Image

ഹരിവരാസനം പുരസ്കാരം ഗായിക പി.സുശീലക്ക് സമ്മാനിച്ചു

Published on 14 January, 2019
ഹരിവരാസനം പുരസ്കാരം ഗായിക പി.സുശീലക്ക് സമ്മാനിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്കാരം ഗായിക പി.സുശീലക്ക് സമ്മാനിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. മകരവിളക്ക് ദിനമായ ജനുവരി 14ന് സന്നിധാനത്ത് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് പുരസ്കാരം ഗായികയ്ക്ക് നല്‍കിയത്. ദേവസ്വം പ്രസിഡന്റ് എ.പദ്മകുമാര്‍,​ തമിഴ് നടന്‍ ജയം രവി എന്നിവരും സന്നിഹിതരായിരുന്നു.

ഹരിവരാസനം പുരസ്കാരത്തിന് അര്‍ഹയായ ഗായിക പി.സുശീല രാവിലെ സന്നിധാനത്ത് എത്തിയിരുന്നു. പുരസ്കാരം ലഭിച്ചതില്‍ വളരെ സന്തോഷമുണ്ടെന്ന് പി.സുശീല പറഞ്ഞു. ഈ അവാര്‍ഡ് ഭഗവാന്‍ തനിക്ക് സമ്മാനിച്ചതാണ്. സന്നിധാനത്തേക്ക് വരാനും ദര്‍ശനം നടത്താനും ഭഗവാന്‍ അവസരം നല്‍കിയതാണെന്നും പി.സുശീല കൂട്ടിച്ചേര്‍ത്തു. ആദ്യമായാണ് സന്നിധാനത്ത് എത്തുന്നത് അതിനാല്‍ വലിയ സന്തോഷമുണ്ടെന്നും ഗായിക വ്യക്തമാക്കി.

2012മുതലാണ് ഹരിവരാസനം പുരസ്കാരം നല്‍കി വരുന്നത്. കെ.ജെ.യേശുദാസ്,​ ജയവിജയ,​ പി.ജയചന്ദ്രന്‍,​ എസ്.പി.ബാലസുബ്രമണ്യം,​ എം.ജി ശ്രീകുമാര്‍,​ ഗംഗൈ അമരന്‍,​ കെ.എസ് ചിത്ര എന്നിവരാണ് മുന്‍ വര്‍ഷങ്ങളില്‍ പുരസ്കാരം നേടിയത്. ശബരിമല ഉന്നതാധികാര സമിതി അധ്യക്ഷന്‍ ജസ്റ്റിസ് സിരിജഗന്‍, ദേവസ്വം കമീഷണര്‍ എന്‍ വാസു, ദേവസ്വം പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ എന്നിവരടങ്ങിയ പുരസ്‌കാര നിര്‍ണയ സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക