Image

ഫോമാ കടപ്ര നിവാസികള്‍ക്ക് നല്‍കിയ വാക്കാണിത്:ഫിലിപ്പ് ചാമത്തില്‍

അനില്‍ പെണ്ണുക്കര Published on 13 January, 2019
ഫോമാ കടപ്ര നിവാസികള്‍ക്ക് നല്‍കിയ വാക്കാണിത്:ഫിലിപ്പ് ചാമത്തില്‍
പ്രളയത്തിലകപ്പെട്ട  കടപ്ര നിവാസികള്‍ക്ക് ഫോമാ നല്‍കിയ വാക്കായിരുന്നു അത് . വളരെ സുരക്ഷിതമായ ഭവനം, അനുബന്ധ സൗകര്യങ്ങള്‍. എല്ലാം യാഥാര്‍ഥ്യത്തിലേക്ക് അടുക്കുകയാണെന്നു ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ E-മലയാളിയോട് പറഞ്ഞു. 2018 ആഗസ്ത് പതിനഞ്ചിന് തുടങ്ങിയ പ്രളയം മുതല്‍ അവര്‍ അനുഭവിച്ച പ്രയാസങ്ങള്‍ക്കൊപ്പം സഹായവുമായി തുടക്കം മുതല്‍ക്കേ ഒപ്പം കൂടുവാന്‍ ഫോമയും ഉണ്ടായിരുന്നു .

കടപ്ര ,നിരണം ,ചാത്തങ്കരി തുടങ്ങിയ ദുരിതാശ്വാസ ക്യാമ്പുകളില്‍ നേരിട്ട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുവാനും  സഹായങ്ങള്‍ എത്തിച്ചു നല്‍കുവാനും സാധിച്ചു. മുന്ന് ദിവസം അവരോടൊപ്പം ഉണ്ടായപ്പോള്‍ ആണ് പുനരധിവാസത്തിനായി അവര്‍ക്ക് എന്തെല്ലാം ചെയ്യണം എന്ന് ആലോചിച്ചത് .കുറച്ചു വീടുകള്‍ നിര്‍മ്മിച്ച് നല്‍കണം എന്നൊരു ആശയം കമ്മറ്റിക്ക് മുന്‍പാകെ വച്ചപ്പോള്‍ കമ്മിറ്റിയംഗങ്ങള്‍ തന്നെ ഭൂമി നല്‍കാന്‍ തയ്യാറായത് വലിയ പ്രചോദനമായി. പിന്നെ എല്ലാ പ്രവര്‍ത്തങ്ങളും ദ്രുതഗതിയില്‍ നടന്നു .

ഫണ്ട് റെയിസിംഗ് കമ്മിറ്റി നിലവില്‍ വന്നു . അനിയന്‍ ജോര്‍ജ് , ജോസഫ് ഔസോ, ഉണ്ണികൃഷ്ണന്‍, അനില്‍ ഉഴത്തില്‍ തുടങ്ങിയവര്‍ സജീവമായി രംഗത്തിറങ്ങി .റവന്യൂ അധികാരികളെ കണ്ടു . സര്‍ക്കാര്‍ വക ഭൂമി ലഭിച്ചു. വീടുകള്‍ വേണ്ടവരുടെ ലിസ്റ്റുകളായി. സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ ഇരുപതിലധികം വീടുകള്‍ നിര്‍മ്മിക്കാനുള്ള വലിയ യജ്ഞത്തിന് ഇന്ന് തുടക്കമായി .

ഫോമയുടെ അംഗസംഘടനകള്‍, വിവിധ റീജിയനുകള്‍  എന്നിവ  വീടുകള്‍ നിര്‍മ്മിച്ച് നല്‍കാനുള്ള ഉറപ്പുകള്‍ നല്‍കി. ചില സുമനസുകള്‍ വീടുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ സഹായമെത്തിച്ചു . ഇന്നും രണ്ടു വീടുകള്‍ക്കുള്ള സഹായം ലഭിച്ചു . ഇതെല്ലം ചൂണ്ടിക്കാണിക്കുന്നത് പ്രവര്‍ത്തിക്കാന്‍ മനസുണ്ടെങ്കില്‍ അതിനുള്ള സാഹചര്യം താനേ വരുന്നു എന്നുള്ളതാണ് .

അമേരിക്കന്‍ മലയാളി സംഘടനകളുടെ ചരിത്രത്തില്‍ തന്നെ ഈ പ്രളയക്കെടുതിയില്‍ അകപ്പെട്ടവര്‍ക്ക് ഫോമാ നല്കിയതുപോലെ സഹായങ്ങള്‍ വേറെ ഒരു സംഘടനകളും നല്‍കിയതായി ഓര്‍ക്കുന്നില്ല .ദുരിതാശ്വാസ സഹായം മാത്രമല്ല ,പ്രളയത്തില്‍ പെട്ടുപോയ ആളുകളെ രക്ഷപെടുത്തുവാന്‍ സഹായിച്ചവരെ ഫോമാ ആദരിച്ചു. അങ്ങനെ പ്രളയവുമായി ബന്ധപ്പെട്ടു സഹായവും കരുതലും എത്തേണ്ട സമയത്ത് ഫോമാ എത്തിച്ചു നല്‍കിയതിന് അമേരിക്കന്‍ മലയാളി സമൂഹം നല്‍കിയ അംഗീകാരം കൂടിയാണ് ഫോമാ വില്ലേജ് പ്രോജക്ടിന്റെ സാക്ഷാത്കാരം .

ഇനിയും തുടര്‍ സഹായം ലഭിക്കേണ്ടതായുണ്ട് .ഫോമാ നിര്‍മ്മിച്ച് നല്‍കുന്ന വീടുകളിലേക്ക് വേണ്ട സാധനങ്ങള്‍ സന്മനസ്സുള്ളവര്‍ക്ക് നല്‍കാം .ഫോമാ അതിനും ശ്രമിക്കുകയാണ് .ഫോമാ നല്‍കുന്ന വീടുകളിലേക്ക് ഏതൊരു അമേരിക്കന്‍ മലയാളികള്‍ക്കും എന്ത് സാധനങ്ങളും വാങ്ങി നല്‍കാം . കൃത്യമായി ആ കുടുംബങ്ങള്‍ക്ക് അത് എത്തിച്ചു നല്‍കും .

ഫോമാ അശരണരായ ഒരു ജനതയ്ക്കൊപ്പം കൂടുകയാണ് . സഹായങ്ങളും കരുതലും സ്‌നേഹവും എല്ലാവിധ പിന്തുണയുമാണ് തുടര്‍ന്നും വേണ്ടത് . യുദ്ധകാലാടിസ്ഥാനത്തില്‍ വീടുകളുടെ നിര്‍മ്മാണം നടക്കും . ഇരുപത് വീടുകളുടെ സ്ഥാനത്ത് നൂറു വീടുകള്‍ ഉണ്ടാകട്ടെ . അതിനു സന്മനസുള്ള അമേരിക്കന്‍ മലയാളി സമൂഹം ഉയര്‍ന്നു വരട്ടെ .ഫോമാ വില്ലേജുകള്‍ കേരളത്തിന്റെ ദുരിതബാധിത ദേശങ്ങളില്‍ ഉണ്ടാവട്ടെ . നമുക്ക് അതിനായി ഒരുമിച്ചു കൂടാം .

എന്നോടൊപ്പം ഫോമാ ജനറല്‍ സെക്രട്ടറി ജോസ് എബ്രഹാം,  ട്രഷറര്‍ ഷിനു ജോസഫ് ജോസഫ്, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ്, ജോ. സെക്രട്ടറി സജു ജോസഫ്, ജോ. ട്രഷറര്‍ ജെയിന്‍ കണ്ണച്ചാന്‍ പറമ്പില്‍ എന്നിവര്‍ അടങ്ങുന്ന ഒരു കമ്മിറ്റിയും , ജനറല്‍ ബോഡിയും സര്‍വ പിന്തുണയുമായി ഉണ്ട് .വളരെ പെട്ടന്ന് തന്നെ വില്ലേജ് പ്രോജക്ട് നടപ്പില്‍ വരുത്തുവാന്‍ ഫോമാ പ്രവര്‍ത്തകര്‍ നല്‍കിയ പിന്തുണ വിസ്മരിക്കാനാവില്ല .ഈ കൂട്ടായ്മയാണ് ഫോമയുടെ ശക്തി .വളര്‍ച്ച ...അത് അനസ്യുതം തുടരണം ...

അതിനായി മനസുള്ള ഒരു യുവ സമൂഹവും വളര്‍ന്ന വരുന്നു .അവര്‍ക്കും ഈ അവസരത്തില്‍ ഭാവുകങ്ങള്‍ അറിയിക്കട്ടെ.
ഫോമാ കടപ്ര നിവാസികള്‍ക്ക് നല്‍കിയ വാക്കാണിത്:ഫിലിപ്പ് ചാമത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക