Image

മരിക്കാന്‍ പോകുന്നുവെന്ന് ജസ്‌നയുടെ അവസാന മെസേജ്, അന്വേഷണം അവസാന ഘട്ടത്തിലെന്ന് ക്രൈംബ്രാഞ്ച്

Published on 08 January, 2019
 മരിക്കാന്‍ പോകുന്നുവെന്ന് ജസ്‌നയുടെ അവസാന മെസേജ്, അന്വേഷണം അവസാന ഘട്ടത്തിലെന്ന് ക്രൈംബ്രാഞ്ച്

കേരളത്തിലൊട്ടാകെയും ഇതര സംസ്ഥാനങ്ങളിലും വ്യാപക അന്വേഷണം നടത്തിയിട്ടും ദുരൂഹ സാഹചര്യത്തില്‍ കാണാതായ ജസ്‌ന മരിയ ജയിംസിനെ ഒന്‍പതുമാസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ല. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെ വീണ്ടും ഊര്‍ജിതമായ അന്വേഷണം നടക്കുകയാണ്. ജസ്നയെ കാണാതായ മുക്കൂട്ടുതറ ഗ്രാമം കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നത്.

ചെന്നൈ, ബംഗളൂരു, ഗോവ എന്നിവിടങ്ങളില്‍ പലവട്ടം അന്വേഷണം നടത്തിയ ലോക്കല്‍ പൊലീസ് ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും വനത്തിലുംവരെ ജസ്നയെ തേടി പോയെങ്കിലും വിവരമൊന്നും ലഭിച്ചില്ല. തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. അതീവ രഹസ്യമായാണ് അന്വേഷണം പുരോഗമിക്കുന്നത്. ചില സൂചനകള്‍ ക്രൈംബ്രാഞ്ചിന്ലഭിച്ചുവെന്ന വിവരം പ്രചരിക്കുന്നുണ്ടെങ്കിലും അത് സ്ഥിരീകരിക്കത്തവിധമുള്ള കാര്യങ്ങളൊന്നും പുറത്തുവന്നിട്ടില്ല. നാട്ടില്‍നിന്നും ജസ്ന പോയിട്ടില്ലെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം മുന്നോട്ടു പോകുന്നതത്രേ

ജസ്‌ന വീട്ടില്‍ നിന്ന് ഓട്ടോയില്‍ കയറിയപ്പോള്‍ മുതല്‍ കാറില്‍ ബന്ധുവായ ഒരാള്‍ പിറകെയുണ്ടായിരുന്നുവെന്ന് മറ്റൊരു ബന്ധു പൊലീസില്‍ മൊഴി നല്കിയിരുന്നു. ആ ബന്ധുവിനെ പൊലീസ് ചോദ്യം ചെയ്തു. ഇതിനിടയില്‍ പിതാവിനെതിരെയും ആരോപണമുണ്ടായി. ഇതേതുടര്‍ന്ന് പിതാവ് കോണ്‍ട്രാക്‌ട് എടുത്ത് നിര്‍മ്മിക്കുന്ന ഏന്തയാറിലെ ഒരു സ്‌കൂള്‍ ഗ്രൗണ്ടിനോട് ചേര്‍ന്ന് നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്കായി നിര്‍മ്മിക്കുന്ന പൂര്‍ത്തിയാവാത്ത വീട്ടില്‍ പൊലീസ് പരിശോധന നടത്തിയെങ്കിലും ഒരു സൂചനയും ലഭിച്ചില്ല. 2017ലാണ് ഈ വീടിന്റെ നിര്‍മ്മാണം ആരംഭിച്ചത്. കക്കൂസിനായി കുത്തിയ കുഴിയിലും സ്വീകരണ മുറിയിലും മണ്ണ് ഇളകി കിടക്കുന്നത് ശ്രദ്ധയില്‍പെട്ടതോടെ പൊലീസ് മണ്ണുമാന്തി പരിശോധന നടത്തി. എന്നാല്‍, ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മുണ്ടക്കയത്തുനിന്ന് ജസ്‌നയെന്ന തോന്നിക്കുന്ന ഒരാള്‍ ബസ് കയറിപ്പോകുന്നത് റോഡ് വക്കിലെ സി.സി ടി.വിയില്‍ പതിഞ്ഞിരുന്നു. കഴിഞ്ഞദിവസം ഈ ദൃശ്യങ്ങള്‍ പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ കാണിച്ച്‌ ഉറപ്പുവരുത്താന്‍ ക്രൈംബ്രാഞ്ച് ശ്രമിച്ചെങ്കിലും ഒരാള്‍ക്കുപോലും ഇത് സ്ഥിരീകരിക്കാനായില്ല.

പലവഴിക്ക് പരിശോധന

ഇടുക്കി വെള്ളത്തൂവലിലെ വനാതിര്‍ത്തിയില്‍ നിന്ന് ഒരു കാല്‍ കണ്ടെത്തിയിരുന്നു. ഇത് ജസ്‌നയുടേതാണെന്ന സംശയത്തെ തുടര്‍ന്ന് ലാബില്‍ പരിശോധിച്ചെങ്കിലും അല്ലെന്ന് തെളിഞ്ഞു. ഡി.എന്‍.എ ടെസ്റ്റിലൂടെയാണ് ഇത് സ്ഥിരീകരിച്ചത്. അറ്റുപോയ നിലയില്‍ കണ്ടെത്തിയ കാല്‍ 36 വയസുള്ള ഒരു സ്ത്രീയുടേതാണെന്നായിരുന്നു കണ്ടെത്തല്‍.തമിഴ്നാട്ടിലെ ചെങ്കല്‍പേട്ടില്‍ ഒരു സ്ത്രീയുടെ കത്തിക്കരിഞ്ഞ ജഡം കണ്ടത് അഭ്യൂഹത്തിനിടയാക്കി. എന്നാല്‍ ഡി.എന്‍.എ ടെസ്റ്റില്‍ അതും ജസ്നയുടേതല്ലെന്ന് വ്യക്തമായി. ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയതോടെ ജസ്നയെ കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും ബന്ധുക്കളും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക