Image

നവയുഗവും എംബസ്സിയും തുണച്ചു; ദുരിതപര്‍വ്വം താണ്ടി ഷഹനാസ് ബീഗം മടങ്ങി

Published on 06 January, 2019
നവയുഗവും എംബസ്സിയും തുണച്ചു; ദുരിതപര്‍വ്വം താണ്ടി ഷഹനാസ് ബീഗം  മടങ്ങി
ദമ്മാം: സ്‌പോണ്‍സര്‍ നിയമവിരുദ്ധമായി ജോലിയ്ക്ക് കൊണ്ടുവന്ന ഇന്ത്യക്കാരിയായ ഹൌസ്‌മെയ്ഡ്, നവയുഗം സാംസ്‌ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെയും, ഇന്ത്യന്‍ എംബസ്സിയുടെയും സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

തെലുങ്കാന ഹൈദരാബാദ് സ്വദേശിനിയായ ഷഹനാസ് ബീഗമാണ് ദുരിതപര്‍വ്വം താണ്ടി നാട്ടിലേയ്ക്ക് മടങ്ങിയത്. എട്ടു മാസങ്ങള്‍ക്ക് മുന്‍പാണ് ഷഹനാസ് സൗദിയില്‍ ഒരു വീട്ടില്‍ ജോലിയ്ക്ക് എത്തിയത്. ആദ്യം ദുബായില്‍ വിസിറ്റിങ് വിസയില്‍ കൊണ്ട് വന്ന ശേഷം, ഷഹനാസിനെ നിയമവിരുദ്ധമായി സൗദിയിലേക്ക് കടത്തി കൊണ്ട് വരികയായിരുന്നു. അബ്ഖേക്കില്‍ ഉള്ള ആ വീട്ടില്‍ നാല് മാസം ജോലി ചെയ്തിട്ടും സ്‌പോണ്‍സര്‍ ഇക്കാമയോ, ശമ്പളമോ ഒന്നും നല്‍കിയില്ല. ആകെ കുഴപ്പത്തിലായ ഷഹനാസിന്റെ അവസ്ഥ അറിഞ്ഞ നാട്ടിലെ ബന്ധുക്കള്‍, വിദേശകാര്യവകുപ്പിനും മറ്റു അധികാരികള്‍ക്കും പരാതി നല്‍കി. തുടര്‍ന്ന് വിദേശകാര്യവകുപ്പ് സൗദിയിലെ ഇന്ത്യന്‍ എംബസ്സിയ്ക്ക് പരാതി കൈമാറി. ഇന്ത്യന്‍ എംബസ്സി ഈ കേസിന്റെ കാര്യത്തില്‍ ഇടപെടാന്‍ നവയുഗം ജീവകാരുണ്യപ്രവര്‍ത്തകയായ മഞ്ജു മണിക്കുട്ടനെ ചുമതലപ്പെടുത്തി അധികാരപത്രം നല്‍കി.

തുടര്‍ന്ന് മഞ്ജു മണിക്കുട്ടന്‍ നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരായ ഷാജി മതിലകത്തിനും, പദ്മനാഭന്‍ മണിക്കുട്ടനും ഒപ്പം അബ്ഖേക്കില്‍ പോയി ഷഹനാസിനെ കണ്ടു പിടിച്ചു കാര്യങ്ങള്‍ മനസ്സിലാക്കി. സൗദി പോലീസിന്റെ സഹായത്തോടെ അവര്‍ ഷഹനാസിനെ ലേബര്‍ കോടതിയില്‍ ഹാജരാക്കി. സ്‌പോണ്‌സര്‍ക്കെതിരെ കേസെടുത്ത കോടതി, മഞ്ജു മണിക്കുട്ടന്റെ ഉത്തരവാദിത്വത്തില്‍ ഷഹനാസിനെ ദമ്മാം വനിത അഭയകേന്ദ്രത്തിലേയ്ക്ക് അയച്ചു.

ഷഹനാസിന് എക്‌സിറ്റും, കുടിശ്ശിക ശമ്പളവും നല്‍കാന്‍ കോടതി വിധിച്ചു. എന്നാല്‍,നിയമവിരുദ്ധമായി സൗദിയില്‍ തങ്ങിയതിന് ഷഹനാസിന് ഫൈന്‍ അടയ്ക്കണമായിരുന്നു. അത് നല്‍കാത്ത സ്പോണ്‍സറുടെ നിസ്സഹരണം കാരണം മൂന്നു മാസത്തോളം ഷഹനാസിന് അഭയകേന്ദ്രത്തില്‍ കഴിയേണ്ടി വന്നു.

മഞ്ജുവിന്റെ അഭ്യര്‍ത്ഥന മാനിച്ച്, ഇന്ത്യന്‍ എംബസ്സി ദമ്മാം വോളന്റീര്‍ ടീം കണ്‍വീനര്‍ മിര്‍സ ബൈഗ് ഷഹനാസിന്റെ ഫൈന്‍ അടയ്ക്കുകയും, നാട്ടിലേയേക്ക് പോകാനുള്ള വിമാനടിക്കറ്റ് നല്‍കുകയും ചെയ്തു.

മഞ്ജു അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ ഷഹനാസിന് ഫൈനല്‍ എക്‌സിറ്റ് അടിച്ചു നല്‍കി.

തുടര്‍ന്ന് നിയമനടപടികള്‍ പൂര്‍ത്തിയാക്കി, എല്ലാവര്ക്കും നന്ദി പറഞ്ഞു ഷഹനാസ് നാട്ടിലേയ്ക്ക് മടങ്ങി.

ഫോട്ടോ: ഷഹനാസിന് മിര്‍സ ബൈഗ് യാത്രാരേഖകള്‍ കൈമാറുന്നു. മഞ്ജു മണിക്കുട്ടന്‍ സമീപം..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക