Image

ഏറ്റവും വലിയ ലൈംഗിക അവയവം നമ്മുടെ തലച്ചോറാണ് (നസീര്‍ ഹുസൈന്‍ കിഴക്കേടത്ത്, ന്യൂജേഴ്സി)

Published on 27 December, 2018
ഏറ്റവും വലിയ ലൈംഗിക അവയവം  നമ്മുടെ തലച്ചോറാണ് (നസീര്‍ ഹുസൈന്‍ കിഴക്കേടത്ത്, ന്യൂജേഴ്സി)
നിങ്ങള്‍ ഒരു തുണിയും ഇല്ലാതെ ഒരു പൊതു സ്ഥലത്തു നടന്നിട്ടുണ്ടോ? ഞാന്‍ നടന്നിട്ടുണ്ട്.

അമേരിക്കയില്‍ വന്നയിടയ്ക്ക് ഒരു ഇന്ത്യന്‍ സുഹൃത്തില്‍ നിന്നാണ് ന്യൂ ജേഴ്‌സിയിലെ ന്യൂഡ് ബീച്ചിനെ കുറിച്ചറിഞ്ഞത്. ക്ലോത്തിങ് ഓപ്ഷണല്‍ ആണ്, എന്ന് വച്ചാല്‍ നിങ്ങള്‍ക്ക് വേണമെങ്കില്‍ തുണി ഉടുത്തു നടക്കാം, തുണി ഇല്ലാതെ നടക്കുന്ന തരുണീ മണികളെ വായില്‍ നോക്കുകയും ചെയ്യാം. അറിഞ്ഞപ്പോള്‍ മനസ്സില്‍ ലഡു പൊട്ടി. അറിഞ്ഞതിന്റെ അടുത്ത ശനിയാഴ്ച തന്നെ അങ്ങോട്ട് വച്ച് പിടിച്ചു.

പോകുമ്പോള്‍ എന്റെ മനസ്സില്‍ കുറച്ച് ആശങ്കകളും ഉണ്ടായിരുന്നു. ആദ്യത്തേത് സ്വാഭാവികം ആയുണ്ടാവുന്ന ചമ്മല്‍, പക്ഷെ അതിനെക്കാള്‍ വലിയ പ്രശ്‌നം അറിയാവുന്ന ആരെയെങ്കിലും കണ്ടാല്‍ എന്താവും എന്നതായിരുന്നു. എന്റെ ഓഫീസില്‍ കൂടുതലും ഇന്ത്യക്കാരായതു കൊണ്ട് അവരെ അവരെ കണ്ടു മുട്ടാന്‍ ഉള്ള സാധ്യത കുറവായതു കൊണ്ട് ഒരു ചാന്‍സ് എടുത്തു.

രണ്ടാമത്തെ പ്രശനം അതിലും വലുതായിരുന്നു. ഏതെങ്കിലും ദേഹം കണ്ടു ഉത്തേജനം വല്ലതും ഉണ്ടായാല്‍ പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല. ഇനീ ഒരു പക്ഷെ എല്ലാവരും അവിടെ നടക്കുന്നത് അങ്ങിനെ ആയിരിക്കുമോ എന്തോ? മനസ്സില്‍ വല്ലാത്ത ആശങ്കകള്‍ ആയിരുന്നു. അതിലും വലിയ സംശയം അവിടെ വരുന്നവരെ കുറിച്ചായിരുന്നു, ഇവരെ കാണാന്‍ വരുന്ന എന്നെ പോലുള്ള ആയിരക്കണക്കിനു ആളുകളുടെ മുന്‍പില്‍ ഇവര്‍ എന്ത് ധൈര്യത്തില്‍ തുണി ഇല്ലാതെ നടക്കുന്നു? ഇവര്‍ തിരിച്ചു പോകുമ്പോള്‍ ആരെങ്കിലും പിന്തുടര്‍ന്ന് എന്തെങ്കിലും ചെയ്യില്ലേ?

അവിടെ എത്തി മുട്ടുവരെ എത്തുന്ന ബീച്ച് ഒരു ട്രൗസറും ഇട്ട്, ചമ്മല്‍ പുറത്തു കാണിക്കാതെ ബീച്ചിലേക്ക് നടന്നു. ആദ്യം കണ്ടത് ഒരു ബോര്‍ഡാണ്, ഇതിനപ്പുറം തുണിയില്ലാത്തവരെ കണ്ടേക്കാം എന്ന് മുന്നറിയിപ്പ് തരുന്ന ഒരു ബോര്‍ഡ്.

ആദ്യം കണ്ടത് ഒരു ഭാര്യയെയും ഭര്‍ത്താവിനെയും ആണ്. കൈ കോര്‍ത്ത് പിടിച്ചു എനിക്ക് എതിരെ പൂര്‍ണ നഗ്നരായി നടന്നു വരികയായിരുന്നു അവര്‍. ജീവിതത്തിന്റെ അനുഭവങ്ങള്‍ പാടുകള്‍ വീഴ്ത്തിയ ശരീരങ്ങള്‍. കുട്ടികള്‍ക്ക് മുലയൂട്ടിയ മാറിടങ്ങള്‍ പ്രായത്തിന്റെ തെളിവുകള്‍ കാണിച്ചു. വയറ്റില്‍ പ്രസവശേഷം ഉണ്ടാവുന്ന സ്ട്രെച് മാര്‍ക്കുകള്‍ തെളിഞ്ഞു നിന്ന്. അയാളുടെ മാറില്‍ ഒരു സര്‍ജറി നടന്ന പാട്. ഒരു പക്ഷെ ഹാര്‍ട്ട് അറ്റാക്കോ മറ്റോ വന്നതായിരിക്കണം. എന്റെ ബാപ്പയുടെ നെഞ്ചില്‍ ഞാന്‍ ഇങ്ങിനെ ഉള്ള സര്‍ജറി പാട് കണ്ടിട്ടുണ്ട്.

ഞങ്ങള്‍ സൂക്ഷിച്ചു നോക്കുന്നത് അവരെ അലോരസപ്പെടുത്തി എന്ന് അവരുടെ രൂക്ഷമായ നോട്ടം ഞങ്ങള്‍ക്ക് മനസിലാക്കി തന്നു.

അടുത്തതായി കണ്ടത് ഒരു ബീച്ച് വോളിബോള്‍ കളിയാണ്. ഇരുപതു വയസ്സു പ്രായം തോന്നിക്കുന്ന രണ്ടു പെണ്‍കുട്ടികളും കളിക്കുന്നുണ്ടായിരുന്നു. തുണി ഉണ്ടായിരുന്നില്ല എന്നതൊഴിച്ചാല്‍ ഒരു കളിയുടെ എല്ലാ ആവേശത്തിലും ഉള്ള കളി. കുറെ നേരം ഞാന്‍ കളി കണ്ടു നിന്നു. ചിലപ്പോഴെല്ലാം ആവേശത്തോടെ കയ്യടിച്ചു.

അതിനരികിലൂടെ രണ്ടു ആണുങ്ങള്‍ കൈകള്‍ കോര്‍ത്ത് പിടിച്ചു നടന്നു പോയി. ഒരു വെള്ളക്കാരനും ഒരു കറുത്ത വര്‍ഗക്കാരനും.

ബീച്ചില്‍ വെള്ളത്തിലിറങ്ങാന്‍ നോക്കിയപ്പോള്‍ ഒരു കുടുംബം കുട്ടികളും ആയി കടലില്‍ കുളിക്കുന്നു. കുട്ടികളും കുടുംബങ്ങളും ആയി ഇവിടെ ആളുകള്‍ വരും എന്നത് എനിക്ക് പുതിയ അറിവായിരുന്നു.

ഇത്രയും കണ്ടപ്പോള്‍ മനസ്സില്‍ ഉണ്ടായ എല്ലാ സംശയങ്ങളും മാറി. തുണി ഇല്ലാത്ത ബീച്ചും ലൈംഗികതയും തമ്മില്‍ ഒരു ബന്ധവും ഇല്ല. ചിലര്‍ രാത്രി കിടക്കുമ്പോള്‍ വസ്ത്രം ഊരിയെറിയുന്ന പോലെ സ്വകാര്യ സ്ഥലത്തിന് പകരം ഒരു പൊതു സ്ഥലത്തു വസ്ത്രം ഉപേക്ഷിക്കുന്ന ചിലര്‍ , അത്ര മാത്രം. ആര്‍ക്കും ഉത്തേജനവും ഇല്ല, ചൂളം വിളികളും കമന്റുകളും ഇല്ല. മാത്രമല്ല മനുഷ്യന്‍ വസ്ത്രം ഉപേക്ഷിക്കുമ്പോള്‍ മനുഷ്യ ശരീരത്തെ കുറിച്ച് നമ്മുടെ മനസ്സില്‍ ഇല്ലാത്ത പല യാഥാര്‍ഥ്യങ്ങളും കണ്മുന്‍പില്‍ കണ്ടു. നഗ്‌നത നമ്മള്‍ ചെറുപ്പമായ ദേഹങ്ങള്‍ക്കും സ്ത്രീ ദേഹങ്ങള്‍ക്കും തീറെഴുതി കൊടുത്തിരിക്കുകയാണല്ലോ. ഇവിടെ കറുത്ത ദേഹങ്ങളും, വെളുത്ത ദേഹങ്ങളും, ചുളിവ് വീണവയും, കുടവയര്‍ ഉള്ളവയും , തൂങ്ങിയ മാറിടങ്ങള്‍ ഉള്ളവയും , സ്ട്രെച് മാര്‍ക്ക് വീണവയും ആയ ദേഹങ്ങള്‍. നഗ്‌നതയെകുറിച്ചുള്ള കാഴ്ചപ്പാടുകള്‍ മുഴുവന്‍ മാറ്റുന്ന ഒരനുഭവം.

ഞാന്‍ അല്ലാതെ ആരും മറ്റുള്ളവരെ നോക്കുന്നു പോലും ഇല്ല. ഞാന്‍ എന്റെ വസ്ത്രങ്ങള്‍ ഉപേക്ഷിച്ചു ബീച്ചിലൂടെ നടന്നു.

പലരും സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്ക് പറയുന്ന ഒരു കാരണം സ്ത്രീകളുടെ വസ്ത്രധാരണം ആണ്. മൂടി വയ്ക്കാത്ത പഴത്തില്‍ ഈച്ച കയറുന്നതും മറ്റുമാണ് നമ്മുടെ ഉപമകള്‍. എന്നാല്‍ ചില മുന്‍വിധികളും യാഥാര്‍ഥ്യങ്ങളും താഴെ. മെഡിക്കല്‍ കോളേജുകളില്‍ പോലും ആണുങ്ങളും പെണ്ണുങ്ങളും കൂടി ഇരിക്കരുത് എന്ന് മറ്റൊരു കൂട്ടര്‍.

1. മുന്‍വിധി : ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്ന സ്ത്രീകളെ ആണ് ബലാത്സംഗം ചെയ്യുന്നത്.

വസ്തുത : ബലാത്സംഗ കേസുകള്‍ പരിശോധിച്ചാല്‍ സ്ത്രീകളുടെ വസ്ത്ര ധാരണ രീതി ഒരു ഘടകമേ അല്ല എന്ന് മനസിലാകും. ദേഹം മുഴുവന്‍ മൂടി നടക്കുന്ന സ്ത്രീകളെ മുതല്‍ സാരിയും സ്‌കര്‍ട്ടും ചുരിദാറും ഇടുന്ന എല്ലാവരും ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാവുന്നുണ്ട്. പെണ്ണുങ്ങളെ 'ചരക്ക്' (commodity) ആയി കാണിക്കുന്ന പരസ്യങ്ങളും സിനിമകളും പുരുഷ മനോഭാവവും ആണ് മാറേണ്ടത്.

2. മുന്‍വിധി : ഒരു പെണ്‍കുട്ടി ഒരാളുടെ കൂടെ ഒരിടത്തു പോയാല്‍ അത് അവനു അവളെ ഭോഗിക്കാന്‍ ഉള്ള സമ്മതം ആണ്.

വസ്തുത : ഒരു പെണ്‍കുട്ടി ഒരാണ്കുട്ടിയുടെ കൂടെ പോകുന്നത് ഇപ്പോഴും ലൈംഗികതയ്ക്കുള്ള സമ്മതം ആവണം എന്നില്ല. ഒരു ആണ്‍കുട്ടി വേറൊരു ആണ്‍കുട്ടിയുടെ വീട്ടില്‍ പോകാന്‍ ആയിരം കാരണങ്ങള്‍ കാണും എന്നത് പോലെ ഒരു പെണ്‍കുട്ടിക്കും പല കാരണങ്ങള്‍ കാണാം. 'പറ്റില്ല' എന്ന് ഒരു പെണ്ണ് പറഞ്ഞാല്‍ അത് മനസിലാക്കേണ്ടത് പുരുഷന്‍ ആണ്. ഡേറ്റിനു വന്നാല്‍ പോലും പെണ്‍കുട്ടിയുടെ സമ്മതം ഇല്ലാത്ത ലൈംഗിക വേഴ്ച പുരുഷന്റെ കുറ്റമാണ്.

3. മുന്‍വിധി : പെണ്‍കുട്ടി ആണിന്റെ കൂടെ മദ്യപിച്ചാലോ പുകവലിച്ചാലോ അത് ലൈംഗികതയ്ക്കുള്ള സമ്മതം ആണ്.
വസ്തുത : ഒരാണ്‍കുട്ടി നിങ്ങളുടെ കൂടെ ഇരുന്നു മദ്യപിച്ചാലും നിങ്ങള്‍ ഇത് തന്നെ പറയുമോ?

4. മുന്‍വിധി : പരസ്പരം അറിയുന്നവര്‍ തമ്മിലുള്ള ലൈംഗിക ബന്ധം ബലാല്‍സംഗം അല്ല.
വസ്തുത : ഭാര്യയും ഭര്‍ത്താവുമോ കാമുകനും കാമുകിയുമൊ പോലും ആയാലും പരസ്പര സമ്മതം ഇല്ലാത്ത ലൈംഗിക ബന്ധം ബലാത്സംഗം ആണ്. ഒരു കാര്യം കൂടി, സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ലൈംഗിക അതിക്രമങ്ങള്‍ നേരിടുന്നത് പരിചയക്കാരില്‍ നിന്നാണ്. അത് അളിയന്‍ മുതല്‍ അമ്മാവന്‍ വരെ ആകാം.

5. ബലാത്സംഗം ആസ്വദിക്കുന്ന പെണ്‍കുട്ടികള്‍ ഉണ്ട് കാരണം, പല പെണ്‍കുട്ടികളും തങ്ങള്‍ ലൈംഗിക അതിക്രമത്തിന് ഇരയായത് പുറത്തു പറയുന്നില്ല.

വസ്തുത : സാമൂഹിക കുടുംബ പശ്ചാത്തലങ്ങള്‍ ആണ് ലൈംഗിക അതിക്രമങ്ങള്‍ പുറത്തു പറയാത്തതിന് കാരണം. ഇന്ത്യ പോലൊരു രാജ്യത്തു 'തീയില്ലാതെ പുക ഉണ്ടാകുമോ' തുടങ്ങിയ ഊള ചോദ്യങ്ങള്‍ ചോദിക്കുന്ന സമൂഹത്തെ പെണ്ണുങ്ങള്‍ ശരിക്കും ഭയപ്പെടുന്നുണ്ട്. ലൈംഗിക അതിക്രമം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ എന്റെ ഒരു കൂട്ടുകാരിയോട് പോലീസുകാരന്‍ തന്നെ ചോദിച്ചത് ഒരു വൃത്തികെട്ട ചോദ്യം ആയിരുന്നു.

6. ചെറുപ്പക്കാരികള്‍ ആണ് ലൈംഗിക അതിക്രമത്തിന് ഇരയാവുന്നത്

കൊച്ചു കുട്ടികളെയും പ്രായമായ മുത്തശ്ശിമാരെയും ആളുകള്‍ ബലാത്സംഗം ചെയ്യുന്നുണ്ട്. പ്രായവും ഒരു ഘടകമേ അല്ല.

എഴുതാന്‍ പോയാല്‍ കുറെ ഉണ്ട്. പക്ഷെ ഒന്നുറപ്പാണ്, പെണ്ണുങ്ങള്‍ ദേഹം മൂടി വയ്ക്കുകയോ തുറന്നു വയ്ക്കുകയോ ചെയ്യുന്നതും ലൈംഗിക അതിക്രമങ്ങളും തമ്മില്‍ ബന്ധമില്ല, അത് ആളുകള്‍ക്ക് അവരെ ഉപദ്രവിക്കാനുള്ള ലൈസന്‍സും അല്ല.

ഓര്‍ക്കുക ഏറ്റവും വലിയ ലൈംഗിക അവയവം നമ്മുടെ തലച്ചോറാണ്.

ഏറ്റവും വലിയ ലൈംഗിക അവയവം  നമ്മുടെ തലച്ചോറാണ് (നസീര്‍ ഹുസൈന്‍ കിഴക്കേടത്ത്, ന്യൂജേഴ്സി)
Join WhatsApp News
കാമദേവൻ 2018-12-27 17:39:05
തലച്ചോറിൽ ഇടാൻ പറ്റിയ ഒരു കോണ്ടം കിട്ടിയായിരുന്നെങ്കിൽ !

Sex= inner attitude 2018-12-30 19:53:44
The conscious mind is controlled by the non- conscious & the non- conscious is controlled by the conscious; a complex phenomenon of the human brain- un-paralleled so far.
your thoughts, spirituality, moral principles, attitude, character, personality....all are a product of the interaction of the conscious & non- conscious.

sexual feeling is an inner attitude. If it is just physical; it is just a reflexive response. For animals in the higher level of evolution, Sex is an inner Volcano which might react and explode in different ways. Like the Lava which might flow in any direction.
Yes, good Sex is like the Lotus or the Kundalini arising upwards to bliss; like the Lotus flower. Enjoy sex with an inner attitude, then it will be a joy forever
andrew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക