Image

ഗുരുവരം: കോട്ടയം നസീര്‍ എന്ന ചിത്രകാരന്‍

മീട്ടു റഹ്മത്ത് കലാം Published on 07 January, 2019
ഗുരുവരം: കോട്ടയം നസീര്‍ എന്ന ചിത്രകാരന്‍
മിമിക്രി രംഗത്തെ മെഗാസ്റ്റാറായ കോട്ടയം നസീറിലെ ചിത്രകാരനെ അധികം ആളുകള്‍ അറിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ അദ്ദേഹം വരച്ച ജീവന്‍ തുടിക്കുന്ന ചിത്രങ്ങളുടെ പ്രദര്‍ശനംകണ്ട് പലരും അമ്പരന്നു. ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് കോട്ടയം നസീര്‍ സമീപകാലത്ത് വരച്ച ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇസ്ലാം മതത്തില്‍ ജനിച്ചെങ്കിലും ഗുരു തന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു...

ശ്രീനാരായണ ഗുരു എങ്ങനെയാണ് താങ്കളുടെ ജീവിതത്തിലേക്കും ചിത്രങ്ങളിലേക്കും കടന്നുവന്നത്?

ജീവിതത്തിന് മതത്തിന്റെ വേലിക്കെട്ടില്ലാത്ത വീട്ടിലും നാട്ടിലും വളരാന്‍ കഴിഞ്ഞതാണ് എന്നെ ഞാനാക്കിയത്. ഡിസംബര്‍ മാസത്തില്‍ ചിറപ്പും ചന്ദനക്കുടവും ക്രിസ്മസും ചേര്‍ന്നുവരുന്ന ആഘോഷമാണ് നാട്ടില്‍ അന്നും ഇന്നും ഏറ്റവും വലിയ ലഹരി. കാവില്‍ ഭഗവതി ക്ഷേത്രത്തിലെ ശംഖുധ്വനിയും കത്തീഡ്രല്‍ പള്ളിയിലെ മണിമുഴക്കവും പുത്തൂര്‍ ജുമാമസ്ജിദില്‍ നിന്നുള്ള ബാങ്കുവിളിയുംകേട്ട് ഉണരുമ്പോള്‍ പ്രഭാഷണങ്ങളിലൂടെ സാധ്യമാകാത്ത മതേതര ചിന്ത രൂപപ്പെടും. പെരുന്നാളിന് വീട്ടില്‍ സല്‍ക്കാരത്തിന് അയല്‍പക്കത്തുള്ളവരെ ക്ഷണിക്കുമ്പോള്‍ ഉച്ചനീചത്വങ്ങളോ വേര്‍തിരിവോ ഉപ്പ കാണിച്ചിട്ടില്ല. ഉമ്മ ഭക്ഷണം വിളമ്പിക്കൊടുത്തിരുന്നതും അതേ മനസ്സോടെയാണ്.
കറുകച്ചാല്‍ എന്‍.എസ്.എസ് ബോയ്‌സ് ഹൈസ്‌കൂളിലായിരുന്നു പഠനം. ചിത്രകലയില്‍ താല്പര്യം തോന്നിത്തുടങ്ങിയ സമയമായതിനാല്‍, സ്‌കൂളിലിനടുത്ത് താമസിച്ചിരുന്ന സുഹൃത്തുക്കളുടെ വീട്ടില്‍ പോകുമ്പോള്‍ ചുമരിലുള്ള ദൈവങ്ങളുടെ ചിത്രങ്ങളിലായിരിക്കും എന്റെ ശ്രദ്ധ. കൃഷ്ണന്‍, ശിവന്‍, ദേവിമാര്‍ അങ്ങനെ നിറപ്പകിട്ടുള്ള ചിത്രങ്ങള്‍ക്കിടയിലും എന്നെ ആകര്‍ഷിച്ചത് ഗുരുവിന്റെ മുഖമാണ്. ശ്രീനാരായണ ഗുരു ആരാണ് എന്താണെന്നൊക്കെ അറിയുന്നതിന് മുന്‍പേ മനസ്സില്‍ പതിഞ്ഞ രൂപം ഞാന്‍ ക്യാന്‍വാസില്‍ പകര്‍ത്തി. ആ രൂപത്തിന് പിന്നിലെ പ്രകാശവും സൂക്ഷ്മമായി നോക്കിയിരുന്നാല്‍ മനസ്സില്‍ നിറയുന്ന ശാന്തതയുമാണ് ഉള്ളില്‍ കയറിപ്പറ്റിയത്. ദന്തഡോക്ടറായ ഉപ്പ ഞാന്‍ വരയ്ക്കുന്നതില്‍ അങ്ങേയറ്റം അഭിമാനിച്ചിരുന്നു ആളാണ്. നാലുപേര്‍ കൂടുന്നിടത്തൊക്കെ എന്റെ മകന്‍ വരച്ചതാണെന്ന് ചിത്രങ്ങള്‍ കാണിക്കുമായിരുന്നു. കുട്ടികള്‍ വെറുതെ വരയ്ക്കുന്നതിനപ്പുറം ചിത്രകലയെ ഗൗരവത്തോടെ എടുക്കാനുള്ള സബ്സ്റ്റന്‍സ് എന്റെയുള്ളിലുണ്ടെന്ന് ഉപ്പ ആദ്യമായി പറഞ്ഞത് ഗുരുവിന്റെ ചിത്രങ്ങള്‍ വരച്ചുകണ്ട ശേഷമാണ്. ആ പ്രോത്സാഹനം കൂടുതല്‍ സൂക്ഷ്മമായി അദ്ദേഹത്തിന്റെ ഭാവങ്ങള്‍ പഠിച്ച് വരയ്ക്കാന്‍ പ്രേരണയായി. നഫ്താലി റിക്കാര്‍ഡോ എന്ന കൊച്ചുകുട്ടി എഴുതുന്നതുവിലക്കിയ അച്ഛനെപ്പേടിച്ച് തൂലികാനാമത്തില്‍ കവിത രചിച്ച് പാബ്ലോ നെരൂദ എന്ന പേരില്‍ ലോകപ്രശസ്തനായ കഥ കേള്‍ക്കുമ്പോള്‍ ഉപ്പയുടെ വലിപ്പമാണ് ഞാന്‍ ഓര്‍ക്കുന്നത്. മുസ്ലിം കുട്ടി എന്തിന് ഗുരുവിനെ വരയ്ക്കണം എന്നുപറഞ്ഞ് എന്നെയാരും തടുത്തിട്ടില്ല. ആ സ്വാതന്ത്ര്യമാണ് എന്നെയൊരു കലാകാരനാക്കിയത്.

ഗുരുവിന്റെ വാക്കുകളില്‍ ഏറ്റവും സ്വാധീനിച്ചത്?

ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്നതിനപ്പുറം ഒരു ഫിലോസഫി ആര്‍ക്കും പറയാനില്ല. ഗുരു എന്ന വാക്കിന്റെ അര്‍ഥം ഇരുട്ടിനെ ഇല്ലാതാക്കുന്നവന്‍ എന്നാണ്. മാതാ-പിതാ-ഗുരു-ദൈവം എന്ന ഭാരതീയ സംസ്‌കാരത്തില്‍ അറിവുപകരുന്നയാള്‍ക്ക് ദൈവത്തിനു മുകളിലാണ് സ്ഥാനം. ഗുരുവിലൂടെയാണ് മനുഷ്യര്‍ ദൈവത്തെ അറിയേണ്ടത്. അതൊരു വലിയ ഉത്തരവാദിത്തമാണ്. തെറ്റായ വഴി കാണിച്ചുതരുന്ന ആളാണ് ഗുരുസ്ഥാനതെങ്കില്‍ ജീവിതത്തിന്റെ താളം പിഴയ്ക്കും. കേരളത്തിലെ ജാതിവ്യവസ്ഥയെ ചോദ്യംചെയ്ത് ശ്രീനാരായണ ഗുരു ഒരു വ്യക്തിക്കല്ല, മറിച്ച് നാടെങ്ങും അറിവിന്റെ വെളിച്ചം പകരാനാണ് ശ്രമിച്ചത്. ഉച്ചനീചത്വങ്ങള്‍ക്കും വര്‍ഗീയതയ്ക്കും എതിരെ പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഗുരു ശബ്ദം ഉയര്‍ത്തിയതുപോലെ ഇന്ന് മറ്റൊരാള്‍ക്ക് കഴിയാത്തതാണ് നാടിന്റെ ശാപം. കേരളത്തിലെ അറുപതുശതമാനത്തിനു മുകളിലുള്ള ആളുകള്‍ക്ക് മതം മറയാക്കിക്കൊണ്ടുള്ള രാഷ്ട്രീയ മുതലെടുപ്പ് മനസ്സിലാകുന്നുണ്ടെന്നതാണ് സത്യം. മതാന്ധത ബാധിച്ച ചെറുവിഭാഗത്തോട് വാദപ്രതിവാദങ്ങള്‍ നടത്തുന്നത് വഴക്കിലെ അവസാനിക്കൂ എന്ന ബോധ്യം കൊണ്ടാണവര്‍ മിണ്ടാതിരിക്കുന്നത്. സ്വന്തം മനസ്സിലും തലമുറകളിലും ആ കറുപ്പ് ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുന്നതുപോലും ഒരു ചെറുത്തുനില്‍പ്പായി പരിഗണിക്കാം. ഹിന്ദുവിന്റെ മകളായി ജനിക്കുന്നതുകൊണ്ടാണ് ആ ആചാരങ്ങള്‍ക്കനുസരിച്ച് ആ വ്യക്തി വളരുന്നത്. അതേ കുട്ടി ജനിക്കുന്നത് ക്രിസ്ത്യന്‍ കുടുംബത്തിലാണെങ്കില്‍ ക്രിസ്തുവാകും ദൈവം. വിശ്വാസം ഏതായാലും മനുഷ്യന്‍ നന്നാവുന്നതാണ് പ്രധാനം. ഇതും ഗുരു പഠിപ്പിച്ച് ജീവിതത്തിന്റെ ശീലമായ പാഠമാണ്.

കേരളത്തിന്റെ സമകാലിക അവസ്ഥയില്‍ താങ്കളെപ്പോലെ സാംസ്‌കാരിക രംഗത്തുള്ളൊരാള്‍ മൗനം പാലിക്കുന്നതാണ് നല്ലതെന്ന് പറയുന്നത് ശരിയാണോ?

അങ്ങനല്ല. നമ്മള്‍ എന്തുപറഞ്ഞാലും അതിന്റെ അവസാനം സമാധാനമാണ് വേണ്ടത്. വഴക്കുകള്‍ സൃഷ്ടിക്കാനല്ല, ഇല്ലാതാക്കാനാണ് ആഗ്രഹിക്കുന്നത്. ഇടപെടല്‍കൊണ്ട് ഗുണമുണ്ടെങ്കില്‍ തീര്‍ച്ചയായും ചെയ്യും. കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തില്‍, ക്യാമ്പുകളില്‍ ദുരിതാശ്വാസപ്രവര്‍ത്തനത്തിനു ചെന്നപ്പോള്‍ മനുഷ്യന്റെ നിസ്സാരത ബോധ്യപ്പെട്ടതാണ്. പക്ഷേ, എനിക്ക് തോന്നുന്നത് കാര്യങ്ങള്‍ ഏറ്റവും എളുപ്പം മറക്കുന്ന അത്ഭുത ജീവികളാണ് മനുഷ്യരെന്നു. ദൈവം ഒരു ടെസ്റ്റ് ഡോസ് കൊടുത്തപ്പോള്‍ ജാതിയും മതവുമില്ലാതെ ഉടുതുണിക്ക് മറുതുണിയില്ലാതെ ജീവന്‍ തിരിച്ചുകിട്ടിയാല്‍ മതിയെന്ന് കരുതിയവര്‍, കരകയറിയപ്പോള്‍ വീണ്ടും മതില്‍കെട്ടി തിരിച്ചിരിക്കുന്നു. നവോധാനനായകന്മാര്‍ ഇതിനോടകം ഉപദേശങ്ങളെല്ലാം നല്‍കിക്കഴിഞ്ഞു. അതൊന്നെടുത്തുവച്ച് അര്‍ദ്ധം ഉള്‍ക്കൊണ്ട് വായിച്ച് ജീവിതത്തില്‍ പകര്‍ത്തിയാല്‍ തീരാവുന്ന പ്രശ്‌നമേ നിലവിലുള്ളു.

ചെറുപ്പകാലത്തുവരച്ച ഗുരുവില്‍ നിന്ന് ഇന്ന് വരച്ച ഗുരുവില്‍ കാണുന്ന മാറ്റം?
ഗുരുവിന്റെ ദര്‍ശനങ്ങളോ മഹത്വമോ അറിയാതെയാണ് ആദ്യകാലത്ത് വരച്ചത്. ഇന്ന് കുറച്ചുകൂടി പ്രൊഫഷണലായി ചിത്രകലയെ സമീപിക്കുന്നതുകൊണ്ട് അതിന്റെ മാറ്റമുണ്ട്. പലരും വരച്ച ഗുരുവിന്റെ ചിത്രങ്ങള്‍ റെഫറന്‍സിനായി നോക്കി. മണിക്കൂറുകളോളം അതില്‍ ഏകാഗ്രമായി നോക്കിയിരുന്ന് ഭക്തിയും ഗൗരവവും ശ്രീത്വവും ശാന്തതയുമെല്ലാം കൊണ്ടുവരാനും ശ്രമം നടത്തി. കണ്ടുശീലിച്ച ഗുരുവില്‍ നിന്ന് എന്റേതായ കയ്യൊപ്പ് ചാര്‍ത്താന്‍ സാധിച്ചിട്ടുണ്ടെന്നാണ് വിശ്വാസം. ഈ ചിത്രം വരയ്ക്കുന്നതിനിടയിലാണ് സംവിധാനം ചെയ്യാന്‍ എനിക്കൊരു അവസരം ലഭിച്ചതും. ഏറെ നാളായുള്ള ആ സ്വപ്നം സാധിച്ചത്തില്‍ ഗുരുവിന്റെ അനുഗ്രഹം കൂടിയുണ്ടെന്ന് ഞാന്‍ കരുതുന്നു. കടപ്പാട്: മംഗളം 
ഗുരുവരം: കോട്ടയം നസീര്‍ എന്ന ചിത്രകാരന്‍ഗുരുവരം: കോട്ടയം നസീര്‍ എന്ന ചിത്രകാരന്‍ഗുരുവരം: കോട്ടയം നസീര്‍ എന്ന ചിത്രകാരന്‍ഗുരുവരം: കോട്ടയം നസീര്‍ എന്ന ചിത്രകാരന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക