Image

തിരുവഞ്ചൂരിന് ആഭ്യന്തരം; മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണി

Published on 12 April, 2012
തിരുവഞ്ചൂരിന് ആഭ്യന്തരം; മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണി
തിരുവനന്തപുരം: മുസ്‌ലീം ലീഗിലെ മഞ്ഞളാംകുഴി അലി ലീഗിന്റെ അഞ്ചാം മന്ത്രിയായി അധികാരമേറ്റ സാഹചര്യത്തില്‍ കോണ്‍ഗ്രസ് മന്ത്രിമാരുടെ വകുപ്പുകളിലും വന്‍ അഴിച്ചു പണി. മുഖ്യമന്ത്രി കൈകാര്യം ചെയ്തിരുന്ന ആഭ്യന്തര വകുപ്പ് റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നല്‍കി.

തിരുവഞ്ചൂരിന് പകരം അടൂര്‍ പ്രകാശ് പുതിയ റവന്യൂ മന്ത്രിയാകും. അടൂര്‍ പ്രകാശ് കൈകാര്യം ചെയ്തിരുന്ന ആരോഗ്യവകുപ്പ് വി.എസ്.ശിവകുമാറിന് നല്‍കി. ശിവകുമാര്‍ കൈകാര്യം ചെയ്തിരുന്ന ഗതാഗത വകുപ്പ് ആര്യാടന്‍ മുഹമ്മദ് കൈകാര്യം ചെയ്യും. ആര്യാടന്‍ നിലവില്‍ കൈകാര്യം ചെയ്യുന്ന വൈദ്യുതി വകുപ്പിന് പുറമെയാണ് ഗതാഗതവകുപ്പിന്റെ കൂടെ അധിക ചുമതല നല്‍കിയിരിക്കുന്നത്.

ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനത്തിനെതിരെ എന്‍എസ്എസ് അടക്കമുള്ള സാമുദായിക സംഘടനകള്‍ കടുത്ത പ്രതിഷേധമുയര്‍ത്തിയ സാഹചര്യത്തിലാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ആഭ്യന്തരം പോലുള്ള സുപ്രധാന വകുപ്പ് നല്‍കിയത്. ഇതിലൂടെ എന്‍എസ്എസിന്റെ എതിര്‍പ്പ് ഒരുപരിധിവരെ കുറയ്ക്കാനാകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.

കൂടുതല്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാണ് ആഭ്യന്തരവകുപ്പ് ഒഴിഞ്ഞതെന്ന് മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇക്കാര്യത്തില്‍ തനിക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ അനുമതി മാത്രമെ ആവശ്യമുള്ളൂവെന്നും വകുപ്പ് മാറ്റത്തിന് ഹൈക്കമാന്‍ഡ് ഇന്നുരാവിലെ അനുമതി നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

അനൂപ് ജേക്കബും മഞ്ഞളാംകുഴി അലിയും സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് - ജേക്കബിലെ അനൂപ് ജേക്കബും മുസ്‌ലിംലീഗിലെ മഞ്ഞളാംകുഴി അലിയും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

രാവിലെ പത്തുമണിക്ക് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ എച്ച്.ആര്‍.ഭരദ്വാദ് സത്യവാചകം ചൊല്ലിക്കൊടുത്തു. അനൂപ് ദൈവനാമത്തിലും അലി അള്ളാഹുവിന്റെ നാമത്തിലുമാണ് സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍, കേന്ദ്ര മന്ത്രി ഇ.അഹമ്മദ്, കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല, മന്ത്രിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഇന്നലെ വൈകിട്ട് ചേര്‍ന്ന യുഡിഎഫ് നേതൃയോഗമാണ് അലിയെയും അനൂപിനെയും മന്ത്രിമാരാക്കാന്‍ തീരുമാനമെടുത്തത്. മഞ്ഞളാംകുഴി അലിക്ക് നഗര വികസനം, ന്യൂനപക്ഷ ക്ഷേമ വകുപ്പുകള്‍ ലഭിക്കും. അനൂപിന് ഭക്ഷ്യ സിവില്‍ സപ്ലൈസും രജിസ്‌ട്രേഷന്‍ വകുപ്പുമായിരിക്കും ലഭിക്കുക. അനൂപിന്റെ വകുപ്പിന്റെ കാര്യത്തില്‍ തര്‍ക്കമില്ലെന്ന് മുഖ്യമന്ത്രി ഇന്നലെ അറിയിച്ചിരുന്നു. ഇന്ന് ചേരുന്ന മന്ത്രിസഭായോഗത്തിനുശേഷം വകുപ്പ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.

മന്ത്രി ആര്യാടന്‍ മുഹമ്മദും അഞ്ചാം മന്ത്രിസ്ഥാനത്തിനെതിരെ പരസ്യമായി രംഗത്തുന്ന എംഎല്‍എമാരായ കെ.മുരളീധരന്‍, വി.ഡി.സതീശന്‍, ടി.എന്‍.പ്രതാപന്‍ എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങില്‍ അസാന്നിധ്യംകൊണ്ട് ശ്രദ്ധേയരായി.


മന്ത്രിമാരുടെ വകുപ്പ് മാറ്റം ചെപ്പടിവിദ്യയെന്ന് എന്‍എസ്എസ്

കോട്ടയം: കോണ്‍ഗ്രസ് മന്ത്രിമാരുടെ വകുപ്പ് മാറ്റി സാമുദായിക സന്തുലനം പാലിക്കാനുള്ള മുഖ്യമന്ത്രിയുടെ നടപടി വെറും ചെപ്പടി വിദ്യ മാത്രമാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. വകുപ്പ് മാറ്റിയതുകൊണ്‌ടൊന്നും സാമുദായിക സന്തുലനം നടപ്പിലാവില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

 അഞ്ചാം മന്ത്രി  തീരുമാനം ഹൈക്കമാന്‍ഡിന്റേതല്ലെന്ന് മധുസൂദന്‍ മിസ്ത്രി.
ന്യൂഡല്‍ഹി: മുസ്‌ലീം ലീഗിന്റെ അഞ്ചാം മന്ത്രി കാര്യത്തില്‍ തീരുമാനം ഹൈക്കമാന്‍ഡിന്റേതല്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മധുസൂദന്‍ മിസ്ത്രി. മുഖ്യമന്ത്രിയും കെപിസിസിയുമാണ് അഞ്ചാം മന്ത്രികാര്യത്തില്‍ തീരുമാനമെടുത്തതെന്നും മിസ്ത്രി പറഞ്ഞു.


കെപിസിസി എക്‌സിക്യൂട്ടീവ് യോഗം വിളിണമെന്ന് സുധീരന്‍
ആലപ്പുഴ: കെപിസിസി എക്‌സിക്യൂട്ടീവ് യോഗം അടിയന്തരമായി വിളിച്ചു ചേര്‍ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍ കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയോട് ആവശ്യപ്പെട്ടു.

നിലവിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താണിതെന്നും സുധീരന്‍ പറഞ്ഞു. മുസ്‌ലീം ലീഗിന് അഞ്ചാം മന്ത്രി സ്ഥാനം അനുവദിച്ച സാഹചര്യത്തിലാണ് സുധീരന്റെ പ്രസ്താവന.


കൂട്ടുത്തരവാദിത്തം തകര്‍ന്നുവെന്ന് അച്യുതാനന്ദന്‍

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കൂട്ടുത്തരവാദിത്തം തകര്‍ന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. സത്യപ്രതിജ്ഞാവേളയില്‍ ആര്യാടന്‍ മുഹമ്മദ് നടത്തിയ പരസ്യ പ്രഖ്യാപനവും അദ്ദേഹം മന്ത്രിസഭാ യോഗം ബഹിഷ്കരിച്ചതും കൂട്ടുത്തരവാദിത്തം നഷ്ടമായതിന്റെ പരസ്യപ്രഖ്യാപനമാണെന്നും ആര്യാടന്റെ പേരെടുത്ത് പരാമര്‍ശിക്കാതെ വി.എസ്  കുറ്റപ്പെടുത്തി.

മന്ത്രിമാരുടെ എണ്ണം നിയമ സഭാംഗങ്ങളുടെ പതിനഞ്ച് ശതമാനത്തില്‍ കൂടരുത് എന്ന ചട്ടം ലംഘിക്കപ്പെട്ടിരിക്കുകയാണ്. ചീഫ് വിപ്പ് ഉള്‍പ്പെടെ 22 പേര്‍ക്ക് മന്ത്രി പദവി നല്‍കിയിരിക്കുകയാണ്. ഇത് കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമാണ്. യു.ഡി.എഫ് സര്‍ക്കാര്‍ പൊതുഖജനാവ് ധൂര്‍ത്തടിക്കുകയണെന്നും വി.എസ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

സാമുദായിക ധ്രുവീകരണത്തിന് കൂട്ടു നില്‍ക്കുന്ന നടപടികളാണ് യൂ.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ശെല്‍വരാജിനെ നെയ്യാറ്റിന്‍കരയില്‍ സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനം സാമുദായി രാഷ്ട്രീയത്തിന് കീഴടങ്ങലാണെന്നും വി.എസ് ആരോപിച്ചു.


തൊഴുത്തുമാറ്റിക്കെട്ടിയാല്‍ മച്ചിപ്പശു പ്രസവിക്കുമോ? വെള്ളാപ്പള്ളി

കൊല്ലം: മുസ്ലിം ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നല്‍കിയ നടപടി ആത്മഹത്യാപരമാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സാമുദായിക സന്തുലനം ഉണ്ടായില്ലെങ്കില്‍ സാമുദായിക കലഹമുണ്ടാവും. കോണ്‍ഗ്രസിന്റെത് തറകളിയാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

 വകുപ്പ് മാറ്റിയത് കൊണ്ട് കാര്യമില്ല. തൊഴുത്തുമാറ്റിക്കെട്ടിയാല്‍ മച്ചിപ്പശു പ്രസവിക്കുമോ? വെള്ളാപ്പള്ളി ചോദിച്ചു. നെയ്യാറ്റിന്‍കരയില്‍ ഇത് പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക