Image

യാത്രയുടെ അന്ത്യത്തില്‍ (നര്‍മ്മം: സാം നിലമ്പള്ളില്‍)

Published on 03 January, 2019
യാത്രയുടെ അന്ത്യത്തില്‍ (നര്‍മ്മം: സാം നിലമ്പള്ളില്‍)
വേളീഗൃഹത്തിലേക്ക് പോകുന്നതിനെപറ്റി കുറദിവസങ്ങളായി നമ്പൂരിശ്ശന്‍ ഗാഢമായി വിചാരിക്കയായിരുന്നു. സമയോം സന്ദര്‍ഭോം ഒത്തുവരേണ്ടേ? ഇല്ലത്ത് വിശേഷങ്ങളൊക്കെ ഉണ്ടായിരുന്നെന്ന് കൂട്ടിക്കോ. സാവിത്രി അന്തര്‍ജ്ജനത്തിന്റെ പിറന്നാളാഘോഷവും സദ്യവട്ടങ്ങളും എല്ലാമായി ബഹുവിശേഷമായിരുന്നു കഴിഞ്ഞ ഒരാഴ്ച്ച. അതിന്റെ പിന്നാലെയാണ് വടക്കേടത്തിന്റെ ഷഷ്ടിപൂര്‍ത്തി. മാന്യന്മാരൊക്കെ വന്നിരുന്നു, ട്ടോ. പ്രസംഗങ്ങളും കുട്ടികളുടെ പാട്ടും ഡാന്‍സും പിന്നെ സദ്യയുമെല്ലാം നോം വേണ്ടുവോളം ആസ്വദിച്ചു. ആ ശൂദ്രന്‍ എമ്മെല്ലെയെ പിടിച്ച് കസേരയില്‍ ഇരുത്തിയതാണ് നമ്പൂരിശ്ശന് അതൃപ്തികരമായി തോന്നിയത്. കാലംപോയ പോക്കേ. ശൂദ്രനും അധൃഃകൃതനുമൊക്കെ ബ്രാഹ്മണനൊപ്പം ഇരിക്കുകേം ഭക്ഷിക്കുകേം ചെയ്താല്‍പിന്നെ എന്താകും ലോകത്തിന്റെ അവസ്ഥ? ശിവ ശിവ!! കലികാലത്ത് ഇതും ഇതിലപ്പുറോം സംഭവിക്കും.

ലക്ഷമിക്കുട്ടിയെ ഓര്‍ത്തപ്പോള്‍ ഇരിക്കപ്പൊറുതി ഇല്ലാതായി. അതാ സന്ധ്യനേരത്ത് പുറപ്പെട്ടത്. ഇപ്പോഴാകുമ്പോള്‍ വഴിയില്‍ ആള്‍ത്തിരക്ക് കുറവായിരിക്കും. ഏഭ്യന്മാരുടെ വിഠിചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടതില്ലല്ലോ. ഇരുട്ടായികഴിഞ്ഞാലും പ്രശ്‌നങ്ങള്‍തന്നെ. അല്‍പം ഉള്‍ഭയമുണ്ടെന്ന് കൂട്ടിക്കോ. വയല്‍വരമ്പത്തൂടെ നടന്നാല്‍ ലക്ഷ്മിക്കുട്ടീടെ വീട്ടിലെത്താം, അതാണ് എളുപ്പവഴി. വയലില്‍നിന്ന് കയറിവരുന്ന ചെറുമക്കള്‍ക്കൊന്നും ഇപ്പോള്‍ വഴിമാറണമെന്ന ചിന്തയൊന്നുമില്ല. ശപ്പന്മാര്‍.

അല്ല. അതാരാവരുന്നത്, കാളിക്കുട്ടിയല്ലേ. ചെറുമിയാണെങ്കിലെന്താ, സുന്ദരിയാണ്. പുലയിയാ ണെന്ന് പറയത്തതേയില്ല. നല്ലൊരു നായരുകുട്ടീടെ കൂട്ടുണ്ട്. നോം പലപ്പോഴായി ശ്രദ്ധിക്കുന്നു. അവളെ കാണുമ്പോള്‍ പലവിചാരങ്ങള്‍ തോന്നാറുണ്ട്. ചെറുമിയല്ലേയെന്ന് ഓര്‍ക്കുമ്പോളാണ് ഒരുശങ്ക.

“എവിടെപ്പോയിട്ടാ കാളിക്കുട്ടി ഈ സന്ധ്യനേരത്ത്?” കുശലം ചോദിച്ചു.

“കോളജീന്ന് വരികാ, തിരുമേനി.”

“ഈ സന്ധ്യനേരത്തേത് കോളജാ, കാളിക്കുട്ടി?”

“ക്‌ളാസ്സുകഴിഞ്ഞ് ട്യൂഷനുണ്ടായിരുന്നു.”

“ട്യൂഷനുമൊക്കെ പഠിച്ച് വല്ല്യ ഉദ്യോഗസ്ഥയാകാനുള്ള പുറപ്പാടായിരിക്കും.”

“അങ്ങനൊന്നുമില്ല തിരുമേനി, ജീവിച്ചുപോകണ്ടേ.”

“ജീവിച്ചോളു, ജീവിച്ചോളു. പിന്നെ, തിരുമേനീന്നൊള്ള വിളി നമ്മെ വളരെയധികം സന്തോഷിപ്പിച്ചിരിക്കുന്നു. കാളിക്കുട്ടി സുന്ദരിയാണ്, ട്ടോ.”

“സുന്ദരിയാണെന്നുള്ള തിരമേനിയുടെ അഭിപ്രായം നമ്മെയും സന്തോഷിപ്പിച്ചിരിക്കുന്നു.”

“ഹ ഹ ഹ!!! ഫലിതം ഫലിതം . കാളിക്കുട്ടി ഫലിതപ്രിയയാണല്ലോ.”

“തിരുമേനിക്ക് നമ്മെ വേളികഴിക്കണമെന്നുണ്ടോ?”

“പിന്നെയും ഫലിതം! നോം ബ്രാഹ്മണനല്ലേ,കുട്ടി; പുലയിപ്പെണ്ണിനെ നോം എങ്ങനെ വേളികഴിക്കും?”

“അതിന് തിരുമേനി പുലയനായാലും മതി. അല്ലെങ്കില്‍ നോം ബ്രാഹ്മണിയാകാം; കാളിക്കുട്ടി അന്തര്‍ജ്ജനം.” അവള്‍ ചിരിച്ചുംകൊണ്ട് ഓടി.

നമ്പൂരിശ്ശന്‍ അവളുടെ ഓട്ടവും നോക്കിക്കൊണ്ടുനിന്നു. നല്ല അംഗവൈ‘വമെന്ന് ചിന്തിക്കുകയും ചെയ്തു.

“തിരുമേനിക്കെന്താ പൊലയിപ്പെണ്ണിനോട് ശൃംഗാരം, അതും സന്ധ്യനേരത്ത്?”

സംസാരത്തിനിടയില്‍ അബ്ദുള്‍ റഹ്മാന്‍ കടയുംപൂട്ടിവന്നത് കണ്ടില്ല. ഇനിയിപ്പം അവനോട് വിശദീകരിക്കണത്തിനു നിക്കണം.

“നോം കാളിയോട് വിശേഷങ്ങള്‍ ചോദിക്കാര്‍ന്നു.”

റഹ്മാന്‍ നമ്പൂരിശ്ശനെ വിടാന്‍ ഭാവമില്ല.

“കാളിപ്പെണ്ണിന്റെ വിശേശങ്ങളെന്നതാ നമ്പൂരിച്ചന്‍ അറിയേണ്ടത്? തിരുമേനി വേണ്ടാത്തതുവല്ലോം പെണ്ണിനോട് ചെയ്‌തോ?”

“ശിവ ശിവ!! നീ ഇല്ലാത്തതൊന്നും പറഞ്ഞുനടക്കേണ്ട, മാപ്പിളേ.”

“അന്തിമയക്കത്തിന് എങ്ങോട്ടാ നമ്പൂരീ? ഉം! മനസിലായി. ലച്ചിമികുട്ടീടെ വീട്ടിലേക്കായിരിക്കും. നടക്കട്ടെ. നമ്പൂരീടെ ഒരു ഭാഗ്യം.”

“നിന്നോട് സംസാരിക്കാന്‍ ഞാനില്ല, ശപ്പന്‍.” നമ്പൂരിശ്ശന് ദേഷ്യംവന്നു. “നോം പോകുന്നു.”

നമ്പൂരി വേഗം നടന്നു. ഇരുട്ടാകുന്നതിനുമുന്‍പ് വേളി ഭവനത്തിലെത്തണം. ലക്ഷ്മിക്കുട്ടി കുറെപണം ആവശ്യപ്പെട്ടിട്ട് നാളേറെയായി. ഇന്നാണ് അല്‍പം തരപ്പെട്ടത്. അതാണ് ഇന്നുതന്നെ പുറപ്പെടാന്‍ കാരണം. ഇല്ലത്തെ ആഘോഷങ്ങളുടെ ഭാഗമായി സദ്യക്കുംമറ്റും ചിലവാക്കാന്‍ തന്നതില്‍നിന്ന് മിച്ചം പിടിച്ചതാണ്. ഒരുവിധത്തില്‍ പറഞ്ഞാല്‍ മോഷണം. ഇതല്ലാതെ നമുക്കെവിടുന്നാ പണംകിട്ടുക? ഒരു ജന്മമാണ് നമ്മുടേത്. ബ്രാഹ്മണണായി ജനിച്ചിട്ടെന്താ കാര്യം? ശൂദ്രനായിരുന്നെങ്കില്‍ പാടത്ത് പണിയെടുത്ത് മാന്യമായി കഴിയാമായിരുന്നു. തന്ത്രോം വിദ്യേം ക്ഷേത്രാചാരങ്ങളും അറിയാമായിരുന്നെങ്കില്‍ വല്ലക്ഷേത്രത്തിലും പൂജാരിയായി അഷ്ടിക്കുള്ള വക കണ്ടെത്താമായിരുന്നു. അതിനൊന്നുമുള്ള ബുദ്ധി നമുക്കില്ലാതായിപോയി. രണ്ടാംക്‌ളാസ്സുവരെയല്ലേ പഠിച്ചിട്ടുള്ളു. പിന്നെ ഇല്ലത്തെ അടുക്കളയിലായിരുന്നു ജീവിതം.

ഓരോന്നാലോചിച്ചുനടന്ന് ലക്ഷ്മീടെ വീടെത്തിയത് അറിഞ്ഞില്ല. സന്ധ്യയായിട്ടും ഉമ്മറത്ത് വിളക്കൊന്നും വച്ചിട്ടില്ലല്ലോ. ഐശ്വര്യക്കേട് എന്നല്ലാതെ എന്താ പറയുക. വിളക്കെണ്ണ വാങ്ങാന്‍ പണമില്ലാഞ്ഞിട്ടാണോ? നോം പണംകൊണ്ടുവന്നിട്ടുണ്ടെന്ന് അറിയുമ്പോള്‍ ലക്ഷ്മിക്ക് സന്തോഷമാകും. രണ്ടുദിവസം ഇവിടെകൂടിയിട്ടേ തിരിച്ചൊരു പോക്കുള്ളു. എന്താ എല്ലാവരും സന്ധ്യക്കുമുമ്പേ ഉറക്കമായോ? ആളനക്കമൊന്നും കേള്‍ക്കുന്നില്ലല്ലോ.

“ലക്ഷ്മിക്കുട്ടിയേ, നോം വന്നൂട്ടോ. ഇല്ലത്ത് വിശേഷങ്ങളൊക്കെയായിട്ട് ബഹുതിരക്കിലായിരുന്നു; അതാ വരാന്‍ വൈകിയത്.”

വെലിയിലേക്ക് ഇറങ്ങിവന്നത് ലക്ഷ്മീടെ അമ്മയായിരുന്നു.

“ലക്ഷ്മിക്കുട്ടി നേരത്തെ കിടന്നോ; നോം വന്നൂന്ന് പറയൂ.”

“തിരുമേനിക്ക് വെഷമംതോന്നരുത്.” മുഖവുരകൂടാതെ അവര്‍ പറഞ്ഞു. “തിരുമേനി ഇനി ഇങ്ങോട്ട് വരരുത്. അവള്‍ക്ക് മറ്റൊരാളായി. കരുണാകരന്‍ ഓളെ പൊന്നുപോലെ നോക്കിക്കൊള്ളും. തിരുമേനി വന്നപോലെ തിരികെപൊക്കോളു.”

നമ്പൂരിശ്ശന് കരണത്ത് അടികിട്ടിയതുപോലെ തോന്നി. ഇനിയിപ്പം എങ്ങനെ തിരികെപ്പോകുമെന്നായി അടുത്തചിന്ത. സന്ധ്യകഴിഞ്ഞാല്‍ വഴിയില്‍ പാമ്പും മറുതയുമൊക്കെ കാണില്ലേ?

“നോം നേരംവെളുത്തിട്ട് പോയാല്‍ പോരേ, നാരായണി?” അതൊരപേക്ഷയായിരുന്നു. “ഇരുട്ടായാല്‍ നമുക്ക് ഭയം ലേശമുണ്ടേ.”

“അതിനെന്താ? തിരുമേനി ഇന്നിവിടെ കെടന്നിട്ട് രാവിലെ പോയാല്‍മതി.” നാരായണി പായെടുക്കാന്‍ അകത്തേക്കുപോയി.

നമ്പൂരിശ്ശന്‍ ചിന്തിക്കുകയായിരുന്നു. നാരായണിക്ക് അത്രക്ക് വയസായി പോയിട്ടൊന്നുമില്ല. രാമന്‍ മരിച്ചതിനുശേഷം വിഷയചിന്തകളൊന്നും ഇല്ലാതെ കഴിയുകയല്ലേ, പാവം. ലക്ഷ്മിക്കുട്ടി കരുണാകരന്റെകൂടെ പൊറുക്കട്ടെ. നമുക്ക് നാരായണി ആയാലെന്താ കുഴപ്പം? എന്നാപ്പിന്നെ അതുമതി.

നമ്പൂരിശ്ശന്‍ നാരായണിയുടെ പിന്നാലെ അകത്തേക്കുപോയി.


സാം നിലമ്പള്ളില്‍.
samnilampallil@gmail.com.
Join WhatsApp News
വിദ്യാധരൻ 2019-01-05 00:01:36
നമ്പൂരിമാരെയും അവരുടെ വിഷയ താത്‌പര്യത്തെയും കുറിച്ച് പറയുമ്പോൾ വെൺമണി മഹൻ നമ്പൂതിരിപ്പാടിനെ എങ്ങനെ മറക്കാൻ കഴിയും . വിഷയ സുഖ തത്പരനായ അദ്ദേഹം അലസനായിരുന്നെങ്കിലും സ്വന്തം ഇല്ലത്തും, എറണാകുളത്തും, തൃപ്പൂണിത്തറയും, കുടമാളൂരും മാറി മാറി താമസിച്ചിരുന്നു . എന്തിനായിരിക്കും ? 

തരിവളകൾ തരംചേർന്നൊത്ത മൂക്കുത്തി കണ്ഠ-
സ്വരനിരകളരഞ്ഞാനന്നതെല്ലാമണിഞ്ഞു 
സരസമഥ തകർത്തും കൊണ്ട് ചേരുന്ന  കുട്ടി -
ത്തരുണികളുടെ ചോരത്തള്ളലും തത്ര കണ്ടു 

മുലകാട്ടി മുദാ നാട്യം പല കാട്ടി നടന്നഹോ 
ഉലകിട്ടു കുലുക്കുന്നു ചില കട്ടിനതാംഗികൾ 

വാലിട്ടു കണ്ണെഴുതി വല്ലഭനോത്തു മുണ്ടും 
മേലിട്ടു തെല്ലു തെളിവിൽ കുളുർ കൊങ്ക  കാട്ടി 
നാലെട്ടു ചേടികളുമായി ഭുവനം കടാക്ഷം 
ത്താലിട്ടിളക്കിയൊരു സുന്ദരി വന്നു ചേർന്നു 

കള്ളപുഞ്ചിരിയും കടാക്ഷവുമഹോ 
               കാമമയം കാമികൾ -
ക്കുളളത്തിൽ ചിതറീടുമാറാവർ  നടി- 
             ച്ചീടുന്ന നാട്യങ്ങളും
തള്ളിത്തിങ്ങി വളർന്നിടും മുലകളും 
            താഡിച്ചു മാലോകരെ-
ത്തുള്ളിക്കും പുരികക്കൊടിക്കളികളും 
             മാന്യ മഹാവിസ്മയം                           (പൂരപ്രബന്ധം -വെണ്മണി ) 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക