Image

കേരളം തണുത്ത്‌ വിറക്കുന്നു

Published on 07 January, 2019
 കേരളം തണുത്ത്‌ വിറക്കുന്നു
തൃശൂര്‍: അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനത്തില്‍, കഴിഞ്ഞ 30 വര്‍ഷത്തെ ഏറ്റവും വലിയ തണുപ്പിലൂടെ   കടന്നുപോകുകയാണ്‌ കേരളം.
മൂന്നാറില്‍ തണുപ്പ്‌ പൂജ്യത്തിലും താഴെ മൈനസ്‌ മൂന്നായി.

പലയിടങ്ങളിലും കോടമഞ്ഞ്‌ പെയ്യുന്ന കാഴ്‌ചയാണ്‌. മുന്‍ വര്‍ഷങ്ങളിലും താപനില മൈനസ്‌ മൂന്നിലെത്താറുണ്ടെങ്കിലും ഇത്ര നീണ്ടുനില്‍ക്കാറില്ല.  പകല്‍ സമയങ്ങളില്‍ 15-20 ഡിഗ്രി വരെയാണ്‌ താപനില. തണുപ്പ്‌ ആസ്വദിക്കാന്‍ നിരവധി സഞ്ചാരികള്‍ എത്തുന്നുണ്ട്‌.

കാലാവസ്ഥാ വ്യതിയാനമാകാം താപനില തുടര്‍ച്ചയായി മൈനസ്‌ ഡിഗ്രിയില്‍ തുടരുന്നതിന്‌ കാരണം. മഞ്ഞ്‌ വീഴ്‌ചയും തണുപ്പും അധികരിച്ചതോടെ മൂന്നാര്‍, ദേവികുളം മേഖലകളിലെ എസ്‌റ്റേറ്റുകളില്‍ നൂറ്‌ കണക്കിന്‌ തേയിലച്ചെടികളാണ്‌ കരിഞ്ഞ്‌ നശിച്ചത്‌.

ശബരിമലയില്‍ 16ഡിഗ്രിയായി. സാധാരണ ജനമേഖലകളില്‍ പുനലൂരിലാണ്‌ ഈ വര്‍ഷത്തെ റെക്കോഡ്‌ തണുപ്പ്‌.16.2 ഡിഗ്രി. മുപ്പതുവര്‍ഷം മുമ്‌ബ്‌ കോട്ടയത്ത്‌ രേഖപ്പെടുത്തിയ 17 ഡിഗ്രിയായിരുന്നു ഈ കാലയളവിലെ ഏറ്റവും വലിയ തണുപ്പ്‌.

ഡിസംബറില്‍ തുടങ്ങിയ ശൈത്യകാലം ഫെബ്രുവരിയില്‍ തീരും.19ഡിഗ്രിയാണ്‌ ശരാശരി കുറഞ്ഞ താപനില.ഒന്നോ, രണ്ടോ ഡിഗ്രിയാണ്‌ സാധാരണ കുറയുന്നത്‌. ഈ വര്‍ഷം നാലു ഡിഗ്രിയോളം കുറഞ്ഞു. പുനലൂരില്‍ 4.4, കോട്ടയത്ത്‌ 4.1, തിരുവനന്തപുരത്ത്‌ 1.2 എന്ന തരത്തിലാണ്‌ താപനില കുറഞ്ഞത്‌.

തിരുവനന്തപുരം,കണ്ണൂര്‍, ആലപ്പുഴ, കോട്ടയം,കോഴിക്കോട്‌ മേഖലകളില്‍ പുലര്‍കാലത്ത്‌ കടുത്ത തണുപ്പുണ്ട്‌. ഉയര്‍ന്ന ചൂട്‌ അനുഭവപ്പെടുന്ന തൃശൂര്‍ ജില്ല അടക്കം, കഴിഞ്ഞ പതിറ്റാണ്ടിനിടെ അനുഭവപ്പെടാത്ത തണുപ്പില്‍ വിറയ്‌ക്കുമ്‌ബോള്‍ കൃത്യമായ കാരണങ്ങള്‍ തേടി വിയര്‍ക്കുകയാണ്‌ ഗവേഷകരും ശാസ്‌ത്രജ്ഞരും. തൃശൂരില്‍ 17.9 ഡിഗ്രി സെല്‍ഷ്യസാണ്‌ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ കുറഞ്ഞ താപനില.

സംസ്ഥാനത്ത്‌ ഏറ്റവും കൂടുതല്‍ ചൂട്‌ അനുഭവപ്പെടുന്ന പാലക്കാട്‌ 23.8 ഡിഗ്രി സെല്‍ഷ്യസാണ്‌ കൂടിയ രാത്രി താപനില.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക