Image

ശബരിമലയിലേക്ക് വീണ്ടും യുവതികള്‍, വന്‍ പ്രതിഷേധം, യുവതികളെ തിരിച്ചിറക്കി പോലീസ്

Published on 16 January, 2019
ശബരിമലയിലേക്ക് വീണ്ടും യുവതികള്‍, വന്‍ പ്രതിഷേധം, യുവതികളെ തിരിച്ചിറക്കി പോലീസ്


ശബരിമലയിലേക്ക് ദര്‍ശനത്തിന് വീണ്ടും യുവതികളെത്തി. എന്നാല്‍ സന്നിധാനത്തേക്കുള്ള പാതയില്‍ ഇവര്‍ക്ക് കനത്ത പ്രതിഷേധം നേരിടേണ്ടി വന്നു. ഇതിനെ തുടര്‍ന്ന് പോലീസ് ഇവരെ തിരിച്ചിറക്കി. നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ്ബുക്ക് കൂട്ടായ്മയിലൂടെയാണ് ഷനീല, രേഷ്മ എന്നിവര്‍ ശബരിമലയിലെത്തിയത്. അഞ്ച് പുരുഷന്‍മാര്‍ക്കൊപ്പം ഇവര്‍ മല കയറാനെത്തുകയായിരുന്നു. പുലര്‍ച്ചെ 4.30നാണ് ഇവര്‍ പമ്പയിലെത്തിയത്. എന്നാല്‍ നീലമലയില്‍ വെച്ച് തമിഴ്നാട്ടിലെയും ആന്ധ്രയിലെയും ഭക്തന്‍മാര്‍ ഇവരെ തിരിച്ചറിഞ്ഞു. ഇതോടെ അന്യസംസ്ഥാനത്തു നിന്നുള്ള ഭക്തന്‍മാരില്‍ നിന്ന് വന്‍ പ്രതിഷേധം നേരിടേണ്ടി വന്നു. അതോടെ നീലിമലയില്‍ വെച്ച് ഭക്തര്‍ കര്‍പ്പൂരം കത്തിച്ച് ആഴികൂട്ടി പ്രതിഷേധിച്ചു. ശരണംവിളികളുമായി പോലീസിനെയും തടഞ്ഞു. ഇവര്‍ക്കൊപ്പം കോയമ്പത്തൂരില്‍ നിന്നുള്ള കോവൈ ധര്‍മരാജ അരശപീഠം മഠത്തിലെ ശ്രീ കൃഷ്ണമൂര്‍ത്തി സ്വാമിയുടെ നേതൃത്വത്തില്‍ ദര്‍ശനത്തിനെത്തിയ 80 അംഗ സംഘം കൂടി പ്രതിഷേധക്കാര്‍ക്കൊപ്പം ചേര്‍ന്നതോടെ പോലീസിന് യുവതികളുമായി മുമ്പോട്ടു പോകാന്‍ കഴിയാതെ വന്നു. 
കേരളത്തിലെ പ്രതിഷേധക്കാരെ ബലംപ്രയോഗിച്ച് നീക്കുന്നത് പോലെ അന്യസംസ്ഥാനത്തെ തീര്‍ത്ഥാടകരെ ബലംപ്രയോഗിച്ച് നീക്കുന്നത് വലിയ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് ആശങ്ക പോലീസിനുണ്ടായിരുന്നു. ഒരുപക്ഷ ആന്ധ്രയിലെയും തമിഴ്നാട്ടിലെയും മലയാളികളുടെ സുരക്ഷയെ വരെ ഇത് ബാധിച്ചേക്കാം എന്ന നിഗമനത്തിലാണ് പോലീസ് എത്തിയത്. 
ഈ സാഹചര്യത്തിലാണ് യുവതികളെ ബലംപ്രയോഗിച്ച് നീക്കാന്‍ പോലീസ് തീരുമാനിച്ചത്. തുടര്‍ന്ന് ഇവരെ പമ്പയില്‍ എത്തിച്ച് രണ്ടു വാഹനങ്ങളില്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക