Image

തിയേറ്ററുകളെ ഇളക്കിമറിക്കാന്‍ ശ്യാമളന്റെ ത്രില്ലര്‍ - `ഗ്ലാസ്‌' എത്തുന്നു 18ന്‌

Published on 10 January, 2019
തിയേറ്ററുകളെ ഇളക്കിമറിക്കാന്‍ ശ്യാമളന്റെ ത്രില്ലര്‍ - `ഗ്ലാസ്‌' എത്തുന്നു 18ന്‌
ഇന്ത്യന്‍ വംശജനായ മനോജ്‌ നെല്ലിയാട്ട്‌ ശ്യാമളന്‍ എന്ന മനോജ്‌ നൈറ്റ്‌ ശ്യാമളന്റെ ഏറ്റവും പുതിയ ത്രില്ലര്‍ സിനിമ `ഗ്ലാസ്‌' ജനുവരി 18 ന്‌ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന്‌ എത്തുന്നു. 

ശ്യാമളന്റെ `അണ്‍ബ്രേക്കബിള്‍', `സ്‌പ്‌ളിറ്റ'്‌ സീരീസിലെ മൂന്നാമത്തേതും അവസാനത്തേതുമായ `ഗ്ലാസ്‌' 2019ലെ തന്നെ ആദ്യ ബ്ലോക്‌ബസ്‌റ്ററായി ബോക്‌സ്‌ ഓഫിസില്‍ തകര്‍പ്പന്‍വിജയമെഴുതുമെന്നാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്‌. 

2000ലെ വമ്പന്‍ ഹിറ്റുകളിലൊന്നായിരുന്ന `അണ്‍ബ്രേക്കബിളി'ന്റെയും 2016ല്‍ ഇറങ്ങിയ `സ്‌പ്‌ളിറ്റി'ന്റെയും കഥകള്‍ ചേര്‍ത്താണ്‌ ശ്യാമളന്‍ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന `ഗ്ലാസ'്‌ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്‌ ജൂണിയര്‍ ആഴ്‌ചയുടെ അവസാനത്തില്‍ തിയേറ്ററുകള്‍ ഇളക്കിമറിക്കാനെത്തുന്നത്‌. `അണ്‍ബ്രേക്കബിളു'ം `സ്‌പ്‌ളിറ്റും' ബോക്‌സ്‌ ഓഫീസില്‍ വന്‍ ലാഭം കൊയ്‌തിരുന്നു. 

വന്‍നാശത്തിനിടയാക്കിയ ഒരു ട്രെയിന്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ട ഒരേയൊരു വ്യക്തിയായ ഡേവിഡ്‌ ഡണ്ണിന്റെ വേഷത്തില്‍ ബ്രൂസ്‌ വില്ലിസ്‌ എത്തുന്ന `അണ്‍ബ്രേക്കബിളില്‍' തന്നെകുറിച്ച്‌ തന്നെ അസാധാരണമായ ചില കാര്യങ്ങള്‍ മനസിലാക്കുകയാണ്‌ ഡണ്‍. സാമുവല്‍ എല്‍ ജാക്‌സണ്‍ എലിജാ പ്രൈസിന്റെ റോളിലെത്തുന്ന അണ്‍ബ്രേക്കബിള്‍ 250 മില്യന്‍ ഡോളറിലേറെ നേടി വന്‍വിജയം കൊയ്‌തിരുന്നു. 

ജയിംസ്‌ മക്കോയി, നായകനായ കെവിന്‍ വെന്‍ഡല്‍ ക്രമ്പിന്റെ വേഷത്തിലെത്തിയ `സ്‌പ്‌ളിറ്റ'്‌ സൈക്കോ ത്രില്ലറായിരുന്നു. 
സ്‌പ്ലിറ്റ്‌ പേഴ്‌സനാലിറ്റിയായിരുന്നു സ്‌പ്‌ളിറ്റിലെ കഥാവിഷയം. 270 മില്യന്‍ ഡോളറാണ്‌ സ്‌പ്‌ളിറ്റ്‌ ബോക്‌സ്‌ ഓഫിസില്‍ നേടിയത്‌. മൂന്ന്‌ ടീനേജ്‌ പെണ്‍കുട്ടികളെ നായകന്‍ തട്ടിക്കൊണ്ടുപോകുന്ന സ്‌പ്‌ളിറ്റില്‍ നായകന്റെ ശരീരത്തില്‍ 23 ഭിന്ന പേഴ്‌സണാലിറ്റികളാണ്‌ ഉണ്ടായിരുന്നത്‌. 

തടവിലാക്കപ്പെടുന്ന പെണ്‍കുട്ടികള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ നായകന്റെ ശരീരത്തിലെ വിവിധപേഴ്‌സണാലിറ്റികളുമായി കണ്ടുമുട്ടുകയാണ്‌. നായകനിലെ 24-ാമത്തെ പേഴ്‌സനാലിറ്റിയായ ഭീകരസത്വം മറ്റെല്ലാ പേഴ്‌സണാലിറ്റികളെയും മറികടന്ന്‌ അധീശത്വം സ്ഥാപിക്കുമ്പോഴാണ്‌ ശരിക്കുള്ള ഭീകരത തുടങ്ങുന്നത്‌. 

നിലവിലുള്ള സൂപ്പര്‍ ഹീറോ മൂവിസില്‍ നിന്നും വ്യത്യസ്‌തമായി അമാനുഷികതയെ സ്വാഭാവികമായി അവതരിപ്പിക്കുന്ന ശൈലിയാണ്‌ സംവിധായകന്റേത്‌. അണ്‍ബ്രേക്കബിള്‍ സീരീസിലെ അവസാന സിനിമയായിരിക്കും ഗ്ലാസ്‌. 

ബ്രൂസ്‌ വില്ലിസ്‌, ജെയിംസ്‌ മക്‌അവോയ്‌, സാമുവല്‍ ജാക്ക്‌സണ്‍ എന്നിവര്‍ അഭിനയിക്കുന്ന `ഗ്ലാസ്‌' ആദ്യആഴ്‌ചകൊണ്ട്‌ തന്നെ 50 മില്യന്‍ ഡോളര്‍ നേടുമെന്നാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്‌. ഗ്ലാസില്‍ അണ്‍ബ്രേക്കബിളിലെ ബ്രൂസ്‌ വില്ലിസ്‌ തന്നെ ഡേവിഡ്‌ ഡണ്ണിന്റെ വേഷത്തില്‍ എത്തുന്നു. ജാക്‌സണ്‍ തന്നെയാണ്‌ മിസ്റ്റര്‍ ഗ്ലാസ്‌ എന്നും വിളിക്കപ്പെടുന്ന എലിജാ പ്രൈസിന്റെ റോളിലെത്തുന്നത്‌. മക്കോയി, കെവിന്റെ വേഷത്തിലും ആന്യ ടെയ്‌ലര്‍ ജോയ്‌, ബീസ്റ്റുമായി ഏറ്റുമുട്ടുന്ന കേസി കുക്കായും വേഷമിടുന്നു. 

അണ്‍ബ്രേക്കബിളിലെ സ്‌പെന്‍സര്‍ ട്രീറ്റ്‌ ക്ലര്‍ക്കും ചാര്‍ലെയിന്‍ വുഡാര്‍ഡും ഡണിന്റെ മകന്റെയും പ്രൈസിന്റെ മാതാവിന്റെയും റോളുകളില്‍ തന്നെ ഗ്ലാസില്‍ എത്തുന്നു. 

ശ്യാമളനും ബ്ലുംഹൗസ്‌ പ്രൊഡക്ഷനിലെ ജേസണ്‍ ബ്ലുമും ചേര്‍ന്നാണ്‌ നിര്‍മാണം. ഇന്ത്യന്‍ വംശജനായ അശ്വിന്‍ രാജനും നിര്‍മാതാക്കളിലൊരാളാണ്‌. 
`ദി സിക്‌സ്‌ത്‌ സെന്‍സ്‌' എന്ന ചിത്രത്തിലൂടെയാണ്‌ മാഹി സ്വദേശിയായ മനോജ്‌ നൈറ്റ്‌ ശ്യാമളന്‍ ഹോളിവുഡില്‍ ശ്രദ്ധിക്കപ്പെടുന്നത്‌.
തിയേറ്ററുകളെ ഇളക്കിമറിക്കാന്‍ ശ്യാമളന്റെ ത്രില്ലര്‍ - `ഗ്ലാസ്‌' എത്തുന്നു 18ന്‌
Join WhatsApp News
Tom abraham 2019-01-11 08:58:31
Blue jacket look- alike of Salim Kumar my favorite malayalam actor.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക