Image

ഒരു മന്നം ജയന്തി നാളില്‍ മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞത്...

ശ്രീകുമാര്‍ Published on 31 December, 2018
ഒരു മന്നം ജയന്തി നാളില്‍ മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞത്...
പുതുവര്‍ഷത്തുടക്കത്തിലെ ജനുവരി രണ്ടാം തീയതി യുഗപ്രഭാവനായ നവോത്ഥാന നായകന്‍ മന്നത്ത് പത്ഭനാഭന്റെ 142-ാമത് ജയന്തിയാണ്. സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്‍ സൂര്യതേജസ്സ് പോലെ സമൂഹത്തില്‍ തിളങ്ങിനില്‍ക്കുന്ന ഒരു ബിംബമാണ്. കാലങ്ങളായി എത്രയോ കുടുംബങ്ങള്‍ക്കും സമൂഹത്തിനും വിളക്കായ ജീവിതം. ആര്‍ക്കു മുന്നിലും മുട്ടുമടക്കാതെ ആരെയും വേദനിപ്പിക്കാതെ ഇല്ലായ്മയില്‍ നിന്ന് നായര്‍ സമുദായത്തെ പുരോഗതിയിലേയ്ക്ക് എത്തിക്കാനാണ് തന്റെ ജീവിതം അദ്ദേഹം വിനിയോഗിച്ചത്. അതാകട്ടെ മറ്റാരെയും ബുദ്ധിമുട്ടിക്കരുതെന്ന നിര്‍ബന്ധവും അദ്ദേഹത്തിനുണ്ടായിരുന്നു. സമുദായത്തെ ഗ്രസിച്ചിരുന്ന ദൗര്‍ബല്യങ്ങള്‍ എന്തെല്ലാമെന്ന് തിരിച്ചറിഞ്ഞ് അത് സമുദായാംഗങ്ങളെ ബോധ്യപ്പെടുത്തുകയായിരുന്നു അദ്ദേഹം ചെയ്തത്. അതിനെതിരെ പ്രവര്‍ത്തിക്കുകയും ചെയ്ത ആ യുഗപ്രഭാവന് അതിനുള്ള വഴികളും എളുപ്പമായിരുന്നു. നിശ്ചയദാര്‍ഢ്യത്തിന്റെയും ഉദ്ദേശശുദ്ധിയുടെയും കരുത്തിലാണ് മന്നത്ത് പത്മനാഭന്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോയത്. 

സമുദായ ശക്തി ക്ഷയിപ്പിക്കുന്നതിന് പ്രധാനകാരണമായിരുന്ന അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ അദ്ദേഹം സന്ധിയില്ലാത്ത സമരമാണ് നടത്തിയത്. മന്നത്ത് പത്മനാഭന്‍ എന്ന കര്‍മധീരന്റെ ആത്മീയചൈതന്യത്തില്‍ നിറഞ്ഞു നില്‍ക്കുകയാണ് പെരുന്നയിലെ എന്‍.എസ്.എസ് ആസ്ഥാനവും നായകരും സമുദായാംഗങ്ങളും. മന്നം ജയന്തിയാഘോഷത്തിന്റെ തുടക്കത്തില്‍ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍, സമുദായാചാര്യനെക്കുറിച്ച് പറഞ്ഞപ്പോള്‍ ആ അദൃശ്യസാന്നിധ്യത്തിന്റെ അനുഗ്രഹം തീര്‍ച്ചയായും അനുഭവിക്കുകയായിരുന്നു സമ്മേളനവേദിയിലെത്തിയ സമുദായ സ്‌നേഹികള്‍. 1878 ജനുവരി രണ്ടിന് മൂലം നക്ഷത്രത്തില്‍ ജനിച്ച ഭാരതകേസരി മന്നത്ത് പത്മനാഭന്‍  1970 ഫെബ്രവരി 25ന്  നമ്മോട് വിട പറഞ്ഞു.

2016 ജനുവരി രണ്ടാം തീയതി ചങ്ങനാശേരിയിലെ എന്‍.എസ്.എസ് ആസ്ഥാനത്ത് മന്നത്ത് പത്മനാഭന്റെ 139-ാമത് ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ അനുഗ്രഹ പ്രഭാഷണം സര്‍വതലസ്പര്‍ശിയായിരുന്നു. പഠനാര്‍ഹമായ ആ വചനസുധയ്ക്ക് എക്കാലത്തും പ്രസക്തിയുണ്ട്. പ്രഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ ഒരു പുനര്‍ വായനയ്ക്കായി കുറിക്കുകയാണിവിടെ. വേദിയിലും സദസ്സിലുമുള്ളവരെ, ഉപചാരവാക്കുകളാല്‍ സംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞുതുടങ്ങി... 

''നായര്‍ സര്‍വീസ് സൊസൈറ്റിയുടെ പ്രത്യേകത ഞാന്‍ മനസ്സിലാക്കുന്നത് മഹത്തായ നമ്മുടെ സംസ്‌കാരം ജീവിക്കുന്നതിന് സമുദായാചാര്യന്‍ നല്‍കിയ ദര്‍ശനം ജനാധിപത്യവും മതേതരത്വവും കാത്തുസൂക്ഷിക്കപ്പെടണമെന്ന ആ വലിയ പ്രതിബദ്ധത കാത്തുസൂക്ഷിക്കുന്നു എന്നതിലാണ്. ഇവിടെ ഒരു സംസ്‌കാരത്തിന് ശോഷണം സംഭവിക്കാന്‍ സാധ്യത ഉണ്ടെന്ന് സൂക്ഷ്മ ദൃഷ്ടിയില്‍ മനസ്സിലാക്കുകയും സമൂഹത്തെ ഒന്നാകെ അതിന്റെ ഗൗരവത്തെക്കുറിച്ച് ബോധ്യപ്പെടുത്തുകയും ചെയ്യുന്ന സമുദായങ്ങളില്‍ ഒന്നാമതു നില്‍ക്കുന്ന സമുദായമാണ് നായര്‍ സമുദായം എന്ന് ക്രൈസ്തവ സമുദായത്തിന്റെ പ്രതിനിധിയായി ഞാന്‍ സന്തോഷപൂര്‍വം നിരീക്ഷിച്ചു കൊള്ളട്ടെ''

''ഏഴാം തവണയാണ് സമുദായാചാര്യന്‍ ഭാരതകേസരി മന്നത്തുപത്മനാഭന്റെ സമാധിയുടെ അകത്തളത്ത് പ്രവേശിക്കുവാന്‍ എനിക്ക് ഭാഗ്യം സിദ്ധിച്ചിരിക്കുക. വളരെ ആദരവോടും സന്തോഷത്തോടും കൂടി നിങ്ങളേവരോടും ചേര്‍ന്ന് ഈ സമ്മേളനത്തിലും ഈ ജയന്തി ആഘോഷത്തിലും സംബന്ധിക്കുന്നത് സംതൃപ്തിയും പ്രചോദനവും ദേശത്തിന്റെ പുരോഗതിക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള അനിതതരസാധാരണമായ ഊഷ്മളതയും പ്രദാനം ചെയ്യുന്നു. ലോകത്തിനു തന്നെ ദര്‍ശനപ്രഭയേകിയ നമ്മുടെ രാജ്യത്തിന്റെ അഭിമാന പുത്രന്‍, സ്വാമി വിവേകാനന്ദന്‍ പ്രസിദ്ധമായ ചിക്കാഗോ പ്രസംഗം ആരംഭിക്കുന്നത് അമേരിക്കയിലെ എന്റെ സഹോദരീ സഹോദരന്മാരെ എന്ന അഭിസംബോധനയോടെയാണ്. അദ്ദേഹത്തെ അതിന് പ്രാപ്തനാക്കിയത് ഒരു മഹാ സംസ്‌കൃതിയുടെ പിന്‍ബലവും പിന്‍തുടര്‍ച്ചയുമാണ്. ലോകത്തിലെ സംസ്‌കാരങ്ങളില്‍ അതുല്യമായ പ്രഭയില്‍ നില്‍ക്കുന്ന മഹത്തായ ഭാരതസംസ്‌കാരത്തില്‍ നിന്ന് ഋഷിവര്യന്മാര്‍ ലോകത്തോട് പറഞ്ഞു...നാമേവരും ഒരു ചെറിയ കുടുംബത്തിന്റെ അംഗങ്ങളാണ്. വസുദൈവകുടുംബകം എന്ന വലിയ ആദര്‍ശം ഇപ്പോള്‍ കമ്പ്യൂട്ടര്‍ ഭാഷയായി ഉപയോഗിക്കുന്ന ഗ്ലോബല്‍ വില്ലേജ് എന്നു പറയുന്ന പദത്തിന്റെ ആഴത്തിലുള്ള ഊഷ്മളമായ വാക്ക് ലോകത്തിന് സമ്മാനിച്ചത് ഋഷിവര്യന്മാരുടെ നാട്ടില്‍ നിന്നാണ്. ഈ വസുദൈവകുടുംബകത്തെ മുന്‍നിര്‍ത്തി അവര്‍ ലോകത്തോട് പ്രാര്‍ത്ഥനാ പൂര്‍വം മന്ത്രമായി നല്‍കി, ലോകാ സമസ്താ സുഖിനോ ഭവന്തു. വസുദൈവകുടുംബകത്തിലുള്ള എല്ലാവര്‍ക്കും ഐശ്വര്യവും സന്തോഷവും ഉണ്ടായിരിക്കണം. ഇന്ന് ഞാന്‍ ഈ ജയന്തി സമ്മേളനത്തില്‍ ഉദ്ഘാടനത്തിന് ക്ഷണിക്കപ്പെട്ടതിനു പിന്നില്‍ ഋഷിവര്യന്മാര്‍ സമ്മാനിച്ച അതുല്യ ബന്ധമാണ്''.

''ഇവിടെ ഒരു ഇരിപ്പിടം, ഒരു പ്രവേശനം, ഒരു സംഭാഷണം എന്നിവയ്ക്ക് ഊഷ്മളമായ സന്ദര്‍ഭം പ്രദാനം ചെയ്തത് നമ്മുടെ മഹത്തായ സംസ്‌കാരമാണ്. ഈ സംസ്‌കാരം വളര്‍ന്ന് വലുതാകുന്നതിന് സര്‍വേശ്വരന്‍ കാലാകാലങ്ങളില്‍ തന്റെ കൃപയില്‍, വരപ്രസാദത്തില്‍ അനേകം യുഗപ്രഭാവന്മാരെ നമുക്ക് സമ്മാനിച്ചിട്ടുണ്ട്. അതില്‍ അതുല്യനായ ഭാരതകേസരി ശ്രീ മന്നത്തു പദ്മനാഭന്റെ 139-ാം ജന്മദിനത്തില്‍ ക്രൈസ്തവ സസഭയുടെ ഒരു മേലദ്ധ്യക്ഷന്‍ നായര്‍ മഹാ സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നത് ഭാരത സംസ്‌കാരത്തില്‍ മാത്രം അതുല്യമായി ലഭിക്കുന്ന  വലിയ അനുഗ്രഹമാണ്''.

''ഒരവസരത്തേക്കാള്‍ വലിയ അനുഗ്രഹമായി ഞാന്‍ ഈ സന്ദര്‍ഭം സ്വീകരിക്കുകയാണ്. ആമുഖമായി പറഞ്ഞുകൊള്ളട്ടെ, ക്രൈസ്തവ സമൂഹത്തിന്റെ, ഞാന്‍ പ്രത്യേകമായി പ്രതിനിധാനം ചെയ്യുന്ന മലങ്കര, സുറിയാനി, കത്തോലിക്കാ സഭയുടേയും  കേരളത്തിലെയും ഭാരതത്തിലേയും കത്തോലിക്കാ സഭയുടേയും നാമത്തില്‍ മഹത്തായ നായര്‍ സര്‍വീസ് സൊസൈറ്റിക്കും അതിന്റെ സമുന്നതമായ നേതൃത്വത്തിനും എല്ലാ ഭാവുകങ്ങളും അനുഗ്രഹങ്ങളും സന്തോഷപൂര്‍വം നേരുകയാണ്.

''അതുല്യമായ ഈ ദര്‍ശനപ്രഭ സമുദായ ആചാര്യന്‍ നല്‍കിയത് അനസ്യൂതമായി തുടരുന്ന കാഴ്ച കേരളം കാണുകയാണ്. സൊസൈറ്റിയുടെ അനതിതരസാധാരണമായ ശക്തി അതിന്റെ ദര്‍ശനത്തില്‍ നിന്ന് അണുവിട വ്യതിചലിക്കാതെ പ്രയാണം ചെയ്യുന്നു എന്നതാണ് ഇതിന്റെ സമാരാധ്യരായ നേതൃത്വമായി, പ്രത്യേകിച്ച് യശ:ശരീരനായ ശ്രീ നാരായണപണിക്കര്‍ സാറുമായും ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറി, ആദരണീയനായ സുകുമാരന്‍ നായര്‍ സാറിനോടും ചേര്‍ന്ന് അല്പം പ്രവര്‍ത്തിക്കുവാന്‍ എളിയവനായ എനിക്ക് കഴിഞ്ഞിട്ടുണ്ട്''.

''2005-ല്‍ മല്ലപ്പള്ളിക്കടുത്ത് വായ്പ്പൂര് പുത്തന്‍ പള്ളി എന്ന മുസ്ലീം ദേവാലയത്തിന്റെ പ്രതിഷ്ഠ നടക്കുമ്പോള്‍ രണ്ടു പേരെ മുസ്ലീം സമുദായം ക്ഷണിച്ചപ്പോള്‍ ബഹുമാന്യനായ ശ്രീ നാരായണപണിക്കര്‍ അവര്‍കളും എളിയവനായ ഞാനും ആ ഗണത്തില്‍ പെട്ടു. ഞങ്ങള്‍ രണ്ടു പേരാണ് പ്രത്യേകം ക്ഷണിക്കപ്പെട്ടത് എന്നത് ചടങ്ങിന്റെ പ്രത്യേകതയല്ല, നമ്മുടെ നാട്ടില്‍ ജീവിക്കുന്ന സംസ്‌കാരത്തിന്റെ പ്രതിധ്വനിയായും ദര്‍ശനമായും അതിനെ കാണുകയുണ്ടായി''.

''കേളത്തിന് ഏറ്റം അനുഗ്രഹീതമായ ഒരു സമീപനം നല്‍കിയ മന്നത്ത് പത്മനാഭന്‍ എന്ന മഹാ പ്രതിഭയുടെ മുമ്പില്‍, ദീപ്തമായ ആ സ്മരണയ്ക്കു മുമ്പില്‍ അഞ്ജലിയും ആദരവും ഞാന്‍ സവിനയം സമര്‍പ്പിക്കുന്നു. നായര്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് മറ്റ് സമുദായങ്ങള്‍ക്ക് ദോഷം ഉണ്ടാകുന്നില്ല എന്നു മാത്രമല്ല, പല കാര്യങ്ങളിലും പലര്‍ക്കുവേണ്ടിയും ഇടപെടുന്ന നേതൃത്വമാണ് ഈ സമുദായത്തിനുള്ളത്. ഇതിന് ഞാന്‍ സാക്ഷ്യമാണ്. അതാണ് ഈ സമുദായത്തിന്റെ സര്‍വാശ്ലേഷിയായ ഒരു ബന്ധം''. 

''പ്രിയമുള്ളവരെ, ബഹുസ്വരത നമ്മുടെ നാടിന്റെ സംസ്‌കാരമാണ്. ബഹുസ്വരത നമ്മുടെ നാടിന് അവകാശപ്പെടുവാന്‍ കഴിയുന്ന പൈതൃകമാണ്. ഇവിടെ വിഭാഗീയത സൃഷ്ടിക്കുന്നതു വഴി നമ്മുടെ ദേശം അപകടത്തിലാവുന്നു എന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിയണം. നമുക്ക് സംസാരിക്കാന്‍ മാത്രമല്ല, നില്‍ക്കാനും ഒരു ഇടം ആവശ്യമാണ്. നാം നില്‍ക്കുന്ന മണ്ണ് പവിത്രമായ ഭാരതഭൂമിയാണ്. ഈ ഉദാത്ത ഭൂമിയിലെ മനസ്സുകള്‍ ഒരുമയോടെ നിന്ന് പ്രവര്‍ത്തിക്കണം''. 

''ഭരണഘടനയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഭരണഘടന ഉണ്ടായത് എത്ര വര്‍ഷം മുമ്പ് എന്ന് വ്യക്തമാണ്. രണ്ടായിരം വര്‍ഷത്തെ ജീവചരിത്രമുള്ള ഭാരതത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ എളിയ പ്രതിനിധി എന്ന നിലയിലും മാര്‍ത്തോമാ ശ്ലീഹായുടെ ശ്ലൈഹികമായ പാരമ്പര്യം പേറുന്ന മാര്‍ത്തോമാ ക്രിസ്ത്യാനികളുടെ ശ്രുശ്രൂഷി എന്ന നിലയിലും ഞാന്‍ സംസാരിക്കുമ്പോള്‍ ഭാരതത്തിന് ഭരണഘടന ഉണ്ടാവുന്നതിന് മുമ്പ് ഞങ്ങളെയൊക്കെ ആരാണ് സംരക്ഷിച്ച് നിര്‍ത്തിയത്. ഇവിടുത്തെ ചെറിയ വിഭാഗങ്ങളെ ആരാണ് നിലനിര്‍ത്തിയത്. 'തമസോ മാ ജ്യോതിര്‍ഗമയ' എന്ന് ലോകത്ത് പ്രാര്‍ത്ഥനാ ഗീതം ആരംഭിച്ച, ക്രൈസ്തവ സമൂഹത്തെ താങ്ങി നിര്‍ത്തിയ ന്യൂനപക്ഷങ്ങളെയെല്ലാം സംരക്ഷിച്ചത് മഹാ ഹൈന്ദവ സമൂഹമാണ്''. 

''ശ്രീ മന്നത്തു പത്മനാഭന്‍ ഒരു മുഴുവന്‍ സമയ രാഷ്ട്രീയക്കാരന്‍ ആയിരുന്നല്ലല്ലോ. അദ്ദേഹം സമുദായത്തിന്റെ സമുദ്ധാരണത്തിനു വേണ്ടി പ്രവര്‍ത്തിച്ച വ്യക്തിയാണ്. തന്റെ സമുദായത്തെ രാഷ്ട്രീയ ഇഷ്ടാനിഷ്ടങ്ങള്‍ക്കു വേണ്ടി ഭാരത കേസരി ഒരിക്കലും ഉപയോഗിച്ചിട്ടില്ല. അതാണ് അദ്ദേഹത്തെ ഉജ്ജ്വലനാക്കുന്നതും അവിസ്മരണീയനാക്കുന്നതും. സര്‍വേശ്വരന്റെ കൃപാകടാക്ഷം ഈ സമൂഹത്തോട് എപ്പോഴും കൂടെയിരിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു''.

''ഈ ജയന്തിദിനത്തില്‍ സമുദായാചാര്യന്റെ ഓര്‍മയ്ക്കു മുമ്പില്‍ സമുദായാംഗങ്ങളോടൊപ്പം ചേര്‍ന്ന് പുഷ്പം അര്‍പിക്കുവാന്‍ സാധിച്ചതിന്, സമാധിയില്‍ നമ്രശിരസ്‌കനാവാന്‍ സാധിച്ചതിന് ഈ പ്രത്യേകമായ സന്ദര്‍ഭത്തില്‍ ഞാന്‍ നന്ദി പറയട്ടെ. നമ്മുടെ ദേശത്തെ സംരക്ഷിക്കുവാനുള്ള വലിയ പ്രതിജ്ഞയുമായി സമുദായാചാര്യന്റെ സമാധിയില്‍ നിന്ന് നമുക്ക് യാത്രയാവാം. ദേഷകരമായത് മറ്റുള്ളവര്‍ക്ക് സംഭവിക്കാതെയിരിക്കാന്‍ നമുക്ക് തയ്യാറെടുപ്പും മനസ്സിന്റെ പക്വതയും വേണം. രാഷ്ട്രീയ പാര്‍ട്ടികള്‍ അനവധിയുണ്ട്. അവര്‍ക്കെല്ലാം അവരുടേതായ പ്രത്യയശാസ്ത്രങ്ങളുമുണ്ട്. എന്നാല്‍ ഭാരതത്തിന്റെ ആത്മാവിനെ നുള്ളിനോവിക്കുന്ന സമീപനങ്ങള്‍ക്ക് കൂട്ടു നില്‍ക്കുവാന്‍ നമുക്കാവില്ല. നമ്മുടെ നാട്ടില്‍ ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയും സര്‍വമതസ്തരും ജീവിക്കാന്‍ ഇടമുണ്ടെന്ന് എഴുതി വച്ച പൂര്‍വസൂരികളോട് കൃതജ്ഞതയുള്ളവരായി ജീവിക്കുവാന്‍ കഴിയണം. നായര്‍ സര്‍വീസ് സൊസൈറ്റിയുടെ സമാരാധ്യമായ നേതൃത്വം ഈ ദേശത്തിന് നല്‍കുന്ന ഉറപ്പ് അതാണ്''. 

''എളിയവനായ എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കണം എന്ന് സ്‌നേഹപൂര്‍വം ഞാന്‍ അപേക്ഷിക്കുന്നു. നമ്മുടെ നാടിന്റെ നന്മയ്ക്ക് ഒരുമിച്ച് നമുക്ക് കൈകോര്‍ക്കാം, ഒരുമിച്ച് കരങ്ങള്‍ കൂപ്പാം, ഒരുമിച്ച് പ്രാര്‍ത്ഥിക്കാം, സര്‍വേശ്വരന്‍ ഈ നാടിന് എല്ലാ വിധമായ അനുഗ്രഹങ്ങളും നല്‍കട്ടെ. ദേശം തീവ്രവാദികള്‍ക്ക് ഒരു കാരണവശാലും വിട്ടു കൊടുക്കുകയില്ല എന്ന ദൃഡപ്രതിജ്ഞയുമായി സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നുകൊണ്ട് പ്രവര്‍ത്തിക്കാം എന്ന എളിയ ആഹ്വാനത്തോടുകൂടി ഈശ്വരനാമത്തില്‍ ഈ ജയന്തി സമ്മേളനം ഔപചാരികമായി ഉദ്ഘാടനം ചെയ്തതായി അറിയിക്കുന്നു. എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ...ജയ് ഹിന്ദ്...''
***
142-ാമത് മന്നം ജയന്തി ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. ജനുവരി ഒന്ന് ചൊവ്വാഴ്ച രാവിലെ എട്ടുമുതല്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന. 10.15ന് അഖില കേരള നായര്‍ സമ്മേളനം നടക്കും. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ സ്വാഗതവും വിശദീകരണവും നടത്തും. പ്രസിഡന്റ് അഡ്വ. പി.എന്‍ നരേന്ദ്രനാഥന്‍ നായര്‍ അധ്യക്ഷത വഹിക്കും. പ്രമേയാവതരണത്തിനു ശേഷം കരയോഗം രജിസ്ട്രാര്‍ പി.എന്‍ സുരേഷ് നന്ദി പ്രകാശിപ്പിക്കും.  

രണ്ടാം തീയതി രാവിലെ 7.30 മുതല്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന. 10.30ന് വിശിഷ്ടാതിഥികള്‍ക്ക് സ്വീകരണം. 10.45ന് മുന്‍ അറ്റോര്‍ണി ജനറലും മുന്‍ രാജ്യസഭാംഗവുമായ അഡ്വ. കെ പരമേശ്വരന്‍ മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് അഡ്വ. പി.എന്‍ നരേന്ദ്രനാഥന്‍ നായര്‍ അധ്യക്ഷത വഹിക്കും. ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എ.വി രാമകൃഷ്ണ പിള്ള മുഖ്യ പ്രഭാഷണം നടത്തും. സമസ്ത കേരള സാഹിത്യ പരിഷത്ത് അധ്യക്ഷനും സാഹിത്യകാരനുമായ സി രാധാകൃഷ്ണന്‍, എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍, ട്രഷറര്‍ ഡോ. എം ശശികുമാര്‍ എന്നിവര്‍ സംസാരിക്കും.

ഒരു മന്നം ജയന്തി നാളില്‍ മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞത്...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക