Image

ജര്‍മനിയില്‍ മിനിമം വേതനത്തില്‍ വര്‍ധനവ്

Published on 31 December, 2018
ജര്‍മനിയില്‍ മിനിമം വേതനത്തില്‍ വര്‍ധനവ്
 

ബര്‍ലിന്‍: ജര്‍മനിയിലെ മിനിമം വേതന വര്‍ധന 2019 ജനുവരി ഒന്നിനു പ്രാബല്യത്തില്‍ വരും. നിലവില്‍ മണിക്കൂറിന് 8.84 യൂറോയാണ് രാജ്യത്തെ മിനിമം വേതനം. ഇത് 2019 ജനുവരി ഒന്നു മുതല്‍ 9.19 യൂറോയായി ഉയരും. 2020 ജനുവരി ഒന്നിന് 9.35 യൂറോയുമാകും. 

2014ല്‍ മണിക്കൂറിന് എട്ടര യൂറോയുമായാണ് ജര്‍മനിയില്‍ മിനിമം വേതനം നടപ്പാക്കുന്നത്. അന്നു മഹത്തായ തീരുമാനമെന്നു വാഴ്ത്തപ്പെട്ടെങ്കിലും ഈ തുക പര്യാപ്തമല്ലെന്ന നിലപാടിലാണ് യൂണിയനുകള്‍ ഇപ്പോള്‍. എല്ലാ വര്‍ഷവും ആനുപാതികമായി വര്‍ധിപ്പിക്കുക എന്ന നയത്തിന്റെ ഭാഗമായാണ് ഘട്ടം ഘട്ടമായി നടപ്പാകുന്ന വര്‍ധന.

രാജ്യത്തിന്റെ സന്പദ് വ്യവസ്ഥയ്ക്ക് ദോഷകരമാകുമെന്ന ആശങ്ക കാരണം തുടക്കത്തില്‍ പല മേഖലകളില്‍ നിന്നും മിനിമം വേതന നിയമത്തോട് ശക്തമായ എതിര്‍പ്പുകളും ഉയര്‍ന്നിരുന്നു. എന്നാല്‍, അഞ്ചാം വര്‍ഷത്തിലേക്കു കടക്കുന്‌പോള്‍ ഇതിന് ഇതുവരെ കാര്യമായ ദൂഷ്യഫലങ്ങളൊന്നും ദൃശ്യമായിട്ടില്ല.

തൊഴില്‍ നഷ്ടത്തിനു കാരണമാകുമെന്ന പ്രചാരണവും പാളി. എന്നാല്‍, തുടക്കത്തില്‍ സ്വാഗതം ചെയ്ത ട്രേഡ് യൂണിയനുകള്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത് മിനിമം വേതനം മണിക്കൂറിന് 12 യൂറോയായി ഉയര്‍ത്തണമെന്നാണ്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക