Image

'ആര്‍പ്പോ ആര്‍ത്തവ'ത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല; സംഘാടകരില്‍ തീവ്ര സ്വഭാവമുള്ളവരുണ്ടെന്ന് പോലീസ് റിപ്പോര്‍ട്ട്

Published on 13 January, 2019
'ആര്‍പ്പോ ആര്‍ത്തവ'ത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല; സംഘാടകരില്‍ തീവ്ര സ്വഭാവമുള്ളവരുണ്ടെന്ന് പോലീസ് റിപ്പോര്‍ട്ട്
 മറൈന്‍ ഡ്രൈവില്‍ നടക്കുന്ന 'ആര്‍പ്പോ ആര്‍ത്തവം' പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല. സംഘാടകരില്‍ തീവ്ര സ്വഭാവമുള്ളവരുണ്ടെന്ന പോലീസ് റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പിന്മാറ്റമെന്നാണ് സൂചന. എറണാകുളം റേഞ്ച് ഐജിയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ മുഖ്യമന്ത്രിയുടെ ഷെഡ്യൂളില്‍ നേരത്തെ പരിപാടി ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.

ആര്‍ത്തവ അയിത്തത്തിനെതിരെ ശനിയാഴ്ച കൊച്ചി മറൈന്‍ ഡ്രൈവില്‍ ആരംഭിച്ച ആര്‍പ്പോ അര്‍ത്തവത്തിന്റെ സമാപന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. അതേസമയം, പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്നില്ലെന്ന അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് സംഘാടകര്‍ വ്യക്തമാക്കി.

വിവിധ സ്ത്രീ കൂട്ടായ്മകളുടെ നേതൃത്വത്തിലാണ് ആര്‍പ്പോ ആര്‍ത്തവം പരിപാടി സഘടിപ്പിക്കുന്നത്. ആര്‍ത്തവ അയിത്തത്തിനെതിരെ നിയമം പാസാക്കാനുളള പ്രചരണാര്‍ഥമാണ് രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിപാടികള്‍ക്ക് തുടക്കം കുറിച്ചതെന്ന് സംഘാടകര്‍ വ്യക്തമാക്കി. കെപിഎംഎസ് രക്ഷാധികാരി പുന്നല ശ്രീകുമാര്‍, സിപിഐ നേതാവ് ആനി രാജ തുടങ്ങി സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പേരും പരിപാടിയില്‍ പങ്കെടുക്കുമെന്നും സംഘാടകര്‍ അറിയിച്ചിരുന്നു.

ശനിയാഴ്ച നടന്ന പൊതു സമ്മേളനം സംവിധായകന്‍ പാ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ആര്‍ത്തവ വിഷങ്ങള്‍ ചര്‍ച്ചയാവുന്നത് വളരെ പോസീറ്റീവായ കാര്യമായാണ് താന്‍ കാണുന്നതെന്നും ഇന്ത്യ മുഴുവന്‍ ഇത് മാതൃകയാക്കണമെന്നും പാ രഞ്ജിത്ത് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക