Image

സൈമണ്‍ ബ്രിട്ടോ എന്നത് പോരാളികള്‍ക്ക് വെറുമൊരു പേരല്ല (ഡോ. രതീഷ് കാളിയാടന്‍)

ഡോ. രതീഷ് കാളിയാടന്‍ Published on 01 January, 2019
സൈമണ്‍ ബ്രിട്ടോ എന്നത് പോരാളികള്‍ക്ക് വെറുമൊരു പേരല്ല (ഡോ. രതീഷ് കാളിയാടന്‍)
സൈമണ്‍ ബ്രിട്ടോ എന്നത് പോരാളികള്‍ക്ക് വെറുമൊരു പേരല്ല; പോരാട്ട വീറും ആവേശവും ചാലിച്ച് പോര്‍മുഖങ്ങളില്‍ പതറാതെ അടിവച്ചടിവച്ച് മുന്നേറാനുള്ള കരുത്താണ്. ഇല്ല ബ്രിട്ടോ നിന്റെ ഹൃദയതാളം നിലച്ചുവെങ്കിലും നീ മരിക്കില്ല ജീവിക്കും ഞങ്ങളിലൂടെ... പടരും നിന്റെ ആവേശകഥകള്‍ തലമുറകളിലേക്ക്.

രാഷ്ട്രീയ പ്രവര്‍ത്തകന്‍, വാശ്മി, മികച്ച സംഘാടകന്‍, എഴുത്തുകാരന്‍ ... ബഹുമുഖപ്രതിഭയായിരുന്ന ബ്രിട്ടോ 200611 കാലത്ത് ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായി നിയമസഭാംഗമായി പ്രവര്‍ത്തിച്ചു. അന്ന് നിയമസഭാ സാമാജികന്‍ എന്ന നിലയില്‍ കരുത്തുറ്റ ഇടപെടലുകള്‍ നടത്തി ധാരാളം ഓര്‍മ്മകള്‍ സമ്മാനിച്ച സഖാവാണ് ബ്രിട്ടോ.

വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകനായിരിക്കേ 1983 ഒക്ടോബര്‍ 14 ന് മഹാരാജാസ് കോളേജില്‍ വെച്ച് കെ എസ് യു പ്രവര്‍ത്തകരുടെ കുത്തേറ്റ് നട്ടെല്ലിന് പരിക്കേറ്റു. എസ്എഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡണ്ടായി പ്രവര്‍ത്തിച്ച ബ്രിട്ടോ വിദ്യാര്‍ത്ഥി യുവജനപ്രസ്ഥാനങ്ങള്‍ക്ക് എന്നും ആവേശമായിരുന്നു. 
ചെറിയ പ്രായത്തിലേ എഴുത്തില്‍ ശോഭിച്ച അദ്ദേഹം അഗ്രഗാമി, മഹാരന്ത്രം എന്നീ നോവലുകളും യാത്രാവിവരണവും എഴുതിയിട്ടുണ്ട്. സമീപകാലത്ത് നടത്തിയ യാത്രാനുഭവങ്ങള്‍ പുസ്തകമാക്കുന്നതിന്റെ പണിപ്പുരയിലായിരുന്നു ബ്രിട്ടോ. ഉടന്‍ അത് പൂര്‍ത്തീകരിക്കുമെന്നും പ്രകാശനത്തിന് ക്ഷണിക്കാമെന്നും പറഞ്ഞിരുന്നതാണ്.

അവസാനമായി നമ്മള്‍ കണ്ടുമുട്ടിയത് ഈ മാസം ആദ്യത്തിലായിരുന്നു. കൃത്യമായി പറഞ്ഞാല്‍ 2018 ഡിസംബര്‍ 8ന്. കേരളത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരില്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുകളനുഭവിക്കുന്ന പ്രത്യേക പരിഗണനയര്‍ഹിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച ഒരുവിഭാഗം അധ്യാപകരുണ്ടിവിടെ. കൊടിയ ചൂഷണങ്ങള്‍ക്കും അപമാനവീകരണത്തിനും വിധേയമാകുന്നവര്‍. അവരുടെ നീറുന്ന പ്രശ്‌നങ്ങള്‍ക്ക് അറുതി വരുത്താന്‍, വര്‍ഗബോധമുള്ളവരാക്കി മാറ്റാന്‍ എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന അടങ്ങാത്ത അഭിവാഞ്ജയാണ് നമ്മെ ഒരു വേദിയില്‍ എത്തിച്ചത്. എലമെന്ററി, സെക്കണ്ടറി ഭേദമില്ലാതെ അവരെയെല്ലാം ഒരുമിച്ച് അണിനിരത്താന്‍ ഒരു സംഘടന വേണമെന്ന ദീര്‍ഘനാളത്തെ ആഗ്രഹം സഫലീകരിക്കുന്നതിന്റെ ഭാഗമായി കെ എസ് ടി എ യുടെ തിരുവനന്തപുരത്തെ സംസ്ഥാന കമ്മിറ്റി ഓഫീസ് ഹാളില്‍ നടന്ന റിസോഴ്‌സ് അധ്യാപക സംഘടനയുടെ രൂപീകരണ സമ്മേളനത്തില്‍ എത്ര ആവേശത്തോടെയാണ് താങ്കള്‍ അധ്യക്ഷ പ്രസംഗം നടത്തിയത്!

സമയം നീണ്ടു പോകുന്നുവെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ 'എനിക്ക് പറയാനുള്ളത് മുഴുവന്‍ പറയട്ടെ' എന്ന് അല്‍പം ക്ഷോഭത്തോടെ നിലപാട് സ്വീകരിച്ച ബ്രിട്ടോ 'ഞങ്ങള്‍ ഇങ്ങനെയാണ് പ്രത്യേകിച്ച് സര്‍ഗാത്മക കലാകാരന്മാര്‍' എന്ന് ആ ക്ഷോഭത്തിന് ന്യായീകരണവും നല്‍കി. ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടുന്നതിനാല്‍ സമ്മേളന നടപടികള്‍ തുടരുന്നതിനിടയില്‍ വേദിയില്‍ തന്നെ ഷീറ്റ് വിരിച്ച് കിടന്നു കൊണ്ടാണ് അന്ന് മുഴുവന്‍ സമയവും സമ്മേളനത്തില്‍ സാന്നിധ്യമായത്. കേരള റിസോഴ്‌സ് ടീച്ചേര്‍സ് അസോസിയേഷന്റെ ആദ്യ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ശേഷം സമാപന സമ്മേളനത്തില്‍ ഭാവി പരിപാടികള്‍ വിശദീകരിച്ചപ്പോഴും താങ്കളുടെ കനപ്പെട്ട വാക്കുകളും കനലൊളിയുന്ന ആശയങ്ങളും ഞങ്ങളെ ആവേശഭരിതരാക്കി. ആ ആവേശത്തിരയുടെ ബഹിര്‍സ്ഫുരണം എന്നോണം കാസര്‍ഗോഡു നിന്നെത്തിയ രാമകൃഷ്ണന്‍ മുദ്രാവാക്യം മുഴക്കിയത് ഞാനിന്നും ഓര്‍ക്കുന്നു.

ഇക്കുറി ബ്രിട്ടോയുമായി കൂടുതല്‍ സംസാരിക്കാന്‍ അവസരം കിട്ടിയിരുന്നു. കര്‍ഷകരെ സംഘടിപ്പിക്കുന്നത്, ജൈവ കൃഷി, മഹാരാജാസ് കോളേജില്‍ കുത്തേറ്റ് രക്തസാക്ഷിയായ അഭിമന്യുവിന്റെ ജീവിതാവസ്ഥ, ഭിന്നശേഷിക്കാരുടെ രക്ഷിതാക്കളെ സംഘടിപ്പിക്കല്‍... എന്തെല്ലാം കാര്യങ്ങളാണ് എംഎല്‍എ ഹോസ്റ്റലില്‍ ശശിയേട്ടന്റെ മുറിയില്‍ ഇരുന്ന് നമ്മള്‍ ചര്‍ച്ച ചെയ്തത്! വീട്ടില്‍ നിന്ന് ഇറങ്ങിയിട്ട് അഞ്ചാറ് ദിവസമായെന്നും രണ്ട് ദിവസം കൂടി കഴിഞ്ഞേ മടങ്ങുന്നുള്ളൂ എന്നും പറഞ്ഞ ബ്രിട്ടോ എല്ലാം കഴിഞ്ഞ് പിരിയുമ്പോള്‍ പറഞ്ഞ വാക്കുകള്‍ എന്റെ കാതില്‍ അലയടിക്കുകയാണ്:
'ഇങ്ങനെയൊന്നുമായാല്‍ പോര. ഞാന്‍ വിളിക്കും. കേരള മെമ്പാടും യാത്ര ചെയ്യണം, ക്ലാസ്സുകള്‍ എടുക്കണം. ഇനിയതെല്ലാം നിങ്ങളെപ്പോലുള്ളവരാണ് ചെയ്യേണ്ടത്. ഞങ്ങളൊന്നും ഇനി എത്ര കാലമുണ്ടാകുമെന്ന് അറിയില്ലല്ലോ. ഈ കുട്ടികള്‍ക്ക് ഇനി നിങ്ങളൊക്കെയാണ് തുണയായി മാറേണ്ടത്. വിളിച്ചാല്‍ വന്നോളണം' എന്ന് പറഞ്ഞ് പിരിയുമ്പോള്‍ 'വിളിക്കൂ, എവിടെ വേണമെങ്കിലും വരാം' എന്ന മറുവാക്ക് പാലിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. ഇല്ല ബ്രിട്ടോ ആ മറുവാക്ക് പാഴ്‌വാക്കാകില്ല. ഇനി വിളിക്കാന്‍ താങ്കളുണ്ടാവില്ലെങ്കിലും വിശ്വസിച്ച് ഏല്‍പിച്ച ആ ദൗത്യം നിറവേറ്റുക തന്നെ ചെയ്യും.

ബ്രിട്ടോയുടെ ആകസ്മിക നിര്യാണത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനൊപ്പം ഭാര്യ സീന ഭാസ്‌കര്‍, മകള്‍ കയനീല എന്നിവരുള്‍പ്പെടെ എല്ലാ കുടുംബാംഗങ്ങളുടെയും സഖാക്കളുടെയും അഗാധമായ ദുഃഖത്തില്‍ ഞാനും പങ്ക് ചേരുന്നു.

സൈമണ്‍ ബ്രിട്ടോ എന്നത് പോരാളികള്‍ക്ക് വെറുമൊരു പേരല്ല (ഡോ. രതീഷ് കാളിയാടന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക