Image

ജോസി ജോസഫ് : രാഷ്ട്രീയ കഴുകന്‍മാര്‍ക്ക് ജയിലില്‍ വിരുന്നൂട്ടിയ പത്രപ്രവര്‍ത്തകന്‍

Published on 08 January, 2019
ജോസി ജോസഫ് : രാഷ്ട്രീയ  കഴുകന്‍മാര്‍ക്ക് ജയിലില്‍  വിരുന്നൂട്ടിയ പത്രപ്രവര്‍ത്തകന്‍
രാജ്യം ഞെട്ടിത്തരിച്ച ഒട്ടനവധി അഴിമതിക്കഥകള്‍, ഡല്‍ഹിയിലെ അധികാര കേന്ദ്രങ്ങളിലെ പ്രകമ്പനങ്ങള്‍, ജനാധിപത്യത്തിന്റെ ശ്രീകോവിലിലെ വഞ്ചനയുടെ മൂര്‍ത്തരൂപങ്ങള്‍ എല്ലാം ജോസി ജോസഫ് എന്ന പത്രപ്രവര്‍ത്തകന്റെ ഉളളംകൈയിലൂടെ താഴോട്ടിറങ്ങി.

അധികാരക്കൊതിയുടെ കഴുകന്‍ കൈകള്‍ സാധാരണക്കാരനെ വലിച്ചുകീറാനൊരുങ്ങിയപ്പോള്‍ കൈയില്‍ പേനയുമായി കാവലായി ആ മലയാളിക്കരുത്ത്. അഴിമതിയുടെ ഇടനാഴികളില്‍ രാഷ്ട്രീയമേലാളന്‍മാരോടും കോര്‍പറേറ്റുകളോടും പടപൊരുതി തോല്‍ക്കാത്ത ആ മനസ് ഭരണവര്‍ഗത്തിനും ഉദ്യോഗസ്ഥപ്രഭുക്കന്‍മാര്‍ക്കും ഇന്നും പേടിസ്വപ്‌നമാണ്. 

മുംബൈ ആദര്‍ശ് ഫല്‍റ്റ് കുംഭകോണം, 2010ലെ ഡല്‍ഹി കോമണ്‍വെല്‍ത്ത് അഴിമതി, ടുജി സ്‌പെക്ട്രം കേസിലെ ഉന്നതരുടെ ഇടപെടല്‍, ഒരിക്കലും കേള്‍ക്കാത്ത പാര്‍ലമെന്റ് അംഗങ്ങളുടെ ലീവ് ട്രാവല്‍ അഴിമതി തുടങ്ങി ഇന്ത്യ ഇതുവരെ കാണാത്ത അഴിമതിക്കഥകള്‍ വെളിച്ചത്തുകൊണ്ടുവന്ന അന്വേഷണാത്മക പത്രപ്രവര്‍ത്തകനാണ് ജോസി ജോസഫ്.

അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിനു പുതിയൊരു വഴിവെട്ടിത്തെളിച്ച് അധികാര കേന്ദ്രങ്ങളെ ഞെട്ടിപ്പിക്കാന്‍ കഴിഞ്ഞു എന്നതാണ് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മാധ്യമശ്രീ പുരസ്‌കാരം ജോസി ജോസഫിനെ തേടിയെത്തിയത്. 

അന്വേഷണാത്മക പത്രപ്രവര്‍ത്തനം ദുര്‍ബലമാകുന്നത് ബനാന റിപബ്ലിക്കിനു വഴിതെളിക്കുമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. സത്യം പുറത്തു കൊണ്ടുവരുന്നവര്‍ വേട്ടയാടപ്പെടുമ്പോള്‍ ജനാധിപത്യമാണ് അപകടത്തിലാകുന്നതെന്ന് അദ്ദേഹം പറയുന്നു. പ്രസിദ്ധീകരിച്ചതിനേക്കാള്‍ എത്രയോ ഇരട്ടി ഞെട്ടിപ്പിക്കുന്ന അഴിമതിക്കഥകള്‍ തന്റെ ഇമെയില്‍ ഇന്‍ബോക്‌സിനകത്ത് ഇരിക്കുന്നുണ്ടെന്ന് അദ്ദേഹം പറയുമ്പോഴാണ് മാധ്യമസമൂഹവും ചായാന്‍ മടിയില്ലാത്തവരാണെന്നു പൊതുസമൂഹം മനസിലാക്കുന്നത്.  

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അഴിമതിക്കഥകളുടെ ആഴങ്ങളിലേക്കിറങ്ങിച്ചെല്ലുന്ന കഴുകന്‍മാരുടെ വിരുന്ന് എന്ന പുസ്തകം ജോസി ജോസഫിന്റെ കരുത്തുറ്റ രചനയാണ്. 

ആലപ്പുഴ ചേര്‍ത്തലയില്‍ കരോണ്ടുകടവില്‍ ജോസഫിന്റെയും അന്നമ്മയുടേയും മൂന്നാമത്തെ മകനായി  1974ലാണ് ജോസിയുടെ ജനനം. 

കഴക്കുട്ടത്തെ സൈനിക സ്‌കൂളില്‍ പ്രാഥമിക വിദ്യഭ്യാസം. ചേര്‍ത്തല എന്‍എസ്എസ് കോളജിലും കേരള യൂണിവേഴ്‌സിറ്റിയിലും തുടര്‍പഠനം. 

ഫല്‍ച്ചര്‍ സ്‌കൂള്‍ ഓഫ് ലോ ആന്‍ഡ് ഡിപ്‌ളോമസി, ഡിഫന്‍സ് ആന്‍ഡ് സറ്റ്രാറ്റജിക് സ്റ്റഡീസ് സിംഗപ്പൂര്‍, കൊളംബോ റീജിയണല്‍ സെന്റര്‍ ഫോര്‍ സ്റ്റ്രാറ്റജിക് സ്റ്റഡീസ് എന്നിവയില്‍ ഉപരിപഠനവും നടത്തി. 

ടൈംസ് ഓഫ് ഇന്ത്യ, ഡിഎന്‍എ, റിഡിഫ്.കോം, ദ എഷ്യന്‍ ഏജ്, മിഡ് ഡെ, ബ്ലിറ്റ്‌സ് എന്നീ മാധ്യമങ്ങളില്‍ അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. ദ ഹിന്ദു ദിനപത്രത്തിന്റെ സെക്യൂരിറ്റി എഡിറ്റര്‍ എന്ന പദവി രാജിവച്ച് ഇപ്പോള്‍ സ്വതന്ത്രപത്രപ്രവര്‍ത്തകനാണ്. 

പ്രേംഭാട്ടിയ അവാര്‍ഡ് , രാംനാഥ് ഗോയാങ്കേ അവാര്‍ഡ്, തുടങ്ങി വിവിധ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. 

പ്രിയ സോളമന്‍ ആണ് ഭാര്യ. സുപ്രിയ ആന്‍ ജോസഫ് ഏക മകളാണ്.
മലയാളി മാധ്യമ പ്രവര്‍ത്തകര്‍ക്ക്  ഇന്ത്യ പ്രസ് ക്ലബ് നല്‍കുന്ന പുരസ്‌കാരങ്ങള്‍ 2019  ജനുവരി 13 ഞായറാഴ്ച വൈകീട്ട് കൊച്ചിയിലെ ബോള്‍ഗാട്ടി പാലസ് ഹോട്ടലില്‍ നടക്കുന്ന വര്‍ണാഭമായ ചടങ്ങില്‍ വെച്ച് വിതരണം ചെയ്യു. രാഷ്ട്രീയസാമൂഹികസാംസ്‌കാരികമാധ്യമരംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.

ജോസി ജോസഫ് : രാഷ്ട്രീയ  കഴുകന്‍മാര്‍ക്ക് ജയിലില്‍  വിരുന്നൂട്ടിയ പത്രപ്രവര്‍ത്തകന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക