Image

മോഹന്‍ലാലിന് പഴയ മാജിക്കില്ല; മമ്മൂട്ടിക്ക് പഴയ ഗ്ലാമറുമില്ല. 2018ല്‍ തിളങ്ങിയത് യുവതാരനിര

Published on 31 December, 2018
മോഹന്‍ലാലിന് പഴയ മാജിക്കില്ല; മമ്മൂട്ടിക്ക് പഴയ ഗ്ലാമറുമില്ല. 2018ല്‍ തിളങ്ങിയത് യുവതാരനിര
മലയാള സിനിമയില്‍ ഇപ്പോഴും പേരില്‍ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും തന്നെയാണ് മുമ്പിലെങ്കിലും യുവതാരനിരയുടെ മുന്നേറ്റവുമായാണ് 2018 കടന്നു പോകുന്നത്. 
പുലിമുരുകനിലൂടെ മലയാള സിനിമയെ നൂറു കോടിയില്‍ എത്തിച്ച മോഹന്‍ലാലിന് ആ മാജിക്ക് ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല 2018ല്‍. ഏറെ പ്രതീക്ഷകളുമായി എത്തിയ നീരാളി ബോക്സ് ഓഫീസില്‍ എട്ടുനിലയില്‍ പൊട്ടി. പിന്നീടെത്തിയ ഡ്രാമ ലോകതോല്‍വിയായി. അവസാനം മലയാളത്തിന്‍റെ ബാഹുബലിയെന്ന അവകാശ വാദവുമായി എത്തിയ ഒടിയന്‍ തള്ളിന്‍റെ ശക്തിതീര്‍ന്നപ്പോള്‍ വെറും പൊടിയനായി. അങ്ങനെ മോഹന്‍ലാല്‍ ബോക്സ് ഓഫീസ് മാജിക്കെന്നത് 2018ല്‍ വെറും പഴങ്കഥയായി. 
മമ്മൂട്ടി പഴയത് പോലെ റബര്‍ സ്ലോട്ടര്‍വെട്ടുന്ന മാതൃകയില്‍ സിനിമകള്‍ അഭിനയിച്ചു കൂട്ടി. സ്ട്രീറ്റ് ലൈറ്റ്സ്, പരോള്‍, അങ്കിള്‍, ഏബ്രഹാമിന്‍റെ സന്തതികള്‍, ഒരു കുട്ടനാടന്‍ ബ്ലോഗ് എന്നിവയായിരുന്നു മമ്മൂട്ടി ചിത്രങ്ങള്‍. ഇതില്‍ കുട്ടനാടന്‍ ബ്ലോഗും പരോളും കണ്ടാല്‍ ദുല്‍ക്കര്‍ സല്‍മാന്‍ പോലും മമ്മൂട്ടിപ്പടം കാണാന്‍ പോകുന്നത് നിര്‍ത്തും. അത്രയ്ക്ക് മോശം പ്രകടനം. ബോക്സ് ഓഫീസില്‍ കെട്ടിവെച്ച കാശ് ഈ ചിത്രങ്ങള്‍ നേടിയില്ല. 
എന്നാല്‍ ഏബ്രഹാമിന്‍റെ സന്തതികള്‍ ബോക്സ് ഓഫീസില്‍ അന്തസുള്ള വിജയം നേടി. അങ്കിള്‍ തരക്കേടില്ലാത്ത ചിത്രമെന്ന അഭിപ്രായവും നേടി. ഏബ്രഹാമിന്‍റെ സന്തതികളില്‍ കൂടിയില്ലായിരുന്നുവെങ്കില്‍ തുടര്‍ച്ചയായി ഇരുപതിലേറെ ചിത്രങ്ങള്‍ പരാജയപ്പെടുത്തിയെന്ന ക്രെഡിറ്റ് മമ്മൂട്ടിക്ക് സ്വന്തമാകുകമായിരുന്നു. 
ദുല്‍ക്കറിന് 2018ല്‍ മലയാള സിനിമകള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ തെലുങ്ക് ചിത്രമായ മഹാനടിയിലൂടെ ദുല്‍ക്കര്‍ മികച്ച അഭിനേതാവ് എന്ന പ്രശംസ നേടി. ഹിന്ദിയിലും ദുല്‍ക്കറിന്‍റെ ഒരു ചിത്രം റിലീസ് ചെയ്തിരുന്നു. 
വിജയങ്ങളുടെ തമ്പുരാനായി മാറിയത് ഫഹദ് ഫാസിലാണ്. മൂന്ന് ചിത്രങ്ങളാണ് ഫഹദിന്‍റേതായി റിലീസിനെത്തിയത്. കാര്‍ബണ്‍, വരത്തന്‍, ഞാന്‍ പ്രകാശന്‍. കാര്‍ബണ്‍ മികച്ച സിനിമയെന്ന അഭിപ്രായം നേടിയപ്പോള്‍ വരത്തനും ഞാന്‍ പ്രകാശനും മെഗാഹിറ്റുകളായി മാറി. നിലവില്‍ തീയറ്ററില്‍ സൂപ്പര്‍ഹിറ്റായി ഓടുന്ന ഞാന്‍ പ്രകാശന്‍ 75 കോടി കളക്ഷന്‍ നേടുമെന്നാണ് കണക്കാക്കപ്പെടുന്നത്. അമല്‍ നിരദിന്‍റെ വരത്തനില്‍ മികച്ച ആക്ഷന്‍ പ്രകടനം കാഴ്ചവെച്ചു ഫഹദ്. മെട്രോമാന്‍ പരിവേഷമുള്ള വരത്തനില്‍ നിന്നും നാടന്‍ മലയാളിയായിട്ടുള്ള ഞാന്‍ പ്രകാശിനിലേക്ക് ഫഹദിന്‍റെ കൂടുമാറ്റം ആരെയും അമ്പരപ്പിക്കുന്നതാണ്. സൂപ്പര്‍ വിജയങ്ങള്‍ നേടുമ്പോഴും സൂപ്പര്‍താര പരിവേഷത്തെ മാറ്റനിര്‍ത്തുന്ന ഫഹദിന്‍റെ ശൈലി ഏറെ പ്രശംസനീയവുമാണ്. 
മികച്ച ചിത്രങ്ങളുമായിട്ടാണ് ജയസൂര്യയും 2018ല്‍ ബോക്സ് ഓഫീസില്‍ നിറഞ്ഞു നിന്നത്. ഫുട്ബോള്‍ താരം വി.പി സത്യന്‍റെ ജീവിത കഥ സിനിമയാക്കി ക്യാപ്ടന്‍ എന്ന ചിത്രം ജയസൂര്യക്ക് മികച്ച കരിയര്‍ ബ്രേയ്ക്കാണ് നല്‍കിത്. മികച്ച അഭിനയ പ്രകടനത്തിലൂടെ ജയസൂര്യ പ്രേക്ഷക പ്രശംസ നേടി. ചിത്രം തീയറ്ററിലും വന്‍ വിജയമായി. ക്യാപ്ടനു ശേഷം ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിലൂടെ ഭിന്നലിംഗക്കാരുടെ കഥ പറഞ്ഞുകൊണ്ട് ജയസൂര്യ കരിയറില്‍ മറ്റൊരു വിജയം സ്വന്തമാക്കി. ഞാന്‍ മേരിക്കുട്ടി ബോക്സ് ഓഫീസിലും വിജയമായിരുന്നു. വര്‍ഷാവസാനം എത്തിയ പ്രേതം 2 എന്ന ചിത്രത്തിലും മികച്ച പ്രകടനവുമായിട്ടായിരുന്നു ജയസൂര്യ എത്തിയത്. 
കരിയറില്‍ ടൊവിനോ തോമസ് കുതിപ്പ് നടത്തിയ വര്‍ഷം കൂടിയാണ് 2018. മൂന്ന് വിജയ ചിത്രങ്ങളാണ് ടൊവിനോയ്ക്ക്. മറഡോണ, തീവണ്ടി, ഒരു കുപ്രസിദ്ധ പയ്യന്‍ എന്നിവയാണ് പ്രകടന മികവുകൊണ്ടും ബോക്സ് ഓഫീസ് വിജയം കൊണ്ടും ശ്രദ്ധ നേടിയത്. എന്നാല്‍ വര്‍ഷത്തിന്‍റെ അവസാനം എത്തിയ എന്‍റെ ഉമ്മാന്‍റെ പേര് ബോക്സ് ഓഫീസില്‍ പരാജയമായി. പ്രകടനത്തിലും ശരാശരിയിലായിരുന്നു ഈ ചിത്രം. തമിഴ് ചിത്രം മാരി 2വിലെ വില്ലന്‍ വേഷം ടൊവിനോയ്ക്ക് ഏറെ പ്രേക്ഷക ശ്രദ്ധയും നല്‍കി. 
ഹേയ് ജൂഡ്, കായംകുളും കൊച്ചുണ്ണി എന്നിവയായിരുന്നു നിവിന്‍ പോളിയുടെ ചിത്രങ്ങള്‍. ഇതില്‍ ഹേയ് ജൂഡിലെ പോളിയുടെ പ്രകടനം പ്രശംസനീയമായിരുന്നു. എന്നാല്‍ കായംകുളം കൊച്ചുണ്ണിയിലെ നിവിന്‍റെ പ്രകടനം ശരാശരിയിലും താഴെയായിരുന്നു. 
ബിടെക് എന്ന ചിത്രത്തിലൂടെ ആസിഫ് അലി വിജയം നേടിയെങ്കിലും മന്ദാരവും ഇബിലീസും ബോക്സ് ഓഫീസില്‍ തികഞ്ഞ പരാജയങ്ങളായി. 
മൈ സ്റ്റോറി, കൂടെ, രണം എന്നീ ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ എത്തിച്ച പൃഥ്വിരാജിന് വിജയമാക്കാന്‍ കഴിഞ്ഞത് കൂടെ മാത്രമായിരുന്നു. മികച്ച വിജയം നേടിയ കൂടെ പൃഥ്വിരാജിന്‍റെ കരിയറിലെ പുതുവഴി തന്നെയായിരുന്നു. കുഞ്ചാക്കോ ബോബന്‍ തികച്ചും മോശം ചിത്രങ്ങള്‍ മാത്രം സെലക്ട് ചെയ്ത് അഭിനയിച്ച വര്‍ഷം കൂടിയായിരുന്നു 2018. ദിവാന്‍ജി മൂല ഗ്രാന്‍റ് പിക്സ്, ശിക്കാരി ശംഭു, മംഗല്യം തന്തുനാനേന, ജോണി ജോണി യേസ് അപ്പാ, തട്ടിന്‍പുറത്ത് അച്യുതന്‍ എന്നീ അഞ്ച് വമ്പന്‍ പരാജയങ്ങളാണ് ചാക്കോച്ചന്‍റെ ലിസ്റ്റില്‍. സിനിമ എന്ന നിലയിലും തീര്‍ത്തും മോശമായിരുന്നു ഈ ചിത്രങ്ങള്‍. ഇവ കൂടാതെ കുട്ടനാടന്‍ മാര്‍പാപ്പ, പഞ്ചവര്‍ണ്ണ തന്ത എന്നീ ചിത്രങ്ങളും ചാക്കോച്ചന്‍റേതായി റിലീസ് ചെയ്തു. ഈ രണ്ടു ചിത്രങ്ങളും സാമ്പത്തികമായി വിജയിച്ചുവെങ്കിലും മോശം ചിത്രങ്ങള്‍ തന്നെയായിരുന്നു. 
സുഡാനി ഫ്രൈം നൈജീരിയ എന്ന സൗബിന്‍ താഹിര്‍ ചിത്രമാണ് ബോക്സ് ഓഫീസില്‍ അപ്രതീക്ഷിത വിജയം സമ്മാനിച്ച ചിത്രം. സൗബിന്‍റെ മികച്ച പ്രകടനം ചിത്രത്തിന് വലിയ നിരൂപക പ്രശംസ നേടിക്കൊടുത്തു. 
എന്നാല്‍ ഏറെ പ്രതീക്ഷയോടെ എത്തിയ കാളിദാസ് ജയറാമിന്‍റെ പൂമരം വന്‍ പരാജമായി. അതേ സമയം ഗോകുല്‍ സുരേഷ് നായകനായ ഇര തീയറ്ററില്‍ വിജയം നേടുകയും ചെയ്തു. 
അഭിനയിച്ച സിനിമകളെല്ലാം പൊട്ടിച്ചുകൊണ്ടാണ് ബിജുമേനോന്‍ 2018 ആഘോഷിച്ചത്. റോസാപ്പൂ, ഒരായിരം കിനാക്കള്‍, പടയോട്ടം, ആനക്കള്ളന്‍ എന്നിങ്ങനെ നാല് സിനിമകളാണ് ബിജുമേനോന്‍റേതായി വരിവരിയായി പൊട്ടിയത്. മഞ്ജു വാര്യര്‍ക്ക് കഷ്ടകാലത്തിന്‍റെ വര്‍ഷം കൂടിയായിരുന്നു 2018. മാധവിക്കുട്ടിയുടെ ജീവിത കഥ മഞ്ജു അവതരിപ്പിച്ച ആമി മോശം പ്രകടനം കൊണ്ട് ഏറെ വിമര്‍ശനങ്ങള്‍ വരുത്തിവെച്ചു. മോഹന്‍ലാല്‍ എന്ന പേരില്‍ വെറും മൂന്നാംകിട കൊമേഴ്സ്യല്‍ സിനിമയില്‍ നായികയായി. സാമ്പത്തികമായി ഈ ചിത്രം രക്ഷപെട്ടുവെങ്കിലും മഞ്ജുവിന്‍റെ പ്രകടനം തീര്‍ത്തും അരോചകമായിരുന്നു. ഒടിയന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളും മഞ്ജുവിന്‍റെ ശോഭ കെടുത്തുന്നതായി. 
പ്രണവ് മോഹന്‍ലാലിന്‍റെ അരങ്ങേറ്റമാണ് മലയാള സിനിമ കണ്ട മറ്റൊരു പ്രധാന സംഭവം. ആദി എന്ന പ്രണവ് ചിത്രം മോശമല്ലാത്ത പ്രകടനം ബോക്സ് ഓഫീസില്‍ നേടി. ചിത്രത്തില്‍ മികച്ച പ്രകടനവുമാണ് പ്രണവ് കാഴ്ച വെച്ചത്. 
156 സിനിമകളാണ് പോയവര്‍ഷം മലയാളത്തില്‍ എത്തിയത്. ഇതില്‍ വിജയങ്ങളായ ചിത്രങ്ങള്‍ മുപ്പതില്‍ താഴെ മാത്രം. പുതിയ ആശയങ്ങളെ മുമ്പോട്ടു വെക്കാന്‍ സാധിക്കാത്തതാണ് ചിത്രങ്ങള്‍ പരാജയപ്പെടാന്‍ പ്രധാന കാരണമാകുന്നത്. നവീനമായ പരീക്ഷണങ്ങള്‍ക്ക് തമിഴ് സിനിമ കാണിക്കുന്ന ധൈര്യം ഇപ്പോഴും മലയാള സിനിമയ്ക്ക് അന്യമായി തുടരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക