Image

സഖ്യമില്ല, എന്നിട്ടും രണ്ടു സീറ്റ് കോണ്‍ഗ്രസിന്:മായാവതി

Published on 13 January, 2019
സഖ്യമില്ല, എന്നിട്ടും രണ്ടു സീറ്റ് കോണ്‍ഗ്രസിന്:മായാവതി

 ഉത്തര്‍പ്രദേശില്‍ എസ്പി-ബിഎസ്പി സഖ്യം പ്രഖ്യാപിക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അറിയേണ്ടത് കോണ്‍ഗ്രസ് സഖ്യത്തിലുണ്ടോ എന്നതായിരുന്നു. ഇക്കാര്യം ബോധ്യപ്പെട്ടതുകൊണ്ടുതന്നെയാകണം, വാര്‍ത്താസമ്മേളനത്തിന്റെ കൂടുതല്‍ ഭാഗവും ബിഎസ്പി അധ്യക്ഷ മായാവതി ഉപയോഗിച്ചത് എന്തുകൊണ്ട് കോണ്‍ഗ്രസിനെ സഖ്യത്തില്‍ എടുത്തില്ല എന്ന് വിശദീകരിക്കാനാണ്.

എസ്പിയും ബിഎസ്പിയും 38 സീറ്റുകള്‍ വീതം മല്‍സരിക്കുന്നുണ്ട്. ബാക്കി വരുന്ന നാലില്‍ രണ്ടു സീറ്റ് കോണ്‍ഗ്രസിന് വിട്ടുകൊടുക്കാന്‍ തീരുമാനിച്ചുവെന്ന് മായാവതി പറയുന്നു. സഖ്യത്തിലില്ലാത്ത കോണ്‍ഗ്രസിന് എന്തിനാണ് മായാവതി-അഖിലേഷ് സഖ്യം സീറ്റുകള്‍ വിട്ടുകൊടുക്കുന്നത്. അവിടെയാണ് മായാവതി എന്ന രാഷ്ട്രീയ തന്ത്രജ്ഞയുടെ നീക്കം നിര്‍ണായകമാകുന്നത്....

യുപിയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച ചരിത്രപരമായ സഖ്യമാണ് പിറന്നിരിക്കുന്നത്. എസ്പിയും ബിഎസ്പിയും 24 വര്‍ഷത്തിന് ശേഷം ഒന്നിച്ചിരിക്കുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ഉപതിരഞ്ഞെടുപ്പിലെ വിജയമാണ് ഈ സഖ്യത്തിലേക്ക് നയിച്ചത്. എന്നാല്‍ കോണ്‍ഗ്രസിനെ അവര്‍ മാറ്റി നിര്‍ത്തുകയും ചെയ്തു.

സ്വാതന്ത്ര്യത്തിന് ശേഷം മിക്ക സംസ്ഥാനങ്ങളും കേന്ദ്രവും കൂടുതല്‍ ഭരിച്ചത് കോണ്‍ഗ്രസാണെന്ന് മായാവതി പറഞ്ഞു. എന്നിട്ടും അഴിമതിയും ദാരിദ്ര്യവും ഇല്ലായ്മ ചെയ്യാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ലെന്നും അവര്‍ കുറ്റപ്പെടുത്തു. കോണ്‍ഗ്രസും ബിജെപിയും അഴിമതിയില്‍ തുല്യരാണെന്നും സഖ്യത്തില്‍ കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്താത്തതിന് ന്യായീകരണമായി മായാവതി സൂചിപ്പിച്ചു.ദളിത്, യാദവ വോട്ടുകള്‍ ലക്ഷ്യമിട്ടാണ് എസ്പി-ബിഎസ്പി സഖ്യത്തിന്റെ നീക്കം. ഈ വോട്ടുകള്‍ കോണ്‍ഗ്രസിന് ഒരിക്കലും ലഭിക്കില്ലെന്ന് മായാവതി കരുതുന്നു. അതുകൊണ്ടുതന്നെ കോണ്‍ഗ്രസിന് തങ്ങളുടെ വോട്ടുബാങ്കില്‍ ഇളക്കം തട്ടിക്കാന്‍ സാധിക്കില്ലെന്ന് മായാവതി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക