Image

മന്ത്രിമാരായി അനൂപ്‌ ജേക്കബും മഞ്ഞളാംകുഴി അലിയും ഇന്ന്‌ സത്യപ്രതിജ്ഞ ചെയ്യും

Published on 11 April, 2012
മന്ത്രിമാരായി അനൂപ്‌ ജേക്കബും മഞ്ഞളാംകുഴി അലിയും ഇന്ന്‌ സത്യപ്രതിജ്ഞ ചെയ്യും
തിരുവനന്തപുരം:  ജേക്കബ്‌ ഗ്രൂപ്പ്‌ എംഎല്‍എ അനൂപ്‌ ജേക്കബും മുസ്‌ലീം ലീഗിലെ മഞ്ഞളാംകുഴി അലിയും ഇന്ന്‌ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ പത്തിനു രാജ്‌ഭവനില്‍ ഗവര്‍ണര്‍ എച്ച്‌.ആര്‍. ഭരദ്വാജ്‌ മുന്‍പാകെയാണു സത്യപ്രതിജ്‌ഞ. ഇവരുടെ വകുപ്പുകള്‍ ഇന്നു മന്ത്രിസഭാ യോഗത്തിനു ശേഷം അന്തിമമായി തീരുമാനിക്കുമെന്നു യുഡിഎഫ്‌ നേതൃയോഗത്തിനു ശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.

അനൂപിന്‌ അന്തരിച്ച ടി.എം. ജേക്കബ്‌ കൈകാര്യം ചെയ്‌തിരുന്ന വകുപ്പ്‌ ലഭിച്ചേക്കും. നഗരവികസന വകുപ്പും ന്യൂനപക്ഷക്ഷേമവുമായിരിക്കും മഞ്ഞളാംകുഴി അലിക്ക്‌ ലഭിക്കുക.

ഒഴിവു വരുന്ന രണ്ടു രാജ്യസഭാ സീറ്റില്‍ ഒന്ന്‌ കേരള കോണ്‍ഗ്രസി (എം)നു നല്‍കാനും ഇന്നലെ ചര്‍ച്ചകളില്‍ ധാരണയായി. രണ്ടാമത്തെ സീറ്റ്‌ കോണ്‍ഗ്രസ്‌ തന്നെ എടുക്കും. രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ യുഡിഎഫ്‌ നേതൃയോഗത്തിനുശേഷം കെ.എം. മാണിയുമായി കോണ്‍ഗ്രസ്‌ പ്രത്യേക ചര്‍ച്ച നടത്തി. ആന്റണിക്കു വേണ്ടി ലീഗ്‌ വഴിമാറിയതിനാല്‍ ഇത്തവണ രണ്ടു സീറ്റ്‌ വന്നപ്പോള്‍ അവര്‍ക്കും അവകാശവാദമുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ രണ്ട്‌ ഒഴിവു വരുമ്പോള്‍ ഒരു സീറ്റ്‌ കോണ്‍ഗ്രസിന്‌ എന്നതു ലീഗ്‌ അംഗീകരിച്ചു. ഇനി ഒഴിവു വരുമ്പോള്‍ ലീഗിന്റെ കാര്യം പരിഗണിക്കും.

നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ ആര്‍. സെല്‍വരാജിനെ പിന്തുണയ്‌ക്കാന്‍ യുഡിഎഫ്‌ തീരുമാനിച്ചു. പിന്തുണ ഏതു തരത്തില്‍ വേണമെന്നതും മറ്റും കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല സെല്‍വരാജുമായി സംസാരിച്ചു തീരുമാനിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക