Image

മോദി വീണ്ടും അധികാരത്തില്‍ വന്നാല്‍ കേരളം ബി.ജെ.പി ഭരിക്കും: അമിത്‌ ഷാ

Published on 12 January, 2019
മോദി വീണ്ടും അധികാരത്തില്‍ വന്നാല്‍ കേരളം ബി.ജെ.പി ഭരിക്കും: അമിത്‌ ഷാ


ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അധികാരത്തിലെത്തിയാല്‍ കേരളത്തിലും ബംഗാളിലും ബി.ജെ.പി. ഭരിക്കുമെന്ന്‌ പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത്‌ ഷാ വ്യക്തമാക്കി. ഡല്‍ഹിയില്‍ ആരംഭിച്ച ബി.ജെ.പി. ദേശീയ കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്‌ ഉറച്ച സര്‍ക്കാരാണ്‌ ആവശ്യമെന്നും ഇതു നല്‍കാന്‍ ബി.ജെ.പി.ക്ക്‌ മാത്രമെ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന്‌ നല്‍കാന്‍ കഴിയുന്നത്‌ ദുര്‍ബല സര്‍ക്കാരായിരിക്കും. ജനങ്ങള്‍ പാറപോലെ മോദിക്കു പിന്നില്‍ ഉറച്ചുനിന്നാല്‍ വീണ്ടും ബി.ജെ.പി. അധികാരത്തില്‍വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ദൂരവ്യാപക സ്വാധീനമുണ്ടാക്കുന്ന യുദ്ധങ്ങളുണ്ട്‌. ശിവജിയുടെ നേതൃത്വത്തില്‍ നടന്ന പാനിപ്പത്ത്‌ യുദ്ധങ്ങള്‍ അത്തരത്തിലുള്ളതാണ്‌. 131 യുദ്ധങ്ങള്‍ ശിവജിയുടെ നേതൃത്വത്തില്‍ മറാഠികള്‍ ജയിച്ചു. എന്നാല്‍, മൂന്നാം പാനിപ്പത്ത്‌ യുദ്ധത്തില്‍ പരാജയപ്പെട്ടു. ഈ യുദ്ധത്തില്‍ പരാജയപ്പെട്ടതോടെ ഇംഗ്ലീഷുകാര്‍ ഇന്ത്യ കീഴടക്കി. ഇന്ത്യ 200 വര്‍ഷത്തേക്ക്‌ അടിമത്തത്തില്‍ വീണു. അത്‌ നിര്‍ണായകമായ യുദ്ധമായിരുന്നു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ രാജ്യത്തിന്‌ നിര്‍ണായകമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ ബി.ജെ.പി പ്രതിജ്ഞബദ്ധരാണെന്ന്‌ ദേശീയ അദ്ധ്യക്ഷന്‍ അമിത്‌ ഷാ ഇന്നലെ യോഗത്തിനിടെ പ്രഖ്യാപിച്ചിരുന്നു. നേരത്തെ ക്ഷേത്രം നിന്നിരുന്നടുത്ത്‌ തന്നെ പുതിയ ക്ഷേത്രവും നിര്‍മ്മിക്കുമെന്നും, കോണ്‍ഗ്രസാണ്‌ കേസില്‍ തടസം സൃഷ്ടിക്കുന്നതെന്നും ഷാ കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി നരേന്ദ്രമോദിയെപ്പോലൊരു ജനകീയ നേതാവ്‌ ലോകത്തെവിടെയുമില്ലെന്നും അമിത്‌ ഷാ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക