Image

യുപിയില്‍ എസ്‌പി-ബിഎസ്‌പി സഖ്യം പ്രഖ്യാപിച്ചു

Published on 12 January, 2019
യുപിയില്‍ എസ്‌പി-ബിഎസ്‌പി സഖ്യം പ്രഖ്യാപിച്ചു

ലഖ്‌നൌ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ്‌ പാര്‍ട്ടിയും ഒന്നിച്ചു മത്സരിയ്‌ക്കും. അഖിലേഷ്‌ യാദവും മായാവതിയും സംയുക്ത പത്രസമ്മേളനത്തിലാണ്‌ തീരുമാനം പ്രഖ്യാപിച്ചത്‌.  കോണ്‍ഗ്രസിനെ ഒഴിവാക്കിയാണ്‌ കാലങ്ങളായി പരസ്‌പരം പൊരുതി നില്‍ക്കുന്ന എസ്‌പിയും ബിഎസ്‌പിയും ഒന്നിച്ച്‌ മത്സരിയ്‌ക്കുന്നത്‌.

ജനങ്ങള്‍ക്ക്‌ വേണ്ടിയുള്ള സഖ്യമെന്ന്‌ ഇരു നേതാക്കളും അവകാശപ്പെട്ടു.മോഡിയ്‌ക്കും അമിത്‌ ഷായ്‌ക്കും ഇനി ഉറക്കം നഷ്ടമാകും. ഈ മഹാസഖ്യം രാഷ്ടീയ വിപ്ലവത്തിന്‌ തുടക്കം കുറിയ്‌ക്കും'' മായാവതി പറഞ്ഞു.38 സീറ്റുകള്‍ വീതം ഇരുകക്ഷികളും മത്സരിയ്‌ക്കും.രണ്ട്‌ സീറ്റ്‌ ഘടക കക്ഷികളായ ചെറിയ പാര്‍ട്ടികള്‍ക്ക്‌ നല്‍കും. സോണിയഗാന്ധി വിജയിച്ച റായ്‌ ബരേലിയിലും രാഹുല്‍ ഗാന്ധി വിജയിച്ച അമേതിയിലും കോണ്‍ഗ്രസിനെ പിന്തുണയ്‌ക്കും.

ആഴ്‌ചകളായി നടന്ന ചര്‍ച്ചക്കൊടുവിലാണ്‌ ഒരുമിച്ച്‌ മത്സരിക്കാന്‍ അഖിലേഷ്‌ യാദവും മായാവതിയും തീരുമാനിച്ചത്‌. കഴിഞ്ഞയാഴ്‌ച ഇരുനേതാക്കളും ഡല്‍ഹിയില്‍ കൂടിക്കാഴ്‌ച നടത്തിയിരുന്നു. 80 സീറ്റുകളാണ്‌ യുപിയില്‍ ഉള്ളത്‌. 2014 ലെ തെരഞ്ഞെടുപ്പില്‍ ഇതില്‍ 41 സീറ്റിലും ബിജെപിയെക്കാള്‍ വോട്ട്‌ ഈ രണ്ടു പാര്‍ട്ടികളും ചേര്‍ന്ന്‌ നേടിയിരുന്നു.

അന്ന്‌ 71 സീറ്റ്‌ നേടിയ ബിജെപിയ്‌ക്ക്‌ സഖ്യം കടുത്ത ഭീഷണി ഉയര്‍ത്തും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക