Image

പ്രതിപക്ഷത്തിന്റെ വെല്ലുവിളി ഏറ്റെടുത്തു: കര്‍ഷകരെ സഹായിക്കാന്‍ മോദിയുടെ വന്‍ പ്രഖ്യാപനം വരുന്നു

Published on 27 December, 2018
പ്രതിപക്ഷത്തിന്റെ വെല്ലുവിളി ഏറ്റെടുത്തു: കര്‍ഷകരെ സഹായിക്കാന്‍ മോദിയുടെ വന്‍ പ്രഖ്യാപനം വരുന്നു
ലോക്‌സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ കര്‍ഷക ക്ഷേമത്തിനായി നരേന്ദ്ര മോദി സര്‍ക്കാരിന്റെ വന്‍ പ്രഖ്യാപനം വരുന്നതായി റിപ്പോര്‍ട്ടുകള്‍. ഇതിനായി കഴിഞ്ഞ ദിവസം വൈകുന്നേരം തന്റെ വസതിയില്‍ ഉന്നത ഉദ്യോഗസ്ഥരെയും മന്ത്രിമാരെയും ഉള്‍പ്പെടുത്തി ഏതാണ്ട് മൂന്ന് മണിക്കൂറോളം മോദി കൂടിക്കാഴ്‌ച നടത്തി. കാര്‍ഷിക കടം എഴുതിത്തള്ളല്‍, ഉത്പ്പനങ്ങള്‍ക്ക് ന്യായവില നിശ്ചയിക്കല്‍ തുടങ്ങി കര്‍ഷകരെ ആകര്‍ഷിക്കുന്ന വിധത്തിലുള്ള വന്‍ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. പാര്‍ലമെന്റിന്റെ ശൈത്യാകാല സമ്മേളനം അവസാനിക്കുന്നതിന് മുമ്ബ് ഇത് പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചന നല്‍കി.
കര്‍ഷകരെ ബാധിക്കുന്ന വിവിധ വിഷയങ്ങള്‍ പ്രമേയമാക്കി ധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി, കൃഷിമന്ത്രി രാധാമോഹന്‍ സിംഗ്, ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ എന്നിവരുമായാണ് മോദി കഴിഞ്ഞ ദിവസം കൂടിക്കാഴ്‌ച നടത്തിയത്. കാര്‍ഷിക വായ്‌പകള്‍ എഴുതിത്തള്ളുന്നതിനും അപ്പുറമുള്ള നടപടികളിലേക്ക് കടക്കണമെന്നാണ് യോഗത്തില്‍ തീരുമാനമായത്. വിപണി വിലയ്‌ക്ക് അനുസൃതമായി കര്‍ഷകര്‍ക്ക് ന്യായവില ഏര്‍പ്പെടുത്തുന്ന കാര്യവും ആലോചിക്കുന്നുണ്ട്. വിപണിയില്‍ ഉത്പന്നങ്ങള്‍ക്ക് വിലയിടിഞ്ഞാലും കര്‍ഷകര്‍ക്ക് ഒരു നിശ്ചിത തുക ബാങ്ക് അക്കൗണ്ട് വഴി കൈമാറാനാണ് ഉദ്ദേശിക്കുന്നത്. മദ്ധ്യപ്രദേശില്‍ ശിവ്‌രാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ നടപ്പിലാക്കി വിജയിച്ച പദ്ധതിയാണിത്. കര്‍ഷകര്‍ക്ക് കൂടുതല്‍ സബ്‌സിഡി നല്‍കുന്ന കാര്യവും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. കര്‍ഷകര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് സ്‌കീം വഴി പിന്‍വലിക്കാവുന്ന തുക വര്‍ദ്ധിപ്പിക്കുന്നതും സര്‍ക്കാരിന്റെ ആലോചനയിലുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക