Image

പാര്‍ട്ടി കോണ്‍ഗ്രസിന്‌ ശേഷം...

Published on 10 April, 2012
പാര്‍ട്ടി കോണ്‍ഗ്രസിന്‌ ശേഷം...
ഏറെ ദേശിയ പ്രധാന്യം നേടിയ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്‌ അവസാനിച്ചിരിക്കുമ്പോള്‍ ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ എന്തൊക്കെ പുതിയ രാഷ്‌ട്രീയ സമവാക്യങ്ങള്‍ ഉണ്ടാകുമെന്നതാണ്‌ ഏറെ ശ്രദ്ധേയമാകുന്നത്‌. പ്രത്യയശാസ്‌ത്ര പരിഷ്‌കരണമെന്നതുകൊണ്ടാണ്‌ ഇത്തവണത്തെ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്‌ ദേശിയ മാധ്യമങ്ങളില്‍ പോലും ഏറെ സമയം നിറഞ്ഞു നിന്നത്‌. ദേശിയ രാഷ്‌ട്രീയത്തില്‍ സിപിഎമ്മിന്റെ നയങ്ങള്‍ എന്തുഫലങ്ങളാണ്‌ ഇനി സൃഷ്‌ടിക്കുക എന്നത്‌ കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.

മുന്നാംബദല്‍ എന്ന ആശയം സിപിഎം ഉപേക്ഷിക്കുന്നു എന്നിടത്താണ്‌ ദേശിയ രാഷ്‌ട്രീയത്തില്‍ ഈ പാര്‍ട്ടി കോണ്‍ഗ്രസ്‌ ശ്രദ്ധ നേടുക. ജനാധിപത്യ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇടതുചേരി രാഷ്‌ട്രീയ പാര്‍ട്ടികളെ ഉള്‍പ്പെടുത്തി കോണ്‍ഗ്രസ്‌ ബിജെപി എന്നീ വലിയ ദേശിയ കക്ഷികള്‍ക്ക്‌ ബദല്‍ ഒരുക്കുക എന്ന ആശയം ഉപേക്ഷിക്കുമ്പോള്‍ ഈ നയത്തിന്‌ ദേശിയ രാഷ്‌ട്രീയത്തില്‍ വലിയ സ്ഥാനമുണ്ട്‌. ഇന്ത്യയുടെ നിലവിലെ രാഷ്‌ട്രീയ സാഹചര്യത്തില്‍ ഇടതുപാര്‍ട്ടികള്‍ നേതൃത്വം നല്‍കുന്ന മുന്നാംബദല്‍ എന്ന സംവിധാനത്തെ ആഗ്രഹിച്ച ഒരു വിഭാഗം ഇവിടെയുണ്ടായിരുന്നു.

ഓരോ സംസ്ഥാനങ്ങളിലെയും പ്രാദേശിക രാഷ്‌ട്രീയ പാര്‍ട്ടികളെ ഒരു കുടയ്‌ക്ക്‌ കീഴില്‍ കൊണ്ടുവന്ന്‌ മൂന്നാം ബദല്‍ സൃഷ്‌ടിക്കാമെന്ന കഴിഞ്ഞ കോയമ്പത്തൂര്‍ പാര്‍ട്ടി കോണ്‍ഗ്രസിന്റെ നയത്തെയാണ്‌ ഈ പാര്‍ട്ടി കോണ്‍ഗ്രസ്‌ കൈവിട്ടു കളയുന്നത്‌. ദേശിയ രാഷ്‌ട്രീയത്തെ ലക്ഷ്യം വെക്കുന്ന മുന്നാം മുന്നണി, മുന്നാം ബദല്‍ എന്നീ ആശയങ്ങള്‍ പാര്‍ട്ടി കൈവിട്ടു കളയുന്നതിന്‌ പിന്നില്‍ ബംഗാളിലെ കഴിഞ്ഞ തിരഞ്ഞെടുപ്പ്‌ പരാജയം ഏറെ സ്വാധീനിച്ചിട്ടുണ്ടെന്ന്‌ വ്യക്തം. സി.പി.എമ്മിന്റെ ഉരുക്കു കോട്ടയായ ബംഗാളില്‍ പരാജയപ്പെട്ട പാര്‍ട്ടി തങ്ങള്‍ സംഭവിച്ച ക്ഷീണം വ്യക്കമായി തിരിച്ചറിയുന്നു എന്നതാണ്‌ ഈ പാര്‍ട്ടി കോണ്‍ഗ്രസ്‌ വ്യക്കമാക്കുന്നത്‌.

പ്രാദേശികമായി സിപിഎമ്മിന്റെ ശക്തി വര്‍ദ്ധിപ്പിക്കുക എന്ന നയമാണ്‌ കോഴിക്കോട്‌ പാര്‍ട്ടി കോണ്‍ഗ്രസില്‍ രൂപപ്പെട്ടിരിക്കുന്ന നയം. അതായത്‌ മുന്നണി സംവിധാനങ്ങള്‍ക്കോ സംഖ്യങ്ങള്‍ക്കോ പ്രധാന്യം കൊടുക്കാതെ സ്വന്തം നിലയില്‍ സ്വന്തം പാര്‍ട്ടിയെ ശക്തിപ്പെടുത്തുക. ബംഗാളിലും കേരളത്തിലുമടക്കം പാര്‍ട്ടിയുടെ ശക്തിപ്പെടുത്തലാണ്‌ ഇവിടെ സിപിഎം ഉദ്ദേശിക്കുന്നത്‌. ഹിന്ദിഭൂമികയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തണമെന്ന്‌ പറയുന്നുണ്ടെങ്കിലും അതില്‍ വലിയ പ്രസക്തിയൊന്നുമില്ല എന്നത്‌ ഏവര്‍ക്കുമറിയാം. ബംഗാളില്‍ തൃണമുല്‍ കോണ്‍ഗ്രസിനെയും, കേരളത്തില്‍ കോണ്‍ഗ്രസിനെയും മറികടക്കുക എന്നതാണ്‌ ഇവിടെ ഉദ്ദേശിക്കുന്നത്‌. ഇങ്ങനെ സംസ്ഥാനരാഷ്‌ട്രീയത്തില്‍ കൂടുതലായി ശ്രദ്ധവെക്കുകയും നഷ്‌ടപ്പെട്ട പ്രതാപം തിരിച്ചെടുക്കുകയും ചെയ്യുക എന്നതായിരിക്കും ഇനി സിപിഎമ്മിന്റെ അജണ്ട.

നിലവില്‍ പാര്‍ട്ടിയുടെ പോക്ക്‌ ജനകീയമായ അടിത്തറ നഷ്‌ടപ്പെടുത്തി എന്നതാണ്‌ കോണ്‍ഗ്രസില്‍ ദേശിയ നേതൃത്വത്തിന്‌ നേരിടേണ്ടി വന്ന ഏറ്റവും വലിയ ആരോപണം. ഈ ആരോപണങ്ങളെ മറികടക്കാനും തിരുത്താനുമായിട്ടുള്ളതാവും പാര്‍ട്ടിയുടെ ഇനിയുള്ള പ്രവര്‍ത്തനം എന്ന്‌ പറയപ്പെടുന്നു. ഇങ്ങനെ നോക്കുമ്പോള്‍ സംസ്ഥാന രാഷ്‌ട്രീയത്തില്‍ കൂടുതല്‍ ശ്രദ്ധ വെച്ചുള്ള പ്രവര്‍ത്തന ശൈലിയാവും ഇനി സി.പി.എമ്മിന്റേത്‌. ദേശിയ മുന്നണി രാഷ്‌ട്രീയത്തില്‍ സി.പി.എം ഒരു സംഖ്യത്തിലും പെടാതെ മാറി നില്‍ക്കുമ്പോള്‍ ഇടതുപക്ഷ പാര്‍ട്ടികളുടെ ബദല്‍ സംവിധാനമെന്നത്‌ ഒരു സ്വപ്‌നം മാത്രമായി മാറും. ലോക്‌ സഭാ തിരഞ്ഞെടുപ്പ്‌ അടുത്തു വരുന്ന സാഹചര്യത്തില്‍ സിപിഎമ്മിന്റെ ഈ തീരുമാനത്തിന്‌ ഏറെ രാഷ്‌ട്രീയ മാനങ്ങളുണ്ട്‌.



എന്നാല്‍ കേരളത്തിലെ സി.പി.എം രാഷ്‌ട്രീയത്തെ സംബന്ധിച്ചിടത്തോളം ഇനി വരുന്ന നാളുകളില്‍ ചര്‍ച്ചയാകുക വി.എസ്‌ അച്യുതാനന്ദന്‍ എന്ന മുതര്‍ന്ന കമ്മ്യൂണിസ്റ്റ്‌ നേതാവിനെ പോളിറ്റ്‌ ബ്യൂറോയില്‍ നിന്നും ഒതുക്കിയതിനെ കുറിച്ചാവും. പാര്‍ട്ടി കോണ്‍ഗ്രസിന്റെ ആദ്യ ദിവസങ്ങളില്‍ വി.എസിനെതിരെ എവിടെയും വിമര്‍ശനങ്ങളുണ്ടാകാതിരുന്നതും വി.എസിനെതിരെയുള്ള കേരളാ ഘടകത്തിന്റെ വിമര്‍ശനങ്ങള്‍ ദേശിയ നേതൃത്വം ഗൗരവത്തില്‍ കാണുന്നില്ല എന്ന സൂചനകളും പോളിറ്റ്‌ ബ്യൂറോയിലേക്ക്‌ വി.എസ്‌ തിരിച്ചെത്തുമെന്ന അഭ്യൂഹത്തിന്‌ ശക്തി പകര്‍ന്നിരുന്നു.

കഴിഞ്ഞ സംസ്ഥാന സമ്മേളനത്തോടെ പാര്‍ട്ടിയിലെ ഗ്രൂപ്പ്‌ പ്രതാപം പൂര്‍ണ്ണമായും നഷ്‌ടപ്പെട്ട നേതാവായി മാറിയ വി.എസിന്‌ ഇനി എന്തെങ്കിലും പ്രതീക്ഷകള്‍ ബാക്കിയാവണമെങ്കില്‍ അത്‌ പോളിറ്റ്‌ബ്യൂറോയിലേക്ക്‌ തിരിച്ചെത്തിയാല്‍ മാത്രമേ സാധിക്കുമായിരുന്നുള്ളു. ആ വഴിയാണ്‌ ഇപ്പോള്‍ അടഞ്ഞിരിക്കുന്നത്‌. പോളിറ്റ്‌ബ്യൂറോ അംഗത്വം തിരിച്ചു കിട്ടാതെ വി.എസിന്‌ ഇനി സിപിഎമ്മിന്റെ ഉന്നതതലത്തില്‍ എന്ത്‌ പ്രസക്തിയാണ്‌ ഉണ്ടാകുക എന്ന ചോദ്യം ബാക്കിയാവുന്നു. അതേ സമയം എം.എ ബേബി പൊളിറ്റ്‌ ബ്യൂറോയിലേക്ക്‌ പുതിയ അംഗമായി എത്തുമ്പോള്‍ ഇത്‌ കരുത്തു പകരുന്നത്‌ പിണറായി വിജയനാണ്‌.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വി.എസ്‌ ഇഫക്‌ട്‌ എന്നുണ്ടായിട്ടില്ല എന്ന്‌ സ്ഥാപിക്കാന്‍ കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ ഔദ്യോഗിക പക്ഷം ശ്രമിച്ചതു പോലെ തന്നെ പാര്‍ട്ടി കോണ്‍ഗ്രസിലും ശ്രമിച്ചിരുന്നു എന്ന്‌ വ്യക്തം. ബംഗാളിലും മറ്റും പാര്‍ട്ടി അമ്പേ പരാജയപ്പെട്ടു പോയപ്പോള്‍ കേരളത്തില്‍ കഴിഞ്ഞ നിമയസഭാ തിരഞ്ഞെടുപ്പില്‍ സി.പി.എം ഏതാണ്ട്‌ വിജയത്തിന്‌ തൊട്ടടുത്തെത്തിയിരുന്നു എന്നത്‌ പാര്‍ട്ടികോണ്‍ഗ്രസില്‍ ഒരു ചര്‍ച്ചയായി വരാതിരിക്കാന്‍ ഔദ്യോഗിക പക്ഷം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇത്തരത്തില്‍ പാര്‍ട്ടിയില്‍ വി.എസിന്റെ നേട്ടങ്ങള്‍ എടുത്തു കാട്ടുന്ന ഒന്നും തന്നെ ചര്‍ച്ചയായി ഉയര്‍ന്നു വന്നില്ല. ഒപ്പം വലിയ വിമര്‍ശനങ്ങളും ഉണ്ടായില്ല. പക്ഷെ വി.എസിനെ പൊളിറ്റ്‌ ബ്യൂറോയില്‍ തിരിച്ചെടുക്കണമെന്ന്‌ മാണിക്‌ സര്‍ക്കാരും, വൃന്ദാകാരട്ടുമൊക്കെ വാദിച്ചത്‌ വിലപ്പോയതുമില്ല.

വി.എസിന്‌ ഇനി പൊളിറ്റ്‌ബ്യൂറോയില്‍ ഒരു ലൈഫ്‌ ഉണ്ടാവില്ല എന്നത്‌ ഔദ്യോഗിക പക്ഷം നേരത്തെ ഉറപ്പിച്ചിരുന്നു എന്നതു തന്നെയാണ്‌ ഇവിടെ വ്യക്തമാകുന്നത്‌. പൊതു സമ്മേളനത്തില്‍ പങ്കെടുക്കാതെ വി.എസ്‌ മടങ്ങിയത്‌ ഏറെ ശ്രദ്ധേയമായിരുന്നു. എല്ലാം സൂചിപ്പിക്കുന്നത്‌ എവിടെയും മുട്ടുമടക്കാത്ത വി.എസ്‌ ഏതാണ്ട്‌ പൂര്‍ണ്ണമായും നിരായുധനായിരിക്കുന്നു എന്നു തന്നെയാണ്‌. അതുകൊണ്ടു തന്നെ ഈ പാര്‍ട്ടി കോണ്‍ഗ്രസ്‌ സിപിഎം കേരളാ രാഷ്‌ട്രീയത്തിലും പുതിയ രാഷ്‌ട്രീയ സമവാക്യങ്ങള്‍ എഴുതി ചേര്‍ക്കുന്നു. കേഡര്‍ സ്വഭാവമൊക്കെ എന്നോ നഷ്‌ടപ്പെട്ടു തുടങ്ങിയ പാര്‍ട്ടിയില്‍ പുതിയ ഗ്രൂപ്പ്‌ സമവാക്യങ്ങളാവും ഇനിയുള്ള കാലം വിവാദങ്ങള്‍ സൃഷ്‌ടിക്കുക.
പാര്‍ട്ടി കോണ്‍ഗ്രസിന്‌ ശേഷം...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക