Image

അത് നീ തന്നെ(കവിത: രാജന്‍ കിണറ്റിങ്കര)

രാജന്‍ കിണറ്റിങ്കര Published on 03 January, 2019
അത് നീ തന്നെ(കവിത: രാജന്‍ കിണറ്റിങ്കര)
പ്രളയം

ബാക്കിവച്ചിടത്തു

നിന്നൊരു

പൈതലിന്‍

രോദനം

നിലയ്ക്കും മുന്നേ,

 

ചളി പൂഴ്ന്ന

അടുക്കളയിലൊരു 

തീയെരിയും മുന്നേ,

 

കൈ തന്ന

രക്ഷകര്‍

പടിയിറങ്ങും

മുന്നേ,

 

മനസ്സിലൊരാ

ശ്വാസത്തിന്‍

നെടുവീര്‍പ്പുതിരും

മുന്നേ..

 

 

ഒരുമതന്‍

കൈത്താങ്ങ്

പൊട്ടിച്ചെറിഞ്ഞും ,

 

വഴികളില്‍

സ്തംഭന

രോഷം ചിതറിയും, 

 

ജാതി, ലിംഗത്തി

ന്നശുദ്ധം കല്‍പിച്ചും,

 

ഇല്ലാത്ത

സിദ്ധാന്ത,

ചരിത്രം

വിളമ്പിയും ,

 

നീയെന്നും

ഞാനെന്നും

പോര്‍വിളി ചെയ്തും,

 

വെട്ടി മരിക്കുന്നു

പരസ്പരം

'അത് നീ' യെന്നു

ചൊല്ലിയ

ദേവസങ്കല്പത്തിന്നൊരു

കൈപ്പാടകലെ...

**********

രാജന്‍ കിണറ്റിങ്കര

അത് നീ തന്നെ(കവിത: രാജന്‍ കിണറ്റിങ്കര)
Join WhatsApp News
വിദ്യാധരൻ 2019-01-03 13:29:44
കേരളത്തിന്റെ ഇന്നത്തെ  ദുരവസ്ഥയിൽ നിന്ന് നിങ്ങൾ കൊറിയെടുത്ത നിങ്ങളുടെ നല്ല കവിതയ്ക്ക് അഭിന്ദനം .  മാപ്പിള ലഹളയുടെ വടുക്കൾ  ഇന്നും   കേരള ചരിത്രത്തിൽ ഉണങ്ങാതെ നിൽക്കുമ്പോളാണ് പുതിയ മുറിവുകൾ ഉണ്ടാക്കി വിദ്യാഭ്യാസത്തിലും സാക്ഷരതയിലും ഒന്നാം സ്ഥാനത്താണ് കേരള ജനത  എന്ന് വിളിച്ചു കൂവുന്ന ജാതി മത വർഗ്ഗീയ വാദികൾ ജനങ്ങളെ തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്നത്.  ഒരു രാജ്യത്തിന്റെ രാഷ്ട്രീയ സാംസ്‌കാരിയ അവസ്ഥയുടെ ഗതിവിഗതികളെ തിരിച്ചു വിടത്തക്ക രീതിയിൽ ജനങ്ങളുടെ ചിന്തകളെ പ്രകോപിക്കാൻ  കഴിവുള്ളവരാണ് എഴുത്തുകാർ എന്നതിന് ഉത്തമോദാഹരണമാണ് കുമാരനാശാന്റെ ദുരവസ്ഥ എന്ന കവിത.  സമകാലിക സംഭങ്ങളെ ആധാരാമാക്കി നിങ്ങൾ എഴുതിയ കവിത വായിച്ചപ്പോൾ താഴെ ഉദ്ധരിച്ചിരിക്കുന്ന വരികൾ മനസ്സിൽ പൊന്തി വന്നു.  
 
"ആഹന്തയെത്ര വിഫലമാക്കിത്തീർത്തു
നീ ഹിന്തുധർമ്മമേ, 'ജാതി'മൂലം!
എത്ര പെരുമാക്കൾ ശങ്കരാചാര്യന്മാ-
രെത്രയോ തുഞ്ചന്മാർ കുഞ്ചന്മാരും
ക്രൂരയാം ജാതിയാൽ നൂനമലസിപ്പോയ്
കേരളമാതാവേ, നിൻവയറ്റിൽ.
തേച്ചുമിനുക്കിയാൽ കാന്തിയും മൂല്യവും
വാച്ചിടും കല്ലുകൾ ഭാരതാംബേ.
താണുകിടക്കുന്നു നിൻ കുക്ഷിയിൽ ചാണ
കാണാതെയാറേഴു കോടിയിന്നും.
എന്തിന്നു കേഴുന്നു ദീനയോ നീ ദേവി,
എന്തു ഖേദിപ്പാൻ ദരിദ്രയോ നീ?
ഹന്തയിജ്ജാതിയെ ഹോമിച്ചാഴിച്ചാൽ നിൻ
ചിന്തിതം സാധിച്ചു രത്നഗർഭേ.
തൊട്ടുകൂടാത്തവർ തീണ്ടിക്കൂടാത്തവർ
ദൃഷ്ടിയിൽ പെട്ടാലും ദോഷമുള്ളോർ
കെട്ടില്ലാത്തോർ തമ്മിലുണ്ണാത്തോരിങ്ങനെ-
യൊട്ടല്ലഹോ ജാതിക്കോമരങ്ങൾ!
ഭേദങ്ങളറ്റ പൊരുളിനെക്കാഹള-
മൂതിവാഴ്ത്തീടുന്നു വേദം നാലും,
വൈദികമാനികൾ മർത്ത്യരിൽ ഭേദവും,
ഭേദത്തിൽ ഭേദവും ജല്പിക്കുന്നു!
എന്തൊരു വൈകൃതം ബ്രഹ്മവിദ്യേ, നിന്നി-
ലെന്താണിക്കാണുന്ന വൈപരീത്യം?" (ദുരവസ്ഥ -ആശാൻ )

തത്ത്വമസി  എന്ന് ശ്രീകോവിലിന്റെ വാതിൽപ്പടിയുടെ മുകളിൽ എഴുതി വച്ചതുകൊണ്ടെന്ത് കാര്യം .അതിന്റെ അർത്ഥം മനസ്സിലാക്കണ്ടേ ? തത്വമസി എന്ന വാക്കിന്‍റെ അര്‍ഥം തത് ത്വം അസി ( അത് നീ ആകുന്നു ) ചന്ദൊഗ്യൊപ ഉപനിഷത്തില്‍ ഉദ്ദാലകന്‍ എന്ന ആരുണി (അരുണന്റെ പുത്രനയതുകൊണ്ട് ആരുണി ) തന്‍റെ മകനായ ശ്വേതകേതു വിനെ പഠിപ്പിക്കുന്നതായി ആണ് വിശദീകരിച്ചിരിക്കുന്നത്.

അച്ഛന്‍ മകനോട്‌ പറയുന്നു ഒരു ആല് മരത്തിന്റെ വിത്ത് എടുത്തുകൊണ്ടു വരുവാന്‍. മകന്‍ ഒരു വിത്ത് എടുത്തു കൊണ്ടുവന്നു. അദ്ദേഹം മകനോട്‌ പറഞ്ഞു അത് നടുവേ മുറിക്കുവാന്‍ . മകന്‍ അത് നടുവേ പിളര്‍ന്നിട്ടു പറഞ്ഞു അതില്‍ കുറെ അണുസമാനമായ വിത്തുകള്‍ കാണുന്നു എന്ന്. അപ്പോള്‍ ഉദ്ദാലകന്‍ പറഞ്ഞു അത് വീണ്ടും മുറിക്കുവാന്‍ . അപ്പോള്‍ അത് വീണ്ടും മുറിച്ചിട്ട് ശ്വേതകേതു പറഞ്ഞു പിതാവേ അതില്‍ ഒന്നും കാണാന്‍ സാധിക്കുന്നില്ല എന്ന്. അപ്പോള്‍ ഉദ്ദാലകന്‍ പറഞ്ഞു ആ മറഞ്ഞിരിക്കുന്ന അതില്‍ നിന്നും ആണ് ഒരു മഹാ വൃക്ഷം ഉണ്ടാവുന്നത്. അതുപോലെ എല്ലായിടതും കാണാവുന്നതും എന്നാല്‍ കാണാന്‍ പറ്റാത്തതും ആയ അത് ആണ് എന്നിലും നിന്നിലും ഉള്ള പരബ്രഹ്മം, കുഞ്ഞേ അത് നീ ആകുന്നു. 

തത്ത്വമസി അത് നീ ആകുന്നു) അല്ലെങ്കിൽ ദൈവരാജ്യം നിന്നിൽ തന്നെയാണ് എന്നൊക്കെ ആചാര്യന്മാർ പറഞ്ഞു പഠിപ്പിച്ചെങ്കിലും , ആ 'സത്യം' ജനങ്ങൾക്ക് വെളുപ്പെടുത്തി കൊടുത്ത് അവരെ സ്വതന്ത്രമാക്കേണ്ടവർ (സത്യം നിന്നെ സ്വാതന്ത്രമാക്കും -യേശു) കുരങ്ങനെകൊണ്ട് ചുടുചോർ വാരിപ്പിക്കുയാണ് . അതിന്റെ പ്രത്യാഘാതങ്ങളാണ് ഇന്ന് കേരളത്തിൽ കണ്ടുവരുന്നത്   അവരെ കുരങ്ങു കളിപ്പിക്കുന്നവരാണ് ശശികല, സുരേന്ദ്രൻ, രാഹുൽ, അങ്ങനെ അനേകം വർഗ്ഗീയ വാദികൾ .  

Sudhir Panikkaveetil 2019-01-03 17:01:59
സമാജ് കോ ബദൽ  ടാലോ .. ഇത്തരം 
കവിതകൾക്ക് അതിനുള്ള ഉർജ്ജമുണ്ട്. 
നന്ദി..കവി ശ്രീ രാജൻ.
Rajan Kinattinkara 2019-01-04 00:10:40
Thank you, Vidyadharanji, Sudhirji.............
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക