Image

താനും മറ്റൊരു 'ആക്​സിഡന്‍റല്‍ പ്രൈം മിനിസ്​റ്റര്‍' ആയിരുന്നുവെന്ന് ദേവഗൗഡ

Published on 30 December, 2018
താനും മറ്റൊരു 'ആക്​സിഡന്‍റല്‍ പ്രൈം മിനിസ്​റ്റര്‍' ആയിരുന്നുവെന്ന് ദേവഗൗഡ

താനും മറ്റൊരു 'ആക്​സിഡന്‍റല്‍ പ്രൈം മിനിസ്​റ്റര്‍' ആയിരുന്നുവെന്ന് മുന്‍ പ്രധാനമന്ത്രിയും ജെ.ഡി.എസ്​ അദ്ധ്യക്ഷനുമായ എച്ച്‌​.ഡി. ദേവഗൗഡ.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ ആസ്പദമാക്കിയുള്ള "ദി ആക്​സിഡന്‍റല്‍ പ്രൈം മിനിസ്​റ്റര്‍" എന്ന ബോളിവുഡ്​ ചിത്രം സംബന്ധിച്ച്‌ വിവാദം മുറുകുന്നതിനിടെയാണ്​ ദേവഗൗഡയുടെ ഈ പ്രസ്​താവന. ചിത്രം സംബന്ധിച്ചുള്ള വിവാദത്തെപ്പറ്റിയുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്​ മറുപടിയായാണ് ദേവഗൗഡ ഇങ്ങനെ പ്രതികരിച്ചത്​.

1996ലെ പൊതുതിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷം നേടിയില്ല. ആ അവസരത്തിലാണ് കോണ്‍ഗ്രസ്​, ബി.ജെ.പി ഇതര പ്രാദേശിക കക്ഷികള്‍ ഉള്‍പ്പെട്ട മൂന്നാം മുന്നണി സര്‍ക്കാര്‍ രൂപീകരിക്കാന്‍ തീരുമാനിക്കുന്നത്. ഈ സര്‍ക്കാരിന് കോണ്‍ഗ്രസ്‌ പുറത്തുനിന്നും പിന്തുണ നല്‍കുകയും ദേവഗൗഡയെ പ്രധാനമന്ത്രി ആക്കുകയുമായിരുന്നു.

1996 ജൂണ്‍ 1 മുതല്‍ 1997 ഏപ്രില്‍ 21 വരെ ദേവഗൗഡ പ്രധാനമന്ത്രിപദത്തിലിരുന്നു. എന്നാല്‍ പിന്നീട്​ കോണ്‍ഗ്രസ്​ പിന്തുണ പിന്‍വലിച്ചതോടെ ദേവഗൗഡക്ക്​ പ്രധാനമന്ത്രി പദം രാജിവയ്ക്കേണ്ടിവന്നു.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെക്കുറിച്ചുള്ള ചിത്രം 'ദ ആക്സിഡന്‍റല്‍ പ്രൈം മിനിസ്റ്ററി'നെതിരെ യാതൊരുവിധ പ്രതിഷേധവും ഇല്ലെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് വക്താവ് അറിയിച്ചു. പ്രതിഷേധം നടത്തി ചിത്രത്തിന് അനാവശ്യമായ പ്രസിദ്ധി നല്‍കില്ല. കിംവദന്തികളാണ് ചിത്രത്തിലുള്ളതെന്നും ചിത്രത്തെക്കുറിച്ച്‌ ചര്‍ച്ച നടത്താന്‍ പോലും താല്‍പ്പര്യപ്പെടുന്നില്ലെന്നും കോണ്‍ഗ്രസ് വക്താവ് നരേന്ദ്ര സാലൂജ പറഞ്ഞു. ചിത്രത്തിനെതിരെ ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് കോണ്‍ഗ്രസ് വക്താക്കള്‍ വിഷയത്തില്‍ നിലപാട് വിശദീകരിച്ചത്.

മന്‍മോഹന്‍ സിംഗ് വളരെ ബുദ്ധിമാനായ ഭരണാധികാരി ആയിരുന്നു. ആക്സിഡന്‍റല്‍ എന്ന വാക്ക് ഉപയോഗിക്കുന്നത് വളരെ തെറ്റാണെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് വക്താക്കളില്‍ ഒരാളായ സയ്ദ് സഫര്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ചിത്രത്തെപ്പറ്റി മന്‍മോഹന്‍ സിംഗ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

2004 മുതല്‍ 2008 വരെ മന്‍മോഹന്‍ സിംഗിന്‍റെ മാധ്യമ ഉപദേഷ്​ടാവായിരുന്ന സഞ്​ജയ ബാരു എഴുതിയ സമാനമായ പേരിലുള്ള പുസ്​തകത്തെ അടിസ്​ഥാനമാക്കിയാണ്​ "ആക്​സിഡന്‍റല്‍ പ്രൈം മിനിസ്​റ്റര്‍" എന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

വിജയ്​ രത്​നാകര്‍ ഗുട്ടെയാണ്​ സംവിധാനം. ചിത്രത്തില്‍ മന്‍മോഹന്‍ സിംഗായി അനുപം ഖേറും സഞ്​ജയ്​ ബാരുവായി അക്ഷയ്​ ഖന്നയും വേഷമിടുന്നു. ജനുവരി 11 ചിത്രം തിയേറ്ററിലെത്തും. ചിത്രത്തിന്‍റെ ട്രെയിലര്‍ വ്യാഴാഴ്​ച പുറത്തിറങ്ങിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക