Image

തുടര്‍ ചലനം; തീരപ്രദേശത്ത് ജാഗ്രതാ നിര്‍ദേശം

Published on 12 April, 2012
തുടര്‍ ചലനം; തീരപ്രദേശത്ത് ജാഗ്രതാ നിര്‍ദേശം
ആലപ്പുഴ: ഭൂചലനത്തിന്‍െറ ഭീതി നിറഞ്ഞ നിമിഷങ്ങളിലൂടെ ജില്ലയും ബുധനാഴ്ച കടന്നു പോയി. പല ഭാഗങ്ങളിലും അപ്രതീക്ഷിതമായുണ്ടായ കമ്പനങ്ങളില്‍ ജനങ്ങള്‍ അസ്വസ്ഥരായി. കടലില്‍ തിരയിളക്കം വര്‍ധിച്ചതും ആറുകളില്‍ ജലനിരപ്പ് ഉയര്‍ന്നതും ഉത്കണ്ഠ വര്‍ധിപ്പിച്ചു.  സൂനാമി ദുരന്തത്തിന്‍െറ ഓര്‍മകളുമായി കഴിയുന്ന ആറാട്ടുപുഴയിലും ജനങ്ങള്‍ ഭീതരായി. ഓഫിസുകളിലും വീടുകളിലും കസേരകളും മറ്റ് ഉപകരണങ്ങളും ചലിച്ചത് സ്വാഭാവികമെന്ന് കരുതിയിരിക്കുമ്പോഴാണ് ഭൂചലനത്തിന്‍െറ ഭാഗമാണിതെന്ന അറിയിപ്പ് വരുന്നത്. ബുധനാഴ്ച ഉച്ചക്ക് 2.10 ഓടെയായിരുന്നു ആദ്യത്തെ ചലനം. 4.20 ന് തുടര്‍ ചലനവുമുണ്ടായി.
പുളിങ്കുന്ന് എന്‍ജിനീയറിങ് കോളജില്‍ ആദ്യത്തെ ചലന സമയത്ത് കസേരകള്‍ ഇളകുകയും ഉപകരണങ്ങള്‍ക്ക് സ്ഥാന ചലനങ്ങള്‍ ഉണ്ടാവുകയും ചെയ്തതായി പറഞ്ഞു. കുട്ടനാട്ടിലെ പല ഭാഗങ്ങളിലും കമ്പനം അനുഭവപ്പെട്ടു. പുളിങ്കുന്ന്, കാവാലം, പള്ളാത്തുരുത്തി ഭാഗങ്ങളില്‍ ആറ്റിലെ വെള്ളം പെട്ടെന്ന് ഉയര്‍ന്നുതാഴ്ന്നു. നങ്കൂരമിട്ടിരുന്ന ഹൗസ് ബോട്ടുകള്‍ ഇളകിയാടി. പള്ളാത്തുരുത്തിയില്‍ വീടുകളിലെ ഉപകരണങ്ങളും വീണു.
ഹരിപ്പാട്ട് ഭൂചലനത്തിന്‍െറ വാര്‍ത്ത പരന്നതോടെ വീടുകളില്‍നിന്ന് ജനം പുറത്തേക്ക് ഓടി.  വിയ്യപുരം, മേല്‍പ്പാടം, പായിപ്പാട്, കാരിച്ചാല്‍, ചെറുതന, പാണ്ടി, തകഴി, കേളമംഗലം, ചെക്കിടിക്കാട്, കൈനകരി ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. എടത്വായില്‍ സ്വകാര്യ കോളജിലെ വിദ്യാര്‍ഥികളെ പെട്ടെന്ന് അധ്യാപകര്‍ മുകളിലത്തെ നിലയില്‍ നിന്ന് താഴേക്ക് മാറ്റി. എടത്വാ വാട്ടര്‍ അതോറിറ്റിയിലെ ജീവനക്കാര്‍ ജീവരക്ഷാര്‍ഥം ഈ സമയം താഴേക്കിറങ്ങി.
പല വീടുകളിലും വിറയാര്‍ന്ന ശബ്ദത്തില്‍ ഉപകരണങ്ങള്‍ വീണു. ചെങ്ങന്നൂരില്‍ അച്ചന്‍കോവിലാറ്റില്‍ വെള്ളം ഉയര്‍ന്നു. ശാര്‍ങ്ങരകാവ് ക്ഷേത്രക്കടവില്‍ ഉച്ചക്ക് രണ്ടര മുതല്‍ നാലര വരെയാണ് ജലവിതാനം ഉയര്‍ന്നത്. ആറിന്‍െറ മധ്യഭാഗത്തായി ഉയര്‍ന്ന വെള്ളം ഇരുഭാഗങ്ങളിലേക്കും അടിച്ചുകയറി. വിഷുദിന ആഘോഷത്തിന്‍െറ ഭാഗമായ കെട്ടുകാഴ്ചയുടെ ഒരുക്കത്തിലായിരുന്ന അവര്‍ പരിഭ്രാന്തിയിലായി. ആറ്റില്‍ കുളിക്കാന്‍ ഇറങ്ങിയവരും ഭൂചലന വാര്‍ത്തയെത്തുടര്‍ന്ന് കരക്കുകയറി. ചെങ്ങന്നൂര്‍ താലൂക്കിന്‍െറ പലഭാഗങ്ങളിലും ഭൂചലനമുണ്ടായി.
അച്ചന്‍കോവിലാറ്റില്‍ ഇടപ്പോണ്‍ ആറ്റുവ ഐരാണിക്കുടി പാലം മുതല്‍ വെട്ടിയാര്‍ പാലം വരെയ  ഭാഗത്ത്  വെള്ളം ഉയര്‍ന്നത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തി. ആറ്റുവ പ്രദേശത്ത് ഈ സമയം ആറ്റില്‍ കുളിച്ചുകൊണ്ടിരുന്ന യുവാവ് വെള്ളത്തിന്‍െറ ഇളക്കത്തില്‍ താഴേക്ക് ആണ്ടുപോയെങ്കിലും പിന്നീട് നീന്തിക്കയറി.
കായംകുളത്തും പരിസര പ്രദേശങ്ങളിലും നേരിയ ഭൂചലനമുണ്ടായി. സസ്യമാര്‍ക്കറ്റ്, എം.എസ്.എം കോളജിന്‍െറ പരിസരം, വള്ളികുന്നം, ചൂനാട് തുടങ്ങിയ ഭാഗങ്ങളിലാണ് ഭൂചലനം ഉണ്ടായത്. സസ്യമാര്‍ക്കറ്റ് ഭാഗത്ത് ചില വീടുകളില്‍ നേരിയ വിള്ളല്‍ ഉണ്ടായതായി പറയുന്നു. അമ്പലപ്പുഴ കഞ്ഞിപ്പാടം, ഉപ്പുങ്കല്‍, കരുമാടി തോടുകളില്‍ 15 സെക്കന്‍റ് ഇടവിട്ട് ഭൂചലനവും വേലിയേറ്റവുമുണ്ടായി. വെള്ളം കരയോട് ചേര്‍ന്ന് ഉയര്‍ന്നു. പിന്നീട് താഴ്ന്നു.
തിരയിളക്കം മൂലം തോട്ടിലുണ്ടായിരുന്ന താറാവിന്‍കൂട്ടം ഉറക്കെ ശബ്ദമുണ്ടാക്കി. ഇത് ഭൂചലനത്തിന്‍െറ സൂചനയാണെന്ന് പഴമക്കാര്‍ പറഞ്ഞതോടെ കുട്ടികളും കരയാന്‍ തുടങ്ങി.
അരൂര്‍ മേഖലയിലും സമാന സംഭവങ്ങളുണ്ടായി. സൂനാമി മുന്നറിയപ്പ് ഉണ്ടായതോടെ തീരമേഖലയില്‍ പരിഭ്രാന്തി പരന്നു. അന്ധകാരനഴി, ചാപ്പക്കടവ്, പള്ളിത്തോട് പ്രദേശങ്ങളിലാണ് മത്സ്യ തൊഴിലാളികള്‍ ഭീതിയിലായത്. സൂനാമി ദുരന്തമുണ്ടായ പ്രദേശമാണിത്. വീണ്ടും ദുരന്തം ഉണ്ടാകുമോ എന്ന ഭീതിയില്‍ പലരും വീടുകളില്‍നിന്നിറങ്ങി. ജാഗ്രത പാലിക്കാനുള്ള റവന്യൂ അധികാരികളുടെ മുന്നറിയിപ്പ് വന്നതോടെ ഭയം ഇരട്ടിച്ചു. പള്ളിത്തോട് പൊഴിച്ചാല്‍ ഭാഗത്ത് അമിതമായി വെള്ളം കയറിയതും അല്‍പ്പസമയം കഴിഞ്ഞ് പിന്‍വാങ്ങിയതും വിസ്മയകരമായ കാഴ്ചയായി.
കടക്കരപ്പള്ളി ഒന്നാം വാര്‍ഡില്‍ പൊന്‍വേലില്‍ മറിയ ചാക്കോ, കളത്തില്‍ ബാബു, ജോസഫ്, ത്രേസ്യാമ്മ എന്നിവരുടെ  വീടിന്‍െറ ഭിത്തികള്‍ക്ക് നേരിയ വിള്ളലുണ്ടായി. കുത്തിയതോട് സി.ഐ ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം തീരമേഖലയില്‍ നിരക്ഷീണത്തിലുണ്ടായിരുന്നു. ചേര്‍ത്തലയില്‍നിന്ന് തഹസില്‍ദാര്‍ രാജീവന്‍െറ നേതൃത്വത്തിലുള്ള റവന്യൂ സംഘവും തീരമേഖലയില്‍ എത്തി.
(Madhyamam)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക