Image

ലക്ഷ്യം മോദിയുടെ ഭരണത്തിന്റെ അന്ത്യം, അടിമുടി മാറ്റങ്ങളുമായി തിരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ്

Published on 11 January, 2019
ലക്ഷ്യം മോദിയുടെ ഭരണത്തിന്റെ അന്ത്യം, അടിമുടി മാറ്റങ്ങളുമായി തിരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ്

തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട സ്ഥാനാര്‍ത്ഥികളെ അവസാനഘട്ടത്തില്‍ മുകളിലുള്ള ഏതാനും പേര്‍ കൂടിയിരുന്ന് തീരുമാനിക്കുന്ന രീതി ഇത്തവണ ഉണ്ടാകില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ. ആന്റണി വ്യക്തമാക്കി. ഫെബ്രുവരി അവസാനത്തോടെ തന്നെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട സ്ഥാനാര്‍ത്ഥികളെയെല്ലാം പാര്‍ട്ടി തീരുമാനിക്കും. സ്ഥാനാര്‍ത്ഥിചര്‍ച്ച ഉടന്‍ ആരംഭിക്കണമെന്ന് എല്ലാ സംസ്ഥാനഘടകങ്ങള്‍ക്കും പാര്‍ട്ടി നേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കാലം ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ പാര്‍ട്ടിയിലുണ്ടാവണമെന്ന നിലപാടുള്ളയാളാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി എന്നും ഇന്ദിരാഭവനില്‍ കെ.പി.സി.സി ജനറല്‍ബോഡി യോഗം ഉദ്ഘാടനം ചെയ്ത് ആന്റണി പറഞ്ഞു.

കോണ്‍ഗ്രസ്സിന്റെ ബഹുജനാടിത്തറ ശക്തിപ്പെടുത്തുകയാണ് പ്രധാനം. കഴിഞ്ഞ തവണ പരമ്ബരാഗതമായി പിന്തുണച്ചുപോന്ന ചില വിഭാഗങ്ങള്‍ തെറ്റിദ്ധാരണ മൂലം അകന്ന് പോയിട്ടുണ്ട്. അവരുടെ തെറ്റിദ്ധാരണ മാറ്റി തിരിച്ചുകൊണ്ടുവരാനാകണം. എന്ത് വിട്ടുവീഴ്ച ചെയ്തും യോജിക്കാവുന്ന എല്ലാവരുമായും യോജിച്ച്‌ മോദി ഭരണത്തിന് അന്ത്യം കുറിക്കുകയാണ് നമ്മുടെ ഒന്നാമത്തെ ലക്ഷ്യം. കോണ്‍ഗ്രസ് ഒറ്റയ്ക്ക് വിചാരിച്ചാല്‍ ഈ ഭരണം അവസാനിപ്പിക്കാനാവില്ല. പക്ഷേ ഈ പോരാട്ടത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തന്നെയാണ് നിര്‍ണ്ണായകശക്തി. കോണ്‍ഗ്രസ് മുന്നില്‍ നിന്ന് നയിക്കാതെ മോദിഭരണം അവസാനിപ്പിക്കാനാവില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി പോലും ഭയപ്പെടുന്ന എതിരാളി ഇന്ന് രാഹുല്‍ഗാന്ധി മാത്രമാണ്. കോണ്‍ഗ്രസിനെ പതിവായി വിമര്‍ശിക്കുന്ന മാഗസിന്‍ പോലും 2019ലെ മാന്‍ ഒഫ് ദ ഇയര്‍ ആയി തിരഞ്ഞെടുത്തിരിക്കുന്നത് രാഹുല്‍ ഗാന്ധിയെ ആണ്. ആവശ്യമുള്ള സംസ്ഥാനങ്ങളില്‍ സഹകരിക്കാവുന്ന കക്ഷികളുമായി ചേര്‍ന്ന് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് ധാരണയുണ്ടാക്കും.

കുരുക്ഷേത്രയുദ്ധത്തിന്റെ വര്‍ഷമാണിത്. ഇന്ത്യയുടെ ജനാധിപത്യത്തിന്റെയും ബഹുസ്വരതയുടെയും അടിസ്ഥാനമൂല്യങ്ങളുടെയും സംരക്ഷണത്തിനായുള്ള യുദ്ധമാണ് നടക്കാന്‍ പോകുന്നത്. അടുത്ത തവണ കൂടി കൈപ്പിഴ സംഭവിച്ച്‌ രണ്ടാമതൊരിക്കല്‍ കൂടി ആര്‍.എസ്.എസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വരികയാണെങ്കില്‍ ആദ്യം തകര്‍ക്കപ്പെടുന്നത് ലോകത്തിന് മാതൃകയായ നമ്മുടെ ഭരണഘടനയായിരിക്കും. ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങളായ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുകയെന്നതാവും ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാന കര്‍ത്തവ്യമെന്നും ആന്റണി പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കള്‍ സംബന്ധിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക