Image

പൊന്‍കുന്നം വര്‍ക്കിയുടെ ശബ്ദിക്കുന്ന കലപ്പയ്‌ക്ക്‌ ജയരാജിന്റെ ദൃശ്യാവിഷ്‌കാരം ഒരുങ്ങി

Published on 14 January, 2019
പൊന്‍കുന്നം വര്‍ക്കിയുടെ ശബ്ദിക്കുന്ന കലപ്പയ്‌ക്ക്‌ ജയരാജിന്റെ ദൃശ്യാവിഷ്‌കാരം ഒരുങ്ങി

കോട്ടയം: അനശ്വരനായ കഥാകാരന്‍ പൊന്‍കുന്നം വര്‍ക്കിയുടെ പ്രശസ്‌തമായ ചെറുകഥ `ശബ്ദിക്കുന്ന കലപ്പ'യ്‌ക്ക്‌ ചലച്ചിത്രാവിഷ്‌കാരം ഒരുങ്ങി. ജയരാജ്‌ സംവിധാനം ചെയ്‌ത സിനിമയുടെ ആദ്യ പ്രദര്‍ശനം ചൊവ്വാഴ്‌ച വൈകിട്ട്‌ നാലിന്‌ പാമ്പാടി പൊന്‍കുന്നം വര്‍ക്കി സ്‌മൃതിമണ്ഡപത്തില്‍ നടക്കുമെന്ന്‌ `നവലോകം` സാംസ്‌കാരിക കേന്ദ്രം പ്രസിഡന്റ്‌ വി എന്‍ വാസവന്‍, ജോയിന്റ്‌ സെക്രട്ടറി വി എം പ്രദീപ്‌ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

രണ്ടുവര്‍ഷം മുമ്പ്‌ നടന്ന പൊന്‍കുന്നം വര്‍ക്കി അനുസ്‌മരണവേദിയിലാണ്‌ ശബ്ദിക്കുന്ന കലപ്പ ഹ്രസ്വചിത്രമാക്കുക എന്ന ആശയം രൂപപ്പെട്ടത്‌. നവലോകം പ്രവര്‍ത്തകരുടെ അഭ്യര്‍ഥന ജയരാജ്‌ ഏറ്റെടുക്കുകയായിരുന്നു. കമ്പത്തും തേനിയിലുമായിരുന്നു ചിത്രീകരണം.
ശബ്ദിക്കുന്ന കലപ്പ ജര്‍മന്‍ ഭാഷയിലേക്ക്‌ മൊഴിമാറ്റം ചെയ്യപ്പെട്ട ആദ്യ മലയാള ചെറുകഥയാണ്‌. 17 ഭാഷകളിലേക്കു കൂടി മൊഴിമാറ്റം ചെയ്‌തിട്ടുണ്ട്‌. 1956 ജൂണില്‍ സാഹിത്യപ്രവര്‍ത്തക സഹകരണസംഘം പ്രസിദ്ധീകരിച്ച കഥ അന്ന്‌ 1000 കോപ്പി അച്ചടിച്ചു.  

 പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്‌പര്യം ഇതിവൃത്തമായി വരുന്നു എന്നതുതന്നെയാണ്‌ സംവിധായകന്‍ ജയരാജ്‌ കഥയെ ചലച്ചിത്രാവിഷ്‌കാരത്തിനായി തെരഞ്ഞെടുക്കാന്‍ കാരണം.

ഹ്രസ്വചിത്രത്തിന്റെ നിര്‍മാതാവ്‌ ഡോ. സുരേഷ്‌ കുമാര്‍ മുട്ടത്താണ്‌. ദേശീയ അവാര്‍ഡ്‌ ജേതാവ്‌ നിഖില്‍ എസ്‌ പ്രവീണ്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. സംഗീതം സച്ചിന്‍ ശങ്കര്‍ മന്നത്ത്‌. ശ്രീജിത്താണ്‌ എഡിറ്റിങ്‌. പ്രധാന കഥാപാത്രമായ ഔസേഫിനെ പുതുമുഖം പരമേശ്വരന്‍ അവതരിപ്പിക്കുന്നു. കഴിഞ്ഞ പ്രളയകാലത്ത്‌ ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന്‌ സംവിധായകന്‍ കണ്ടെടുത്തതാണ്‌ പരമേശ്വരനെ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക