Image

കേരളത്തിന്റെ ഒരുമ ചിലരെ അസ്വസ്ഥരാക്കുന്നു, മുഖ്യമന്ത്രി

Published on 27 December, 2018
കേരളത്തിന്റെ ഒരുമ ചിലരെ അസ്വസ്ഥരാക്കുന്നു, മുഖ്യമന്ത്രി

പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെയും പാലങ്ങളുടെയും റോഡുകളുടെയും പുനര്‍നിര്‍മ്മാണം ഈ സാമ്ബത്തികവര്‍ഷം തീരും മുന്‍പ് പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന് ജനങ്ങളുടെ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണ്. സമയബന്ധിതമായി പുനര്‍നിര്‍മ്മാണം നടപ്പാക്കുന്നത് സുസ്ഥിരതയെ ബലികഴിപ്പിച്ചു കൊണ്ടാവരുത്. സുസ്ഥിരമായ ആവാസവ്യവസ്ഥ യാഥാര്‍ത്ഥ്യമാക്കിയില്ലെങ്കില്‍ കേരളത്തിന്റെ നിലനില്‍പ്പ് ഭീഷണിയിലാവും. പ്രതിസന്ധികള്‍ക്ക് തകര്‍ക്കാന്‍ കഴിയാത്ത സുസ്ഥിരതയാണ് നവകേരളത്തിന്റെ മുഖമുദ്ര- ഉന്നതവിദ്യാഭ്യാസ കൗണ്‍സിലും ജനാവിഷ്‌കാര പീപ്പിള്‍സ് വെബ് പോര്‍ട്ടലും ചേര്‍ന്ന് സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനത്തില്‍ അദ്ധ്യക്ഷം വഹിച്ച്‌ മുഖ്യമന്ത്രി പറഞ്ഞു.

സുസ്ഥിരമായ നവകേരളം യാഥാര്‍ത്ഥ്യമാക്കുന്നതിനൊപ്പം, കേരളം പുരോഗമനപരവും മതനിരപേക്ഷവുമായി നിലനില്‍ക്കുന്നെന്ന് ഉറപ്പാക്കും. ഇവ രണ്ടും സമന്വയിപ്പിച്ചാലേ സുസ്ഥിര കേരളത്തിന്റെ പുനര്‍നിര്‍മ്മാണം നടത്തിയെന്ന് അഭിമാനിക്കാനാവൂ. പുരോഗമന ചിന്താഗതിയുണ്ടെങ്കിലേ സമൂഹം സുസ്ഥിരമായി നിലനില്‍ക്കൂ. ലോകമെങ്ങും പുകഴ്‌ത്തിയ, ഒറ്റക്കെട്ടായുള്ള പ്രളയദുരിതാശ്വാസത്തിന് സഹായിച്ചത് പുരോഗമന മനോഭാവമാണ്. കേരളത്തിന്റെ ഏറ്റവും വലിയ ശക്തിയും അതിശക്തമായ മതനിരപേക്ഷതയാണ്. ഈ ഒരുമ ചില നിക്ഷിപ്‌ത താത്പര്യക്കാരെ അസ്വസ്ഥമാക്കുന്നുണ്ട്. ഒരുമ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഛിദ്രശക്തികളുടെ അജന്‍ഡകളെ അതിജീവിക്കുക കൂടിയാണ് പുനര്‍നിര്‍മ്മാണത്തിലൂടെ ലക്ഷ്യമിടുന്നത്. പുരോഗമന ആശയങ്ങള്‍ സംരക്ഷിച്ചാലേ സുസ്ഥിര നവകേരളം യാഥാര്‍ത്ഥ്യമാവൂ.

പുനര്‍നിര്‍മ്മാണം നടത്തുന്നതിനാല്‍ മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ അവഗണിക്കില്ല. പുനര്‍നിര്‍മ്മാണവും വികസനവും സമന്വയിപ്പിക്കുന്ന സമീപനമാണ് സര്‍ക്കാരിനുള്ളത്. പുനര്‍നിര്‍മ്മാണത്തിന് കേരളത്തിലെ വിഭവങ്ങളും അറിവുകളും മതിയാവില്ല. ഇതിനായി ലോകത്തിന്റെ സഹായം പ്രയോജനപ്പെടുത്തും. നഷ്ടപ്പെട്ടത് പുന:സ്ഥാപിക്കുക എന്നതിലുപരി പ്രകൃതി ദുരന്തങ്ങള്‍ക്ക് തകര്‍ക്കാനാവാത്ത പ്രകൃതിസൗഹൃദ പുനര്‍നിര്‍മ്മാണമാണ് ലക്ഷ്യം. അതിന് ജനങ്ങളുടെ മനോഭാവവും ജീവിതശൈലിയും മാറണം. ജനങ്ങള്‍ക്ക് സുസ്ഥിര ജീവനോപാധിയുണ്ടാക്കാന്‍ യു.എന്‍ സഹായമടക്കം തേടും. കേരളത്തിന്റെ തനത് സാദ്ധ്യതകളും അന്താരാഷ്ട്ര വൈദഗ്ദ്ധ്യവും സംയോജിപ്പിച്ചാവും സുസ്ഥിര ജീവനോപാധികള്‍ സൃഷ്ടിക്കുക.

പുനര്‍നിര്‍മ്മാണത്തിന് സഹായകമായ ആശയങ്ങളുടെയും സേവനങ്ങളുടെയും സുഗമമായ വിനിമയം സാദ്ധ്യമാക്കും. ഇതിന്റെ ഭാഗമായി മഴ, വെള്ളപ്പൊക്കം, ആഘാതം എന്നിവ ഡിജിറ്റലായി മാപ്പ് ചെയ്തിട്ടുണ്ട്. ജലസംരക്ഷണത്തിന് അന്താരാഷ്ട്ര വൈദഗ്ദ്ധ്യം സ്വീകരിക്കും. കെട്ടിടനിര്‍മ്മാണത്തിന് പരമ്ബരാഗത രീതികള്‍ മാറ്റണം. ഉന്നതവിദ്യാഭ്യാസ മേഖലയിലെ കുറവുകള്‍ പരിഹരിക്കാന്‍ കാലാനുസൃതമായി കോഴ്സും സിലബസും പരിഷ്‌കരിക്കണം. ലോകനിലവാരമുള്ള എഡ്യൂക്കേഷന്‍ ഹബായി കേരളത്തെ മാറ്റണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക