Image

പുതിയ സഖ്യത്തില്‍ ഇരു അണികള്‍ക്കും ആശങ്ക, യു.പി യില്‍ അടിപതറുമെന്ന്

Published on 14 January, 2019
പുതിയ സഖ്യത്തില്‍ ഇരു അണികള്‍ക്കും ആശങ്ക, യു.പി യില്‍ അടിപതറുമെന്ന്

ഹാസഖ്യമുണ്ടാക്കി യു.പി തൂത്തുവാരാന്‍ ശ്രമിക്കുന്ന എസ്.പി - ബി.എസ്.പി നേതൃത്വത്തിന് തലവേദനയായി സ്ഥാന മോഹികള്‍.

രണ്ടു പാര്‍ട്ടികളിലെയും സ്ഥാനമോഹികളെ സംബന്ധിച്ച്‌ ഇപ്പോള്‍ ത്രിശങ്കുവിലായ അവസ്ഥയിലാണ്. 38 സീറ്റു വീതം പകുത്തെടുക്കുമ്ബോള്‍ ബാക്കി 42 സീറ്റില്‍ സ്ഥാനാര്‍ത്ഥികളാകാതെ തഴയപ്പെടുന്നവര്‍ കലാപക്കൊടി ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സീറ്റ് വീതം വയ്പ് സംബന്ധിച്ച വിശദാംശങ്ങള്‍ അറിഞ്ഞ ശേഷം പ്രതികരിക്കാമെന്ന നിലപാടിലാണ് ഇരു പാര്‍ട്ടികളിലെയും പ്രബല വിഭാഗം. ഈ ഭിന്നത വരും ദിവസങ്ങളില്‍ പൊട്ടിതെറിയില്‍ കലാശിക്കാനാണ് സാധ്യത.

കടുത്ത വൈരാഗ്യം എസ്.പി - ബി.എസ്.പി അണികള്‍ക്കിടയില്‍ യു.പി യില്‍ നിലനില്‍ക്കുന്നുണ്ട്. ലോകസഭ ഉപതിരഞ്ഞെടുപ്പിലെ ധാരണ വിജയത്തിലെത്തിയത് കണ്ട് സഖ്യമായാല്‍ 'പണി' കിട്ടുമെന്നാണ് പ്രാദേശിക നേതാക്കള്‍ തന്നെ ചൂണ്ടിക്കാണിക്കുന്നത്. നേതാക്കള്‍ തമ്മില്‍ ഉണ്ടാക്കിയ സഖ്യം അണികളും പാര്‍ട്ടിക്ക് വോട്ട് ചെയ്യുന്ന ജനങ്ങളും അംഗീകരിക്കണമല്ലോ എന്ന ചോദ്യം മായാവതിയും അഖിലേഷ് യാദവും ഇപ്പോള്‍ നേരിടുന്നുണ്ട്.

ദളിത് - പിന്നോക്ക - ന്യൂനപക്ഷ വോട്ട്ബാങ്കുകളുടെ ഏകീകരണത്തിലൂടെ കാവി രാഷ്ട്രീയത്തിന് വിരാമമിടാനാണ് മഹാസഖ്യം യു.പിയില്‍ പിറവിയെടുത്തത്.

എസ്.പി - ബി.എസ്.പി സഖ്യത്തിന് 2014 ലെ വോട്ടിങ്ങ് ശതമാനം പരിശോധിച്ചാല്‍ തന്നെ 50 ഓളം മണ്ഡലങ്ങളില്‍ ജയിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.വിജയ പ്രതീക്ഷയില്‍ ബി.ജെ.പിയെ ഒറ്റസംഖ്യയില്‍ ഒതുക്കുമെന്ന് മുന്നറിയിപ്പ് നല്‍കാന്‍ പോലും മഹാ സഖ്യം ഇപ്പോള്‍ തയ്യാറായിട്ടുണ്ട്.

ഈ അവകാശവാദങ്ങള്‍ക്കിടെയാണ് ഇരു പാര്‍ട്ടികളിലെയും പാളയത്തില്‍ തന്നെ പടയും രൂപപ്പെടുന്നത്. യു.പി രാഷ്ട്രീയം സമഗ്രമായി പരിശോധിച്ചാല്‍ ഗുണ്ടകള്‍ക്കും ഗ്രാമതലവന്‍ മാര്‍ക്കും അവിടെ നിര്‍ണ്ണായക സ്വാധീനമുണ്ട് എന്ന് വ്യക്തമാവും.

ഓരോ മണ്ഡലത്തിലെയും സ്ഥാനാര്‍ത്ഥി മോഹികള്‍ക്ക് പിന്നില്‍, ചെറുതും വലുതുമായ ഇത്തരം നിരവധി സംഘങ്ങള്‍ ഇപ്പോഴുമുണ്ട്.

കേഡര്‍ പാര്‍ട്ടികള്‍ അല്ലാത്തതിനാല്‍ എസ്.പിയിലും ബി.എസ്.പിയിലും താഴെക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുക എളുപ്പവുമാണ്.ഈ സാധ്യത തഴയപ്പെടുന്നവര്‍ ഉപയോഗപ്പെടുത്തിയാല്‍ അത് പ്രതിപക്ഷ സഖ്യത്തിന് വലിയ വെല്ലുവിളിയാകും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക