Image

അഴിമതിക്കാരുടെ പേടിസ്വപ്‌നമായിരുന്ന കര്‍ണാടക ഐപിഎസ്‌ ഓഫീസര്‍ മധുകര്‍ ആര്‍ ഷെട്ടി അന്തരിച്ചു

Published on 29 December, 2018
അഴിമതിക്കാരുടെ പേടിസ്വപ്‌നമായിരുന്ന കര്‍ണാടക ഐപിഎസ്‌ ഓഫീസര്‍ മധുകര്‍ ആര്‍ ഷെട്ടി അന്തരിച്ചു
ഹൈദരാബാദ്‌: കര്‍ണാടകയിലെ അഴിമതിക്കാരുടെ പേടിസ്വപ്‌നമായിരുന്ന ഐപിഎസ്‌ ഓഫീസര്‍ മധുകര്‍ ആര്‍ ഷെട്ടി (47) അന്തരിച്ചു. എച്ച്‌1എന്‍1 (പന്നിപ്പനി) പനിയെ തുടര്‍ന്ന്‌ ഹൈദരാബാദിലെ ആശുപത്രിയില്‍ വെള്ളിലാഴ്‌ച രാത്രിയായിരുന്നു അന്ത്യം.

വൃക്കയ്‌ക്കും ശ്വാസകോശങ്ങള്‍ക്കുമേറ്റ അണുബാധയാണ്‌ മരണ കാരണം. ഒരാഴ്‌ചയിലേറെയായി കോണ്ടിനെന്റല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്‌ച ഹൃദയശസ്‌ത്രക്രിയയ്‌ക്കും വിധേയനായി. തുടര്‍ന്ന്‌ ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ്‌ മധുകര്‍ കഴിഞ്ഞിരതുന്നത്‌.

ഉഡുപ്പി സ്വദേശിയായ ഇദ്ദേഹം 1999 ബാച്ച്‌ ഐപിഎസ്‌ ഓഫീസര്‍ ആയിരുന്നു. 1980കളില്‍ കര്‍ണാടകയില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന 'മംഗരൂ' ദിനപത്രത്തിന്റെ സ്ഥാപക പത്രാധിപര്‍ ആയിരുന്ന വഡ്ഡര്‍സെ രഘുരാമ ഷെട്ടിയുടെ മകനാണ്‌.

കര്‍ണാടക ലോകായുക്ത എസ്‌.പിയായിരിക്കേയാണ്‌ മധുകര്‍ ഷെട്ടിയുടെ സത്യസന്ധതയും ജോലിയോടുള്ള ആത്മാര്‍ത്ഥതയും പൊതുസമൂഹം തിരിച്ചറിഞ്ഞത്‌. ഭരണസംവിധാനത്തെ പൊതിഞ്ഞിരുന്ന അഴിമതി മറനീക്കി പുറത്തുകൊണ്ടുവരാന്‍ മധുകര്‍ എടുത്ത നടപടികള്‍ ചെറുതായിരുന്നില്ല.

അഴിമതിക്കാരായ സര്‍ക്കാര്‍ ജീവനക്കാരും അധികാരത്തിലിരിക്കുന്ന ഉന്നത രാഷ്ട്രീയ നേതാക്കളും മധുകറെ ഭയപ്പെടുന്ന സ്ഥിതിയെത്തി. ബെല്ലാരിയിലെ അനധികൃത ഖനനം പുറത്തുകൊണ്ടുവന്നതും മധുകര്‍ ആയിരുന്നു. വീരപ്പനെ പിടികൂടിയ സംഘത്തിലും മധുകര്‍ ഷെട്ടിയുണ്ടായിരുന്നു.

അതിനിടെ, ലോകായുക്ത ചീഫ്‌ ജസ്റ്റീസായിരുന്ന അന്തോഷ്‌ ഹെഡ്‌ഗയുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന്‌ അഞ്ചു വര്‍ഷത്തോളം അവധിയില്‍ പ്രവേശിച്ചു. അമേരിക്കയിലേക്ക്‌ പോയ മധുകര്‍ റോക്‌ഫെല്ലര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും പി.എച്ച്‌ഡി കരസ്ഥമാക്കി. ഹെഡ്‌ഗെയുടെ കടുത്ത വിമര്‍ശകനായാണ്‌ പിന്നീട്‌ അറിയപ്പെട്ടിരുന്നത്‌.

2016 ഡിസംബറില്‍ സര്‍വീസില്‍ തിരിച്ചെത്തിയ മധുകറിനെ ഹൈദരാബാദിലെ സര്‍ദാര്‍ വല്ലഭായ്‌ പട്ടേല്‍ നാഷണല്‍ പോലീസ്‌ അക്കാദമിയുടെ ഡെപ്യൂട്ടി ഡയറക്ടര്‍ ആയി നിയമിക്കുകയായിരുന്നു.

കര്‍ണാടക മുഖ്യമന്ത്രി എച്ച്‌.ഡി കുമാരസ്വാമി, ഉപമുഖ്യമന്ത്രി ജി.പരമേശ്വര, മുന്‍കേന്ദ്രമന്ത്രി വീരപ്പ മൊയ്‌ലി തുടങ്ങിയവര്‍ മധുകര്‍ ഷെട്ടിയുടെ വിയോഗത്തില്‍ അനുശോചിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക