Image

അഗസ്ത്യാര്‍ കൂടത്തിലും ആദ്യ പെണ്‍കാല്‍പാദം പതിയുന്നു; ചരിത്രം രചിക്കാന്‍ ധന്യ സനല്‍

Published on 14 January, 2019
അഗസ്ത്യാര്‍ കൂടത്തിലും ആദ്യ പെണ്‍കാല്‍പാദം പതിയുന്നു; ചരിത്രം രചിക്കാന്‍ ധന്യ സനല്‍

 ശബരിമലയില്‍ സ്ത്രീകള്‍ക്ക് പൊതുവേ പ്രവേശന വിലക്കുണ്ടായിരുന്നില്ല. പത്തിനും അമ്ബതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കായിരുന്നു വിലക്ക്. അത് സുപ്രീം കോടതിയുടെ ചരിത്ര വിധിയിലൂടെ ഇല്ലാതാവുകയും ചെയ്തു. ഏറെ പ്രതിഷേധങ്ങള്‍ക്കൊവില്‍ സ്ത്രീകള്‍ ശബരിമല സന്നിധാനത്ത് എത്തുകയും ചെയ്തു.

എന്നാല്‍ അഗസ്ത്യാര്‍ കൂടത്തില്‍ അങ്ങനെ ആയിരുന്നില്ല. ഒരുപ്രായത്തിലും ഉള്ള സ്ത്രീകള്‍ക്ക് പ്രവേശത്തിന് അനുമതിയുണ്ടായിരുന്നില്ല. അത് ഏതെങ്കിലും ആചാരത്തിന്റെ ഭാഗമായിട്ടായിരുന്നില്ല എന്നാണ് ഔദ്യോഗിക ഭാഷ്യം എങ്കിലും, ആദിവാസി വിഭാഗങ്ങള്‍ ചില പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നുണ്ട്.

ഇപ്പോള്‍ അഗസ്ത്യാര്‍ കൂടത്തിലും സ്ത്രീ പ്രവേശനം സാധ്യമായിരിക്കുകയാണ്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണിത്. ചരിത്ര വിധിയുടെ പശ്ചാത്തലത്തില്‍ ആദ്യമായി അഗസ്ത്യാര്‍കൂടം ചവിട്ടുന്ന സ്ത്രീ ആയി മാറുന്ന ധന്യ സനല്‍ ആണ്.

കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ആണ് ധന്യ സനല്‍. നിലവില്‍ പ്രതിരോധവകുപ്പിന്റെ പബ്ലിക് റിലേഷന്‍സ് ഓഫീസറാണ്. മഞ്ചേരി സ്വദേശിനിയാണ് ധന്യ . സിവില്‍ സര്‍വ്വീസ് പരിശീലകാലത്ത് ട്രക്കിങ്ങില്‍ സ്വര്‍ണ മെഡല്‍ വാങ്ങിയ ആളാണ്. നഴ്‌സിങ് മേഖലയില്‍ നിന്നായിരുന്നു സിവില്‍ സര്‍വീസ് രംഗത്തേക്ക് ധന്യ എത്തുന്നത്.

ആദിവാസി ഗോത്ര മഹാസഭ സ്ത്രീ പ്രവേശനത്തിനെതിരെ രംഗത്ത് വന്നിരുന്നു. ആചാര ലംഘനം അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു ഇത്. എന്നാല്‍ ദുര്‍ഘടമായ ട്രക്കിങ് പാത ആയതുകൊണ്ടാണ് ഇത്രയും കാലം സ്ത്രീകളെ പ്രവേശിപ്പിക്കാതിരുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം.

ഇത്തവണ 100 സ്ത്രീകള്‍ ആണ് അഗസ്ത്യാര്‍ മല ട്രക്കിങ്ങിനായി പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആകെ 4700 പേരാണ് ഈ സീസണില്‍ രജിസ്റ്റര്‍ ചെയ്തവര്‍. മാര്‍ച്ച്‌ 1 ന് ഇത്തവണത്തെ ട്രക്കിങ് സീസണ്‍ അവസാനിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക