്കുകള്‍

ചുറ്റിയോടുന്ന ഭ്രാന്തമാം കാറ്റുകള്‍

പ്രാണരാശിയിരുണ്ടു തുടങ്ങിയ

ദ്വീപുകള്‍ തേടി  വഞ്ചിയുമായന്ന്

നിങ്ങള്‍ വന്നു ജലത്താല്‍ മുറിഞ്ഞൊരു

കണ്ണിലല്പം കുളിര്‍ജലം തൂകുവാന്‍

മുന്നിലാകെ പുഴകള്‍  കടലിന്റെ

കൈവഴിപോലെ ചുറ്റുമൊഴുകവെ

കണ്ണുനീരിന്റെ കാണാക്കയങ്ങളില്‍

മുങ്ങിനീര്‍ന്നവര്‍  ജന്മാന്തരങ്ങളെ

കൈയിലാകെയുയര്‍ത്തിപ്പിടിച്ചവര്‍

രാവു നീന്തുന്ന കൃഷ്ണപക്ഷങ്ങളില്‍

നീള്‍നിലാവു മരിച്ചോരിടങ്ങളില്‍

പ്രാണനില്‍ നിന്ന് പ്രാണനടര്‍ത്തിയ

പാതിരാവിന്റെ ദുസ്വപ്നനാളിയില്‍

പേപിടിച്ച പെരുങ്കാറ്റുകള്‍ ജീവ-

മൂലമന്ത്രമുടച്ചുപോയീടവെ

നിങ്ങള്‍ വന്നു സമുദ്രഗര്‍ഭത്തിന്റെ-

പുണ്യമായി  കടലിന്റെ മക്കളായി

കൈകളില്‍ കടലാഴം തുഴഞ്ഞൊരു

കല്ലുപോലെ തഴമ്പുകളുള്ളവര്‍

കാലമാകെ കലിതുള്ളിയോടുന്ന

തീരഭൂവിനെ ജീവനില്‍ ചേര്‍ത്തവര്‍

ചിമ്മിനിത്തരി  വെട്ടത്തിലോടുന്ന

മണ്ണിലോലക്കുടിലിന്റെയുള്ളിലെ

കണ്ണുനീര്‍പ്പാടമുപ്പുപരലുകള്‍

കണ്ടുകണ്ടു തളര്‍ന്നു വീഴാത്തവര്‍

ഉള്‍ക്കടലിന്നിരമ്പങ്ങളാഴങ്ങള്‍

ഉള്ളിലേറ്റിശ്വസിച്ചുതീര്‍ക്കുന്നവര്‍

നിങ്ങള്‍ വന്നു നിലാവിന്റെ ചില്ലയില്‍

മങ്ങിയ ശരറാന്തല്‍ തെളിയിച്ച്

നിങ്ങള്‍ വന്നു ഹൃദയത്തിനുള്ളിലെ

നന്മയില്‍ സൂര്യബിംബം ജ്വലിപ്പിച്ച്

നിങ്ങള്‍ മെല്ലെക്കടന്നുപുഴകളെ

നിങ്ങളെകടന്നോടി പ്രളയങ്ങള്‍

നിങ്ങളേറ്റി ജ്വലിക്കുമുഷസ്സിന്റെ

പുണ്യരാശിയെ, ഭൂമിയെ സ്‌നേഹത്തെ

വന്നുപോകും ദിനങ്ങള്‍, ദിനാന്ത്യങ്ങള്‍

വന്നുപോകും ഋതുക്കളിതേപോലെ

നിങ്ങള്‍ തീര്‍ത്ത ചരിത്രത്തിനുള്ളിലെ

സ്വര്‍ണ്ണരേഖ  സമുദ്ര നിധി പോലെ

എന്നുമീപ്രളയത്തിന്റെയോര്‍മ്മയില്‍

നിങ്ങള്‍ തന്‍ തുഴയോളങ്ങളുണ്ടാകും

ചുറ്റിലും ജലസ്പര്‍ശം, കടല്‍ത്തിര-

മൃത്യുവില്‍ നിന്നമര്‍ത്യത പ്രാണന്റെ

കത്തി നില്‍ക്കുന്ന ശ്വാസവേഗങ്ങളില്‍

നിത്യമാകും സ്മൃതി നിങ്ങളാകുക..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക