Image

2018-ലെ പ്രതിസന്ധികളും സുഖ ദുഃഖങ്ങളും പുതുവത്സര പ്രതീക്ഷകളും (ജോസഫ് പടന്നമാക്കല്‍)

ജോസഫ് പടന്നമാക്കല്‍ Published on 30 December, 2018
2018-ലെ പ്രതിസന്ധികളും സുഖ ദുഃഖങ്ങളും പുതുവത്സര പ്രതീക്ഷകളും (ജോസഫ് പടന്നമാക്കല്‍)
നമ്മുടെയെല്ലാം ജീവിതത്തില്‍ സുഖ ദുഃഖങ്ങള്‍ പ്രദാനം ചെയ്തുകൊണ്ട് '2018' എന്ന വര്‍ഷം കടന്നു പോയിരിക്കുന്നു. കൊഴിഞ്ഞുപോയ ഒരു വര്‍ഷത്തിനിടയില്‍ നാം ആഹ്ലാദ തിമിര്‍പ്പോടെ പൊട്ടിച്ചിരിച്ച ദിനങ്ങളുണ്ട്. ഒപ്പം ഒരിക്കലും മറക്കാത്തവിധം കരഞ്ഞ ദിനങ്ങളുമുണ്ടായിരുന്നു. സ്‌നേഹിച്ചു കൊതി തീരാത്തവരും വെറുത്തവരും നാം ജീവിക്കുന്ന ഇതേ സമൂഹത്തില്‍ തന്നെ കാണാം. അതുപോലെ രാഷ്ട്രങ്ങളും പരസ്പ്പരം പഴി ചാരി വെറുപ്പിന്റെ ലോകത്തില്‍ക്കൂടി സഞ്ചരിച്ചതായും നാം കാണുന്നു. യുദ്ധവും സമാധാനവും ഒന്നുപോലെ തുടിച്ചു നില്‍ക്കുന്ന ഈ ലോകത്ത് എല്ലാത്തിനുമൊടുവിലായി ഒരു പുതുവര്‍ഷവും കൂടി വന്നെത്തുന്നു.

കഴിഞ്ഞുപോയ '2018' ലോകമാകമാനം പ്രകൃതി ദുരന്തങ്ങളുടെ ഒരു വര്‍ഷമായിരുന്നു. മതതീവ്രതയ്ക്കും ഭീകരതയ്ക്കും ആഗോള യുദ്ധ ഭീഷണികള്‍ക്കും കുറവ് വന്നില്ല. ആഗസ്റ്റ് ഒമ്പതാം തിയതി കേരളത്തിലുണ്ടായ വെള്ളപ്പൊക്കം കഴിഞ്ഞ ഒരു നൂറ്റാണ്ടിനുള്ളിലെ ഏറ്റവും വലിയ പ്രകൃതി ക്ഷോപമായിരുന്നു. അതിഘോരമായ മണ്‍സൂണ്‍ കാലാവസ്ഥ കേരളത്തെ വെള്ളത്തിനടിയിലാക്കി. അഞ്ഞൂറില്‍പ്പരം ആള്‍ക്കാര്‍ മരിക്കുകയും അനേകരെ വെള്ളപ്പൊക്കത്തില്‍ കാണാതാവുകയും ചെയ്തു. 2018-സെപ്റ്റംബറില്‍ അറ്റലാന്റിക്ക് സമുദ്രത്തില്‍നിന്നുമുണ്ടായ ഫ്‌ലോറന്‍സ് കൊടുങ്കാറ്റ് വെര്‍ജിനിയായിലും നോര്‍ത്ത് കരോളിനായിലും ആഞ്ഞടിച്ചിരുന്നു. അതുമൂലം 51 മരണങ്ങള്‍ സംഭവിച്ചിരുന്നു. ഒക്ടോബര്‍ മാസത്തിലുണ്ടായ 'മൈക്കിള്‍' എന്ന കൊടുങ്കാറ്റ് ഫ്‌ലോറിഡായിലും ജോര്‍ജിയായിലും കരോളിനായിലും വെര്‍ജിനിയായിലും ശക്തമായി വീശിയിരുന്നു. 46 ജീവനുകള്‍ നഷ്ടപ്പെടുകയുണ്ടായി. കഴിഞ്ഞ ഓഗസ്റ്റുമാസത്തില്‍ പോര്‍ട്ടറിക്കോയില്‍ 'മാരിയ' എന്ന കൊടുങ്കാറ്റു മൂലം 4600 മരണങ്ങള്‍ വരെ സംഭവിച്ചിട്ടുണ്ടാകാമെന്നും കണക്കാക്കിയിരുന്നു. 2018 നവംബര്‍ ഒമ്പതാം തിയതി വടക്കു തെക്കേ കാലിഫോര്‍ണിയായുടെ വനത്തിലുണ്ടായ തീ പിടുത്തത്തില്‍ ആയിരക്കണക്കിന് ഏക്കറുകളോളം വനഭൂമികള്‍ അഗ്‌നിക്കിരയായി. 90 മരണങ്ങള്‍ സംഭവിച്ചു. കാലിഫോര്‍ണിയായുടെ ചരിത്രത്തില്‍ ഉണ്ടായ ഏറ്റതും വലിയ തീപിടുത്തമെന്നും അതിനെ കരുതുന്നു.

ഇന്ത്യയെ സംബന്ധിച്ച് കഴിഞ്ഞു പോയ '2018' ശുഭകരമായിരുന്നില്ല. ഇന്ത്യന്‍ രൂപയുടെ വിലയിടിഞ്ഞത്! അമിതമായ വിലപ്പെരുപ്പത്തിനു കാരണമായി. ഇന്ത്യന്‍ രൂപ ഒരു ഡോളറിന് 73.4 രുപാ നിരക്കില്‍ മാര്‍ക്കറ്റില്‍ ക്രയവിക്രയം ചെയ്യുന്നു. അധികം താമസിയാതെ ഡോളര്‍ വില 75 രൂപയില്‍ കവിയുമെന്നും കണക്കാക്കുന്നു. ഇപ്പോഴത്തെ നിലവാരത്തിലുള്ള മാക്രോ ഇക്കണോമിക്‌സ് സാമ്പത്തിക വളര്‍ച്ചക്ക് തടസമുണ്ടാകുമെന്നും ഭയപ്പെടുന്നു. വിദേശത്തു പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസ ചെലവുകള്‍ക്കായി കൂടുതല്‍ പണം കരുതണം. ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് അധിക ബില്ലുകള്‍ നല്‍കേണ്ടി വരുന്നു. ക്രൂഡ് ഓയിലിനും സാധാരണക്കാര്‍ക്ക് താങ്ങാന്‍ സാധിക്കാതെ വില വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഡോളര്‍ വില കൂടുന്നതനുസരിച്ച് ഇന്ത്യയില്‍ വിലപ്പെരുപ്പം ഉണ്ടാവുകയും അത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ബാധിക്കുകയും ചെയ്യും. അസംസ്‌കൃത സാധനങ്ങള്‍ വെളിയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതുകൊണ്ട് ഉത്ഭാദന ചെലവുകള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഉപഭോക്താക്കള്‍ കൂടുതല്‍ വില കൊടുത്ത് ഉപഭോഗവസ്തുക്കള്‍ വാങ്ങേണ്ടിയും വരുന്നു. 2019-ല്‍ നടക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിനു ശേഷം ഇന്ത്യയുടെ മാര്‍ക്കറ്റ് ഇക്കണോമിക്ക്‌സിന് എന്തു സംഭവിക്കുമെന്ന കാര്യത്തിലും ഒരു തീര്‍ച്ചയില്ല.

2019-ലേക്ക് ഒരു എത്തിനോട്ടം നടത്തുമ്പോള്‍ ഇന്ത്യ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളില്‍ നക്‌സലിസം ഒരു വെല്ലുവിളിയാണ്. മത ഭ്രാന്തന്മാരും വര്‍ഗീയ ശക്തികളും ഇന്ത്യയുടെ മതേതരത്വത്തെ തകര്‍ത്തുകൊണ്ടിരിക്കുന്നു. പൊതു മേഖലകള്‍ ഇല്ലാതാക്കിയതുമൂലം പ്രൈവറ്റ് ഇക്കണോമിയും അമ്പാനിമാരും രാജ്യം ഭരിക്കുന്നു. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം അങ്ങേയറ്റം വര്‍ദ്ധിച്ചിരിക്കുകയാണ്. അന്തരീക്ഷ മലിനീകരണവും പ്രകൃതി വാതക വിസര്‍ജനങ്ങളും രാജ്യത്തിനു ഭീക്ഷണിയായി തുടരുന്നു. ആശയ വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ നിരവധി രാഷ്ട്രീയ പാര്‍ട്ടികളും അവിശുദ്ധ കൂട്ടുകെട്ടുകളും ജനാധിപത്യത്തിന് ഭീക്ഷണിയാണ്. ബാലറ്റ് പേപ്പറില്‍ നിന്നും ഇലക്ട്രോ വോട്ടിങ് സമ്പ്രദായം നടപ്പിലാക്കിയതു മൂലം നിരവധി ക്രമക്കേടുകള്‍ സംഭവിക്കുന്നുവെന്നു പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നുമുണ്ട്. ഇന്ത്യയും പാക്കിസ്ഥാനുമായും ഇന്ത്യയും ചൈനയുമായും ഒത്തുതീര്‍പ്പില്ലാത്ത അതിര്‍ത്തി തര്‍ക്കങ്ങള്‍ തുടരുന്നത് പുതുവര്‍ഷത്തിലും രാജ്യത്തിന്റെ അഖണ്ഡതയ്ക്കുള്ള ഭീക്ഷണിയായി തുടരുകയും ചെയ്യുന്നു.

ആഗോള സാമ്പത്തികം താഴോട്ടുപോകുന്ന വാര്‍ത്തകള്‍ ഇന്ന് മാദ്ധ്യമ ലോകത്ത് സാധാരണമായിരിക്കുകയാണ്.'ഇന്റര്‍ നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ' റിപ്പോര്‍ട്ടനുസരിച്ച് 2018-ല്‍ 3.7 ശതമാനം സാമ്പത്തിക വളര്‍ച്ചയുണ്ടായിരുന്നു. 2017-ലും ഇതേ നിരക്കില്‍ ലോകം വളര്‍ച്ച നേടിയിരുന്നു. 2019 -ലും മാറ്റമില്ലാത്ത സാമ്പത്തിക വളര്‍ച്ചയുണ്ടാകുമെന്നും അനുമാനിക്കുന്നു. വ്യവസായ യുദ്ധങ്ങള്‍, യൂറോപ്പ്യന്‍ യൂണിയനോട് ഇറ്റലിയുടെ യുദ്ധം, ഇറാനെതിരെയുള്ള ഉപരോധം, ചൈനയുടെ വ്യവസായ ലോകത്തെ കുത്തക, പരിഭ്രാന്തി നിറഞ്ഞ സ്റ്റോക്ക് മാര്‍ക്കറ്റ്, അവികസിത രാഷ്ട്രങ്ങളില്‍ മൂലധനം ഇല്ലായ്മ, മുതലായവകളെല്ലാം 2018 ന്റെ നിറങ്ങളാര്‍ന്ന കഥകളാണ്.

ഏഷ്യന്‍ സാമ്പത്തിക വ്യവസ്ഥിതിയില്‍ ചൈനയും ഇന്ത്യയും തമ്മിലുള്ള വ്യവസായ യുദ്ധം ഇന്ത്യയ്ക്ക് അനുകൂലമല്ല. ലോകത്തില്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഇന്ത്യ രണ്ടാമത് നില്‍ക്കുന്നു. ഇന്ത്യന്‍ രൂപായുടെ ഇടിവുമൂലം ഇന്ത്യയെ വല്ലാത്ത ഒരു സ്ഥിതിവിശേഷത്തില്‍ ഇന്ന് എത്തിച്ചിരിക്കുകയാണ്. 2019-ലും വര്‍ദ്ധിച്ചു വരുന്ന ക്രൂഡോയില്‍ വില വര്‍ദ്ധന തടയാന്‍ പ്രതീക്ഷകള്‍ കാണുന്നില്ല. 2030 ആകുമ്പോള്‍ രാജ്യത്തിന്റെ വാഹനങ്ങളില്‍ മുപ്പതു ശതമാനം ഇലക്ട്രിക്കല്‍ കാറുകളായിരിക്കുമെന്ന് അനുമാനിക്കുന്നു. അങ്ങനെയെങ്കില്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന ബില്ലുകള്‍ കുറയുകയും ചെയ്യും. കൂടാതെ മറ്റു വെല്ലുവിളികളും ഇന്ത്യ നേരിടുന്നുണ്ട്. വിലകൂടിയ അസംസ്‌കൃത സാധനങ്ങള്‍ രാജ്യത്ത് സുലഭമല്ലാത്തതിനാല്‍ ഇറക്കുമതിയെ ആശ്രയിക്കുന്നു. ഉത്ഭാദന ചിലവുകള്‍ വര്‍ദ്ധിക്കുകയും ഉല്‍പ്പന്നങ്ങള്‍ക്ക് മാര്‍ക്കറ്റില്‍ അമിത വില കൊടുക്കേണ്ടിയും വരുന്നു. രാജ്യത്തിന്റെ ആന്തര ഘടകങ്ങള്‍ക്കു മാറ്റം വരുത്തുകയും അടിസ്ഥാന സൗകര്യങ്ങള്‍ പുരോഗമിക്കേണ്ടതായുമുണ്ട്.



ലോകത്തിന്റെ സാമ്പത്തിക പുരോഗതിയില്‍ ഇന്ന് വളരെയധികം വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. 2008-2015 ല്‍ ആഗോള ജിഡിപി 63.4 ട്രില്യനായിരുന്നത് 2018-ല്‍ ജിഡിപി 80.7 ട്രില്യനായി വര്‍ദ്ധിച്ചു. എന്നാല്‍ അടുത്ത കാലത്ത് 120 മില്യണ്‍ ജനങ്ങള്‍ക്കുകൂടെ ലോക സഹായ സംഘടനകളില്‍ നിന്നും സഹായം ആവശ്യമായി വന്നു. ഇന്ന് ലോകജനതയില്‍ ഒരു ശതമാനം ജനങ്ങള്‍ക്ക് മാനുഷികമായ നീതി ലഭിക്കുന്നില്ല. പ്രകൃതി ദുരന്തങ്ങള്‍, യുദ്ധങ്ങള്‍, മഹാ രോഗങ്ങള്‍ മുതലായവകള്‍ മനുഷ്യരെ ദുഖിതരാക്കുന്നു. ദാരിദ്ര്യം, ജന പെരുപ്പം, കാലാവസ്ഥ വ്യതിയാനം എന്നിവകള്‍മൂലം മനുഷ്യജീവിതം ദുഷ്‌ക്കരമായിരിക്കുന്നു. ആഗോള സാമ്പത്തിക വ്യവസ്ഥിതി പുരോഗമിക്കുന്നുണ്ടെങ്കിലും മാനുഷിക പരിഗണനകള്‍ക്കായുള്ള ആവശ്യങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. പതിറ്റാണ്ടുകള്‍ക്കു മുമ്പ് നിലവിലുണ്ടായിരുന്നതിനേക്കാളും ഇന്ന് മാനുഷികമായ സഹായം ആവശ്യമുള്ളവരുടെ എണ്ണവും വര്‍ദ്ധിച്ചു. അവരുടെ മെച്ചമായ ആരോഗ്യ സുരക്ഷിതത്വവും ആവശ്യമാണ്. ആധുനിക ലോകത്തില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഇന്ന് ജനങ്ങളെ ചുറ്റിപ്പറ്റി നിലകൊള്ളുന്നു. പണ്ടുണ്ടായിരുന്ന സഹായങ്ങളേക്കാള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സഹായം ആവശ്യമായും വരുന്നു. ദാരിദ്ര്യം ഇന്നു കാണുന്നത് കൂടുതലും ദരിദ്ര രാഷ്ട്രങ്ങളിലാണ്. യുദ്ധം മൂലം കഷ്ടപ്പെടുന്ന രാജ്യങ്ങളിലും സഹായങ്ങള്‍ ആവശ്യമായി വരുന്നു. പ്രകൃതി ദുരന്തങ്ങള്‍ കൂടുതലായും ബാധിക്കുന്നത് ദരിദ്ര ജനങ്ങളിലാണ്. ദരിദ്ര രാജ്യങ്ങളില്‍ പ്രകൃതി ദുരന്തങ്ങളുണ്ടായാല്‍ ധനിക രാഷ്ട്രങ്ങളിലേക്കാള്‍ ഏഴിരട്ടി മരണം സംഭവിക്കാറുണ്ട്.

2018-ലെ ലോക വാര്‍ത്തകളില്‍ പ്രത്യേകിച്ച് അമേരിക്കയുടെ വാര്‍ത്തകളില്‍ അവസാനമായി നാം കേള്‍ക്കുന്നത് അമേരിക്കയില്‍ ട്രംപ് ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിക്കുന്നുവെന്നാണ്. അമേരിക്കയുടെ ചരിത്രപരമായ ഇടക്കാല തിരഞ്ഞെടുപ്പും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. രാഷ്ട്രീയം, സാംസ്‌ക്കാരികം, ശാസ്ത്രം, പരിസ്ഥിതികള്‍ എന്നിങ്ങനെ വിവിധ മേഖലകളുടെതായ ഒരു ചരിത്രം 2018 നു പറയാനുണ്ട്. രാഷ്ട്രീയത്തിലും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയിടയിലും കുടിയേറ്റ നിയന്ത്രണ നിയമം അമേരിക്കയുടെ ചരിത്രത്തില്‍ ഏറ്റവും എന്നും കര്‍ശനമേറിയതായിരുന്നു. ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടാം വര്‍ഷ ഭരണ കാലത്ത് കുടിയേറ്റ പ്രശ്‌നം അതി തീവ്രമായ ചൂടു പിടിച്ച വാര്‍ത്തകളിലൊന്നായി മാറുകയും ചെയ്തു. കുടിയേറ്റക്കാരുടെ കുട്ടികള്‍ക്ക് 'ഒബാമ നിയമം' അനുസരിച്ച് പരിരക്ഷ നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ജനുവരി മാസത്തില്‍ കുടിയേറ്റക്കാരായ കുട്ടികളെ താത്കാലികമായി അമേരിക്കയില്‍ സംരക്ഷിക്കുന്ന ഒബാമ നിയമം ട്രംപിന്റെ പദ്ധതിപ്രകാരം ഇല്ലാതാക്കി. ഇത് മാനുഷിക മൂല്യങ്ങള്‍ക്കും മനുഷ്യത്വത്തിനും, എതിരായ ഒരു തീരുമാനമായിരുന്നു.

ട്രംപിന്റെ നയത്തില്‍ അനധികൃതമായി അമേരിക്കന്‍ മണ്ണില്‍ വന്നെത്തുന്ന കുടിയേറ്റക്കാരോട് യാതൊരു മാനുഷിക പരിഗണനകളും കാണിച്ചിരുന്നില്ല. 2300 കുട്ടികളെ മാതാപിതാക്കളില്‍ നിന്നും വേര്‍തിരിച്ചത് ലോക മനസാക്ഷിയെ തന്നെ കരയിപ്പിക്കുന്നതായിരുന്നു. കുടുംബങ്ങളെ തമ്മില്‍ വേര്‍തിരിക്കുന്ന ട്രംപിന്റെ കഴിഞ്ഞ ജൂണ്‍ മാസത്തിലുള്ള എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ ലോകമാകമാനമുള്ള മാനുഷിക പ്രവര്‍ത്തകരില്‍ അങ്കലാപ്പും സൃഷ്ടിച്ചിരുന്നു. നുഴഞ്ഞുകയറുന്ന കുടിയേറ്റക്കാരെ തടയാനായി 2018 നവംബറില്‍ ട്രംപ് ഭരണകൂടം ഏകദേശം 6000 അമേരിക്കന്‍ ഭടന്മാരെ മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ വിന്യസിപ്പിച്ചിരുന്നു. മദ്ധ്യ അമേരിക്കയില്‍ നിന്നാണ് കൂടുതലും കുടിയേറ്റക്കാര്‍ ഈ രാജ്യത്തിലേക്ക് പ്രവഹിക്കുന്നത്.

2018-ല്‍ കൊറിയന്‍ പെനിസുലായില്‍ ലോകത്തിന്റെ കണ്ണുകള്‍ മുഴുവന്‍ തിരിഞ്ഞിരുന്നു. നീണ്ട കാലം വടക്കേ കൊറിയായുമായുള്ള പോരാട്ടത്തിനുശേഷം സൗത്ത് കൊറിയായിലെയും നോര്‍ത്ത് കൊറിയായിലെയും നേതാക്കന്മാര്‍ കഴിഞ്ഞ ഏപ്രിലില്‍ പരസ്പ്പരം കണ്ടുമുട്ടിയതും ചരിത്രപരമായ ഒരു മുഹൂര്‍ത്തമായിരുന്നു. രണ്ടു കൊറിയാകളും യുദ്ധം അവസാനിപ്പിക്കാനും ന്യുക്ളീയര്‍ ആയുധ വിമുക്തമാക്കാനുമുള്ള ഉടമ്പടികള്‍ ഒപ്പു വെക്കുകയും ചെയ്തു. അതിനുശേഷം പ്രസിഡന്റ് ട്രംപും നോര്‍ത്ത് കൊറിയന്‍ പ്രസിഡന്റ് കിമ്മും തമ്മില്‍ സിംഗപ്പൂരില്‍വെച്ച് ചര്‍ച്ചകള്‍ നടത്തിയതും സമാധാനത്തിനായുള്ള കാല്‍വെപ്പിന്റെ തുടക്കമായിരുന്നു. 2018 ജൂണ്‍ പന്ത്രണ്ടാം തിയതി നോര്‍ത്ത് കൊറിയന്‍ പ്രസിഡന്റ് കിം ജോങ്ങും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പരസ്പ്പരം കൈകള്‍ നല്കിക്കൊണ്ടായിരുന്നു ചരിത്രപരമായ ആ കൂടിക്കാഴ്ച നടത്തിയത്.

സിറിയായിലെ പ്രസിഡന്റ് 'ബാഷര്‍ അല്‍ അസ്സാദിന്റെ' സൈന്യങ്ങള്‍ ഒരു വശത്തും ഐസിഎസ് ഭീകരര്‍ മറുഭാഗത്തും നിന്നുകൊണ്ട് യുദ്ധ ഭീക്ഷണികള്‍ മുഴക്കിക്കൊണ്ടിരുന്നു. സിറിയയിലെ സിവില്‍ യുദ്ധങ്ങള്‍ മാറ്റമില്ലാതെ ഇന്നും തുടരുന്നു. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ റെബലുകള്‍ കേന്ദ്രമായ ഡൗമായില്‍ കെമിക്കല്‍ ആയുധങ്ങളുടെ പ്രയോഗം മൂലം നിരവധി ജനങ്ങള്‍ മരിക്കുകയുണ്ടായി. അമേരിക്കയും പടിഞ്ഞാറന്‍ രാജ്യങ്ങളും റെബലുകളുടെ ഭീഷണിയെ നേരിടാന്‍ ബോംബുകളും വര്‍ഷിച്ചുകൊണ്ടിരിക്കുന്നു. 2018 ഏപ്രില്‍ മുതല്‍ ഏകദേശം 5.6 മില്യണ്‍ സിറിയന്‍ അഭയാര്‍ഥികള്‍ രാജ്യം വിട്ടുവെന്നും യൂറോപ്പും അതിനപ്പുറവും കടന്ന് അഭയാര്‍ഥികളായി കഴിയുന്നുവെന്നും യുഎന്‍ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

ബ്രിട്ടീഷ് രാജകുടുംബത്തിലെ 'ഹാരി രാജകുമാരന്‍' രാജ കുടുംബാംഗമല്ലാത്ത അമേരിക്കന്‍ നടി 'മെഗന്‍ മാര്‍ക്കി'യെ വിവാഹം ചെയ്തത് ചരിത്രം കുറിക്കുന്ന വാര്‍ത്തയായിരുന്നു. 2018 മെയ് പത്തൊമ്പതാം തിയതി ' 'മെഗന്‍ മാര്‍ക്കിയെ ബ്രിട്ടീഷ് രാജകുടുംബാംഗമായി അംഗീകരിക്കുകയും ചെയ്തു. ഇതേ സംബന്ധിച്ച് എലിസബത്ത് രാജ്ഞിയുടെ പ്രത്യേക അറിയിപ്പുമുണ്ടായിരുന്നു. രാജകീയ ദമ്പതികള്‍ അവര്‍ക്കു പിറക്കാന്‍ പോകുന്ന കുഞ്ഞിന്റെ വിവരവും ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ജര്‍മ്മന്‍ ചാന്‍സലറായി 'ഏഞ്ചല മെര്‍ക്കല്‍' സത്യപ്രതിജ്ഞ ചെയ്തതും 2018-നു പ്രാധാന്യം നല്‍കുന്നു. അതുപോലെ മാര്‍ച്ചു പതിനെട്ടാം തിയതി പ്രസിഡണ്ട് 'വ്‌ലാദിമിര്‍ പുടിന്‍' നാലാം തവണയും റഷ്യയുടെ പ്രസിഡന്റായി തിരഞ്ഞെടുത്തു. ആറുവര്‍ഷമാണ് റഷ്യന്‍ പ്രസിഡന്റിന്റെ കാലാവധി. ചൈനയുടെ പ്രസിഡന്റ് കാലാവധി നിര്‍ണ്ണയിക്കാനായി അവിടെ ഭരണഘടനയ്ക്ക് മാറ്റം വരുത്തി. അജീവനാന്തം 'ജിന്‍പിങ് ചിയെ' പ്രസിഡണ്ടായി അംഗീകരിച്ചുകൊണ്ടുള്ള ഭരണഘടന ഭേദഗതിയായിരുന്നു അത്. മെയ് പതിനഞ്ചാം തിയതി ഇറാക്കില്‍ നിയമപരമായ തിരഞ്ഞെടുപ്പ് നടന്നു. ഇസ്ലാമിക്ക് സ്റ്റേറ്റിനെ പരാജയപ്പെടുത്തിയ ശേഷമുള്ള ആദ്യത്തെ തിരഞ്ഞെടുപ്പായിരുന്നു അത്. ഫെബ്രുവരി ഇരുപത്തിനാലാം തിയതി ക്യൂബയില്‍ 'റൗള്‍ കാസ്‌ട്രോ' അധികാരം ഒഴിഞ്ഞു. ആറു പതിറ്റാണ്ടിനു ശേഷം അത് കാസ്‌ട്രോ നേതൃത്വത്തിന്റെ അന്ത്യയുഗം കുറിക്കലായിരുന്നു. 2018-ല്‍ പ്രസിദ്ധ രാഷ്ട്രതന്ത്രജനും റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും അമേരിക്കന്‍ സെനറ്ററുമായിരുന്ന ജോണ്‍ മക്കയിന്റെ മരണവും ദുഃഖകരമായിരുന്നു. അതുപോലെ ബാര്‍ബറ ബുഷും ജോര്‍ജ് ബുഷും മരിച്ചത് 2018-ലായിരുന്നു.

അറുപത്തിയഞ്ചു വര്‍ഷത്തില്‍പ്പരം അമേരിക്കയിലും മറ്റു വിദേശ രാജ്യങ്ങളിലും പ്രവര്‍ത്തിച്ചിരുന്ന ഭീമാകാര വ്യവസായ കമ്പനി 'ടോയ്സ് സറാസ്' പാപ്പരത്വം പ്രഖ്യാപിച്ചതും അമേരിക്കയുടെ സാമ്പത്തിക മേഖലകളെ ഇളക്കി മറിച്ചിരുന്നു. 'സീയേഴ്‌സും' ഈ വര്‍ഷം പാപ്പരത്വം ഫയല്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഫയല്‍ ചെയ്ത 'ടോയ്സ് സാറാസ്' 2018-ല്‍ പൂട്ടുകയും ചെയ്തു. ഫേസ്ബുക്ക് കമ്പനിക്ക് നിയമപരമായ കേസുകളെ ഈ വര്‍ഷം അഭിമുഖീകരിക്കേണ്ടി വന്നു. ഗുരുതരമായ 'ഡേറ്റാ' ക്രമക്കേടുകളുടെ പേരില്‍ ഫേസ് ബുക്ക് സ്ഥാപകനായ 'മാര്‍ക്ക് സുക്കെര്‍ബെര്‍ഗിന്' 119 ബില്യണ്‍ ഡോളര്‍ ഒറ്റ ദിവസംകൊണ്ടു നഷ്ടപ്പെട്ടു. 2018 'ആപ്പിള്‍ കമ്പനി'ക്ക് അനുകൂലമായ വര്‍ഷമായിരുന്നു. ഒരു ട്രില്യന്‍ ഡോളര്‍ പബ്ലിക്ക് കമ്പനിയായി ആപ്പിള്‍ കമ്പനി ഉയര്‍ത്തപ്പെട്ടു. കമ്പ്യുട്ടര്‍ ലോകത്തില്‍ പ്രധാന കോര്‍പ്പറേറ്റ് കമ്പനിയായി വളരുകയും ചെയ്തു. ലോകത്തിലെ ഏറ്റവും മുന്നിട്ടു നില്‍ക്കുന്ന സോഷ്യല്‍ നെറ്റ് വര്‍ക്കിന്റെ സ്ഥാനത്ത് ഇന്ന് ആപ്പിള്‍ അറിയപ്പെടുന്നു.

അമേരിക്കയില്‍ തോക്കുകള്‍ നിയന്ത്രിക്കുന്ന നിയമം നടപ്പാക്കണമോയെന്ന വിവാദങ്ങള്‍ മുന്നേറുന്നുണ്ടെങ്കിലും 2018-ലും നാടാകെ നിര്‍ദോഷികള്‍ തോക്കിന്‍ മുനയില്‍ കൊല്ലപ്പെട്ടിരുന്നു. 2018 ഫെബ്രുവരി പതിനാലാം തിയതി ഫ്‌ലോറിഡായില്‍ 'ഡഗ്ലസ് സ്റ്റോണ്‍മെന്‍' ഹൈസ്‌കൂളില്‍ ഉണ്ടായ വെടിവെപ്പില്‍ അനേകര്‍ കൊല്ലപ്പെടുയും മുറിവേല്‍ക്കുകയുമുണ്ടായി. സതേണ്‍ കാലിഫോര്‍ണിയയിലെ ഒരു ബാറിലും പിറ്റസ്ബര്‍ഗിലെ സിനഗോഗിലും വെടിവെപ്പുകളുണ്ടായി. ദേശീയ നിലവാരത്തില്‍ തോക്കു നിയന്ത്രണത്തിന്റെ ആവശ്യകതയെ ചൂണ്ടി കാണിക്കുന്നുണ്ടെങ്കിലും ക്രിയാത്മകമായ ഒരു നിയമം അമേരിക്കയില്‍ നടപ്പാക്കാന്‍ നാളിതുവരെ സാധിച്ചിട്ടില്ല. 'ഗണ്‍ കണ്ട്രോള്‍' നിയമം പ്രാബല്യമാക്കണമെങ്കില്‍ വ്യക്തികള്‍ക്ക് ഗണ്‍ ഉപയോഗിക്കാമെന്നുള്ള ഭരണഘടനയുടെ രണ്ടാം അമെന്‍ഡ്‌മെന്റ് (2nd amendment) ഭേദഗതി ചെയ്യേണ്ടതായുണ്ട്. 2018 മാര്‍ച്ച് ഇരുപത്തിനാലാം തിയതി വാഷിംഗ്ടണ്‍ ഡിസിയില്‍ നൂറു കണക്കിന് ജനം തടിച്ചുകൂടുകയും രാജ്യത്തിലെ പൗരനിയമമനുസരിച്ചുള്ള തോക്കുകള്‍ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

2018-ന്റെ തുടക്കത്തില്‍ മൂന്നു ചന്ദ്രഗ്രഹണങ്ങള്‍ ഭൂതലത്തില്‍ അടുത്തടുത്ത് സംഭവിക്കുകയുണ്ടായി. 1866-നു ശേഷം അത്തരം ചന്ദ്രഗ്രഹണങ്ങള്‍ ആദ്യത്തെ സംഭവമായിരുന്നു. അതിനെ 'സൂപ്പര്‍ ബ്ലൂ ബ്ലഡ് മൂണ്‍' എന്ന് ശാസ്ത്ര ലോകം വിളിച്ചു. 2018 ജനുവരി മുപ്പത്തിയൊന്നാം തീയതിയില്‍ പൂര്‍ണ്ണ ചന്ദ്രഗ്രഹണമുണ്ടായിരുന്നു. രക്തച്ചുമപ്പിന്റെ നിറത്തിലും നീല നിറത്തിലും കണ്ട ചന്ദ്രിക പ്രഭയെ ആ മാസത്തിലുണ്ടായ രണ്ടാം ചന്ദ്ര ഗ്രഹണമെന്നും പറയുന്നു. കൂടാതെ ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്ത ദിവസവുമായിരുന്നു. അതുകൊണ്ട് അതിനെ 'സൂപ്പര്‍ മൂണ്‍' എന്നും വിളിച്ചു.

ശാസ്ത്ര ലോകത്ത് നാസ സൂര്യനഭിമുഖമായി അയച്ച 'സോളാര്‍ പ്രോബ്' ഒരു നേട്ടമായിരുന്നു. $1.5 ബില്യണ്‍ ഡോളര്‍ അതിന് ചിലവുണ്ടായിരുന്നു. സൂര്യനെ ലക്ഷ്യമാക്കിയുള്ള ഭ്രമണപഥത്തിലേക്ക് അയക്കുന്ന ഒരു ഗ്രഹമായിരുന്നു അത്. സൂര്യനില്‍ നിന്നും 3.83 മില്യണ്‍ മൈല്‍ ദൂരത്തു നടത്തിയ ആദ്യത്തെ സൂര്യ ഗവേഷണവുമായിരുന്നു, അത്. അടുത്ത ഏഴു വര്‍ഷത്തിനുള്ളില്‍ 'പാര്‍ക്കര്‍' എന്ന സോളാര്‍ പ്രോബ് അത്തരം ഭ്രമണപദത്തിലേക്കുള്ള 24 ഗവേഷണ പരമ്പരകള്‍ നടത്താനും പദ്ധതിയിട്ടുണ്ട്.

'യുണൈറ്റഡ് നാഷന്റെ ആഗോള പാനല്‍ റിപ്പോര്‍ട്ട്' പ്രകാരം 2040 ആകുമ്പോള്‍ ഭൂമിയുടെ താപനില 2.7 ഡിഗ്രി ഫാരന്‍ ഹീറ്റായി വര്‍ദ്ധിക്കുമെന്നു ഗണിച്ചിരിക്കുന്നു. അതുമൂലം പ്രതലത്തില്‍ അമിതമായ ചൂട്, അനുഭവപ്പെടാം. ആഗോള തലത്തില്‍ ഘോരമായ വെള്ളപ്പൊക്കം, വരള്‍ച്ച, ഭക്ഷണം അപര്യാപ്തത, ദാരിദ്ര്യം മുതലായവ സംഭവിക്കാം. 2100 ആകുമ്പോള്‍ സൂര്യതാപമേറ്റ് അനേകായിരങ്ങള്‍ മരണമടയുകയും ചെയ്യാം. അതിനുള്ള തയ്യാറെടുപ്പിനായി $141ബില്യണ്‍ ഡോളര്‍ അമേരിക്ക ചെലവാക്കേണ്ടി വരുന്നു. ദേശീയ വരുമാനത്തിന്റെ പത്തു ശതമാനം അധികമായി ബഡ്ജറ്റില്‍ മാറ്റി വെക്കേണ്ടിയും വരും.

കഴിഞ്ഞ കാലങ്ങളില്‍ ശാസ്ത്രത്തിന്റ മുന്നേറ്റത്തില്‍ ലോകത്ത് നിരവധി വികസനങ്ങളും പുരോഗതികളും ഉണ്ടായിട്ടുണ്ട്. 2008-നും 2015 നുമിടയില്‍ ദരിദ്ര വിഭാഗങ്ങള്‍ 1.2 ബില്യണ്‍ ഉണ്ടായിരുന്നത് അവരുടെ ജനസംഖ്യ 2017 ആയപ്പോഴേക്കും 736 മില്യനായി കുറഞ്ഞു. 2018-ല്‍ മറ്റുള്ള രാജ്യങ്ങളുടെ സാമ്പത്തികം ഇളകിമറിയുമ്പോള്‍ അമേരിക്കയുടെ സാമ്പത്തിക വളര്‍ച്ച മെച്ചമായിരുന്നുവെന്നും കരുതണം. അത് അമേരിക്കക്കാര്‍ക്ക് മാത്രമേ ഗുണപ്രദമാവുള്ളൂവെന്നും ചോദ്യം വരാം. എന്നാല്‍ ഉപഭോഗ വസ്തുക്കള്‍ ഉല്‍പ്പാദിപ്പിക്കുന്ന അമേരിക്കയുമായി കച്ചവട ബന്ധമുള്ള രാജ്യങ്ങള്‍ക്കെല്ലാം ഉറച്ച അമേരിക്കന്‍ സാമ്പത്തികം പ്രയോജനപ്പെടും. അമേരിക്കയുടെ സാമ്പത്തിക കയറ്റം ആഗോള തലത്തില്‍ സാമ്പത്തിക വളര്‍ച്ചയുണ്ടാകാന്‍ സഹായിക്കുകയേയുള്ളൂ.

അമേരിക്കന്‍ സാമ്പത്തിക വളര്‍ച്ച മറ്റു രാഷ്ട്രങ്ങളുടെ വളര്‍ച്ചയ്ക്ക് തടസമാകാനുമിടയുണ്ട്. വേണ്ടത്ര മൂലധനം കരുതലില്ലാത്ത രാഷ്ട്രങ്ങളുടെ സാമ്പത്തികത്തെ അത് ബാധിക്കുന്നു. അര്‍ജന്റീനയും ടര്‍ക്കിയും വിദേശ മൂലധനം ആശ്രയിച്ചു കഴിയുന്ന രാജ്യങ്ങളാണ്. ആഗോള നിക്ഷേപകര്‍ സാധാരണ കൂടുതല്‍ പലിശ കിട്ടുന്ന സ്ഥാപനങ്ങളില്‍ പണം നിക്ഷേപിക്കാറുണ്ട്. ഉറച്ച സാമ്പത്തിക സ്ഥിരതയുള്ള യു.എസില്‍ പണം നിക്ഷേപിക്കാനാണ് അവികിസിത രാജ്യങ്ങള്‍ താല്പര്യപ്പെടാറുള്ളത്. അമേരിക്കയുടെ ഫെഡറല്‍ റിസേര്‍വ് 2018-ല്‍ പലിശ നിരക്ക് കൂട്ടിയ കാരണം വിദേശ നിക്ഷേപകരെ അമേരിക്കയിലേക്ക് ആകര്‍ഷിക്കുന്നു. വേണ്ടത്ര മൂലധനം കരുതലില്ലാത്ത രാഷ്ട്രങ്ങളെ അത് ബാധിക്കുന്നു. മറ്റു രാജ്യങ്ങളും അതോടൊപ്പം പലിശ നിരക്ക് കൂട്ടേണ്ടി വരുന്നു. അത് അവികിസിത രാജ്യങ്ങളുടെ വളര്‍ച്ചയെ തളര്‍ത്തും. പ്രസിഡന്റ് ട്രംപിന്റെ ഇറക്കുമതി നയത്തില്‍ കൂടുതല്‍ നികുതി ചുമത്താനുള്ള തീരുമാനം അമേരിക്കയും വിദേശ രാജ്യങ്ങളുമായുള്ള വ്യവസായ യുദ്ധത്തിനു വഴിയൊരുക്കാന്‍ കാരണമാകും.

പുതിയ വര്‍ഷം ഉദയം ചെയ്യാന്‍ ഇനി കുറച്ചു സമയം മാത്രം. സംഭവബഹുലമായ ദിനങ്ങള്‍ കാഴ്ചവെച്ച 2018 നോട് വിട! സമാധാനത്തിലധിഷ്ഠിതമായ പുത്തനായ ഒരു ലോകം പടുത്തുയര്‍ത്തുകയെന്ന ലക്ഷ്യത്തിനായി നമുക്ക് പ്രതിജ്ഞ ചെയ്യാം. പ്രതീക്ഷകളാണ് നമ്മെ തളര്‍ത്താതെ മുമ്പോട്ട് നയിക്കുന്നത്. ഐശ്വര്യ ദേവത ഈ ഭൂമിയെ നിത്യം ഹരിതകമായി നിലനിര്‍ത്തട്ടെയെന്നും പ്രത്യാശിക്കട്ടെ. 2019'-നു സ്വാഗതമരുളുന്നു. എല്ലാ വായനക്കാര്‍ക്കും പുതുവത്സരത്തിന്റെ ആശംസകളും.
2018-ലെ പ്രതിസന്ധികളും സുഖ ദുഃഖങ്ങളും പുതുവത്സര പ്രതീക്ഷകളും (ജോസഫ് പടന്നമാക്കല്‍)2018-ലെ പ്രതിസന്ധികളും സുഖ ദുഃഖങ്ങളും പുതുവത്സര പ്രതീക്ഷകളും (ജോസഫ് പടന്നമാക്കല്‍)2018-ലെ പ്രതിസന്ധികളും സുഖ ദുഃഖങ്ങളും പുതുവത്സര പ്രതീക്ഷകളും (ജോസഫ് പടന്നമാക്കല്‍)2018-ലെ പ്രതിസന്ധികളും സുഖ ദുഃഖങ്ങളും പുതുവത്സര പ്രതീക്ഷകളും (ജോസഫ് പടന്നമാക്കല്‍)2018-ലെ പ്രതിസന്ധികളും സുഖ ദുഃഖങ്ങളും പുതുവത്സര പ്രതീക്ഷകളും (ജോസഫ് പടന്നമാക്കല്‍)2018-ലെ പ്രതിസന്ധികളും സുഖ ദുഃഖങ്ങളും പുതുവത്സര പ്രതീക്ഷകളും (ജോസഫ് പടന്നമാക്കല്‍)2018-ലെ പ്രതിസന്ധികളും സുഖ ദുഃഖങ്ങളും പുതുവത്സര പ്രതീക്ഷകളും (ജോസഫ് പടന്നമാക്കല്‍)
Join WhatsApp News
Sudhir Panikkaveetil 2019-01-01 00:00:00
ഒരു വർഷത്തിന്റെ സമഗ്ര അവലോകനം  വളരെ 
ഭംഗിയായി നിർവഹിച്ചിരിക്കുന്നു. അറിവിന്റെ 
നിലവറയിൽ നിന്ന് ഭാഷ അളന്നെടുത്ത വൃത്താന്തങ്ങളുടെ 
നെന്മണികൾ. അനുമോദനം പടന്നമാക്കൽ സാർ.
പുതുവത്സരാശംസകൾ.

Tom abraham 2019-01-01 08:46:10

Calender changes but 'Koran gets his Kanji served on Kumbil' as usual. Trump is doing the governace in grandeur strategy. He still has to look at that waste of 1.2 billion for facing Sun with Nasa sports. In India also, hungry children, no shelter, but launchings all a waste. Eliot s Waste Land India, US or Koreas or China. 

Anthappan 2018-12-31 21:10:33

Very informative article . 
Will President Trump survive his first term? 
"What was once mere speculation has entered into the realm of possibility. With Democrats taking over the House, the President is facing a series of high-profile investigations that deal with very serious charges. While Robert Mueller looks into election interference and possible obstruction of justice, the attorneys general of Maryland and DC want to know whether the President has accepted money from foreign governments, via his hotels, in exchange for access to power. The Southern District of New York is exploring whether Trump Organization executives, other than Michael Cohen, violated campaign finance laws. And in the midst of its legal woes, the Trump Foundation has agreed to dissolve.
The possibility of impeachment proceedings is now very real. Although Democrats continue to push back when questioned about whether they will attempt to trigger this process, inside of Washington there is clear recognition that the facts on the ground might force their hand regardless of what makes for the best politics." 


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക