Image

ദയക്ക് വേണ്ടി യാചിച്ച രണ്ടു കുഞ്ഞിക്കണ്ണുകള്‍ (അഞ്ജു ബോബി നരിമറ്റം)

Published on 28 December, 2018
ദയക്ക് വേണ്ടി യാചിച്ച രണ്ടു കുഞ്ഞിക്കണ്ണുകള്‍ (അഞ്ജു ബോബി നരിമറ്റം)
ഞാന്‍ ആദ്യമായി ഒരു കാറില്‍ കയറുന്നത് നാലര വയസുള്ളപ്പോളാണ്. ഇരുപത്താറു വര്‍ഷങ്ങള്‍ക്കു ശേഷവും ആ യാത്ര തെളിമയോടെ ഓര്‍മയിലുണ്ട്.കുറുകിയ പാലിന്റെ നിറമുള്ള അംബാസഡര്‍ കാര്‍. ആദ്യമായാണ് ഒരു കാര്‍ അടുത്തു കാണുന്നത് വണ്ടി കൊണ്ടു വന്നു നിര്‍ത്തിയപാടെ ഞാന്‍ ആര്‍ത്തിയോടെ ഉള്ളിലേക്ക് തല ഇട്ടു നോക്കി. നിറം മങ്ങിയ ചുവപ്പ് പ്ലാസ്റ്റിക് മാല തൂക്കിയിട്ടിരിക്കുന്നു. അമ്മയും പേരപ്പനും പേരമ്മയും കയ്യില്‍ ഓരോ കൂടും തൂക്കി വന്നു കയറിക്കഴിഞ്ഞു കാര്‍ സ്റ്റാര്‍ട്ട് ചെയ്തു. ഭ്രൂ... ശബ്ദത്തോടെ അത് മുന്നോട്ടു നീങ്ങി. ഞാനാണ് സൈഡില്‍ ഇരുന്നത്. ഒരു കുന്ത്രാണ്ടത്തില്‍ പിടിച്ചു തിരിച്ചാല്‍ ജനാലച്ചില്ലു പൊങ്ങും, വണ്ടി കുഴീല്‍ ചാടിയാല്‍ തന്നെ ഹോണടിക്കും. RC ബുക്കില്‍ ഓണര്‍ ജാമ്പവാന്‍ ആയിരിക്കും. അത്രക്കുണ്ട് പഴക്കം.

കാറ്റുകൊണ്ടു പാറുന്ന മുടിയിഴകള്‍ ഒതുക്കി വച്ചും, വഴിയേ പോകുന്നവര്‍ക്ക് റ്റാറ്റാ കൊടുത്തും, കുതിരപ്പുറത്തു ഇരിക്കുന്ന രാജ്ഞിയെ പോലെ ഞാനിരുന്നു ഇളിച്ചു. തല ചെരിച്ചു നോക്കിയപ്പോള്‍ അമ്മയിരുന്നു കരയുന്നു. 'എന്തൊരു സ്ത്രീയാണിത് ! ആറ്റുനോറ്റു കാറില്‍ കേറിയപ്പോള്‍ ഇരുന്ന് മോങ്ങുന്നു. എന്നെപ്പോലെ സന്തോഷമായി ഇരുന്നൂടെ??, നാല് മനുഷ്യമ്മാര്‍ക്ക് റ്റാറ്റാ കൊടുത്തൂടെ.?? പരമകഷ്ടം.
അമ്മയുടെ കണ്ണീരിന്റെ അര്‍ത്ഥം പിന്നെയും കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് എനിക്ക് മനസിലായത്.

ഞങ്ങള്‍ മൂന്നു പെണ്മക്കളായിരുന്നു. മൂത്ത ചേച്ചിക്ക് നാലഞ്ചു മാസം ഉള്ളപ്പോളാണ് ഹൃദയത്തിനു തകരാറുണ്ടെന്നു അറിഞ്ഞത്. ആലുവക്ക് അപ്പുറം കണ്ടിട്ടില്ലാത്ത ഇരുപതു വയസുകാരി അമ്മയ്ക്കും ആറാം ക്ലാസ്സ് മാത്രം പഠിപ്പുള്ള അപ്പനും ഉള്‍ക്കൊള്ളാനും താങ്ങാനും കഴിയുന്നതിനു അപ്പുറമുള്ള അടി ആയിപോയി അത്. സാമാന്യം ഭേദപ്പെട്ട സാമ്പത്തിക ചുറ്റുപാടുള്ള കുടുംബത്തിന്റെ അടിത്തറ ഇളകി.
അന്നുതൊട്ട് ഏതാണ്ട് പതിനൊന്നു വര്‍ഷക്കാലം അവര്‍ ഓരോരോ ആശുപത്രി വരാന്തകളില്‍ കഴിച്ചു കൂട്ടി. ഗതികേട് കൊണ്ട് അമ്മയെയും ഒരു വയസുകാരി മകളെയും കോട്ടയം മെഡിക്കല്‍ കോളേജില്‍ ആക്കി അപ്പന്‍ പണിക്കു പോയി തുടങ്ങി. നിര്‍ത്താതെ കരയുന്ന കൈക്കുഞ്ഞിനെയും കൊണ്ട് അമ്മ കണ്ണീരു കുടിച്ചു.

പിന്നീടങ്ങോട്ട് കുറച്ചു വര്‍ഷങ്ങള്‍ വലിയ കുഴപ്പമില്ലാതെ, എന്നാല്‍ മരുന്നിന്റെ സഹായത്തോടെ, കടന്നു പോയി. അതിനിടയില്‍ ഞാനും തൊട്ടു മൂത്ത ചേച്ചിയും ഉണ്ടായി. അസുഖക്കാരിയുടെ നില വീണ്ടും മോശമായപ്പോള്‍ തിരുവനന്തപുരം ശ്രീ ചിത്തിരയിലേക്കു മാറ്റി. ചികിത്സക്ക് വേണ്ടി ഞങ്ങളും അങ്ങോട്ട് മാറേണ്ടി വന്നു. ഒരു കുടുസു മുറിയില്‍ എല്ലാരും കൂടി പോയി നില്‍ക്കാനുള്ള സാമ്പത്തിക ശേഷി ഇല്ലാത്തതുകൊണ്ട് കുഞ്ഞേച്ചിയെ ബന്ധുവീട്ടിലാക്കി.
കരഞ്ഞു കൊണ്ട് 'എന്നെക്കൂടെ കൊണ്ടു പോ ' എന്ന് നിലവിളിച്ചു പുറകെ ഓടി വന്ന ഏഴു വയസുകാരിയുടെ കൈ ബലമായി വിടുവിച്ചു, കണ്ണീരോടെ എന്നെയുമെടുത്തു അമ്മ ട്രെയിനില്‍ കയറി. ജനറല്‍ കംപാര്‍ട്‌മെന്റില്‍ കമ്പിയില്‍ പിടിച്ചു വീഴാറായി നിന്ന വയ്യാത്ത ചേച്ചിയുടെ അവസ്ഥ കണ്ട് ഏതോ ഒരു സ്ത്രീ സീറ്റൊഴിഞ്ഞു കൊടുത്തു.

തിരുവനന്തപുരം ചെന്നു കഴിഞ്ഞപ്പോള്‍ താമസത്തിനും ഭക്ഷണത്തിനുമായി നല്ലൊരു തുക വേണം. ഉള്ളതെല്ലാം വിറ്റും പലരുടെയും മുന്നില്‍ കൈ നീട്ടിയും ചികിത്സ മുന്നോട്ടു തള്ളിനീക്കി. ദാരിദ്ര്യവും പോഷകാഹാര കുറവും മരണഭയവും ഒക്കെക്കൂടി ചേച്ചിയെ എല്ലുന്തിയ വിളറിയ ഒരു രൂപമാക്കി തീര്‍ത്തു.

മരിക്കുമെന്ന് ഉറപ്പായപ്പോള്‍ ഓപ്പറേഷന്‍ തിയേറ്ററില്‍ കയറി മകളെ കാണാന്‍ ഉള്ള അനുവാദം അപ്പനു കിട്ടി. ബോധത്തിന്റെയും മയക്കത്തിന്റെയും ഇടയിലെപ്പോളോ ആളൊരു ആഗ്രഹം പറഞ്ഞു, 'നിറയെ കസവുള്ള പാട്ടുപാവാട വേണം. ' അതിനുള്ള പൈസ കയ്യിലില്ലെന്നു അറിഞ്ഞിട്ടും അപ്പന്‍ വാക്ക് കൊടുത്തു. പക്ഷെ പാട്ടുപാവാട കിട്ടുന്നത് വരെ കാത്തുനില്‍ക്കാതെ ചേച്ചി പോയി.

ചിലവുകള്‍ താങ്ങാതായപ്പോള്‍ ഞാനും അമ്മയും അമ്മവീട്ടിലേക്കു തിരിച്ചു പോന്നതുകൊണ്ടു അയല്‍വീട്ടിലേക്കു ഫോണ്‍ ചെയ്താണ് മരണവിവരം അറിയിച്ചത്. പെട്ടന്ന് തന്നെ കാര്‍ പിടിച്ചു എല്ലാരും കൂടി കുടയത്തൂരേക്ക് പോന്നു. അതാണ് തുടക്കത്തില്‍ സൂചിപ്പിച്ച എന്റെ ആദ്യ കാര്‍ യാത്ര. മകള്‍ മരിച്ച ദുഃഖത്തില്‍ ഇരിക്കുന്ന അമ്മ എന്തുകൊണ്ടാണ് കാര്‍ ഓടുമ്പോള്‍ മരങ്ങളും പാടങ്ങളുമൊക്കെ കൂടെ ഓടുന്നത് കണ്ടു സന്തോഷിക്കാത്തതെന്നു ചിന്തിക്കാനുള്ള വിവരമേ അന്നുണ്ടായിരുന്നുള്ളു.

ഇന്ന് രാവിലെ പത്രവും കയ്യില്‍ പിടിച്ചു കരച്ചിലടക്കാന്‍ അമ്മ പാടുപെടുന്നത് കണ്ടപ്പോള്‍ വാര്‍ത്ത ഏതെന്നു നോക്കി. മുന്‍പേജില്‍ തന്നെ ഉണ്ട്. പനിച്ചു പൊള്ളുന്ന, ഹൃദയത്തിനു തകരാറുള്ള ഒന്നര വയസുകാരിയെയും കൊണ്ട് പല പല കംപാര്ടുമെന്റുകള്‍ മാറികയറി യാത്ര ചെയ്തിട്ടും അതിനെ രക്ഷിക്കാന്‍ കഴിയാതെ പോയ ഗതികെട്ട ഒരപ്പനേം അമ്മയെയും കുറിച്ചാണ് വാര്‍ത്ത. ജനറലില്‍ സീറ്റ് ഇല്ലാഞ്ഞതുകൊണ്ടോ തിരക്കുകൊണ്ടോ മറ്റോ സ്ലീപ്പറിലേക്കു മാറി കയറാന്‍ ശ്രമിച്ചെന്നും, ആട്ടിയിറക്കപ്പെട്ടുവെന്നും, TTR കനിഞ്ഞില്ലെന്നും, സഹയാത്രികര്‍ ആരുംതന്നെ കരുണയുടെ ഒരു കൈ നീട്ടിയില്ലെന്നും, പനിച്ചു പൊള്ളി ഒടുക്കം ആ കുഞ്ഞു ഹൃദയം നിന്നുപോയെന്നും ഒക്കെയാണ് പറഞ്ഞിരിക്കുന്നത്...... 

മുഴുവന്‍ വായിക്കുന്നതിനു മുന്‍പേ കണ്ണീര്‍പാട വന്നു മൂടി അക്ഷരങ്ങളൊക്കെയും മങ്ങിപ്പോയി. 

എനിക്കപ്പോള്‍ ഇട്ടിട്ടു ചായം കെട്ടുപോയ നരച്ച ഷര്‍ട്ടിട്ടു, ചേച്ചിക്ക് ഒരു സീറ്റിനു വേണ്ടി കെഞ്ചിയ അപ്പനെയും, സൂചി കുത്തി കുത്തി നീല പാട് വീണ കൈകള്‍ കൊണ്ടു കമ്പിയില്‍ മുറുക്കെ പിടിച്ച് നിന്ന നെഞ്ചുന്തിയ ഒരു അസുഖക്കാരിയെയും ഓര്‍മ വന്നു. അന്ന് ഏതോ ഒരു നന്മയുള്ള സ്ത്രീ എണീറ്റു കൊടുത്തില്ലെങ്കില്‍ ചേച്ചി തളര്‍ന്നു വീണേനെ. ഉറപ്പായിരുന്നതെങ്കിലും എല്ലാരും ഒഴിവാക്കാന്‍ ശ്രമിച്ച മരണം കുറച്ചു കൂടെ വേഗത്തില്‍ നടന്നേനെ.... 

എത്ര ഗതികെട്ടിട്ടു ആയിരിക്കും അസുഖം മൂര്‍ച്ഛിച്ച ഒന്നര വയസുകാരിയെയുംകൊണ്ട് ആ അപ്പനുമമ്മയും ട്രെയിനില്‍ പുറപ്പെട്ടത്.. എത്ര കെഞ്ചിയിട്ടുണ്ടാകും ഒരു സീറ്റിന്റെ അറ്റത്തെങ്കിലും ഇരിക്കാന്‍... എത്ര കണ്ണീരൊഴുക്കി യാചിച്ചിട്ടുണ്ടാകും ഓരോ ടിക്കറ്റ് പരിശോധകന്റേം മുന്നില്‍... അവരില്‍ ആര്‍ക്കെങ്കിലുമൊക്കെ ഒരു വിട്ടുവീഴ്ച ചെയ്യാമായിരുന്നില്ലേ? ഏതെങ്കിലും ഒരു യാത്രക്കാരനു ഒന്നൊതുങ്ങി കൊടുക്കാമായിരുന്നില്ലേ..? വലിയ ഒരു ഗതികേട് കാണുമ്പോള്‍ പോലും ഒന്ന് കൈനീട്ടി തൊടാന്‍ വയ്യാത്ത വണ്ണം ഏത് മതിലായിരുന്നു നിങ്ങളുടെയും ആ കുഞ്ഞിന്റെയും ഇടയില്‍ ഉണ്ടായിരുന്നത്. ???

ഇങ്ങനെ ഒരു സംഭവം ശ്രദ്ധയില്‍ പെട്ടിട്ടില്ലന്നുള്ള റെയില്‍വേയുടെ ന്യായീകരണം വന്നു കഴിഞ്ഞു. അത് തെളിഞ്ഞാല്‍ പോസ്റ്റ് നിരുപാധികം പിന്‍വലിക്കുന്നതുമാണ്. പക്ഷെ പിന്നെ എന്തിനാണ് പൊള്ളിപ്പിടക്കുന്ന കുഞ്ഞിനെയുംകൊണ്ട് അവര്‍ ഓരോ കംപാര്‍ട്മെന്റുകളും മാറി മാറി കയറിയത് എന്ന ചോദ്യത്തിനുള്ള ഉത്തരം കിട്ടാത്തിടത്തോളം കാലം ന്യായീകരണം വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്. 

നിയമം നടപ്പിലാക്കി എന്ന് മാത്രം പറയരുത്. നിയമങ്ങള്‍ മനുഷ്യരുടെ നന്മക്കു വേണ്ടിയുള്ളതാണ്. അത് നടപ്പിലാക്കേണ്ടത് തലച്ചോറ് കൊണ്ട് മാത്രമല്ല, ചിലപ്പോളൊക്കെ ഹൃദയം കൊണ്ട് കൂടിയാവണം. മനോരമ എഡിറ്റോറിയലില്‍ പറയുന്നത് പോലെ ' തീവണ്ടിയുടെ എഞ്ചിന്‍ പോലൊരു യന്ത്രമല്ല അതിനുള്ളിലുള്ളവരുടെ ഹൃദയത്തില്‍ ഉണ്ടാവേണ്ടത് '.

ഒന്നേ പറയാനുള്ളൂ, ദയക്ക് വേണ്ടി യാചിക്കുന്ന രണ്ടു കുഞ്ഞിക്കണ്ണുകള്‍ ആയുഷ്‌കാലം നിങ്ങളെ വേട്ടയാടാതിരിക്കട്ടെ....!

വാല്‍കഷ്ണം : 'നിയമം നടപ്പിലാക്കാതെ പറ്റുമോ, അതല്ലേ അവരുടെ കടമ ' തുടങ്ങിയ ന്യായങ്ങളുമായി ആരും വരരുത്. ഒരമ്മ എന്ന നിലയിലും, കുട്ടികള്‍ക്ക് അക്ഷരം പറഞ്ഞു കൊടുക്കുന്ന അധ്യാപിക എന്ന നിലയിലും, നികുതി അടക്കുന്ന വ്യക്തി എന്ന നിലയിലും ഈ വിഷയത്തില്‍ ഒരൊറ്റ നിലപാടെ ഉള്ളു ; ' പനിച്ചു പൊള്ളി മരണം മുന്നില്‍ക്കാണുന്ന ഒരൊന്നര വയസുകാരിയെ കൂടി താങ്ങാനുള്ള ബലം ഇന്ത്യന്‍ റെയില്‍വേയുടെ നട്ടെല്ലിന് ഇല്ലെങ്കില്‍ അതങ്ങ് ഇടിഞ്ഞു വീണോട്ടെ. ' 

ഈ ഒരു കാര്യത്തില്‍ മറിച്ചൊരു അഭിപ്രായം പോലും കേട്ടുകൊണ്ട് നില്‍ക്കാനുള്ള സഹിഷ്ണുത നിലവിലില്ല.

ദയക്ക് വേണ്ടി യാചിച്ച രണ്ടു കുഞ്ഞിക്കണ്ണുകള്‍ (അഞ്ജു ബോബി നരിമറ്റം)
Join WhatsApp News
വിദ്യാധരൻ 2018-12-29 15:02:13
അഞ്ജു  നരിമറ്റത്തിന്റെ തൂലികയിൽ    ആ 'കുഞ്ഞിക്കണ്ണുകൾ 'മരിക്കാതെ   ഇന്നും 'ദയ' അറ്റുപോയിക്കൊണ്ടിരിക്കുന്ന സമൂഹ മനസ്സാക്ഷിയുടെ മുന്നിൽ ഒരു ചോദ്യമായി ഉറ്റു നോക്കികൊണ്ടിരിക്കുന്നു 
observer 2018-12-29 15:04:36
Why blame the railway? at best, they could have given a seat, but it would not change anything. The doctor who told them to take to Sree Chithra is the real culprit. He should have asked them to admit in some nearby hospital with facilities till the child was capable of travel
John 2018-12-29 15:12:05
I agree with Vidyaadharan . When wee loose compassion in our heart we start raising questions, blame people around us,  and end up doing nothing. And, society around the world is loosing that virtue.  This story can well your eyes up.  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക