Image

സര്‍ക്കാര്‍ മതിലു പണിതാല്‍ വനിതകള്‍ക്ക് ശബരിമല കയറാനൊക്കുമോ...? (ശ്രീകുമാര്‍)

Published on 30 December, 2018
സര്‍ക്കാര്‍ മതിലു പണിതാല്‍ വനിതകള്‍ക്ക് ശബരിമല കയറാനൊക്കുമോ...? (ശ്രീകുമാര്‍)
നവോത്ഥാന മൂല്യങ്ങള്‍ കേരളത്തിന്റെ ആകാശം മുട്ടെ ഉയര്‍ത്തിപ്പിടിക്കുന്നതിനായി ഇടതു സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ജനുവരി ഒന്നിന് വനിതാമതില്‍ ഉണ്ടാക്കുകയാണ്. കല്ലും കട്ടയും സിമന്റുമൊക്കെ ഇറക്കിക്കഴിഞ്ഞു. പണിക്കാരും റെഡി. അതില്‍ ബംഗാളികളും ഉണ്ടാവും. ലിംഗസമത്വം ഊട്ടിയുറപ്പിക്കുകയാണ് മതിലിന്റെ ലക്ഷ്യം. ശബരിമലയിലെ സ്ത്രീപ്രവേശനം വിവാദമായ പശ്ചാത്തലത്തിലാണ് വിവിധ ജാതിമത സംഘടനകളെയും ഉള്‍പ്പെടുത്തിക്കൊണ്ട് ഇത്തരത്തിലൊരു മതില്‍ സൃഷ്ടിക്കപ്പെടുന്നത്. വനിതാ മതില്‍ പണിതു കഴിഞ്ഞാല്‍ പ്രായവ്യത്യാസമില്ലാതെ, വിശ്വാസികളും ആക്ടിവിസ്റ്റുകളുമായ സ്ത്രീകള്‍ക്ക് സുഗമമായി ശബരിമല ചവിട്ടാനൊക്കുമോ എന്നതാണ് പ്രസക്തമായ ചോദ്യം. മനുഷ്യര്‍ക്കിടയിലെ വേലിക്കെട്ടുകള്‍ പൊളിച്ചുമാറ്റപ്പെടുന്ന കാലഘട്ടത്തിലാണ് 'മതില്‍' രൂപപ്പെടുന്നത്. ഇതാണ് രാഷ്ട്രീയ പുരോഗമന പ്രത്യയശാസ്ത്രം.

സെപ്റ്റംബര്‍ 28-ാം തീയതിയാണ് ചരിത്രപരമെന്നു കൊട്ടിഘോഷിക്കപ്പെടുന്ന സുപ്രീം കോടതി വിധി വന്നത്. തുടര്‍ന്ന് തുലാമാസ പൂജകള്‍ക്കും, ചിത്തിര ആട്ടവിശേഷത്തിനും മണ്ഡലപൂജയ്ക്കുമായി നട തുറക്കുകയും അടയ്ക്കുകയും ചെയ്തു. ഇന്ന് (ഡിസംബര്‍ 30) മകരവിളക്ക് മഹോത്സവത്തിനായി നട തുറന്നിരിയ്ക്കുകയാണ്. ഇതുവരെ 10നും 50നും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകള്‍ക്ക് സന്നിധാനത്തെത്താന്‍ സാധിച്ചിട്ടില്ല. പലപ്പോഴായി ദര്‍ശനം നടത്താന്‍ എത്തിയ യുവതികള്‍ക്ക് നിരാശരായി മടങ്ങേണ്ടി വന്നു. പോലീസിന് ഒരുതരത്തിലുള്ള സുരക്ഷയും ഇവരുടെ ദര്‍ശനത്തിനായി ഒരുക്കുവാന്‍ കഴിഞ്ഞില്ല. ഇക്കാലയളവില്‍ ശബരിമല സന്നിധാനവും പമ്പയും നിലയ്ക്കലുമെല്ലാം സംഘര്‍ഷഭൂമിയായി മാറി. മകരവിളക്ക് മഹോത്സവകാലത്ത് എന്തൊക്കെ സംഭവിക്കും എന്ന് പ്രവചിക്കാനുമാവില്ല. ഈ സാഹചര്യത്തിലാണ് നവോത്ഥാന മതിലുമായി സര്‍ക്കാരെത്തുന്നത്.

വാസ്തവത്തില്‍ കേരളത്തിലെ യഥാര്‍ത്ഥ നവോത്ഥാനത്തെക്കുറിച്ച് അല്‍പമെങ്കിലും അറിയേണ്ടതുണ്ട്. മതിലുകെട്ടുന്ന രാഷ്ട്രീയത്തിന്റെ കണ്ണികള്‍ക്ക് അതറിയുമോയെന്നരിയില്ല. കേരള നവോത്ഥാന പ്രസ്ഥാനം പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ആരംഭിച്ച സാമൂഹിക-സാംസ്‌കാരിക മുന്നേറ്റമായിരുന്നു. ഇത് കേരളത്തിലെ സാമൂഹ്യ ജീവിതത്തില്‍ വലിയ തോതിലുള്ള മാറ്റങ്ങള്‍ക്ക് തുടക്കമിട്ടു. കേരളത്തിന്റെ സാമൂഹ്യ മാറ്റങ്ങളുടെ അടിസ്ഥാനം പതിനാറാം നൂറ്റാണ്ടോളം പഴക്കമുള്ളതാണ്. തുഞ്ചത്തെഴുത്തച്ഛനെ പോലുള്ള രചയിതാക്കളുടെ സ്വാധീനത്തില്‍ ആധുനിക മലയാള ഭാഷ രൂപം കൊണ്ടതും ഭക്തി പ്രസ്ഥാനത്തിന്റെ വളര്‍ച്ചയും സാഹിത്യത്തിനും അറിവിനും മേല്‍ ബ്രാഹ്മണര്‍ക്ക് ഉണ്ടായിരുന്ന കുത്തക തകര്‍ക്കാന്‍ സഹായിച്ചു.

ആദ്യം പോര്‍ട്ടുഗീസുകാരും പിന്നീട് ഡച്ചുകാരും ഒടുവില്‍ ഇംഗ്ലീഷുകാരും എത്തിയത് ഈ മാറ്റങ്ങള്‍ക്ക് രാസത്വരകമായിത്തീര്‍ന്നു. യൂറോപ്യന്‍ മിഷണറിമാരുടെ വരവോടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടായിത്തുടങ്ങുകയും ഈഴവരെ പോലെ ഉള്ള ജാതിസമുദായങ്ങള്‍ക്കിടയില്‍ വിദ്യാഭ്യാസം നേടിയ ഒരു വിഭാഗം ആളുകള്‍ ഉണ്ടായി വരികയും ചെയ്തു. നാടുവാഴിത്തത്തിന് അന്ത്യം കുറിച്ചുകൊണ്ട് തിരുവിതാംകൂറിലും കൊച്ചിയിലും കേന്ദ്രീകൃത രാജവംശങ്ങള്‍ നിലവില്‍ വന്നത് നാടുവാഴിത്തത്തെ ദുര്‍ബലപ്പെടുത്തിയതും ഈ മാറ്റങ്ങള്‍ക്ക് പശ്ചാത്തലമൊരുക്കി. കേരളത്തിലേക്കുള്ള മൈസൂരിന്റെ കടന്നുകയറ്റം(1766-1792) നമ്പൂതിരി, നായര്‍ തുടങ്ങിയ വരേണ്യ വിഭാഗങ്ങള്‍ക്ക് അധികാരത്തിന്മേലുള്ള സ്വാധീനം ദുര്‍ബലപ്പെടുത്തി. മൈസൂരുകാര്‍ ജാതിവ്യവസ്ഥയെ വകവെച്ചിരുന്നില്ല. ഉത്തരകേരളത്തിലെ പല നമ്പൂതിരി, നായര്‍ കുടുംബങ്ങള്‍ക്കും വേട്ടയാടലില്‍ നിന്ന് രക്ഷനേടാനായി തെക്കന്‍ കേരളത്തിലേക്ക് ഓടിപ്പോകേണ്ടി വന്നു.

ഉത്തരേന്ത്യയില്‍ നിന്ന് വിഭിന്നമായി കേരളത്തിലെ നവോത്ഥാനം കീഴാളവര്‍ഗങ്ങളുടെ നേതൃത്വത്തിലായിരുന്നു നടന്നത്. നാരായണ ഗുരു, അയ്യന്‍കാളി തുടങ്ങിയവര്‍ പത്തൊന്‍പതാം നൂറ്റാണ്ടിലെ സാമൂഹ്യ സാഹചര്യങ്ങളില്‍ പിന്നോക്ക ജാതികളായി കണക്കാക്കപ്പെട്ടിരുന്ന ജാതികളില്‍ പെട്ടവരായിരുന്നു. അതുകൊണ്ടുതന്നെ, ജാതി നവീകരിക്കുന്നതിനേക്കാള്‍ അവരുടെ ഊന്നല്‍ ജാതി സമ്പ്രദായത്തിന് അന്ത്യം കുറിക്കുന്നതിലായിരുന്നു.

അയ്യങ്കാളിക്കും ശ്രീ നാരായണ ഗുരുവിനും പുറമെ ചട്ടമ്പിസ്വാമികള്‍, കെ.പി. കറുപ്പന്‍, ഡോ. പല്‍പ്പു, കുമാരനാശാന്‍, ആര്‍ ശങ്കര്‍, നിത്യ ചൈതന്യ യതി, നടരാജഗുരു, വി.ടി ഭട്ടതിരിപ്പാട്, മന്നത്ത് പത്മനാഭന്‍ തുടങ്ങിയവരാണ് കേരളത്തിലെ നവോത്ഥാന നായകര്‍. ചാന്നാര്‍ ലഹള (1813-1859), വൈകുണ്ഠസ്വാമി സമത്വ സമാജം രൂപീകരണം (1836), കുര്യാക്കോസ് ഏലിയാസ് ചാവറ ആദ്യത്തെ കാത്തലിക് സംസ്‌കൃത സ്‌കൂള്‍ ആരംഭിച്ചത് (1846), നാരായണഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠ (1888), സ്വാമി വിവേകാനന്ദന്റെ കേരള സന്ദര്‍ശനം (1892), അയ്യങ്കാളിയുടെ വില്ലുവണ്ടി സമരം (1893), വിശാഖം തിരുനാളിന് ഈഴവ മെമ്മോറിയല്‍ സമര്‍പ്പിച്ചത് (1896), എസ്.എന്‍.ഡി.പി രൂപീകരണം (1903), അയ്യങ്കാളിയുടെ സാധുജന പരിപാലന സംഘ രൂപീകരണം (1907), പൊയ്കയില്‍ യോഹന്നാന്‍ പ്രത്യക്ഷ രക്ഷാ ദൈവസഭ രൂപീകരിച്ചത് (1909), അയ്യങ്കാളിയുടെ നേതൃത്വത്തില്‍ കല്ലുമാല സമരം (1915), നായര്‍ സര്‍വീസ് സൊസൈറ്റി രൂപീകരണം (1915), സഹോദരന്‍ അയ്യപ്പന്റെ നേതൃത്വത്തില്‍ മിശ്രഭോജനം (1917), വി.ടി ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തില്‍ നമ്പൂതിരി യുവജന സംഘം രൂപീകരിച്ചത് (1919), വൈക്കം സത്യാഗ്രഹം (1924), ഗുരുവായൂര്‍ സത്യാഗ്രഹം (1931-1932), ക്ഷേത്രപ്രവേശന വിളംബരം (1936) തുടങ്ങിയവയാണ് കേരള നവോത്ഥാനവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍.

കേരള നവോത്ഥാനം ഇങ്ങനെയായിരിക്കെ വനിതാമതില്‍ എത്രത്തോളം ചരിത്രത്തിലിടം നേടുമെന്ന് ഇതിന്റെ പ്രയോക്താക്കള്‍ക്കു പോലും നിശ്ചയമുണ്ടാവില്ല. ഇവിടെ ആദ്യം ഉണ്ടാവേണ്ടത് രാഷ്ട്രീയ നവോത്ഥാനമാണ്. വനിതാ മതിലിനെച്ചൊല്ലിയുള്ള കടിപിടുകള്‍ മന്നെ വല്ലാതെ നാണിപ്പിക്കുന്നു.

വനിതാ മതിലിനെ വിമര്‍ശിച്ച വി.എസ് അച്യുതാനന്ദനെ തള്ളി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എത്തിയത് തീര്‍ത്തും കൗതുക വാര്‍ത്തയായി. സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണിയാണ് വനിതാ മതില്‍ നടത്താന്‍ തീരുമാനിച്ചത്. വി.എസ് ഇപ്പോഴും സി.പി.എമ്മുകാരനാണെന്നാണ് വിശ്വാസമെന്ന് കാനം പറഞ്ഞു. നവോത്ഥാന മൂല്യങ്ങളെ സംരക്ഷിക്കാനായി സംഘടിപ്പിക്കുന്ന വനിതാ മതിലിനോട് വി.എസ് എടുത്ത നിലപാട് ശരിയാണോയെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും കാനം വ്യക്തമാക്കി. മന്നത്ത് പത്മനാഭന്റെ ശിഷ്യര്‍ നവോത്ഥാന പാരമ്പര്യത്തില്‍ നിന്നും മാറിപ്പോവുകയാണ്. നവോത്ഥാനം വേണോ വിമോചന സമരം വേണോയെന്ന് എന്‍.എസ്.എസ് തന്നെ തീരുമാനിക്കട്ടെയെന്നും കാനം കൂട്ടിച്ചേര്‍ത്തു.

ഉടനടി കാനത്തിന് മറുപടിയുമായി വി.എസ് വന്നു. കാനം ഇപ്പോഴും സി.പി.ഐ ആണെന്ന വ്യക്തമായ ബോധ്യമുണ്ടെന്ന് വി.എസ് പറഞ്ഞു. താന്‍ വര്‍ഗ സമരത്തെ കുറിച്ചും വിപ്ലവ പരിപാടിയെ കുറിച്ചുമാണ് പറഞ്ഞത്. ഇത് വനിതാ മതിലിനെ കുറിച്ചാണെന്ന് കാനം തെറ്റിദ്ധരിച്ചിരിക്കാമെന്നും വി.എസ് പറഞ്ഞു. ഇക്കഴിഞ്ഞ മാസങ്ങളില്‍ സ്ത്രീ സമത്വത്തേയും ശബരിമലയിലെ സ്ത്രീ പ്രവേശനത്തെയും ശക്തമായി പിന്തുണയ്ക്കുന്ന കാര്യത്തില്‍ അദ്ദേഹം അല്‍പ്പം പിന്നിലായി പോയത് മനസ്സില്‍ മതില്‍ എന്ന ആശയം ശക്തമായി ഉണ്ടായിരുന്നത് കൊണ്ടാവാമെന്ന് വി.എസ് പരിഹസിച്ചു. തന്റെ പ്രസ്താവനകള്‍ വനിതാ മതിലിന് എതിരാണെന്ന് കരുതുന്നുണ്ടെങ്കില്‍ അത് പിശകാണെന്ന് പറയേണ്ടി വരുമെന്നും വി.എസ് വ്യക്തമാക്കി.

വനിതാ മതില്‍, അയ്യപ്പ ജ്യോതി വിഷയങ്ങളിലെ ബി.ഡി.ജെ.എസിന്റെ ഇരട്ട നിലപാട് എന്‍.ഡി.എ മുന്നണിയില്‍ വിള്ളല്‍ വീഴ്ത്തുന്നു. എന്‍.ഡി.എയുടെ ഭാഗമായ ബി.ഡി.ജെ.സ് സ്വാഭാവികമായും അയ്യപ്പജ്യോതിക്ക് പിന്തുണയര്‍പ്പിക്കേണ്ടവരാണ്. എന്നാല്‍ പാര്‍ട്ടിയിലെ 90 ശതമാനം പ്രവര്‍ത്തകരും ഉള്‍പ്പെടുന്ന എസ്.എന്‍.ഡി.പി യോഗം സര്‍ക്കാറിനൊപ്പം വനിതാ മതിലിനായി നിലകൊള്ളുന്നു. ബി.ജെ.പിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തിവരുന്നത്. ബി.ജെ.പിയെ വിമര്‍ശിക്കുമ്പോള്‍ എന്‍.ഡി.എയുടെ ഭാഗമായ ബി.ഡി.ജെ.എസിനെ തള്ളിപ്പറയാന്‍ വെള്ളാപ്പള്ളി തയ്യാറല്ല. സമാന അവസ്ഥയാണ് മകനും ബി.ഡി.ജെ.എസ് അധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളിക്കും. എന്‍.ഡി.എയുടെ ഭാഗമായി തന്നെ മതിലിനൊപ്പം നില്‍ക്കുന്ന എസ്.എന്‍.ഡി.പിയെക്കൂടി പിന്തുണക്കേണ്ട അവസ്ഥയാണ് അദ്ദേഹത്തിന്റേത്. ഈ ആശയക്കുഴപ്പം നേതാക്കളില്‍ മുതല്‍ താഴെക്കിടയിലെ പ്രവര്‍ത്തകര്‍ക്കിടയില്‍ വരെ പ്രകടമാണ്. ഇതിനിടെ അയ്യപ്പജ്യോതിയില്‍ താനടക്കം നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തുവെന്നു വ്യക്തമാക്കി ബി.ഡി.ജെ.സ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി ഗോപകുമാര്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടത് തുഷാറിനും പൊല്ലാപ്പായി. വനിതാ മതില്‍ വര്‍ഗീയ മതിലല്ലെന്നാണിപ്പോള്‍ തുഷാറിന്റെ ഉഷാറില്ലാത്ത പക്ഷം.

ആര്‍ ബാലകൃഷ്ണ പിള്ളയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍.എസ്.എസ് നിലയുറപ്പിക്കുന്നു. സംഘടനയില്‍ വിള്ളലുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ നേരിടുമെന്നും, രണ്ട് നേതാക്കളും ഇപ്പോള്‍ ചേക്കേറിയ നേതാവും സംഘടനയ്‌ക്കെതിരെ രൂക്ഷപ്രതികരണങ്ങള്‍ നടത്തുന്നത് തന്നെ ഗൂഢലക്ഷ്യങ്ങള്‍ കാരണമാണ്. ആ പരിപ്പ് ഇവിടെ വേവില്ല. സര്‍ക്കാര്‍ സമ്മര്‍ദം ഉപയോഗിച്ച് നടത്തുന്ന വനിതാ മതില്‍ എങ്ങനെ നവോത്ഥാന മതിലാകുമെന്ന് പിള്ളയെ ലാക്കാക്കി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ ചോദിക്കുന്നു. എന്‍.എസ്.എസ് സമദൂരം പാലിക്കുമെന്നും ആചാരസംരക്ഷണം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇടതു മുന്നണിയില്‍ അഡ്മിറ്റായ ബാലകൃഷ്ണ പിള്ള കഴിഞ്ഞ ദിവസം എന്‍എസ്എസിനെതിരെ കടുത്ത വിമര്‍ശനം നടത്തിയിയിരുന്നു.

തൊഴിലുറപ്പ് ജോലിയുമായി ബന്ധപ്പെട്ട യോഗത്തില്‍ വനിതാ മതില്‍ ചര്‍ച്ചയായതിനെച്ചൊല്ലി പ്രതിഷേധം. കൊല്ലം പെരിയനാട് പഞ്ചായത്തിലാണ് സംഭവം. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചക്ക് എന്ന് വിളിച്ചു വരുത്തിയതിന് ശേഷം യോഗത്തില്‍ വനിതാ മതിലിനെപറ്റി പറഞ്ഞതാണ് ഒരു വിഭാഗം സ്ത്രീകളെ പ്രകോപിതരാക്കിയത്. ഇവര്‍ യോഗം ബഹിഷ്‌കരിച്ചുകൊണ്ട് ഇറങ്ങിപ്പോവുകയും ചെയ്തു. ഇതിനുപിന്നാലെ തൊഴിലുറപ്പ്, കുടംബശ്രീ പ്രവര്‍ത്തകരെ വനിതാ മതിലില്‍ അണിനിരത്താന്‍ ഭീഷണിപ്പെടുത്തുന്നു എന്ന ആരോപണവുമായി ബി.ജെ.പി പ്രവര്‍ത്തകര്‍ യോഗസ്ഥലത്തേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. തൊഴിലുറപ്പ് കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനിടയില്‍ വനിതാ മതിലിന്റെ ഒരുക്കങ്ങളെക്കുറിച്ച് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞതാണ് ഒരു വിഭാഗം സ്ത്രീകളുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. മറുവിഭാഗം വനിതാ മതിലിനെ അനുകൂലിച്ച് മുദ്രാവാക്യം വിളിച്ചതും രംഗം വഷളാക്കി. പിന്നീട് പോലീസ് എത്തിയതോടെയാണ് രംഗം ശാന്തമായത്.

അണ്ണറക്കണ്ണനും തന്നാലായത്...സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനും ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ നടന്ന അയ്യപ്പ ജ്യോതിക്കും ബദലായി യു.ഡി.എഫിന്റെ വനിതാ സംഗമം നടന്നു. എല്ലാ ജില്ലകളിലും ഇന്ന് (ഡിസംബര്‍ 30) വൈകിട്ട് മൂന്ന് മണിക്കാണ് വനിതാ സംഗമം സംഘടിപ്പിച്ചത്. സെക്രട്ടേറിയേറ്റിന് മുമ്പില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വനിതാ സംഗമം ഉദ്ഘാടനം ചെയ്യും. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ബി.ജെ.പിയും സി.പി.എമ്മും നടത്തുന്ന പ്രചാരണങ്ങള്‍ക്കും രാഷ്ട്രീയ മുതലെടുപ്പിനും എതിരെയാണ് വനിതാ സംഗമമെന്ന് വനിതാ ഏകോപന സമിതി ചെയര്‍മാന്‍ ലതികാ സുഭാഷ് അറിയിച്ചു. വനിതാ മതിലിനെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. പഞ്ചസാരയില്‍ പൊതിഞ്ഞ പാഷാണമാണ് വനിതാ മതിലെന്നും വനിതാ മതില്‍ വര്‍ഗീയ മതിലാണെന്നുമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചത്.

യുവതികളെ മലകയറ്റാനും അയ്യപ്പനെ തൊഴീക്കാതെ തിരിച്ചിറക്കാനും ഇനിയൊരു നവോത്ഥാന വെടിവഴിപാട് കൂടി നടത്തിയേക്കാം...സ്വാമി ശരണം... 
സര്‍ക്കാര്‍ മതിലു പണിതാല്‍ വനിതകള്‍ക്ക് ശബരിമല കയറാനൊക്കുമോ...? (ശ്രീകുമാര്‍)
Join WhatsApp News
വിദ്യാധരൻ 2018-12-30 14:39:13

യത്ര നാര്യസ്തു പൂജ്യന്തേ
രമന്തേ തത്ര ദേവതാഃ 
യത്രൈതാസ്തു ന പൂജ്യന്തേ 
സർവാസ്തത്രാ ഫലാ ക്രിയാഃ (മനുസ്‌മൃതി)

എവിടെ സ്ത്രീകൾ ആദരിക്കപ്പെടുന്നുവോ അവിടെ ദേവതകൾ പ്രസാദിക്കുന്നു. എവിടെ അവർ ആദരിക്കപ്പെടുന്നില്ലയോ അവിടെ ചെയ്യപ്പെടുന്ന പ്രവർത്തികളെല്ലാം വിഫലങ്ങളായി പോകുന്നു .

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക