Image

അഭിമന്യുവിന്റെ സ്വപ്‌ന ഭവനത്തിന്റെ താക്കോല്‍ മുഖ്യമന്ത്രി മാതാപിതാക്കള്‍ക്ക്‌ കൈമാറി, വട്ടവടയിലെ വായനശാലയും നാടിന്‌ സമര്‍പ്പിച്ചു

Published on 14 January, 2019
 അഭിമന്യുവിന്റെ സ്വപ്‌ന ഭവനത്തിന്റെ താക്കോല്‍ മുഖ്യമന്ത്രി   മാതാപിതാക്കള്‍ക്ക്‌ കൈമാറി, വട്ടവടയിലെ വായനശാലയും നാടിന്‌ സമര്‍പ്പിച്ചു
എറണാകുളം മഹാരാജാസ്‌ കോളജില്‍ ക്യാമ്പസ്‌ ഫ്രണ്ട്‌ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ അഭിമന്യുവിന്റെ സ്വപ്‌ന ഭവനത്തിന്റെ താക്കോല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മാതാപിതാക്കള്‍ക്ക്‌ കൈമാറി. രാവിലെ വീടിന്റെ താക്കോല്‍ ദാനത്തോടൊപ്പം അഭിമന്യുവിന്റെ സ്‌മരാണാര്‍ത്ഥം നിര്‍മ്മിച്ച ഇടുക്കി വട്ടവടയിലെ വായനശാലയും മുഖ്യമന്ത്രി നാടിന്‌ സമര്‍പ്പിച്ചു.

കൊട്ടക്കാമ്പൂരില്‍ ചേര്‍ന്ന പൊതുസമ്മേളനത്തിലാണ്‌ സിപിഎം പണിതു നല്‍കിയ പുതിയ വീടിന്റെ താക്കോല്‍ കൈമാറിയത്‌. ഈ ചടങ്ങിന്‌ സാക്ഷ്യം വഹിക്കാന്‍ ആയിരങ്ങളാണ്‌ കൊട്ടക്കമ്പൂരിലെത്തിയത്‌. ദു:ഖം താങ്ങാനാകാതെ വേദിയില്‍ പൊട്ടിക്കരഞ്ഞ അഭിമന്യുവിന്റെ അമ്മയെ മുഖ്യമന്ത്രി ആശ്വസിപ്പിച്ചു.

അഭിമന്യുവിന്റെ നാടായ വട്ടവടയില്‍ കൊട്ടക്കമ്പൂര്‍ റോഡിന്റെ സമീപത്തായി പാര്‍ട്ടി വാങ്ങിയ ഭൂമിയിലാണ്‌ 1256 സ്‌ക്വയര്‍ ഫീറ്റ്‌ വിസ്‌തീര്‍ണമുള്ള വീട്‌ നിര്‍മ്മിച്ചിരിക്കുന്നത്‌. മൂന്ന്‌ ബെഡ്‌റൂമോടു കൂടിയ വീടാണിത്‌. സെപ്‌റ്റംബര്‍ അഞ്ചിന്‌ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനാണ്‌ വീടിന്‌ തറക്കല്ലിട്ടത്‌. .

സിപിഎം ജില്ലാ കമ്മിറ്റി 72 ലക്ഷം രൂപയാണ്‌ അഭിമന്യുവിന്റെ കുടുംബത്തിനായി പൊതുജന പങ്കാളിത്തത്തോടെ പിരിച്ചെടുത്തത്‌. അരലക്ഷം രൂപ ബാങ്കിന്റെ പലിശയിനത്തിലും ലഭിച്ചു. വീടുവെയ്‌ക്കുന്നതിനായി കൊട്ടാക്കമ്പൂരില്‍ പത്തര സെന്റ്‌ സ്ഥലം വാങ്ങി. വീടിനും സ്ഥലത്തിനുമായി 40 ലക്ഷം രൂപയാണ്‌ ചെലവിട്ടത്‌.

സഹോദരിയുടെ വിവാഹത്തിന്‌ 10,00,100 രൂപയും മാതാപിതാക്കളുടെ ജീവിതത്തിനായി സ്ഥിര നിക്ഷേപമായി 23,75,307 രൂപയും ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ട്‌.

വട്ടവട പഞ്ചായത്ത്‌ കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ്‌ 'അഭിമന്യു മഹാരാജാസ്‌' എന്ന പേരിലുള്ള വായനശാല സജ്ജീകരിച്ചിരിക്കുന്നത്‌. കേരളത്തിന്‌ പുറമേ ഇതരസംസ്ഥാനങ്ങളില്‍ നിന്നും വിദേശത്ത്‌ നിന്നുമായി ലഭിച്ച നാല്‍പതിനായിരത്തോളം പുസ്‌തകങ്ങളാണ്‌ ലൈബ്രറിയിലുള്ളത്‌.

ഇടുക്കി വട്ടവട സ്വദേശിയായ അഭിമന്യു എറണാകുളം മഹാരാജാസിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു. കോളജിലെ എസ്‌.എഫ്‌.ഐ നേതാവായ അഭിമന്യുവിനെ ജൂലൈ രണ്ടിന്‌ ക്യാമ്പസ്‌ ഫ്രണ്ട്‌ എസ്‌.ഡി.പി.ഐ പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക