Image

കെജ്‌രിവാള്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ പരിഹസിച്ച്‌ ചുമച്ച ബി ജെ പി പ്രവര്‍ത്തകര്‍ക്ക്‌ താക്കീത്‌ നല്‍കി ഗഡ്‌ക്കരി

Published on 28 December, 2018
കെജ്‌രിവാള്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ പരിഹസിച്ച്‌ ചുമച്ച ബി ജെ പി പ്രവര്‍ത്തകര്‍ക്ക്‌ താക്കീത്‌ നല്‍കി ഗഡ്‌ക്കരി

ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാള്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ പരിഹസിച്ച്‌ ചുമച്ച ബി ജെ പി പ്രവര്‍ത്തകര്‍ക്ക്‌ താക്കീത്‌ നല്‍കി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌ക്കരി. ക്ലീന്‍ യമുന പദ്ധതിക്ക്‌ തുടക്കം കുറിച്ചുകൊണ്ട്‌ ദില്ലി ജല ബോര്‍ഡും ക്ലീന്‍ ഗംഗ നാഷണല്‍ മിഷനും സംഘടിപ്പിച്ച പരിപാടിക്കിടെയാണ്‌ സംഭവം നടന്നത്‌.

നിശബ്ദരായിരിക്കാന്‍ കെജ്‌രിവാള്‍ ആവശ്യപ്പെട്ടെങ്കിലും ബി ജെ പി പ്രവര്‍ത്തകര്‍ ചുമ തുടരുകയായിരുന്നു. ഇതോടെ വേദിയിലുണ്ടായിരുന്ന ഗഡ്‌കരി ഇടപെടുകയും പ്രവര്‍ത്തകരോട്‌ ശാന്തരാകാന്‍ ആവശ്യപ്പെടുകയും ചെയ്‌തു.

ഏറെക്കാലമായി ചുമകാരണം ബുദ്ധിമുട്ടുന്ന ആളാണ്‌ കെജ്‌രിവാള്‍. അതിന്റെ ഭാഗമായി 2016ല്‍ അദ്ദേഹം ഒരു സര്‍ജറിക്ക്‌ വിധേയനാകുകയും ചെയ്‌തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ്‌ കെജ്‌രിവാളിന്റെ പ്രസംഗത്തിനിടെ ബി ജെ പി പ്രവര്‍ത്തകര്‍ പരിഹസിച്ച്‌ ചിരിച്ചത്‌.

മിണ്ടാതിരിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും തയ്യാറാകാത്ത പ്രവര്‍ത്തകരോട്‌ 'ബഹളമുണ്ടാക്കാതെ ഇരിക്കൂ, ഇത്‌ ഔദ്യോഗിക പരിപാടിയാണ്‌' എന്ന്‌ പറഞ്ഞ്‌ പ്രവര്‍ത്തകരെ ഗഡ്‌കരി ശാസിക്കുകയായിരുന്നു.

ശേഷം പ്രസംഗം തുടര്‍ന്ന കെജ്‌രിവാള്‍ എതിര്‍ പാര്‍ട്ടിയില്‍ നിന്നുള്ള അളാണെന്ന തോന്നല്‍ നിതിന്‍ ഗഡ്‌കരി നമ്മളില്‍ ഉണ്ടാക്കാറില്ലെന്ന്‌ അദ്ദേഹത്തെ പ്രശംസിച്ചുകൊണ്ട്‌ സംസാരിച്ചു. മറ്റുള്ളവരെ കുറിച്ച്‌ തനിക്കറിയില്ലെന്നും അദ്ദേഹം കാണിക്കുന്ന സ്‌നേഹം ബി ജെ പി പ്രവര്‍ത്തകര്‍ക്ക്‌ പോലും ലഭിച്ചിട്ടുണ്ടെന്ന്‌ പ്രതീക്ഷിക്കുന്നില്ലെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക