Image

കാരാട്ട്‌; സൗമ്യതയുടെ വിപ്ലവ മുഖം

എം. ഫിറോസ്‌ ഖാന്‍ Published on 12 April, 2012
കാരാട്ട്‌; സൗമ്യതയുടെ വിപ്ലവ മുഖം
സൗമ്യപ്രകൃതം, പ്രസന്നഭാവം, ചിരിയൊഴിയാത്ത മുഖം ഈ മനുഷ്യനാണോ ഇന്ത്യയിലെ ഏറ്റവും വലിയ ഇടതുപക്ഷ പാര്‍ട്ടിയെ മാര്‍ക്‌സിസ്റ്റ്‌ലെനിനിസ്റ്റ്‌ പ്രത്യയശാസ്‌ത്രത്തിന്റെ കഠിനപാതയില്‍ വീറോടെ നയിക്കുന്നതെന്ന്‌ സംശയം തോന്നുക സ്വാഭാവികം. ഇതാ ഇപ്പോള്‍ പാലക്കാട്‌ എലപ്പുള്ളി കാരാട്ട്‌ ചുണ്ടുള്ളി പത്മനാഭന്‍ നായരുടെയും രാധാ നായരുടെയും മകന്‍ 64ാം വയസ്സില്‍ പാര്‍ട്ടിയുടെ ചെങ്കോലേന്താന്‍ മൂന്നാംവട്ടവും നിയോഗിക്കപ്പെട്ടിരിക്കുന്നു.

കോഴിക്കോട്ട്‌ സി.പി.എം 20ാം പാര്‍ട്ടി കോണ്‍ഗ്രസ്‌ നടക്കുമ്പോഴും അതിനുമുമ്പും പാര്‍ട്ടിയുടെ സമീപകാല ശക്തിക്ഷയത്തെചൊല്ലി പ്രകാശ്‌ ഏറെ വിമര്‍ശം കേട്ടിരുന്നു. ബംഗാള്‍ പ്രതിനിധികള്‍ പ്രകാശിനുനേരെ വിമര്‍ശത്തിന്റെ കൂരമ്പുകള്‍ തൊടുത്തതായും വാര്‍ത്തവന്നു. പക്ഷേ, അപ്പോഴും പ്രകാശ്‌ കാരാട്ടിനു പകരം ആരെന്ന ചോദ്യംപോലും ഉയര്‍ന്നില്ല. അധികാരസ്ഥാനങ്ങളോട്‌ ഒരിക്കലും താല്‍പര്യം കാട്ടാത്ത കാരാട്ട്‌ സ്ഥാനമൊഴിയാന്‍ സന്നദ്ധനാവുകയും ചെയ്‌തു. പക്ഷേ, പ്രതിനിധി സമ്മേളനത്തിന്റെ അഞ്ചാം ദിവസം പുതിയ കേന്ദ്ര കമ്മിറ്റിയെക്കുറിച്ചും ജനറല്‍ സെക്രട്ടറിയെക്കുറിച്ചും അനൗപചാരിക ചര്‍ച്ച തുടങ്ങിയപ്പോള്‍തന്നെ ടാഗോര്‍ ഹാളില്‍നിന്ന്‌ ആ വാര്‍ത്ത എത്തി പ്രകാശ്‌ കാരാട്ടിന്‌ മാറ്റമില്ല.

ഏഴുവര്‍ഷമായി പാര്‍ട്ടിയെ നയിക്കുന്ന പ്രകാശ്‌, മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള ആദ്യ യു.പി.എ സര്‍ക്കാറിന്റെ പിന്‍സീറ്റ്‌ െ്രെഡവറായാണ്‌ അറിയപ്പെട്ടത്‌. ഉദാരീകരണ നയങ്ങളുടെ അപ്പോസ്‌തലനായ മന്‍മോഹന്‍ സിങ്ങിന്റേത്‌ മതേതര പുരോഗമന മുഖമുള്ള ജനകീയ സര്‍ക്കാറാണെന്ന്‌ നാട്ടുകാരെക്കൊണ്ട്‌ പറയിപ്പിച്ചത്‌ 60 എം.പിമാരുടെ പിന്തുണയുമായി കാരാട്ടും ഇടതുപാര്‍ട്ടികളും ദിശാബോധം നല്‍കിയതിനാലാണ്‌. അക്കാലത്ത്‌ കാരാട്ടിന്‌ ചുറ്റുമായിരുന്നു ദേശീയ മാധ്യമങ്ങള്‍.

പക്ഷേ, ആ വെള്ളിവെളിച്ചത്തിനും പ്രകാശിനെ വഴിതെറ്റിക്കാനായില്ല. അമേരിക്കന്‍ സാമ്രാജ്യത്വവുമായി ആണവ സഖ്യമുണ്ടാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ തുറന്നെതിര്‍ത്ത്‌ ഒത്തുതീര്‍പ്പുകള്‍ക്ക്‌ വഴങ്ങാത്ത പ്രത്യയശാസ്‌ത്ര കരുത്തുമായി കാരാട്ടും കൂട്ടരും സോണിയയോടും യു.പി.എയോടും സലാം പറഞ്ഞു. പിന്നീട്‌ 2009ലെ പൊതുതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ശക്തി ചോരുകയും പശ്ചിമ ബംഗാളിലും കേരളത്തിലും പാര്‍ട്ടിയെ ഭരണം കൈവിടുകയും ചെയ്‌തതോടെ കാരാട്ടിനെതിരെ പാര്‍ട്ടിക്കകത്തും പുറത്തുംനിന്ന്‌ കൂരമ്പുകള്‍ വന്നു. പക്ഷേ, ഈ ഉറച്ച കമ്യൂണിസ്റ്റിനെ അധികാരത്തിന്റെ അപ്പക്കഷണം നഷ്ടപ്പെട്ടത്‌ തളര്‍ത്തുകയല്ല കരുത്തനാക്കുകയാണ്‌ ചെയ്‌തതെന്ന്‌ പാര്‍ട്ടിയും ഇപ്പോള്‍ അംഗീകരിക്കുന്നു.

പുറമെ സൗമ്യനാണെങ്കിലും പാര്‍ട്ടിക്കകത്ത്‌ കര്‍ക്കശക്കാരനാണ്‌ കാരാട്ട്‌. മാര്‍ക്‌സിസ്റ്റ്‌ലെനിനിസ്റ്റ്‌ പ്രത്യയശാസ്‌ത്രം പ്രായോഗികമാക്കാന്‍, അച്ചടക്കലംഘനം പാടില്ലെന്ന്‌ അദ്ദേഹം ഉറച്ചുവിശ്വസിക്കുന്നു. കാരണം, നിരന്തരമായ വായനയിലൂടെയും പഴയകാലത്തെ നിസ്വരായ ഉന്നത നേതാക്കളോടൊപ്പം സഹവസിച്ചും രൂപപ്പെട്ട കമ്യൂണിസ്റ്റ്‌ ബോധമാണ്‌ മാന്യതയുടെ പര്യായമായ നേതാവിന്റെ താത്ത്വിക അടിത്തറ.

അച്ഛന്‍ ബര്‍മ റെയില്‍വേയില്‍ ക്‌ളര്‍ക്കായിരുന്നു. അതുകൊണ്ടുതന്നെ ബര്‍മയിലെ ലത്‌പതനിലായിരുന്നു പ്രകാശിന്റെ ജനനം1948 ഫെബ്രുവരി ഏഴിന്‌. വിദ്യാഭ്യാസം ചെന്നൈയിലായിരുന്നു. 13ാം വയസ്സില്‍ അച്ഛന്‍ മരിച്ചതോടെ എല്‍.ഐ.സി ഏജന്റ്‌ ജോലി ചെയ്‌താണ്‌ അമ്മ ഏക മകനെ വളര്‍ത്തിയത്‌. സഹോദരി നേരത്തേ മരണപ്പെട്ടിരുന്നു. പ്രകാശിന്റെ ഫീസ്‌ അമ്മക്ക്‌ പ്രശ്‌നമായില്ല. കാരണം, എപ്പോഴും സ്‌കോളര്‍ഷിപ്പുണ്ടായിരുന്നു ആ മിടുക്കന്‌. സാമ്പത്തികശാസ്‌ത്രത്തില്‍ സ്വര്‍ണമെഡലോടെ ബിരുദം ലഭിച്ച പ്രകാശിന്‌ രാഷ്ട്രമീമാംസയില്‍ ബിരുദാനന്തര ബിരുദ പഠനത്തിന്‌ ബ്രിട്ടനിലെ എഡിന്‍ബറോ സര്‍വകലാശാലയില്‍നിന്ന്‌ സ്‌കോളര്‍ഷിപ്‌ ലഭിച്ചു. എഡിന്‍ബറോയില്‍നിന്നാണ്‌ അദ്ദേഹം വംശീയതക്കെതിരായ സമരത്തിലൂടെ രാഷ്ട്രീയത്തില്‍ സജീവമാകുന്നത്‌. അവിടെവെച്ചാണ്‌ അദ്ദേഹം മാര്‍ക്‌സിസ്റ്റ്‌ ചരിത്രകാരനായ വിക്ടര്‍ കിയന്‍നനെ കാണുന്നത്‌.

കമ്യൂണിസ്റ്റ്‌ അനുഭാവിയായി 1970ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ കാരാട്ട്‌ മദിരാശിയില്‍ പാര്‍ട്ടി ഓഫിസിലെ സ്ഥിരം സന്ദര്‍ശകനായി. മതിലെഴുത്തും പോസ്റ്ററൊട്ടിക്കലുമെല്ലാമായി ശരിയായ പാര്‍ട്ടിപ്രവര്‍ത്തനം. അതോടൊപ്പം വിപ്ലവബോധംതേച്ചുമിനുക്കാന്‍ ഇ.എം.എസിന്റെയും മറ്റും ലേഖനങ്ങളും.

വിദേശത്തുനിന്ന്‌ ബിരുദംനേടി വന്ന യുവാവ്‌ പോസ്റ്ററൊട്ടിച്ച്‌ നടക്കുന്നത്‌ കണ്ട ചെന്നൈയിലെ സഖാക്കളാണ്‌ ദല്‍ഹിയില്‍ പോയി എ.കെ.ജിയുടെ കൂടെ പ്രവര്‍ത്തിച്ചുകൂടേ എന്നു ചോദിച്ചത്‌. കാത്തിരുന്ന ചോദ്യംപോലെ വണ്ടികയറി. പാര്‍ലമെന്റിലെ സിംഹഗര്‍ജനമായിരുന്ന സാക്ഷാല്‍ എ.കെ.ജിക്കൊപ്പം സഹായിയായി കൂടി. ഒപ്പം ദല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ പിഎച്ച്‌.ഡിക്കും ചേര്‍ന്നു. ഗവേഷണ വിഷയം മലബാറിലെ കര്‍ഷക പ്രസ്ഥാനങ്ങളായിരുന്നു. മകന്‌ ഉന്നതജോലിക്കായി പ്രാര്‍ഥിച്ച അമ്മയെ നിരാശപ്പെടുത്താതിരിക്കാന്‍ ഗവേഷണത്തിനായി ദല്‍ഹിക്ക്‌ പോകുന്നെന്നാണ്‌ പറഞ്ഞത്‌. അതിനുവേണ്ടി മാത്രമാണ്‌ ജെ.എന്‍.യുവില്‍ ചേര്‍ന്നത്‌. അവിടെ അദ്ദേഹം രാഷ്ട്രീയപാഠങ്ങളിലും മികവുകാട്ടി. എസ്‌.എഫ്‌.ഐയുടെ സ്ഥാപകരിലൊരാളായി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പി. സുന്ദരയ്യയാണ്‌ വിദ്യാര്‍ഥിപ്രസ്ഥാനത്തില്‍ സജീവമാകാന്‍ പറഞ്ഞത്‌. അങ്ങനെ ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്റെ പ്രസിഡന്റുമായി. കേരളത്തില്‍ ചെന്ന്‌ പ്രവര്‍ത്തിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച കാരാട്ടിനെ സുന്ദരയ്യയാണ്‌ തടഞ്ഞത്‌. 1974 മുതല്‍ അഞ്ചുവര്‍ഷം എസ്‌.എഫ്‌.ഐ പ്രസിഡന്റായിരുന്ന കാരാട്ട്‌ അടിയന്തരാവസ്ഥക്കാലത്ത്‌ ഒളിവിലും കഴിഞ്ഞു. അടിയന്തരാവസ്ഥയുടെ കറുത്തനാളുകളിലാണ്‌ ബംഗാളിയായ വൃന്ദാറോയ്‌ എന്ന നീണ്ടുമെലിഞ്ഞ പെണ്‍കുട്ടി സഖാവിന്റെ ജീവിതസഖിയാകുന്നത്‌.

പ്രകാശിനെപോലെതന്നെ പാര്‍ട്ടി തലക്കുപിടിച്ച്‌ സമ്പന്ന കുടുംബ്ധില്‍നിന്നിറങ്ങിവന്നവളാണ്‌ വൃന്ദ. ഇരുവരും കൊല്‍ക്കത്തയിലെ പീപ്പ്‌ള്‍സ്‌ ഡെമോക്രസി ഓഫിസില്‍വെച്ചാണ്‌ പരിചയപ്പെടുന്നത്‌. വിവാഹത്തിന്‌ മേല്‍നോട്ടം വഹിച്ചത്‌ ഹര്‍കിഷന്‍ സിങ്‌ സുര്‍ജിതും എ.കെ.ജിയും സുശീലയുമായിരുന്നു. പ്രകാശും വൃന്ദയും പാര്‍ട്ടിക്കുവേണ്ടി അക്ഷരാര്‍ഥത്തില്‍ ജീവിതമുഴിഞ്ഞുവെച്ചവരാണ്‌. മുഴുസമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്‌ തടസ്സം വരാതിരിക്കാന്‍ മക്കള്‍ വേണ്ടെന്ന്‌ നേരത്തേ തീരുമാനമെടുത്ത അപൂര്‍വ ദമ്പതികള്‍.

അടിയന്തരാവസ്ഥക്കാലത്താണ്‌ അമ്മ മരിക്കുന്നത്‌. അടിയന്തരാവസ്ഥ കഴിഞ്ഞതോടെ ദല്‍ഹിയിലെത്തി സജീവമായി. '82 മുതല്‍ '85 വരെ ദല്‍ഹി സെക്രട്ടറിയായി. '85 മുതല്‍ കേന്ദ്ര കമ്മിറ്റിയില്‍ സ്ഥിരം ക്ഷണിതാവ്‌. അതോടെ കേന്ദ്ര ഓഫിസിലേക്ക്‌ മാറി. 27 വര്‍ഷമായി കേന്ദ്ര ഓഫിസില്‍; പാര്‍ട്ടിയിലെത്തിയിട്ട്‌ 42 വര്‍ഷവും.

1992ല്‍ ഹൈദരാബാദ്‌ പാര്‍ട്ടി കോണ്‍ഗ്രസാണ്‌ കാരാട്ടിനെ പോളിറ്റ്‌ ബ്യൂറോയിലേക്ക്‌ തെരഞ്ഞെടുത്തത്‌. 13 വര്‍ഷത്തിനുശേഷം ദല്‍ഹിയില്‍ ചേര്‍ന്ന 18ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ ജനറല്‍ സെക്രട്ടറി പദവിയിലെത്തി. ഹര്‍കിഷന്‍ സിങ്‌ സുര്‍ജിത്‌ പ്രായാധിക്യം കാരണം പടിയിറങ്ങിയ ഒഴിവിലാണ്‌ സി.പി.എമ്മിന്‌ അതിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജനറല്‍ സെക്രട്ടറിയെ കിട്ടിയത്‌. പിന്നീട്‌ കോയമ്പത്തൂര്‍ കോണ്‍ഗ്രസിലും പദവിയില്‍ തുടര്‍ന്നു. ഇപ്പോള്‍ ഏഴുവര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ഒരു ടേം കൂടി തുടരാന്‍ പാര്‍ട്ടി പറഞ്ഞിരിക്കുന്നു.

സി.പി.എമ്മിനെ രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ശക്തിയുള്ള അഖിലേന്ത്യാ പാര്‍ട്ടിയാക്കുകയെന്നത്‌ ജീവിതാഭിലാഷമായി കാണുന്ന കാരാട്ടിന്‌ പുതിയ ഭരണഘടനാ ഭേദഗതിപ്രകാരം ഇത്‌ അവസാന ടേമാണ്‌. പ്രത്യേക സാഹചര്യം പരിഗണിച്ച്‌ നാലില്‍ മൂന്നു ഭൂരിപക്ഷത്തോടെ വേണമെങ്കില്‍ നാലാമതൊരു തവണ കൂടി ജനറല്‍ സെക്രട്ടറിയായി തുടരാം. അതിന്‌ സാധിച്ചാലും ജീവിതാഭിലാഷം സഫലമാകുമോയെന്ന്‌ കണ്ടറിയണം. പക്ഷേ, വെല്ലുവിളിയില്‍ തളരാത്ത ഈ പോരാളിയുടെ വിപ്ലവവീര്യം പുതിയ കനല്‍പാതയില്‍ ഉരുകിത്തിളക്കുമെന്നുറപ്പ്‌.

(കടപ്പാട്‌: മാധ്യമം)
കാരാട്ട്‌; സൗമ്യതയുടെ വിപ്ലവ മുഖം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക