Image

ഹര്‍ത്താലിനും അക്രമത്തിനും വഴിയൊരുക്കി ആക്ടിവിസ്റ്റുകളുടെ അയ്യപ്പ ദര്‍ശനം (ശ്രീകുമാര്‍)

ശ്രീകുമാര്‍ Published on 03 January, 2019
ഹര്‍ത്താലിനും അക്രമത്തിനും വഴിയൊരുക്കി ആക്ടിവിസ്റ്റുകളുടെ അയ്യപ്പ ദര്‍ശനം  (ശ്രീകുമാര്‍)

ഹര്‍ത്താലിനും അക്രമത്തിനും വഴിയൊരുക്കി ആക്ടിവിസ്റ്റുകളുടെ അയ്യപ്പ ദര്‍ശനം

(ശ്രീകുമാര്‍)


പുതുവര്‍ഷത്തിന് കേരളത്തില്‍ സംഘര്‍ഷത്തുടക്കം. ഇക്കൊല്ലത്തെ ആദ്യ ഹര്‍ത്താല്‍ ഇന്ന് (ജനുവരി 3) പരമ്പരാഗത രാഷ്ട്രീയ അടിപിടി അക്രമങ്ങളോടെ ആചരിച്ചു. അതിന് കാരണക്കാര്‍ കനകദുര്‍ഗ, ബിന്ദു അമ്മിണി എന്നീ രണ്ട് ആക്ടിവിസ്റ്റുകളായ യുവതികള്‍. ''പെണ്ണൊരുമ്പെട്ടാല്‍ ബ്രഹ്മനും തടുക്കില്ല...'' എന്ന ചൊല്ല് ഒരിക്കല്‍ക്കൂടി പരമ സത്യമായി. ദുര്‍ഗയും ബിന്ദുവും നേരത്തെ ശബരിമല കയറാന്‍ ശ്രമിച്ച് പരാജയപ്പെട്ടവരാണ്. ജനുവരി രണ്ടാം തീയതി പുലര്‍ച്ചെ 3.45നാണ് യുവതികള്‍ മല ചവിട്ടി സന്നിധാനത്തെത്തിയത്. മൊബൈല്‍ ഫോണ്‍ കര്‍ശനമായി നിരോധിച്ചിട്ടുള്ള സന്നിധാനത്ത് ഇവര്‍ എത്തിയതിന്റെ വാട്ട്‌സ് ആപ്പ് ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ ജനം കണ്ടു. പിന്നെ കേരളത്തിന്റെ മുക്കും മൂലയും കുരുതിക്കളമാവുകയായിരുന്നു. ആരുമറിയാതെയാണ് കോഴിക്കോട് കൊയിലാണ്ടിയില്‍ നിന്നുള്ള 42 കാരി ബിന്ദുവിനെയും മലപ്പുറത്തെ അങ്ങാടിപ്പുറത്ത് നിന്നുള്ള 44 കാരി കനകദുര്‍ഗ്ഗയെയും ഷാഡോ പോലീസ് സന്നിധാനത്തെത്തിച്ചത്. സുപ്രീം കോടതിയുടെ യുവതി പ്രവേശന വിധി ശബരിമലയില്‍ അങ്ങനെ നടപ്പിലായി. സര്‍ക്കാര്‍ ഞെളിഞ്ഞു.

ശബരിമല വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നേതൃത്വത്തില്‍ വനിതാ മതില്‍ സംഘടിപ്പിച്ചതിന്റെ പിറ്റേന്നാണ് സുപ്രീം കോടതി വിധി നടപ്പിലാക്കപ്പെട്ടിരിക്കുന്നത്. യുവതികളെ പ്രവേശിപ്പിച്ച് നവേത്ഥാനം ഉറപ്പിക്കാനാണോ വനിതാ മതില്‍ സംഘടിപ്പിച്ചത് എന്ന ചോദ്യമുണ്ട്. കഴിഞ്ഞ ഡിസംബര്‍ 24ന് ബിന്ദുവും കനക ദുര്‍ഗയും ശബരിമല പ്രവേശനത്തിന് കിണഞ്ഞ് ശ്രമിച്ചിരുന്നു. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് ഇവര്‍ക്ക് അന്ന് പിന്‍മാറേണ്ടി വന്നു. തുടര്‍ന്ന് ഇവര്‍ക്ക് ഒരുപോലെ ദേഹാസ്വാസ്ഥ്യമുണ്ടായി കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അവിടെ നിരാഹാര സമരം നടത്തിയ ഇവരെ പിന്നീട് തക്കം നോക്കി സന്നിധാനത്ത് എത്തിക്കുമെന്ന് പോലീസ് ഉറപ്പ് നല്‍കിയിരുന്നു. അങ്ങനെ അവസരം കാത്തിരുന്ന്, വ്യക്തമായ ആസൂത്രണത്തോടെ, ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മാത്രം അറിയാവുന്ന ഒരു ഓപറേഷനിലൂടെയായിരുന്നു മഫ്റ്റി പോലീസ് സുരക്ഷയില്‍ യുവതികളെ സന്നിധാനത്തെത്തിച്ചത്. ഏഴ് ദിവസം നീണ്ട ആസൂത്രണത്തിലൂടെയാണ് യുവതികളെ പ്രതിഷേധക്കാര്‍ ഒഴിഞ്ഞ സമയത്ത് ശബരിമലയില്‍ എത്തിച്ചത്.

സംഘപരിവാറിന്റെയും മാധ്യമങ്ങളുടെയും കണ്ണുവെട്ടിച്ചാണ് പോലീസ് ഇരുവരെയും സന്നിധാനത്തെത്തിച്ചതും സുരക്ഷിതമായി തന്നെ മടക്കിക്കൊണ്ട് പോയതും. തലശേരി പാലയാട് സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ അസിസ്റ്റന്റ് പ്രൊഫസറാണ് ബിന്ദു അമ്മിണി. ഇവരുടെ ഭര്‍ത്താവ് ഹരിഹരന്‍ സി.പി.ഐ എം.എല്‍ സജീവപ്രവകര്‍ത്തകനാണ്. ഹരിഹരനൊപ്പമാണ് ബിന്ദു ശബരിമലയിലെത്തിയത്. ആനമങ്ങാട് മാവേലി സ്‌റ്റോറിലെ താല്‍ക്കാലിക ജീവനക്കാരിയാണ് കനക ദുര്‍ഗ. സി.ഐ.ടിയു അംഗമാണ് ഇവര്‍.

കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് വിട്ട ശേഷം പോലീസ് സംരക്ഷണത്തില്‍ കോട്ടയം ജില്ലയുടെ അതിര്‍ത്തിയിലാണ് യുവതികളെ താമസിപ്പിച്ചത്. എന്നാല്‍ അവിടെ സ്ഥിരമാക്കിയില്ല. മാറി മാറി താമസിപ്പിച്ചു. കോട്ടയം എസ്.പി ഹരിശങ്കര്‍ ഐ.പി.എസിനാണ് യുവതികളുടെ സംരക്ഷണത്തിന്റെ ചുമതലുണ്ടായിരുന്നത്. ഉന്നത ഉദ്യോഗസ്ഥര്‍ക്കും നീക്കങ്ങള്‍ അറിയാമായിരുന്നുവത്രേ. സാദാ പോലീസുകാരില്‍ നിന്നും ശബരിമലയോട് ചേര്‍ന്ന പ്രദേശങ്ങളിലെ വനിതാ പോലീസുകാരില്‍ നിന്നും നീക്കങ്ങള്‍ രഹസ്യമാക്കിവച്ചു. തിരഞ്ഞെടുത്ത വനിതാ പോലീസിന്റെ സുരക്ഷയിലായിരുന്നു ഇരുവരും. ഇവരെ പുറത്തുള്ളവരുമായി ബന്ധപ്പെടാന്‍ അനുവദിച്ചിരുന്നില്ല. കനക ദുര്‍ഗയെ ഇടയ്ക്ക് വീട്ടുകാര്‍ വിളിച്ചിരുന്നു. കൂട്ടുകാരിയുടെ വീട്ടില്‍ താമസിക്കുകയാണെന്നും പ്രതിഷേധം തണുക്കട്ടെ എന്നുമാണ് മറുപടി നല്‍കിയത്.

ജനുവരി ഒന്നാം തീയതി വൈകിട്ടാണ് സര്‍ക്കാര്‍ അനുകൂല നിലപാട് അറിയിച്ചത്. തുടര്‍ന്ന് പോലീസ് സംഘം രണ്ടു യുവതികളുമായി രാത്രി എരുമേലിയിലെത്തി. സുരക്ഷാ ചുമതലയുണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥര്‍ക്കെല്ലാം യുവതികള്‍ എത്തുന്ന വിവരം കൈമാറി. താഴെ തട്ടിലെ ഉദ്യോഗസ്ഥരെ അറിയിച്ചതുമില്ല. ട്രാക്ടര്‍ പോകുന്ന പാതയിലൂടെയാണ് യുവതികളെ സന്നിധാനത്ത് എത്തിച്ചത്. വിവരങ്ങള്‍ ഓരോന്നും ഡി.ജി.പിയെ അറിയിച്ചുകൊണ്ടേയിരുന്നു. ഡിസംബര്‍ 30ന് നടതുറക്കുമ്പോള്‍ കോടതി വിധി നടപ്പാക്കാനായിരുന്നു ഉദ്ദേശം. എന്നാല്‍ അന്ന് തിരക്കായതിനാല്‍ പിറ്റേന്നത്തേക്ക് മാറ്റി. എന്നാല്‍ ജനുവരി ഒന്നിന് നടക്കുന്ന വനിതാമതിലിനെ ഇത് ബാധിച്ചേക്കുമെന്ന് ആശങ്കയുണര്‍ന്നതോടെ സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ജനുവരി രണ്ടിലേക്ക് മാറ്റി. ഒന്നാം തിയതി രാത്രി 10.30ഓടെ ബിന്ദുവും കനദുര്‍ഗയും വടശേരിക്കര പിന്നിട്ട് പമ്പയിലേക്ക് വരികയാണെന്നും ആറ് പേര്‍ കൂടെയുണ്ടെന്നും അജ്ഞാത ഫോണ്‍ സന്ദേശം പമ്പ പോലീസ് സ്‌റ്റേഷനില്‍ എത്തി.

സ്വകാര്യ വാഹനത്തില്‍ പോലീസ് അകമ്പടിയോടെയാണ് യുവതികള്‍ പമ്പയിലെത്തിയത്. അവിടെ നിന്നും വനംവകുപ്പിന്റെ ആംബുലന്‍സില്‍ ചരല്‍മേട്ടിലേക്ക് തിരിച്ചു. സംശയം തോന്നാതിരിക്കാന്‍ കയ്യില്‍ ഡ്രിപ്പ് ഇട്ടിരുന്നു. സന്നിധാനത്തേക്ക് നടക്കുമ്പോള്‍ ആറ് മഫ്ടി പോലീസുകാര്‍ നിശ്ചിത അകലത്തില്‍ ഇവരെ പിന്തുടര്‍ന്നു. സംശയം തോന്നി ചില പോലീസുകാരും ദേവസ്വം ഗാര്‍ഡുകളും ചോദ്യം ചെയ്തപ്പോള്‍ ഐ.ജിയുടെ ഗസ്‌റ്റെന്ന് മറുപടി പറഞ്ഞു. ചില തീര്‍ത്ഥാടകര്‍ ചോദിച്ചപ്പോള്‍ ട്രാന്‍സ്‌ജെന്‍ഡറുകളാണെന്നാണ് പറഞ്ഞത്. അരവണ കൗണ്ടറിന് സമീപത്തെ അടിപ്പാതയിലൂടെ ജീവനക്കാര്‍ക്കുള്ള ഗേറ്റ് വഴിയാണ് സന്നിധാനത്ത് എത്തിച്ചത്. കൊടിമരച്ചുവട്ടില്‍ നിന്നും ബലിക്കല്‍പ്പുരയുടെ വാതിലിലൂടെ ഇവരെ കടത്തിവിടുകയും ചെയ്തു. സന്നിധാനം എസ്.ഒ ജയദേവിനായിരുന്നു സുരക്ഷാ ചുമതല.

3.48ന് ശ്രീകോവിന്റെ മുന്നിലെ ക്യൂവില്‍ ഏറ്റവും പിന്നിലായി നിന്നാണ് ദര്‍ശനം നടത്തിയതും തൊഴുതതും. ഗണപതി ഹോമം നടക്കുന്ന സമയമായതിനാല്‍ തന്ത്രി, മേല്‍ശാന്തി, പരികര്‍മ്മികള്‍ എന്നിവരുടെ ശ്രദ്ധയില്‍ ഇത് പെട്ടില്ല. നാല് മിനിറ്റ് നേരം ദര്‍ശനം നടത്തി ഉടന്‍ മടങ്ങുകയും ചെയ്തു. മറ്റ് അയ്യപ്പന്മാര്‍ തിരിച്ചറിയുന്നതിന് മുമ്പ് പടിഞ്ഞാറേ നട വഴി ഇവരെ ഇറക്കുകയും ചെയ്തു. ഗണപതി കോവിലിന് സമീപത്തെ പാലത്തിലൂടെ താഴെ ഇറക്കി ആംബുലന്‍സില്‍ തന്നെ തിരികെ കൊണ്ടുപോകുകയുമായിരുന്നു. ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍, മറ്റ് പോലീസുകാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുടെ കണ്ണ് വെട്ടിച്ചായിരുന്നു പോലീസിന്റെ നീക്കം.

ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധി സെപ്റ്റംബര്‍ 28 നായിരുന്നു. അതേസമയം, കന്നി അയ്യപ്പന്മാര്‍ ദര്‍ശനം നടത്താതിരിക്കും വരെ ശബരിമലയില്‍ പത്തിനും 50 നും ഇടയില്‍ പ്രായക്കാരായ സ്ത്രീകള്‍ പ്രവേശിക്കാനാവില്ലെന്നതായിരുന്നു ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട ഐതീഹ്യം. ഈ ഐതീഹ്യമാണ് ബിന്ദുവും കനക ദുര്‍ഗയും തിരുത്തിയത്. സുപ്രീം കോടതി വിധിക്ക് പിന്നാലെ ശബരിമല പ്രവേശനത്തിനായി എത്തുന്ന യുവതികള്‍ക്ക് സംരക്ഷണം നല്‍കുമെന്ന് കേരളാ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

ആദ്യം ദര്‍ശനത്തിനായി എത്തിയത് ചേര്‍ത്തല സ്വദേശിനിയും മാധ്യമ പ്രവര്‍ത്തകയുമായിരുന്ന ലിബിയായിരുന്നു. ഒക്ടോബര്‍ 15ന് പത്തനംതിട്ടയിലെ പുതിയ ബസ് സ്റ്റാന്റില്‍ എത്തിയ ഇവര്‍ അവിടെ തടയപ്പെട്ടു. കനത്ത പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ ലിബി പിന്തിഞ്ഞു. ഇവര്‍ നിരീശ്വരവാദ സംഘടനയുടെ സജീവ പ്രവര്‍ത്തകയുമായിരുന്നു. പിന്നാലെ ആന്ധ്രാക്കാരി മാധവി എന്ന 40 കാരിയുടെ ഊഴമായിരുന്നു. ഒക്ടോബര്‍ 17ന് ഇവരെ ഭക്തര്‍ കയ്യേറ്റം ചെയ്തതോടെ മടക്കിയയച്ചു. മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും ഒപ്പമാണ് മാധവി എത്തിയത്. ന്യൂയോര്‍ട്ട് ടൈംസിന്റെ മാധ്യമ പ്രവര്‍ത്തക സുഹാസിനി രാജാണ് സഹപ്രവര്‍ത്തകനായ അമേരിക്കക്കാരനൊപ്പം പിന്നീടെത്തിയത്. ഇവര്‍ ഒക്ടോബര്‍ 17ന് പമ്പാ ഗേറ്റ്‌വേ മറികടന്നെങ്കിലും പ്രതിഷേധക്കാര്‍ അക്രമാസക്തരായ സാഹചര്യത്തില്‍ ഇവരും മടങ്ങപ്പോകാന്‍ നിര്‍ബന്ധിതരായി.

തുടര്‍ന്ന് ഹൈദരാബാദുകാരിയായ മാധ്യമ പ്രവര്‍ത്തക കവിതാ രാജും ബി.എസ്.എന്‍.എല്‍ ജോലിക്കരിയായ രഹനാ ഫാത്തിമയും എത്തി. നടപ്പന്തല്‍ വരെയെത്തി വലിയ പ്രതിഷേധം നേരിട്ട അവര്‍ക്കും പതിനെട്ടാം പടി ചവിട്ടാനായില്ല. വിശ്വാസികളുടെ പ്രതിഷധത്തിന് ഇരയായതിന് പുറമേ രഹ്നാ ഫാത്തിമ മതവികാരം വ്രണപ്പെടുത്തിയതിന് പത്തനംതിട്ട പൊലീസിന്റെ കേസിലും കുടുങ്ങി. തിരുവനന്തപുരം കഴക്കൂട്ടംകാരി മേരി സ്വീറ്റിയുടേതായിരുന്നു അടുത്ത ശ്രമം. അവരെ പൊലീസ് തടഞ്ഞു. പിന്നീട് ദര്‍ശനത്തിനായി എത്തിയ ആറു സ്ത്രീകള്‍ തടയപ്പെടുന്നു. വിശ്വാസികളുടെ പ്രതിരോധമായിരുന്നു ഇവിടെയും പ്രശ്‌നം. നടപ്പന്തല്‍ വരെ എത്തിയ ആന്ധ്രയില്‍ നിന്നുള്ള 47കാരി ബാലമ്മയ്ക്ക് പതിനെട്ടാം പടിയിലേക്ക് എത്തപ്പെടാനായില്ല. ശരണം വിളികളോടെ അവരെ സന്നിധാനത്ത് ഉണ്ടായിരുന്ന വിശ്വാസികള്‍ തടഞ്ഞു. അതിന് മുമ്പ് ബന്ധുക്കള്‍ക്കൊപ്പം ശബരിമലയില്‍ എത്തിയ 40 വയസിന് മുകളില്‍ പ്രായമുള്ള രണ്ടു സ്ത്രീകളെയും പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു.

ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തിദേശയായിയായിരുന്നു ശബരിമലയില്‍ പ്രവേശനത്തിനായി എത്തി തിരിഞ്ഞോടേണ്ടി വന്ന മറ്റൊരാള്‍. നവംബര്‍ 16ന് കേരളത്തില്‍ എത്തിയ അവരെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും ഇറങ്ങാന്‍ പോലും പ്രതിഷേധക്കാര്‍ അനുവദിച്ചില്ല. ഒരു പകല്‍ മുഴുവനും വിമാനത്താവളത്തില്‍ കഴിഞ്ഞ തൃപ്തി ദേശായി ഒടുവില്‍ ശബരിമലയില്‍ കയറാന്‍ വന്ന മറ്റുള്ളവരുമായി തൃപിതിയാകാതെ മടങ്ങി. ശബരിമല പ്രവേശനത്തിനായി എത്തിയ നാലു ഭിന്നലിംഗക്കാരെ പൊലീസ് തിരിച്ചയച്ചത് വിവാദമായി. പൊലീസ് അപമാനിച്ചെന്നും പുരുഷന്മാരെ പോലെ വസ്ത്രം ധരിച്ച് ക്ഷേത്രത്തില്‍ എത്താനും ആവശ്യപ്പെട്ടതായി ഇവര്‍ പറഞ്ഞു. പിന്നീട് പൊലീസിന്റെ നിര്‍ദ്ദേശം അംഗീകരിച്ച ഇവരെ രണ്ടു ദിവസം കഴിഞ്ഞു വന്നപ്പോള്‍ ദര്‍ശനത്തിന് അധികൃതര്‍ അനുവദിക്കുകയായിരുന്നു.

തമിഴ്‌നാട്ടിലെ മനിതി വനിതാ വിമോചന പ്രവര്‍ത്തകര്‍ക്കും കയറാനായില്ല. ചെന്നൈയില്‍ നിന്നന്നെത്തിയ 11 സ്ത്രീകള്‍ക്ക് പമ്പയില്‍ നിന്നും 100 മീറ്റര്‍ മാത്രമാണ് മലകയറാന്‍ കഴിഞ്ഞത്. പ്രതിഷേധത്തെ തുടര്‍ന്ന് ആദ്യശ്രമം ഉപേക്ഷിക്കാന്‍ നിര്‍ബ്ബന്ധിതമായി. വീണ്ടും ശ്രമം നടത്തിയെങ്കിലും പൊലീസ് പിന്തിരിപ്പിച്ചെന്ന് ഇവര്‍ ആരോപിച്ചു. പിന്നാലെ കനകദുര്‍ഗയും ബിന്ദുവുമെത്തി ദര്‍ശനം സാധ്യമാകാതെ മടങ്ങി. ഒടുവില്‍ ശബരിമല വിഷയം മുന്‍നിര്‍ത്തി സര്‍ക്കാര്‍ പുതുവര്‍ഷ ദിനത്തില്‍ സംഘടിപ്പിച്ച വനിതാമതിലിന് പിന്നാലെ കനകദുര്‍ഗയും ബിന്ദുവും വീണ്ടെമെത്തി പേരിന് ദര്‍ശനം നടത്തി. അതാകട്ടെ സംസ്ഥാനത്തെ യുദ്ധക്കളമാക്കുകയും ചെയ്തു.

ശബരിമല സ്ത്രീ പ്രവേശന വിവാദത്തില്‍ പുതിയ വഴിത്തിരിവായാണ് തങ്ങളുടെ ദര്‍ശനത്തെ ബിന്ദുവും കനകദുര്‍ഗയും കാണുന്നത്. എന്നാല്‍ യുവതീ പ്രവേശനത്തെതുടര്‍ന്ന് സംസ്ഥാനത്ത് സി.പി.എം-ബി.ജെ.പി, സംഘപരിവാര്‍ സംഘര്‍ഷം വ്യാപകമായി. തന്ത്രിയുടെ തീരുമാനത്തില്‍ നടയടച്ച് ശുദ്ധിക്രിയ നടത്തി. എന്നാല്‍ ദേവസ്വം ബോര്‍ഡിനോട് ആലോചിക്കാതെ നടയടച്ചതിന് ബോര്‍ഡ് തന്ത്രിയോട് വിശദീകരണം തേടിയിട്ടുണ്ട്. നടയടച്ചത് കോടതിയലക്ഷ്യമാണെന്നാണ്, സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടി തന്ത്രിക്കെതിരെ ആരോപിക്കുന്നത്. ശബരിമലയില്‍ സ്ത്രീ പ്രവേശനം നടന്നാല്‍ നട അടച്ച് താക്കോല്‍ കൈമാറും എന്ന് മുമ്പ് തന്ത്രി പറഞ്ഞിരുന്നു. സുപ്രീം കോടതി വിധി നിലനില്‍ക്കുമ്പോള്‍ തന്നെ ആയിരുന്നു അത്. അന്നത്തെ തന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ കോടതിയലക്ഷ്യത്തിന് സുപ്രീം കോടതിയെ സമീപിക്കാന്‍ രണ്ട് പേര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ അറ്റോര്‍ണി ജനറലിന്റെ ഓഫീസ് അതിന് അനുമതി നിഷേധിക്കുകയായിരുന്നു. ശബരിമലയുടെ ചരിത്രത്തിലെ അത്യപൂര്‍വ സംഭവങ്ങളാണിതൊക്കെ.

യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിന് ബി.ജെ.പി.യും പിന്തുണ നല്‍കി. ഹര്‍ത്താലില്‍ സംസ്ഥാനത്തെമ്പാടും പ്രതിഷേധക്കാര്‍ ആക്രമം അഴിച്ചുവിട്ടു. വാഹനങ്ങള്‍ തകര്‍ക്കപ്പെട്ടു. സംസ്ഥാനത്ത് ഹര്‍ത്താലുകള്‍ നിത്യസംഭവങ്ങളായി മാറിയ സാഹചര്യത്തില്‍ ഹര്‍ത്താലുകള്‍ ബഹിഷ്‌കരിച്ച് കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഈയിടെ തീരുമാനമെടുത്തിരുന്നു. ഇന്നത്തെ ഹര്‍ത്താലില്‍ കടകള്‍ പലയിടത്തും തുറന്നെങ്കിലും ഹര്‍ത്താല്‍ അനുകൂലികള്‍ കടകള്‍ നിര്‍ബന്ധപൂര്‍വം അടപ്പിച്ചതും സംഘര്‍ഷത്തിന് കാരണമായി. ടയറുകള്‍ കത്തിച്ച് റോഡിലിട്ടും കല്ലുകള്‍ നിരത്തിയും ഗതാഗതം തടസ്സപ്പെടുത്തി. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ തെരുവുയുദ്ധമാണ് അരങ്ങേറിയത്. മറ്റിടങ്ങളിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. 
ഹര്‍ത്താലിനും അക്രമത്തിനും വഴിയൊരുക്കി ആക്ടിവിസ്റ്റുകളുടെ അയ്യപ്പ ദര്‍ശനം  (ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക