Image

രണ്ടായിരത്തി പത്തൊന്‍പതിനു സ്വാഗതം (നര്‍മ്മം: ജെസ്സി ജിജി)

Published on 31 December, 2018
രണ്ടായിരത്തി പത്തൊന്‍പതിനു സ്വാഗതം (നര്‍മ്മം: ജെസ്സി ജിജി)
ഈ കഥക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി വല്ല സാദൃശ്യവും തോന്നിയാല്‍ അത് വെറും യാദൃച്ഛികം

തോമസുചേട്ടന്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു. നിദ്രാദേവത മാടിവിളിക്കുന്നതുപോലെ തോന്നിയെങ്കിലും , എന്താണെന്നറിയില്ല ഇന്ന് നിദ്രാദേവിയുടെ കടാക്ഷം തോമസുചേട്ടനു ഒരു ബാലികേറാമല തന്നെ. ഓ അത് പറയാന്‍ മറന്നു. ഇന്ന് ഡിസംബര്‍ 31 .നാളെ പുതുവര്‍ഷപ്പുലരി. അത് മാത്രമല്ല കേട്ടോ . നാളത്തെ പ്രത്യേകത. നാളെ മുതല്‍ തോമസുചേട്ടന്‍ ആരാ. അത് പറയാതെ എങ്ങനെ നിദ്രാദേവി കടാക്ഷിക്കാത്തതിന്റെ ഗുട്ടന്‍സ് പിടികിട്ടും അല്ലെ. നാളെമുതല്‍ തോമസുചേട്ടന്‍ വെറും തോമസ് അല്ല. പിന്നെയോ പ്രെസിഡന്റാ. ഇത് കേട്ടിട്ട് ഏതു രാജ്യത്തിന്റെ പ്രസിഡന്റ് എന്നൊന്നും വായനക്കാര്‍ തല പുകക്കരുത് കേട്ടോ. അതിനു തല്ക്കാലം തോമസുചേട്ടനു സമയം ഇല്ല. തോമസ് ചാണ്ടി എന്ന തോമസുചേട്ടന്‍ രണ്ടായിരത്തിപത്തൊന്പതു ജനുവരി ഒന്നാം തീയതി മുതല്‍ "ആമ"യുടെ പ്രസിഡന്റ് ആയി ഔദ്യോഗികമായി സ്ഥാനം ഏറ്റെടുക്കുന്നു. ആമ എന്ന പേര് കേട്ട് വായനക്കാര്‍ തെറ്റിദ്ധരിക്കരുതേ. പണ്ട് മുയലുമായി പന്തയം വെച്ച് ജയിച്ച ആ ജീവിയുടെ പേര് എന്താ ഇവിടെ പറയുന്നത് എന്നോര്‍ത്ത് ചിന്തിച്ചു പാവം തലച്ചോറിനെ കണ്‍ഫ്യൂഷന്‍ ആക്കണ്ട ഒരു കാര്യവുമില്ല.ആമ (AAMA ) എന്ന് വെച്ചാല്‍ All American Malayalee Association എന്നതിന്റെ ചുരുക്കപ്പേരാണ്. ഇപ്പോള്‍ കാര്യങ്ങള്‍ക്കു ഒക്കെ ഏകദേശം വ്യക്തത ആയില്ലേ?

തോമസ് ചാണ്ടി, പണക്കപ്പറമ്പില്‍ ചാണ്ടിയുടെയും അന്നക്കുട്ടിയുടെയും ഏകപുത്രന്‍. അമേരിക്കയിലെ ആദ്യകാല കുടിയേറ്റക്കാരിലൊരുവര്‍. ആയ കാലം മുഴുവന്‍ എല്ലുമുറിയെ പണിതു , ഇപ്പോള്‍ അവര്‍ക്കു ഫ്‌ലോറിഡയില്‍ വിശ്രമജീവിതം. വിശ്രമജീവിതം എന്ന് പറഞ്ഞതുകൊണ്ട് അവരവിടെ അടിച്ചുപൊളിച്ചു ജീവിക്കുക ആണെന്ന ധാരണ ഒന്നും വേണ്ട. കാരണം അവരും ഒരു ശരാശരി മലയാളി ആയിരുന്നു. ഈ കഥ തോമസുചേട്ടന്റെ കഥ ആയതുകൊണ്ട് ചാണ്ടിചേട്ടന്റേയും അന്നക്കുട്ടിചേച്ചിയുടെയും വിശ്രമ ജീവിത കഥ വായനക്കാരുടെ ഭാവനക്ക് വിടുന്നു.
കുറ്റം പറയരുതല്ലോ. തോമസുചേട്ടനു നല്ല ആര്‍ഭാടമായി ജീവിക്കാനുള്ള വക അന്നക്കുട്ടിചേച്ചിയും ചാണ്ടി ചേട്ടനും കൂടി ഉണ്ടാക്കി കൊടുത്തിരുന്നു. " നമ്മള്‍ എന്നാത്തിനാ കഷ്ടപ്പെടുന്നത് , മക്കള്‍ക്കുവേണ്ടിയല്ലേ ?' എന്ന് ചിന്തിക്കുന്ന പാലായിലെ ഒരു പുരാതനകുടുംബത്തിന്റെ പാരമ്പര്യം ആയിരുന്നല്ലോ അവര്‍ക്കുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ചെറുപ്പം മുതല്‍ അല്ലലും അലട്ടലും തോമസ് ചാണ്ടി അറിഞ്ഞിട്ടില്ല. ഇപ്പോള്‍ ഐ ടി കാരി ആയ ഭാര്യയോടൊപ്പം ചിക്കാഗോയില്‍ സുഖ ജീവിതം. ജോലി ബിസിനസ് ആണേ. ഒന്ന് രണ്ടു ഗ്യാസ് സ്‌റ്റേഷനും ഒക്കെ ആയി. അത് നഷ്ടത്തിലോ ലാഭത്തിലോ എന്ന് ദൈവം തമ്പുരാനും പിന്നെ അവിടുത്തെ രണ്ടു ജോലിക്കാര്‍ക്കും മാത്രം അറിയാം. പിന്നെ ഇതൊന്നും തോമസ് ചേട്ടനെ ബാധിക്കുകയെ ഇല്ല കേട്ടോ.

എന്തായാലും എല്ലാ മലയാളം പരിപാടിയുടെയും മുന്‍നിരയില്‍ തോമസ് ചേട്ടനെ കാണാം. ചുമ്മാതൊന്നുമല്ല . കൈ നിറയെ സംഭാവനയും നല്‍കാറുണ്ട്. കോര മന്ത്രി ഗോപുരം കെട്ടാന്‍ പിരിവിനു നാട്ടില്‍നിന്നു വന്നപ്പോഴും , മമ്മൂഞ്ഞും കൂട്ടരും മിമിക്‌സ് പരിപാടി ആയി വന്നപ്പോഴും എല്ലാം നമ്മുടെ തോമസുചേട്ടന്‍ അല്ലായിരുന്നോ എല്ലാറ്റിനും ഓടി നടന്നത്.? അങ്ങനെ അമേരിക്കന്‍ മലയാളിയുടെ ജീവിതത്തിനു സമഗ്ര സംഭാവന നല്‍കിയ തോമസ് ചാണ്ടിക്ക് അവസാനം അംഗീകാരം. 2019 ആമയുടെ പ്രസിഡന്റ് പദവി.

നല്ല ദീര്‍ഘവീക്ഷണം ഉള്ള ഒരു പ്രസിഡന്റ് എന്ന പേര് എടുക്കണം എന്നതാണ് തോമസുചേട്ടന്റെ ഇപ്പോഴത്തെ ലക്ഷ്യം. അതിനു ഒരു പരിപാടിയും പുള്ളി മനസ്സില്‍ കണ്ടിട്ടുണ്ട്. 2019 ലെ ആമയുടെ പ്രഥമയോഗത്തിനു അവതരിപ്പിക്കാന്‍ കരടുരൂപം പുള്ളി ഇപ്പോഴേ കരുതിവെച്ചിരിക്കുവാ. സംഗതി പരമരഹസ്യമാ. എന്നാലും വായനക്കാരെ നിരാശപ്പെടുത്താതിരിക്കാന്‍ പറയാം എന്ന് കരുതുന്നു. പ്രളയത്തിനുശേഷം ഒരു വലിയ വരള്‍ച്ചക്കാലം കേരളത്തിനെ കാത്തിരിക്കുന്നു എന്നത് തോമസുചേട്ടന്‍ മുന്‍കൂട്ടി കാണുന്നു. അപ്പോള്‍ അതിനെ നേരിടാനുള്ള ഒരു പദ്ധതി. ഏത്?. 'പടുതാക്കുഴി പദ്ധതി ". പദ്ധതിക്ക് പുള്ളി പേരും കണ്ടു. അതായതു, ഇപ്പോള്‍ നദികളിലൊക്കെ ചെറിയ കുഴികളില്‍ ഒക്കെ അല്ലെ വെള്ളം ഉള്ളു. ആ കുഴികളില്‍ ഒക്കെ പടുത ഇറക്കി ,വെള്ളം സംരക്ഷിക്കുക. എത്ര പടുത വേണം ഒരു നദിക്കു എന്നൊക്കെ ഇനി എക്‌സിക്യൂട്ടീവ് കമ്മിറ്റി കൂടി വേണം തീരുമാനിക്കാന്‍. പിന്നെ ആര് എതിര്‍ക്കാനാ? ഒക്കെ തോമസുചേട്ടന്റെ സ്വന്തം ചിലവില്‍.എത്ര ദീര്‍ഘ വീക്ഷണം ഉള്ള പ്രസിഡന്റ് എന്ന് നവമാധ്യമങ്ങളും , ടീവീ യും , പിന്നെ ഇനി വരുന്ന തലമുറയും ഒക്കെ പുകഴ്ത്തിപ്പാടും. ഒത്താല്‍ ഒരു പദ്മശ്രീയോ മറ്റോ.. ....

തോമസുചേട്ടന്‍ പുതുവര്ഷത്തെപ്പറ്റി ഉള്ള സ്വപ്നങ്ങളും ആയി പതുക്കെ നിദ്രാദേവിയുടെ മടിത്തട്ടിലേക്ക്ചായുന്നു. തോമസുചേട്ടനോടൊപ്പം എല്ലാവരും പുതുവര്‍ഷത്തിന്റെ സ്വപ്നങ്ങളുടെ തേരിലേറാന്‍ ഒരുങ്ങുകയായിരിക്കും അല്ലെ. എന്നാല്‍ ഇനി അടുത്തവര്‍ഷം കാണാം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക