Image

പ്രവാസികളുടെ ഒന്നാം പുസ്തകം (നോവല്‍ 28: സാംസി കൊടുമണ്‍)

Published on 06 January, 2019
പ്രവാസികളുടെ ഒന്നാം പുസ്തകം (നോവല്‍ 28: സാംസി കൊടുമണ്‍)
ഫോണ്‍.... മിനി നല്ല ഉറക്കത്തിലാണ്.

അസമയത്തെ ഫോണ്‍; ആശങ്കകളോടെ റിസീവര്‍ ചെവിയില്‍ ചേര്‍ത്തു. എന്‍.വൈ. പി.ഡി. ഉള്ളൊന്നു കാളി.

“”മി. ചാക്കോ....’’ അങ്ങേ തലയ്ക്കല്‍ പരുക്കന്‍ ആണ്‍ ശബ്ദം. “”ഞാന്‍ ഓഫീസര്‍.... ഡാല്‍ഫ് നിങ്ങളുടെ മകന്റെ കാര്‍ ആക്‌സിഡന്റില്‍പ്പെട്ടിരിക്കുന്നു. ഞങ്ങളവനെ ലോങ്ങ് അയലന്റെ ജ്യൂയിഷിലേക്ക് കൊണ്ട ു പോകുന്നു.’’

“”എനിതിങ്ങ് സീരിയസ്....’’

“”വി ഡോണ്ട ് നോ യെറ്റ്. ബട്ട് ഇറ്റീസ് എ സീരിയസ്സ് ആക്‌സിഡന്റ്.... സോറി റ്റു വേക്ക് യു അപ്പ്... ഗുഡ് നൈറ്റ്....’’ ഫോണ്‍ കട്ട്. അനവസരത്തിലെ പദസമൂഹങ്ങള്‍ക്കും, ശബ്ദ വീചികള്‍ക്കും അര്‍ത്ഥമില്ലല്ലോ..... അനങ്ങാനാകാതെ അതേ കിടപ്പില്‍. മിനിയെ അറിയിക്കണ്ടെ ....? വേണം അവള്‍ അമ്മയാണ്. അയാള്‍ മിനിയെ കുലുക്കിവിളിച്ചു.

“”വരൂ... നമുക്ക് ഹോസ്പിറ്റല്‍ വരെയൊന്നു പോകാം. ജിമ്മിക്ക് ഒരു കാര്‍ ആക്‌സിഡന്റ്...’’ അയാള്‍ നിര്‍വികാരതയുടെ ആവരണമണിഞ്ഞ്, അവള്‍ക്ക് ആശങ്ക ജനിപ്പിക്കാതിരിക്കാന്‍ ശ്രമിച്ചു.

മിനി ഉണര്‍ന്ന് ഒന്നും മനസ്സിലാകാത്തതുപോലെ ചുറ്റും നോക്കി. അയാള്‍ അവളെ താങ്ങി. ഭര്‍ത്താവിന്റെ സ്‌നേഹ സ്പര്‍ശം അവള്‍ അറിഞ്ഞു. അയാളെ അവള്‍ ആര്‍ദ്രതയോടെ നോക്കി.

“”പോയി ഡ്രസു ചെയ്യൂ....’’ അയാള്‍ പറഞ്ഞു.

“”എനിതിങ്ങ് സീരിയസ്....’’ അവള്‍ പരിഭ്രാന്തയായി ചോദിച്ചു.

“”നത്തിങ്ങ്.... നമുക്ക് പോയി നോക്കാം.’’ കാറില്‍ അവര്‍ ഒന്നും പറഞ്ഞില്ല. അവള്‍ തേങ്ങുന്നു. അയാളുടെ വലതുകൈയ്യുടെ തണുപ്പ് അവള്‍ അറിയുന്നു. അവര്‍ക്കിടയില്‍ കുടുംബം വല നെയ്തുകൊണ്ട ിരുന്നു. അയാളുടെ മനസ്സ് വിദൂരങ്ങളില്‍ നിന്നും അവളിലേക്ക് ഇറങ്ങി.... അവര്‍ പരസ്പരം മിണ്ട ാതെ ഒത്തിരി കാര്യങ്ങള്‍ ചോദിക്കുകയും പറയുകയും ചെയ്തു.

ആശുപത്രിക്കിടക്കയില്‍ ആദ്യജാതന്‍ മരുന്നിന്റെ മയക്കത്തിലാണ്. അനേകം വയറുകളും സൂചികളും അവന്റെ ഞരമ്പുകളിലേക്ക് പ്രവേശിപ്പിച്ചിരിക്കുന്നു. അതില്‍ കൂടിയെല്ലാം അവനിലേക്ക് ജീവന്‍ പ്രവഹിക്കയാകാം. ചീവീടുകളെപ്പോലെ അലയ്ക്കുന്ന യന്ത്രങ്ങള്‍. മിനി മോനെ നിസ്സഹായതയോടെ അല്പനേരം നോക്കി. എന്നിട്ട് അവന്റെ മൂര്‍ദ്ധാവില്‍ തലോടി. അമ്മയുടെ സ്പര്‍ശത്തില്‍ അവന്‍ മെല്ലെ ഒന്നു ചലിച്ചപോലെ. അവനിലേക്ക് അമ്മയുടെ ശക്തി പ്രവേശിച്ചതാകാം. സ്‌നേഹം പ്രവഹിച്ചതാകാം. അവള്‍ കരഞ്ഞോ...?

അവള്‍ അവന്റെ മുഖം വൈപ്പുകൊണ്ട ് തുടച്ചു. അപ്പോള്‍ പ്രസവിച്ച നന്ദിനി പശു തന്റെ കിടാവിനെ നക്കി വെടിപ്പാക്കുന്നതുപോലെ അയാള്‍ക്കു തോന്നി. ഇപ്പോള്‍ പെറ്റിട്ട കുഞ്ഞിനെ അടിമുതല്‍ മുടിവരെ ഒരിഞ്ചുപോലും വിടാതെ പരിശോധിക്കുന്ന അമ്മയായി അവള്‍. മെല്ലെ പുതപ്പിച്ചിരുന്ന വെളുത്ത പുതപ്പുയര്‍ത്തി പുതപ്പിനുള്ളിലെ അവനെ പരിശോധിക്കുകയായി. കാലിലേക്കെത്തിയപ്പോള്‍ അവള്‍ നിലവിളിച്ചു. “”ദൈവമേ..... എന്റെ മോന്‍....’’ നിലവിളി തേങ്ങലായി അവിടെ അലയടിച്ചു. മുട്ടിനു മുകളില്‍ രണ്ട ു കാലുകളും മുറിച്ചു മാറ്റിയിരുന്നു. വെളുത്ത ബാന്‍ഡേജുകളാല്‍ മുറിക്കാലുകള്‍ ചുറ്റി വരിഞ്ഞിരുന്നു.

സാം അവള്‍ക്കു പിന്നില്‍ അവളെ ബലമായി പിടിച്ചുനിന്നു. അയാളുടെ സിരകളില്‍ പൊട്ടലും ചീറ്റലും. വിതുമ്പിയ ചുണ്ട ുകള്‍ അയാള്‍ കടിച്ചു. ഇടറിയ തൊണ്ട യെ അയാള്‍ വിഴുങ്ങി. പ്രതീക്ഷകളും സ്വപ്നങ്ങളും കാലറ്റു കിടക്കുന്നു. അവന്റെ നെഞ്ചു മാത്രം തുടിക്കുന്നു. മിനിയെ അയാള്‍ അടുത്തുള്ള കസേരയില്‍ ഇരുത്തി. രണ്ട ു കാലുകളുമില്ലാത്ത മകനുമായി അവള്‍ പൊരുത്തപ്പെട്ടു.

“”ഞാന്‍ ഡോ. പെട്രിക്.’’ താടിയില്‍ കറുപ്പും വെളുപ്പും ഇടകലര്‍ന്ന മെല്ലിച്ച ഒരാറടിക്കാരന്‍ സാമിനു ഹസ്തദാനം നല്‍കികൊണ്ട ു സ്വയം പരിചയപ്പെടുത്തി. “”നീ ജിമ്മിയുടെ അമ്മയാണല്ലേ.’’ മിനിയുടെ വലതുകരം ഗ്രഹിച്ച അയാള്‍ പറഞ്ഞു. “”നീ സുഹൃതം ചെയ്തവളാണ്. ജിമ്മി ജീവനോടെയുണ്ട ല്ലോ....! ഞാന്‍ പരമാവധി ശ്രമിച്ചു അവന്റെ കാലുകളെക്കൂടി രക്ഷിക്കാന്‍. പക്ഷേ എല്ലാം ചതഞ്ഞരഞ്ഞ്, എല്ലുകള്‍ പൊടിഞ്ഞിരുന്നു. ഇരുപത്തിനാലു മണിക്കൂര്‍ കഴിഞ്ഞേ എന്തെങ്കിലുമറിയാന്‍ കഴിയൂ. അവന്റെ ഹൃദയഭിത്തിയില്‍ ചതവുണ്ട ്. അതു മരുന്നുകൊണ്ട ു മാറുമെന്നു കരുതാം. അവനു നല്ലതു ഭവിക്കട്ടെ..... അവന്റെ കൂടെ ഉണ്ട ായിരുന്നവനെ ഞങ്ങള്‍ക്കു രക്ഷിക്കാന്‍ കഴിഞ്ഞില്ല. സോറി.... എന്തെങ്കിലും ആവശ്യമുണ്ടെ ങ്കില്‍ എന്നെ വിളിക്കണം. ഗുഡ് ലക്ക്....’’

കൂടെ ഉണ്ട ായിരുന്നവന്‍... ആരായിരുന്നു. അവന്‍ മരിച്ചു. സാമിന്റെ ദേഹമാകെ തളരുന്നു. തല ചുറ്റുന്നു. എവിടെയാണൊരു പിടി. അയാള്‍ മിനി ഇരുന്ന കസേരയില്‍ പിടിച്ചു. സാമിന്റെ കൈകള്‍ മിനി എടുത്തു. അതിന്റെ തളര്‍ച്ച തിരിച്ചറിഞ്ഞ്, അവള്‍ അയാളെ കസേരയിലേക്കിരുത്തി. എല്ലാം കറങ്ങുന്നു. തലതിരിഞ്ഞ ജീവിതങ്ങള്‍. മിനിയിലെ തളര്‍ച്ച മാറിയിരുന്നു. അവള്‍ അമ്മയാണ്. അവള്‍ ശക്തിയാണ്. അവള്‍ക്കു തളര്‍ന്നിരിക്കാന്‍ കഴിയില്ല. ചുമതലകള്‍..... കാലില്ലാത്ത മകന്‍.... അവള്‍ ആദ്യമായി തനിക്ക് താങ്ങായിരിക്കുന്നു. അല്ലെങ്കില്‍ ഒരു താങ്ങ് വേണമെന്ന് തോന്നിയിരിക്കുന്നു.

“”ഞാന്‍ ലുഫറ്റണന്റെ മി. ബ്രയന്‍.... നിങ്ങള്‍ മി. ചാക്കോ എനിക്ക് തെറ്റിയിട്ടില്ലല്ലോ....?’’ സാമിന്റെ മുന്നിലേക്ക് ഒരു വലതുകരം കൂടി നീണ്ട ു. ഒരു പാവകണക്കേ സാം കൈ പിടിച്ചു കുലുക്കി, പ്രതികരിച്ചു. “”അതേ ചാക്കോ..... ജിമ്മിയുടെ ഹതഭാഗ്യനായ പിതാവ്.’’

“”നിങ്ങള്‍ക്ക് വേറെ കുട്ടികള്‍....’’

“”ഒരാള്‍കൂടി ഉണ്ട ് ജിമ്മിയുടെ അനുജന്‍....’’

“”വെല്‍... മി.സാം..... ഇത് ഇന്‍വെസ്റ്റിഗേഷന്റെ ഭാഗമായ കൂടിക്കാഴ്ചയാണ്. നിങ്ങളുടെ മകന്‍ ഒരു ഡ്രക്ഷഡിക്ടായിരുന്നു എന്ന് നിങ്ങള്‍ക്ക് അറിയാമായിരുന്നുവോ...?’’

“”വാട്ട്.....’’

“”യെസ്.... ഹി വാസ് അണ്ട ര്‍ ദ ഇന്‍ഫ്‌ളുവന്‍സ് ഓഫ് ഡ്രക്ഷ്‌സ്.... മാത്രമല്ല അവന്റെ വണ്ട ിയില്‍ നിന്നും ഞങ്ങള്‍ക്ക് വേണ്ട ത്ര തെളിവുകള്‍ കിട്ടിയിട്ടുണ്ട ്. വണ്ട ി നിന്റെ പേരിലായതിനാല്‍ നീയും കോര്‍ട്ടില്‍ വരേണ്ട ി വരും. ഇപ്പോള്‍ അറസ്റ്റ് ഇല്ല. വണ്ട ി നീയല്ല കൈകാര്യം ചെയ്യുന്നതെന്നു ഞങ്ങള്‍ക്കറിയാം. പക്ഷേ നിന്നെ ഒഴിവാക്കാന്‍ പറ്റില്ല.’’

“”ഞാന്‍ എന്താണു ചെയ്യേണ്ട ത്...’’ ഒരു മരപ്പാവ കണക്കേ അയാള്‍ ചോദിച്ചു.

“”നിന്റെ മകന്‍ സുഖം പ്രാപിക്കട്ടെ.... കോര്‍ട്ടില്‍ നിന്നും സമന്‍സു വരും... ഒരു വക്കീലിനെ ഏര്‍പ്പാടാക്കണം. അവര്‍ എല്ലാം പറഞ്ഞു തരും.’’ ഹസ്തദാനം ചെയ്ത് ഒരു ചെറു പുഞ്ചിരിയോടെ ഓഫീസര്‍ പിരിഞ്ഞു.

ഒന്നും മനസ്സിലാകാത്തവളെപ്പോലെ മിനി സാമിന്റെ കണ്ണുകളിലേക്കു നോക്കി. സാം ഒന്നും പറഞ്ഞില്ല. നിന്റെ ഉദരഫലം നമ്മെ കൊണ്ടെ ത്തിച്ചിരിക്കുന്നതെവിടെയാണെന്നു നീ അറിയുന്നുണ്ടേ ാ? അയാള്‍ ചോദിച്ചു. അമിത ലാളനയാലും, കരുതലാലും അല്ലലറിയാതെ നമ്മള്‍ അവനെ വളര്‍ത്തി. അവന്‍ മയക്കുമരുന്നിന്റെ മായാലോകത്തിലാണെന്നു നമ്മള്‍ അറിഞ്ഞില്ല. പണം എന്തിനെന്നു നമ്മള്‍ ചോദിച്ചില്ല. ഇന്നലെ അവന്‍ നമ്മളെ വീണ്ട ും കെണിയിലാക്കിയിരി ക്കുന്നു. അര്‍ദ്ധപ്രജ്ഞയില്‍ അവന്‍ കാര്‍ നിയന്ത്രിക്കാന്‍ കഴിയാതെ മരത്തിലിടിച്ച്, മരണതുല്യനാകുകയും, കൂടെ ഉണ്ട ായിരുന്ന ബെന്നിനെ മരണത്തിന് കൊടുക്കുകയും ചെയ്തു.

“”നമ്മള്‍ എന്താണു ചെയ്യേണ്ട ത്?’’ അവള്‍ ചോദിക്കുന്നു. ആദ്യമായാണ് അവള്‍ അയാളോട് ഒരു ചോദ്യം ചോദിക്കുന്നത്. ഒരുത്തരം അയാളുടെ കയ്യിലും ഇല്ലായിരുന്നു. പക്ഷേ അയാള്‍ പറഞ്ഞു “”നമുക്ക് നമ്മുടെ മോനെ പകുതി ജീവനോടെ കിട്ടി.... എന്നാല്‍ മൊത്തം ജീവനറ്റ ഒരു മകന്റെ ജഡവുമായി ഒരു അപ്പനും അമ്മയും ഇവിടെ താഴത്തെ നിലയില്‍ മോര്‍ച്ചറിക്കു മുന്നില്‍. ആരെ പഴിക്കണമെന്നറിയാതെ പകച്ചു നില്‍ക്കുന്നു. നമുക്കു അവരെ പോയിക്കാണാം.’’

“”ഇല്ല ഞാന്‍ വരില്ല..... എനിക്ക് ആനിയേയും അവറാച്ചനേയും നേരിടാന്‍ വയ്യ.....’’

“”ഇപ്പോള്‍ നീ ആരേയും നേരിടേണ്ട .... ഓരോരുത്തരും അവരവരുടെ വിധിയെ നേരിട്ടുകൊണ്ട ിരിക്കുകയാണ്. അവര്‍ക്ക് വേണമെങ്കില്‍ നമ്മുടെ മകനേയും നമ്മളേയും കുറ്റപ്പെടുത്താം. അവര്‍ എന്തു പറഞ്ഞാലും നാം കേള്‍ക്കണം.’’

“”എല്ലാവരും നമ്മള്‍ കുറ്റക്കാരെന്നു പറഞ്ഞ് ഒറ്റപ്പെടുത്തും.’’

“”അതങ്ങനെ ആകട്ടെ.... നമ്മള്‍ അതര്‍ഹിക്കുന്നു. ഇനി ഒളിച്ചോടിയിട്ടു കാര്യമില്ല.’’

“”മോന്‍ ഒറ്റയ്ക്ക്...?’’

അവന്‍ മയക്കത്തിലാണ്. നേഴ്‌സ് കാവലുണ്ട ്.

എലിവേറ്ററില്‍ ഗ്രൗണ്ട ു ഫ്‌ളോറില്‍ മോര്‍ച്ചറിക്കു മുന്നില്‍ ഇറങ്ങുമ്പോള്‍, അവറാച്ചന്‍, ഇരിക്കാന്‍ അറിയാത്തവനെപ്പോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു. ആനി കസേരയില്‍ കുമ്പിട്ട് തലയ്ക്കു കൈയ്യും കൊടുത്തിരിക്കുന്നു.

ആനിയും മിനിയും വന്ന കാലം മുതല്‍ ഒന്നിച്ചു ജോലി ചെയ്യുന്നവര്‍. ആ പരിചയം മക്കളിലേക്കും പടരുകയായിരുന്നു.

അങ്കിള്‍, ആന്റി എന്നു വിളിച്ച് പ്രസന്നനായി കയറി വരാറുള്ള ബെന്‍ എന്ന സുന്ദരന്‍ ഇനി ഇല്ല. ഇരുപത്തി മൂന്നിന്റെ ജീവിതവുമായി അവന്‍ മറഞ്ഞു. അതിനു കാരണക്കാരന്‍ ജിമ്മി. അല്ലെങ്കില്‍ അവനെ ജനിപ്പിച്ച അവന്റെ പിതാവ്. എല്ലാ കുറ്റങ്ങളും ഏറ്റെടുക്കാന്‍ ഇതാ തയ്യാര്‍. കുറ്റങ്ങള്‍ ഏറ്റെടുത്തതുകൊണ്ട ു മാത്രം തീരുന്നതാണോ?.... ബെന്നിന്റെ ജീവന്‍.... പാപത്തിന്റെ ശമ്പളമാണ് മരണം. ബെന്‍ പാപം ചെയ്‌തോ?.... എന്തായിരുന്നു അവന്റെ പാപം. ജീവിതം എന്താണെന്നറിയാതെ.... മാതാ പിതാക്കള്‍ നല്‍കുന്ന ആര്‍ഭാടങ്ങളില്‍ അഭിരമിച്ച്, ജീവിതത്തിലേക്ക് ഇറങ്ങിയതോ...? തെറ്റും ശരിയും അവനറിയാമായിരുന്നുവോ? അല്ലെങ്കില്‍ ഈ പ്രായത്തില്‍ അതാര്‍ക്കറിയാം. പ്രായത്തിന്റെ പ്രളയത്തില്‍ നയിക്കപ്പെടുന്ന യൗവ്വനം. കാണുന്ന മരങ്ങളിലെ പോടുകളിലും പൊന്തകളിലും കയറിയിറങ്ങി, കടലിന്റെ ആഴം അളക്കാന്‍ ഇറങ്ങുന്നു. മുന്നില്‍ മരണം വഴിമുടക്കിയാല്‍ അവര്‍ ഭയന്ന് പിന്മാറുമോ...?

ബെന്‍ സ്വര്‍ക്ഷത്തിലോ.... അവന്റെ പാപങ്ങള്‍ ഏറ്റു പറഞ്ഞ് അവന്‍ കുമ്പസാരിച്ചിരുന്നുവോ? ദൈവമേ അവനെ ചേര്‍ത്തു കൊള്ളേണമെ. അവന്‍ അറിവില്ലായ്മയുടെ പൈതല്‍ ആയിരുന്നുവല്ലോ...? നിന്റെ എല്ലാ സൃഷ്ടികളും അറിവില്ലാത്തവരാണല്ലോ....? അറിവ് നിന്റെ തോട്ടത്തിന്റെ നടുവിലെ വൃക്ഷക്കൊമ്പില്‍ നീ തൂക്കി. എന്നിട്ട് ഉറിയടിക്കാരെപ്പോലെ കണ്ണുകെട്ടി നീ ഞങ്ങളെ ആ വൃക്ഷച്ചുവട്ടിലേക്ക് ഇറക്കി വിട്ടു. ഭാഗ്യവാന്മാര്‍ക്കു മാത്രം അറിവിന്റെ കുടത്തെ പൊട്ടിച്ച് അമൃതം നീ കൊടുക്കുന്നു. എല്ലാം നിന്റെ നീതി. ചോദ്യം ചെയ്യാന്‍ ഞാന്‍ ആര്.... ജിമ്മിയെ രണ്ട ു കാലുകളുമില്ലാത്തവനായി കിടക്കയിലേക്കും, ബെന്നിനെ മരണത്തിന്റെ നിത്യമായ ഇരുട്ടിലേക്കും തള്ളിയില്ലേ...? എന്റെ ചോദ്യത്തിന്.... എന്തു വില. എന്റെ വിലാപം ആരു കേള്‍ക്കാന്‍.

അവറാച്ചന്‍ ഒറ്റക്കാലില്‍, അഗ്നികുണ്ഡത്തില്‍ എന്നപോലെ നില്‍ക്കുന്നു. അയാളുടെ ആദ്യജാതന്റെ ജഡത്തിനായുള്ള കാവലാണ്. സാമിന് അവറാച്ചനോട് ഒന്നും പറയാന്‍ കഴിയുന്നില്ല. സാം അയാളെ കെട്ടി പുണര്‍ന്നു. ദുഃഖിതന്മാരുടെ ഒരു കൂട്ടായ്മ. മിനി ആനിയെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നു. ആശ്വാസവാക്കുകള്‍ ആരെയും ആശ്വസിപ്പിക്കുന്നില്ല. എല്ലാ മുറിവുകളും സ്വയം ഉണങ്ങണം.

നിയമങ്ങളും ചട്ടങ്ങളും പാലിക്കപ്പെടണം. അവറാച്ചന്‍ കുറെ പേപ്പറുകളില്‍ ഒപ്പിട്ടു. അവസാനം ബെന്നിനരുകിലേക്ക് ഏറ്റവും അടുത്തവര്‍ മാത്രം. വേറാരും അവിടെ ഇല്ലായിരുന്നു. എല്ലാം തകര്‍ന്ന് തുന്നിച്ചേര്‍ക്കപ്പെട്ട ബെന്‍. സ്‌ട്രെച്ചറില്‍ നീല അങ്കിയാല്‍ പൊതിഞ്ഞ് കാഴ്ചയായി മാറിയിരിക്കുന്നു. ആനി വിശ്വാസം വരാനായി അവനെ തൊട്ടു. അവള്‍ കൈ പെട്ടെന്നു പിന്‍വലിച്ചു. അരുതാത്തതെന്തോ ചെയ്തതുപോലെ....

“”അവനു നോവും..... ആരും തൊടരുത്....’’ ആനി പതുക്കെ പറയുന്നു. ബെന്‍ തൊട്ടിലിലെ കുഞ്ഞായി ആനിക്ക്.

അവള്‍ പതുക്കെ ചെന്ന് അവന്റെ ചെവിയില്‍ ചോദിക്കുന്നു “”മോന് വിശക്കുന്നോ... മമ്മി ചിക്കന്‍ നഗട്ട് ഉണ്ട ാക്കിത്തരട്ടെ.’’ ഇപ്പോള്‍ അവന് പന്ത്രണ്ട ു വയസ്സായി. “”ശ്..... ഒന്നു മിണ്ട ാതിരിക്ക്... കുഞ്ഞ് ഉറങ്ങട്ടെ....’’ വീണ്ട ും അവന്‍ കുറെക്കൂടി കുഞ്ഞായി ക്രിബ്ബില്‍.... ആനിയുടെ ഭാവപ്പകര്‍ച്ച കൂടി നിന്നവരുടെ ഹൃദയം തകര്‍ക്കുന്നതായിരുന്നു. അവര്‍ വിതുമ്പി.

അവറാച്ചന്‍ ആനിയെ താങ്ങി.... “”വാ... നമുക്ക് അപ്പുറത്തു പോകാം. അവനുറങ്ങട്ടെ....’’ എല്ലാ ആദ്യജാതരും അമ്മമാരുടെ ഗര്‍ഭപാത്രത്തെ നോവിയ്ക്കയാണല്ലോ....? മിനി ഓര്‍ത്തു.

ബെന്‍ മോര്‍ച്ചറിയിലേക്കും, പിന്നെ അവിടെ നിന്നും ഫ്യൂണറല്‍ ഹോമിലെ കാഴ്ചയ്ക്കുമായി മാറ്റപ്പെടും. അവന്‍ നിത്യതയിലേക്കുള്ള യാത്രയിലാണ്. ഒരു കുരുന്നു ജീവിതം പൂര്‍ണ്ണമായി.
(തുടരും....)
Join WhatsApp News
Vayanakkaran 2019-01-08 09:22:12
Randam pusthakam ennanavo irangunnathe?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക