Image

ആവശ്യങ്ങളുടെ പരിമാണം (ഫൈസല്‍ മാറഞ്ചേരി)

Published on 05 January, 2019
ആവശ്യങ്ങളുടെ പരിമാണം (ഫൈസല്‍ മാറഞ്ചേരി)
അയാള്‍ തന്റെ അലമാരയിലെ ചെറിയ കള്ളറയില്‍ നിന്നും മുഷിഞ്ഞ കുറച്ചു നോട്ടുകള്‍ എടുത്ത് എണ്ണി നോക്കി ആവിശ്യങ്ങള്‍ നിറവേറാന്‍ ഈ കാശൊന്നും പോരാ എന്ന വേവലാതി അയാളെ അസ്വസ്ഥനാക്കി.....

അയാള്‍ മുകളിലത്തെ നിലയിലേക്ക് കയറി ടെറസ്സില്‍ നിന്ന് കുറച്ചു കാറ്റുകൊള്ളാമെന്ന് കരുതി.

അപ്പോഴാണ് അടുത്ത വീട്ടിലേക്ക് കണ്ണ് പാഞ്ഞത്. മുറ്റം നിറയെ വിദേശ നിര്‍മിത കാറുകള്‍, നിറയെ പരിചാരകര്‍ മുകളിലെ മുറിയില്‍ നല്ല എല്‍.ഇ.ഡിയുടെ പാല്‍ വെളിച്ചം. തുറന്ന് കിടക്കുന്ന സേഫിന്റെ ഉള്ളില്‍ കെട്ടാക്കി വെച്ചിരിക്കുന്ന നോട്ടുകളും ആഭരണങ്ങളും.

അയാള്‍ കൂടുതല്‍ അവിടെ നില്‍ക്കാതെ താഴേക്ക് പോന്നു. മുറ്റത്തിരിക്കുന്ന ബൈക്കുമെടുത്ത് ധൃതിയില്‍ കുന്നിന്‍ ചെരിവിലേക്ക് ഓടിച്ചു പോയി.

അവിടെ കുഞ്ഞബ്ദുള്ള തന്റെ കുടിലില്‍ റേഷന്‍ വാങ്ങാന്‍ കാശില്ലാതെ അസ്വസ്ഥനായി കുട്ടികളെ ശകാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. അയാളെ കണ്ടതും കുഞ്ഞബ്ദുള്ള ഒന്ന് ചിരിച്ചു..

അയാള്‍ പോക്കറ്റില്‍ നിന്നും മുഷിഞ്ഞ ആ നോട്ടുകളില്‍ നിന്നും പകുതി അവനു കൊടുത്തു.

അപ്പോള്‍ ആ മുഖത്ത് പൂര്‍ണ്ണ ചന്ദ്രന്റെ ശോഭ അയാള്‍ കണ്ടു. അയാളുടെ മനസ്സ് അപ്പോള്‍ ശാന്തമായിരുന്നു.

യാത്ര പറഞ്ഞിറങ്ങിയ അയാള്‍ക്കൊപ്പം തന്റെ സൈക്കിളുമെടുത്തു കുഞ്ഞബ്ദുള്ള റേഷന്‍ പീടിക ലക്ഷ്യം വെച്ച് വലിച്ചു ചവിട്ടി. സൈക്കിള്‍ ഒരു മുറുമുറുപ്പോടെ മുന്നോട്ടു ഉരുണ്ടു നീങ്ങി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക