Image

സര്‍ക്കാര്‍ ചതി ഹിന്ദുക്കള്‍ മറക്കില്ല: മഹിമ

Published on 03 January, 2019
സര്‍ക്കാര്‍ ചതി ഹിന്ദുക്കള്‍ മറക്കില്ല: മഹിമ
ന്യുയോര്‍ക്ക്: ഇരുട്ടിന്റെ മറവില്‍ യുവതികളെ ശബരിമലയിലെത്തിച്ച് ദര്‍ശനത്തിനനുവദിച്ച സര്‍ക്കാര്‍ കോടാനുകോടി ഭക്തജനങ്ങളുടെ വിശ്വാസത്തെ വഞ്ചിച്ചതായി മലയാളി ഹിന്ദു മണ്ഡലം ( മഹിമ) .രണ്ട് അവിശ്വാസികളെ മറ്റാരും അറിയാതെ ഒളിച്ച്, പോലീസ് സംരക്ഷണയില്‍ ശബരിമലയില്‍ കയറ്റി ക്ഷേത്രപരിശുദ്ധി കളങ്കപ്പെടുത്തിയത് ക്ഷമിക്കാനാവാത്ത അപരാധമാണ്. സര്‍ക്കാര്‍ നടത്തിയ ചതി ഹിന്ദുക്കള്‍ മറക്കില്ലന്ന് മഹിമ ഭാരവാഹികളായ രഘു നായര്‍ (പ്രസിഡന്റ് ) സുരേഷ് ഷണ്‍മുഖം ( സെക്രട്ടറി ) എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു

കേരളമെമ്പാടുമുള്ള വിശ്വാസികളെ നവോത്ഥാനത്തിന്റെ പേരുപറഞ്ഞ് കബളിപ്പിച്ച് വനിതാ മതില്‍ കെട്ടിയതിന്റെ മറവിലൂടെയാണ് ആചാരലംഘനം നടത്തിയത്. നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് തുടക്കം കുറിച്ച ശ്രീനാരായണ ഗുരുദേവന്റെ തിരുസന്നിധിയിലെ ശിവഗിരി തീര്‍ത്ഥാനത്തില്‍ ആളെക്കുറച്ച് വര്‍ഗ്ഗീയ മതില്‍ തീര്‍ത്തും, സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്റെ ജന്മദിനത്തില്‍ അവിശ്വാസികളായ യുവതികളെ ദര്‍ശനത്തിനെത്തിച്ചും നവോത്ഥാനത്തിന് പുതിയ അധ്യായം സൃഷ്ടിച്ച സിപിഎമ്മിന്റെ നിലപാട് അപഹാസ്യമാണ്.

തുലാംമാസ പൂജ മുതല്‍ മകരവിളക്കിന് നട തുറക്കുന്നതുവരെ വ്യാജ ഇരുമുടിക്കെട്ടുമായി ആക്ടിവിസ്റ്റുകളും അവിശ്വാസികളുമായ യുവതികളെ ശബരിമലയിലെത്തിക്കാന്‍ സര്‍ക്കാര്‍ നിരന്തരം ശ്രമിച്ചിരുന്നു. വിശ്വാസികളുടെ പ്രതിഷേധംമൂലം സര്‍ക്കാരിന്റെ നിഗൂഢ ദൗത്യം നടപ്പിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. അവസാനം ആരുമറിയാതെ ഇരുട്ടിന്റെ മറവില്‍ പുറകുവശത്തുകൂടി ആക്ടിവിസ്ടുകളെ അകത്തുകയറ്റി സംതൃപ്തി അടഞ്ഞ മുഖ്യമന്ത്രിയുടെ നടപടി ഭീരുത്വമാണ്. ആചാരലംഘനം നടത്തിയെന്ന് ഉറപ്പാക്കിയ മുഖ്യമന്ത്രി യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയെന്ന് മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത് അയ്യപ്പഭക്തരോടുള്ള വെല്ലുവിളിയാണ്.

ദൈവത്തിന്റെ സ്വന്തം നാടെന്നാണ് അന്താരാഷ്ട്രതലത്തില്‍ കേരളം അറിയപ്പെടുന്നത്. പ്രകൃതിഭംഗി മാത്രമല്ല, മലയാളിയുടെ തനിമയും സംസ്കാരവും ദൈവവിശ്വാസവും സദാചാരവും കുടുംബസ്ഥിരതയുമൊക്കെയാണ് കേരളത്തെ ദൈവത്തിന്റെ സ്വന്തംനാടാക്കുന്നത്. ദൈവവിശ്വാസികളുടെ നാടാണ് കേരളം. 99% ജനങ്ങളും ദൈവത്തിലും മതാചാരാനുഷ്ഠാനങ്ങളിലും വിശ്വസിച്ച് ജീവിക്കുന്ന സ്ഥലം. വോട്ട് ചെയ്ത് വിജയിപ്പിച്ചു എന്ന ഒറ്റക്കാരണത്താല്‍ അവരുടെ തലയില്‍ ചവിട്ടി അവരെ അപമാനിക്കരുത്. ജനാധിപത്യ സംവിധാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരും അതിന്റെ മുഖ്യമന്ത്രിയും ജനങ്ങളെ ചതിക്കുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ അന്തസ്സില്ലാത്ത പണിയാണ്.

ഒരുവശത്ത് വിധി നടപ്പാക്കാന്‍ സാവകാശം വേണമെന്ന ഹര്‍ജി ദേവസ്വം ബോര്‍ഡിനെക്കൊണ്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിട്ട് മറുവശത്ത് അവിശ്വാസികളായ ആക്ടിവിസ്റ്റുകളെ വിധിയുടെ മറവില്‍ ശബരിമലയില്‍ പോലീസ് സംരക്ഷണത്തോടെ കയറ്റി വിടുന്നത് മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പാണ് വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിക്ക് നിരീശ്വരവാദിയായി ജീവിക്കാനുള്ള എല്ലാ അവകാശങ്ങളുമുണ്ട്. പക്ഷെ, ഒരു നിരീശ്വരവാദിയും മഹാഭൂരിപക്ഷം വരുന്ന വിശ്വാസികളുടെ ജീവിതത്തെ അപമാനിക്കാന്‍ പാടില്ല. പിണറായി വിജയന്‍ ലോകത്തെ മുഴുവന്‍ വിശ്വാസികളെയും അപമാനിച്ചിരിക്കുന്നു. ശബരിമലയിലെ യുവതി പ്രവേശനത്തില്‍ സുപ്രീംകോടതി ഇനിയും അന്തിമവിധി കല്പിച്ചിട്ടില്ല. അന്തിമ വിധിന്യായത്തിനു പോലും കാത്തുനില്‍ക്കാതെ ശബരിമല ക്ഷേത്രത്തെയും മൊത്തം ഹൈന്ദവ ആചാരഅനുഷ്ഠാനങ്ങളെയും മലിനമാക്കിയത് പൊറുക്കാനാവില്ലന്ന് മഹിമ ഭാരവാഹികള്‍ അറിയിച്ചു. വിശ്വാസ സംരക്ഷണത്തിനായി നടത്തുന്ന പ്രര്‍ത്തനങ്ങളെ അമേരിക്കയിലെ മറ്റ് ഹിന്ദു സംഘടനകള്‍ക്കൊപ്പം നിന്ന് സഹായിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
Join WhatsApp News
Vayanakkaran 2019-01-04 08:41:01
Chathalum marakkaruthe.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക