Image

പത്രപ്രവര്‍ത്തകന്‍ കാസ്മിക്ക് വിദേശസഹായം മകള്‍ ഗള്‍ഫില്‍നിന്ന് അയച്ച പണം

Published on 12 April, 2012
പത്രപ്രവര്‍ത്തകന്‍ കാസ്മിക്ക് വിദേശസഹായം മകള്‍ ഗള്‍ഫില്‍നിന്ന് അയച്ച പണം

ന്യൂദല്‍ഹി: ഇസ്രായേല്‍ എംബസി കാര്‍ ആക്രമണ കേസില്‍ അറസ്റ്റിലായ പ്രമുഖ പത്രപ്രവര്‍ത്തകന്‍ മുഹമ്മദ് അഹ്മദ് കാസ്മിക്ക് വിദേശ സഹായം ലഭിച്ചുവെന്ന് ദല്‍ഹി പൊലീസ് സ്പെഷല്‍ സെല്‍ ആരോപിച്ചത് സ്വന്തം മകള്‍ ഗള്‍ഫില്‍നിന്ന് അധ്വാനിച്ചയച്ച പണമാണെന്ന് കാസ്മി  സോളിഡാരിറ്റി കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിദേശത്തുനിന്ന് കാസ്മിക്ക് പണം ലഭിച്ചുവെന്ന് കാണിച്ച് കോടതിയില്‍ ദല്‍ഹി പൊലീസ് സ്പെഷല്‍ സെല്‍ സമര്‍പ്പിച്ച അക്കൗണ്ടിന്റെ വിശദാംശങ്ങളും കാസ്മിക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രമുഖ പത്രപ്രവര്‍ത്തകരും അഭിഭാഷകരും മനുഷ്യാവകാശ പ്രവര്‍ത്തകരും അക്കാദമിക് പ്രമുഖരും ചേര്‍ന്ന് രൂപം നല്‍കിയ കാസ്മി സോളിഡാരിറ്റി കമ്മിറ്റി മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കി.

അജിത് സാഹി, കുല്‍ദീപ് നയ്യാര്‍, അലി ജാവേദ്, അനുരാധ ചെനോയ്, അപൂര്‍വാനന്ദ്, കോളിന്‍ ഗോണ്‍സാല്‍വസ്, ഇഫ്തിഖാര്‍ ഗീലാനി, ജാവേദ് നഖ്വി, ജോണ്‍ ചെറിയാന്‍, കമാല്‍ മിത്ര ചെനോയ്, മഹേഷ് ഭട്ട്, നിത്യ രാമകൃഷ്ണന്‍, പ്രഫുല്‍ ബിദ്വായി, സാബ നഖ്വി, സഈദ് നഖ്വി, സന്ദീപ് ദീക്ഷിത്, സഞ്ജയ് കപൂര്‍, സീമ മുസ്തഫ, ശബ്നം ഹാഷ്മി, സുകുമാര്‍ മുരളീധരന്‍, ടി.കെ. രാജലക്ഷ്മി, സഫര്‍ ആഗ, മനീഷാ സേഥി, മാന്‍സി ശര്‍മ എന്നിവരടങ്ങുന്നതാണ് കാസ്മി സോളിഡാരിറ്റി കമ്മിറ്റി.

കാസ്മിക്ക് 2012 മാര്‍ച്ച് വരെ 18 ലക്ഷം രൂപ വിദേശസഹായം ലഭിച്ചുവെന്ന് കോടതിയില്‍ ബോധിപ്പിച്ച ദല്‍ഹി പൊലീസ് സ്പെഷല്‍ സെല്‍ പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ അക്കൗണ്ടാണ്  തെളിവായി കാണിച്ചത്. നാലുവര്‍ഷംകൊണ്ട് കാസ്മിയുടെ മകള്‍ ജഹനറ കാസ്മി ഷാര്‍ജയില്‍നിന്ന് പിതാവിന്റെ അക്കൗണ്ടിലേക്ക് അയച്ച പണമാണ് ഇതെന്നാണ് കമ്മിറ്റി പുറത്തുവിട്ട രേഖകളില്‍ വ്യക്തമാകുന്നത്. 18 ലക്ഷം കാസ്മിക്ക് കിട്ടിയെന്ന് പറഞ്ഞ പൊലീസ് പണം എത്രകാലംകൊണ്ട് ആര് നല്‍കിയെന്ന് വിശദീകരിക്കാതിരുന്നത് കോടതിയെയും മാധ്യമങ്ങളെയും കബളിപ്പിക്കാനാണെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തക സീമാ മുസ്തഫ പറഞ്ഞു. ഇറാന്‍ വാര്‍ത്താ ഏജന്‍സിക്ക് വാര്‍ത്ത അയച്ചാല്‍ ഇറാന്‍ ചാരനാകുമെങ്കില്‍ ഏതെങ്കിലും വിദേശ മാധ്യമസ്ഥാപനത്തിനുവേണ്ടി ജോലിചെയ്യാന്‍ ഇന്ത്യക്കാരന് കഴിയുമോ എന്ന് സീമ ചോദിച്ചു. ദൂരദര്‍ശനുവേണ്ടി പണിയെടുക്കുന്നവര്‍ 'റോ' ചാരന്മാരും അമേരിക്കയില്‍നിന്ന് പണം അക്കൗണ്ടില്‍ വരുന്നവരെല്ലാം സി.ഐ.എ ചാരന്മാരുമാകുമോ എന്നും സീമ ചോദിച്ചു.  

ഇസ്രായേല്‍ ചാരസംഘടനയായ മൊസാദിന്റെ അജണ്ട നടപ്പാക്കുന്നതിന് കാസ്മിയെ ബലിയാടാക്കി മാറ്റുകയായിരുന്നുവെന്ന് പത്രപ്രവര്‍ത്തകന്‍ ജോണ്‍ ചെറിയാന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക